Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൗരത്വ നിയമം: അമിത് ഷാ പറയുന്നതും പറയാത്തതും
cancel

2019 ഡിസംബറിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങൾ ഈ മാസം 11നു പുറത്തിയിറക്കിയതോടെ പ്രതിഷേധങ്ങളും വിവാദങ്ങളും വീണ്ടും ഉയർന്നുകഴിഞ്ഞു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്താൻ എന്നീ അയൽ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നുമുമ്പ് ഇന്ത്യയിലേക്ക് കുടിയേറുകയും ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും ഇന്ത്യയിൽ താമസിക്കുകയും ചെയ്ത ഹിന്ദു, ജൈന, ബുദ്ധ, പാർസി, ക്രൈസ്തവ, സിഖ് മതക്കാർക്ക് എളുപ്പത്തിൽ ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ നിയമ ഭേദഗതി. ഒരു നിയമം പാർലമെന്‍റ് പാസാക്കിയാൽ ആറ് മാസത്തിനകം ചട്ടങ്ങൾ ഇറക്കണമെന്നാണ് വ്യവസ്ഥയെങ്കിലും കോവിഡ് കാരണം പറഞ്ഞും മറ്റും പല തവണ സർക്കാർ കാലാവധി നീട്ടിയതാണ്. നിയമത്തിനെതിരെ വന്ന ഇരുന്നൂറിൽപരം ഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നു. ഹരജികളിൽ ഭൂരിഭാഗവും നിയമം നടപ്പിലാക്കുന്നത് അന്തിമവിധി വരുന്നതുവരെ നിർത്തിവെക്കണമെന്നുകൂടി ആവശ്യപ്പെട്ടുള്ളവയായിരുന്നു. നീതിപീഠത്തിന്‍റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ അസാധാരണ വിളംബം ഉണ്ടായി എന്നതും കാണാതിരുന്നുകൂടാ.

ആഭ്യന്തര മന്ത്രി അമിത് ഷാ ഈയിടെ ഡൽഹിയിലെ ഒരു പരിപാടിയിൽ ഇതുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശം മുമ്പും അദ്ദേഹം നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ അതിനു കൂടുതൽ പ്രാധാന്യമുണ്ട്. സി.എ.എ പുതുതായി വന്നവർക്ക് പൗരത്വം നൽകാനുള്ളതാണെന്നും നിലവിലുള്ളവരുടെ പൗരത്വം എടുത്തുകളയാനുള്ളതല്ലെന്നും ആണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. എന്നാൽ, പൗരത്വ നിയമത്തോടു ബന്ധപ്പെട്ട ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), അതിൽ പേരുചേർക്കാൻ സ്വീകരിക്കുന്ന നടപടിയായ എൻ.പി.ആർ എന്നിവയെക്കുറിച്ചുകൂടി പറയണം. ഇത് രണ്ടുമായി പൗരത്വ നിയമത്തിനു ബന്ധമില്ല എന്നുപറഞ്ഞാൽ അതത്ര എളുപ്പത്തിൽ വിഴുങ്ങാൻ പ്രയാസമാണ്. കാരണം അസമിൽ പൗരത്വ രജിസ്റ്റർ തയാറാക്കിയതിനെ തുടർന്ന് ദേശവ്യാപകമായി എൻ.ആർ.സി നടപ്പാക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞതാണ്. എൻ.പി.ആർ എന്നത് 2021 മുതൽ മുടങ്ങിക്കിടക്കുന്ന സെൻസസ് പ്രക്രിയയുടെ കൂടെ ഉള്ളതാണ്. ആദ്യം സി.എ.എ, തുടർന്ന് എൻ.ആർ.സി എന്നതായിരുന്നു ഷായുടെ വാക്കുകൾ. അപ്പോൾ എൻ.ആർ.സി നിഷ്കർഷിക്കുന്ന തരം രേഖകൾ കൈവശമില്ലാത്തവരെ പൗരന്മാരല്ലാതാക്കുന്ന പ്രക്രിയ അസമിൽ നടന്നതുപോലെ ദേശ വ്യാപകമായി നടപ്പിലാക്കുകയാണ് സർക്കാർ പദ്ധതിയെന്ന് സംശയിക്കുന്നതിൽ ന്യായമുണ്ട്.

ആശയക്കുഴപ്പമുണ്ടാക്കുന്ന രീതി മോദി-അമിത്ഷാ ദ്വയത്തിന്‍റെ പതിവുപരിപാടിയായി തന്നെ കാണണം. നിയമം പാസായ ഉടനെ പ്രധാനമന്ത്രി രാംലീല മൈതാനിയിലെ പരിപാടിയിൽ പറഞ്ഞത്, രാജ്യവ്യാപകമായി എൻ.ആർ.സി തയാറാക്കാൻ ഒരു പരിപാടിയും സർക്കാറിനില്ല, അസമിൽ അത് നടപ്പിലാക്കിയത് സുപ്രീംകോടതി പറഞ്ഞതുകൊണ്ടാണ് എന്നാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, 2019ൽ തന്നെ ഒന്നിലധികം തവണ അമിത് ഷാ രാജ്യവ്യാപകമായി എൻ.ആർ.സി ബാധകമാക്കുമെന്ന് പറഞ്ഞിരുന്നു. ആദ്യം വിദേശത്ത് നിന്നുവന്ന അർഹരായവർക്ക് പൗരത്വം, അത് കഴിഞ്ഞാൽ നമ്മുടെ മാതൃരാജ്യത്ത് വന്ന ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി നാടുകടത്തും-ഇതായിരുന്നു അന്നത്തെ വാക്കുകൾ. ഈ പശ്ചാത്തലത്തിൽ പൗരത്വം നൽകൽ മാത്രമാണ് ലക്ഷ്യം, എൻ.ആർ.സി അതിർത്തി സംസ്ഥാനങ്ങൾക്കുള്ളതാണ് എന്നിങ്ങനെ അമിത് ഷാ പറയുന്നതിനു ഭംഗിവാക്കിൽ കവിഞ്ഞ വിശ്വാസ്യതയില്ല. തെരഞ്ഞെടുപ്പ് മുന്നിൽ വരുമ്പോൾ മുസ്ലിംകളെ ശത്രുപക്ഷത്ത് നിർത്തി ഹിന്ദുവോട്ടുകൾ ഏകീകരിക്കാൻ പലതും ചെയ്യും, അതും ആവാമിത്. വെറുതെയല്ലല്ലോ, നാലര വർഷം മുമ്പ് പാസായ ഒരു നിയമത്തിന് ഇപ്പോൾ, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ മാത്രം ഈ ചട്ടങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.

ഒന്നാമതായി, 2019ലെ പൗരത്വ ഭേദഗതി നിയമം മതാടിസ്ഥാനത്തിൽ പൗരത്വം നൽകണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ഭരണഘടനയുടെ 14ാം ഖണ്ഡികയിലെ തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണ്. യുക്തിസഹമായ തരംതിരിവുകൾ നടത്തുന്നതിന് വകുപ്പുണ്ടെന്ന് സർക്കാർ ഭാഗം വാദിക്കുന്നു. ആ കൂട്ടത്തിൽ ഈ വേർതിരിവ് ഉൾപ്പെടുത്തുകയും ചെയ്യുന്നു. രണ്ടാമതായി, പൗരത്വം നൽകുന്നത് മതവിവേചനത്തിന് ഇരകളായവർക്കാണ് എന്ന് വാദിക്കുന്നുണ്ടെങ്കിലും അത് നിയമത്തിൽ ഒരു നിബന്ധനയല്ല. സത്യത്തിൽ മതപരമായ പീഡനത്തിന് അതീതമായ കാരണങ്ങളാൽ എത്തിയവരാണ് ഭൂരിപക്ഷവും. സാമ്പത്തിക കാരണങ്ങളാൽ എത്തിയവരും കൂട്ടത്തിൽ ഏറെയുണ്ട്. അവർക്കിടയിൽ മുസ്ലിംകളോട് മാത്രമാണ് വിവേചനം. ഇത് ഇന്ത്യയുടെ മതേതര തത്ത്വങ്ങൾക്കുതന്നെ നിരക്കാത്തതാണെന്നതുകൊണ്ടാണ് ഇത് മുസ്‍ലിംകളുടെ മാത്രം പ്രശ്നമല്ല എന്ന് മതേതര ജനാധിപത്യ വിശ്വാസികൾ ഊന്നിപ്പറയുന്നത്. മൂന്നാമതായി, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കുടിയേറിയ ബംഗ്ല വംശജരും മ്യാന്മർ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നുള്ളവരും അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ സ്വീകാര്യരല്ല. തമിഴ്നാട്ടിലെ ശ്രീലങ്കൻ ഹിന്ദുക്കൾ പോലുള്ള വിഭാഗങ്ങൾക്ക് പൗരത്വത്തിന് അർഹതയുമില്ല. ഇനി പുതിയ എൻ.ആർ.സി നടന്നാൽ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവർക്ക് അഭയം നൽകിയാലും, അവിടെയും മുസ്‍ലിംകൾ പുറത്തായിരിക്കും. എന്തുകൊണ്ടും വിവേചനം നിറഞ്ഞതും അനീതിപരവുമായ ഒന്നാണ് സി.എ.എ എന്നത് വ്യക്തമാണ്. പരമോന്നത കോടതി ഈ വിഷയങ്ങൾവെച്ച് നീതിയുക്തമായ ഒരു തീർപ്പുണ്ടാക്കുമെന്നുതന്നെയാണ് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന സർവ ഇന്ത്യക്കാരുടെയും ശുഭാപ്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialCitizenship Amendment Act
News Summary - Madhyamam Editorial on Citizenship Amendment Act
Next Story