അയോധ്യയുടെ കണ്ണുനീർ
text_fieldsഅയോധ്യയെന്നാൽ യുദ്ധമില്ലാത്ത ഇടം എന്നത്രെ അർഥം. ദൗർഭാഗ്യകരമെന്ന് പറയട്ടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മുക്കുമൂലകളിൽ നടന്ന ഒട്ടനവധി കലഹങ്ങളും കലാപങ്ങളും അയോധ്യയെച്ചൊല്ലിയായിരുന്നു. ഈ പേരുപറഞ്ഞ് ഗുജറാത്തും ബോംബെയുമെല്ലാം കലാപച്ചോരയിൽ കുതിർന്നപ്പോഴും അയോധ്യ സമാധാനം കൈവിട്ടില്ല, സരയു ശാന്തമായൊഴുകി. മുൻനിര വി.എച്ച്.പി-ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളുടെ ആഹ്വാനം ചെവിക്കൊണ്ട് ബാബരി മസ്ജിദ് തകർത്ത സംഘ്പരിവാർ ക്രിമിനലുകൾ കലാപവും തീവെപ്പും നടത്തിയ 1992 ഡിസംബറിലാണ് ആ മണ്ണിൽനിന്ന് ചോരയുടെ മണമുയർന്നത്. സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ ബലത്തിൽ കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം പണിപൂർത്തിയാവാത്ത ക്ഷേത്രം തിടുക്കപ്പെട്ട് തുറന്നുകൊടുത്തുവെങ്കിലും അന്നാട്ടിലെ ജനത ഹിന്ദുത്വ ശക്തികൾക്കെതിരിലാണ് വോട്ടുരേഖപ്പെടുത്തിയത്. ഇപ്പോഴിതാ അയോധ്യയിൽനിന്ന് ഏങ്ങലിന്റെ ശബ്ദം കേൾക്കുന്നു, കൂട്ട ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട ഒരു ദലിത് യുവതിയുടെ ചോരയുടെ മണമുയരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരു മതചടങ്ങിൽ പങ്കെടുക്കാൻ പോയ യുവതി മടങ്ങിവന്നില്ല. കുടുംബാംഗങ്ങൾ പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ല. പിന്നീട് കേൾക്കുന്നത് അവളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ രക്തം പുരണ്ടനിലയിൽ ഒരു പാടശേഖരത്തിൽനിന്ന് കണ്ടുകിട്ടിയെന്ന വാർത്തയാണ്. പിന്നാലെ പിച്ചിച്ചീന്തപ്പെട്ട, കണ്ണ് പിഴുതെടുക്കപ്പെട്ട, എല്ലുകൾ ഒടിഞ്ഞു നുറുങ്ങിയ ഉയിരറ്റ ദേഹം ഗ്രാമത്തിനടുത്തുള്ള ഒരു കനാലിൽനിന്ന് ലഭിക്കുകയും ചെയ്തു.
അക്രമികൾക്കും ദേശവിരുദ്ധർക്കും തീവ്രവാദികൾക്കുമെതിരിൽ കോടതി വിധിക്കുപോലും കാത്തുനിൽക്കാതെ, സുപ്രീംകോടതി വിലക്കിയ ബുൾഡോൾസർ ശിക്ഷ നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയെന്ന് ഹിന്ദുത്വ പരിവാറുകാർ ഊറ്റംകൊള്ളുന്ന ആദിത്യനാഥിന്റെ ഭരണത്തിന് കീഴിൽ എന്തുകൊണ്ടാണ് ദലിത് ജീവിതങ്ങൾക്ക് രക്ഷയില്ലാത്തത്? ദലിത് പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിനിരയാക്കി കൊന്നുകളയുന്ന മേൽജാതി ക്രിമിനലുകൾ അശിക്ഷിതരായി വിലസി നടന്ന് അടുത്ത ഇരകളെത്തേടുന്നത്? പ്രമാദമായ ഹാഥറസ് സംഭവം മനഃസാക്ഷിയുള്ള ഒരു ഇന്ത്യക്കാരും മറന്നിട്ടുണ്ടാവില്ല. കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി മുകളിൽനിന്നുള്ള നിർദേശപ്രകാരം ദലിത് പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സാന്നിധ്യമോ സമ്മതമോ കൂടാതെ പൊലീസ് ദഹിപ്പിക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തിയ മേൽജാതിക്കാരായ ക്രിമിനലുകൾ മദിച്ചുവാഴുമ്പോൾ, ഈ സംഭവം റിപ്പോർട്ട് ചെയ്യാൻ പുറപ്പെട്ട മലയാളി മാധ്യമപ്രവർത്തകന് ജീവിതത്തിലെ രണ്ട് സംവത്സരങ്ങൾ തടവറയിൽ ഹോമിക്കേണ്ടിവന്നു. നാലരവർഷങ്ങൾക്കിപ്പുറവും സർക്കാർ വാഗ്ദാനംചെയ്ത സുരക്ഷിതമായ താമസസ്ഥലം, വീട്, ജോലി എന്നിവയൊന്നും ലഭിക്കാതെ ഇരയുടെ കുടുംബം സി.ആർ.പി.എഫ് സുരക്ഷക്ക് കീഴിലും ഊരുവിലക്കിന് സമാനമായ രീതിയിൽ പേടിച്ചുവിറച്ച് ജീവിക്കുന്നു. പ്രതികളിൽ മൂന്നുപേർ അയൽവീടുകളിലുണ്ട്. ആരെങ്കിലും പശുവിറച്ചിയുമായി സഞ്ചരിച്ചാൽ, ആരെയെങ്കിലും സംബന്ധിച്ച് പശുക്കടത്തുകാരെന്ന് സംശയം തോന്നിപ്പോയാൽ സംഘ്പരിവാറിന്റെ ഗോരരക്ഷാ ക്രിമിനലുകൾ സംഘം ചേർന്ന് കൊന്നുകളയുന്ന നാട്ടിലാണ് ദലിത് ജീവിതം ഇത്രകണ്ട് ആപത് സന്ധിയിൽ നിൽക്കുന്നത് എന്നോർക്കണം.
മിൽകിപൂർ നിയമസഭ മണ്ഡലത്തിൽ നാളെ ഉപതെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അയോധ്യയിലെ ബലാത്സംഗക്കൊലയിൽ പ്രതികരണവുമായി രാഷ്ട്രീയനേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. മിൽക്കിപൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന, അയോധ്യയുൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തിയ സമാജ് വാദി പാർട്ടി അംഗം അവ്ദേഷ് പ്രസാദ് ഒരു വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാത്തപക്ഷം താൻ എം.പി സ്ഥാനം രാജിവെക്കുമെന്നാണ്. ഭീം ആർമി നേതാവും ലോക്സഭാംഗവുമായ ചന്ദ്രശേഖർ ആസാദ് രാവൺ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, വയനാട് എം.പി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. എന്നാൽ, അവ്ദേഷ് പ്രസാദിന്റെ കരച്ചിലിനെ നാടകം എന്നാക്ഷേപിച്ച മുഖ്യമന്ത്രി ആദിത്യനാഥ് സംഭവത്തിന് പിന്നിൽ സമാജ് വാദി പാർട്ടിയുമായി ബന്ധമുള്ള ഏതെങ്കിലും ക്രിമിനലുകൾക്ക് ബന്ധമുണ്ടാകുമെന്ന പ്രസ്താവനയാണ് നടത്തിയത്.
യു.പിയിൽ മാത്രമല്ല, ബി.ജെ.പി ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ദലിതുകൾ അടിക്കടി അക്രമങ്ങൾക്കും അപമാനത്തിനും ഇരയാവുന്നത് പതിവാണ്. ചെയ്ത ജോലിക്ക് കൂലിചോദിച്ചു, നവവരൻ കോട്ട് ധരിച്ചു, കുതിരപ്പുറത്ത് യാത്ര ചെയ്തു, ചെരിപ്പ് ധരിച്ച് ജന്മിയുടെ വീട്ടിൽ കയറി, പീഡനം നടത്തിയ മേൽജാതിക്കാർക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു-ഇതെല്ലാമാണ് ദലിതുകളെ കൊലപ്പെടുത്തിയതിനും കൊല്ലാക്കൊല ചെയ്യുന്നതിനുമുള്ള കാരണങ്ങൾ- മനുസ്മൃതിയല്ല തുല്യതയോടെ, അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമായി വാഗ്ദാനം ചെയ്യുന്ന ഭരണഘടന നിലനിൽക്കെയാണ് ഇവ്വിധം ജാതിക്കൊലപാതകങ്ങൾ നടമാടുന്നത്.
അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിട്ടുള്ള കേരളത്തിൽനിന്നുള്ള കേന്ദ്രസഹമന്ത്രി കരുതുന്നതുപോലെ ‘ഉന്നത കുലജാത’ മന്ത്രിമാരെ വകുപ്പേൽപിച്ചാൽ എളുപ്പം പരിഹരിക്കാൻ കഴിയുന്നതല്ല രാജ്യത്തെ ദലിതുകളും ആദിവാസികളും നേരിടുന്ന ദുരവസ്ഥകൾ. മന്ത്രിയും പാർട്ടിയും മുന്നോട്ടുവെക്കുന്ന സവർണ മേൽകോയ്മ, ഉന്നത-അധമകുല സങ്കൽപങ്ങൾ പൂർണമായും ഉടഞ്ഞുവീണാൽ മാത്രമേ ഇന്ത്യയിലെ ദലിതുകൾക്കും ആദിവാസികൾക്കും സ്വൈര്യജീവിതം സാധ്യമാവൂ. അവരുടെ കീറിമുറിഞ്ഞ ശരീരങ്ങളും ചോരപുരണ്ട വസ്ത്രങ്ങളും വയലുകളിലും കനാലുകളിലും ഒഴുകിനടക്കാതിരിക്കൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.