കാമറക്ക് പിന്നിൽ തെളിയുന്ന അഴിമതി
text_fieldsസംസ്ഥാനത്തെ റോഡുകളിൽ വാഹനയാത്രികർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകൾ മഹാ സംഭവമായാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, കാമറയിൽ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ തെളിയുംമുമ്പ് അതിനു പിന്നിലെ അഴിമതിയുടെ പുകയാണ് ആദ്യം പുറത്തുവന്നത്.
റോഡുനിയമങ്ങൾ കർശനമാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതിലുപരി പിഴ ഈടാക്കൽ ഒരു വരുമാനമാർഗമായി കാണുന്നതായിരുന്നു ആദ്യം ചർച്ചകൾക്ക് കാരണമായതെങ്കിൽ കാമറകൾ സ്ഥാപിക്കുന്നതിന് ചെലവഴിച്ച ഭീമമായ തുകയും കരാറുകളിലെ സുതാര്യതയില്ലായ്മയും മറ്റുമാണ് ഇപ്പോൾ കൂടുതൽ കോലാഹലമുയർത്തുന്നത്. കേട്ടുകേൾവിയില്ലാത്ത തുകയാണ് കാമറകൾക്ക് നൽകിയതെന്നും ഇതിന്റെ നാലിലൊന്നു വിലയ്ക്ക് കൂടുതൽ മെച്ചപ്പെട്ട കാമറ വിപണിയിൽ ലഭ്യമാണെന്നും പദ്ധതിയുടെ കരാറുകളും ഉപ കരാറുകളും അവയിൽ പങ്കെടുത്ത കമ്പനികളും എല്ലാം അടിമുടി ദുരൂഹമാണെന്നുമാണ് ദിനംപ്രതി പുറത്തുവരുന്ന വിവരങ്ങൾ. നിർമിതബുദ്ധി കാമറക്കു പിന്നിൽ മനുഷ്യനിർമിത അരുതായ്മകൾ നടന്നിട്ടുണ്ടെന്ന് ഓരോ ദിവസവും പുറത്തുവരുന്ന രേഖകളും തെളിവുകളും സാക്ഷ്യപ്പെടുത്തുന്നു.
232 കോടി മുടക്കി 726 കാമറകളാണ് സംസ്ഥാനത്തെ ദേശീയ, സംസ്ഥാനപാതകളിൽ ഗതാഗതവകുപ്പ് സ്ഥാപിച്ചത്. ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാത്തവരെ കണ്ടെത്തൽ, അമിത വേഗം, ഓവർലോഡ് തുടങ്ങിയ നിയമലംഘനങ്ങൾ തിരിച്ചറിയൽ എന്നിവയാണ് കാമറ പരിധിയിൽ വരുക. നിയമലംഘനങ്ങൾക്ക് വലിയ തുകയാണ് പിഴ. തൊടുന്നതെല്ലാം പൊന്ന് എന്ന ചൊല്ലുപോലെ തൊടുന്നതിലെല്ലാം അഴിമതി, സ്വജനപക്ഷപാത ആരോപണം എന്ന അവസ്ഥയാണ് നിലവിലെന്ന് ആരെങ്കിലും വിമർശനമുന്നയിച്ചാൽ തീർത്തും തള്ളാനാവില്ല. അതിലെ ഏറ്റവും ഒടുവിലത്തേതാണ് എ.ഐ കാമറയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത്. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും ആരോപണങ്ങളും അവിടത്തെ തീപോലെ ഒന്നടങ്ങിയപ്പോഴാണ് കാമറ ആരോപണം കത്തിക്കയറുന്നത്.
കാമറകൾ സ്ഥാപിച്ചതിൽ മാത്രമല്ല, നടത്തിപ്പിലും ചില പ്രശ്നങ്ങളുയരുന്നുണ്ട്. നിയമലംഘനങ്ങളുടെ പേരിൽ ജനങ്ങളിൽനിന്ന് ഈടാക്കുന്ന പിഴ സ്വകാര്യ കമ്പനികൾക്ക് നൽകുന്നത് നിയമപരമായി തെറ്റാണെന്നു നിയമവിദഗ്ധർ വ്യക്തമാക്കുന്നു. കെൽട്രോണിനും ഉപ കരാർ നേടിയ കമ്പനിക്കും പിഴത്തുകയിൽനിന്ന് നിശ്ചിത ശതമാനം വീതംവെച്ച് നൽകുന്ന രീതിയിലാണ് ക്രമീകരണം എന്നാണ് പുറത്തുവരുന്ന വിവരം. ട്രാഫിക് നിയമലംഘനം ഏതു മാർഗത്തിൽ കണ്ടെത്തിയാലും പിഴ ഈടാക്കി ഖജനാവിലേക്ക് ഒടുക്കാനുള്ള അധികാരം പൊലീസിനും മോട്ടോർ വാഹന വകുപ്പിനും മാത്രമാണ് എന്നിരിക്കെയാണ് ഇത്തരം പുതിയ പരിഷ്‍കരണം. തത്ത്വത്തിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന അവസ്ഥ. എ.ഐ കാമറ സ്ഥാപിച്ച ഏജൻസികൾതന്നെ മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമിൽ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്യുന്നതും പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. കോടതിയോടും ജനങ്ങളോടും ഇതിന് ഉത്തരം പറയാനുള്ള ബാധ്യത സർക്കാറിനാകും.
കാമറ സ്ഥാപിക്കാനായി കെൽട്രോണിന് നൽകിയ കരാർ, ഉപ കരാർ, കൺസൽട്ടൻസി തുടങ്ങിയവയൊന്നും സുതാര്യമല്ലെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. തുടക്കത്തിൽ ഗതാഗത മന്ത്രി ഞാനൊന്നുമറിഞ്ഞില്ല എന്നമട്ടിലും തുടർന്ന് വ്യവസായ മന്ത്രി കുറെ ന്യായീകരണങ്ങൾ നിരത്തിയും രംഗത്തുവന്നിരുന്നു. മുൻകൂർജാമ്യമെന്നോണം വ്യവസായ സെക്രട്ടറിയെക്കൊണ്ടുള്ള അന്വേഷണപ്രഖ്യാപനവും ഉണ്ടായി. പിന്നീട് ഭരണകേന്ദ്രങ്ങളിൽ മൗനമാണ്. ആരോപണങ്ങൾ മുഖ്യമന്ത്രിയെയും ബന്ധുക്കളെയും വരെ ഉന്നംവെച്ചിട്ടും മൗനംതുടരുകയാണ്. എല്ലാം സുതാര്യമാണെന്ന് സർക്കാറിനും മുഖ്യമന്ത്രിക്കും ഉറപ്പുണ്ടെങ്കിൽ അതുപറയാൻ മടിക്കേണ്ടതില്ല. അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചത്. ഒരു സർക്കാർ പദ്ധതിയിൽ തന്നെത്തന്നെ ബന്ധപ്പെടുത്തി ആരോപണം ഉയരുമ്പോൾ അതിന് മറുപടിപറയേണ്ട ബാധ്യതയിൽനിന്ന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. ഉദ്യോഗസ്ഥതലത്തിലെ അഴിമതിയിൽനിന്ന് കേരളം മുക്തമൊന്നുമായിരുന്നില്ല. എന്നാൽ, രാഷ്ട്രീയ അഴിമതിയെക്കുറിച്ച ആരോപണം ഇപ്പോൾ സർവസാധാരണമാവുകയാണ്. കാര്യങ്ങൾ വിശദീകരിക്കുകയും പുകമറനീക്കുകയും ചെയ്യേണ്ട ബാധ്യത ജനാധിപത്യ ഭരണകൂടത്തിനുണ്ട്. എന്തായാലും ഈ മൗനം ഒട്ടും ഭൂഷണമല്ല തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

