Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവെറുതെ ഒരു പി.എസ്​.സി

വെറുതെ ഒരു പി.എസ്​.സി

text_fields
bookmark_border
വെറുതെ ഒരു പി.എസ്​.സി
cancel

സർക്കാർ സർവിസിലേക്കുള്ള റിക്രൂട്ട്മെൻറിനുവേണ്ടി രൂപവത്​കരിക്കപ്പെട്ട ഭരണഘടന സംവിധാനമാണ് പബ്ലിക് സർവിസ്​ കമീഷൻ. സുതാര്യമായ നടപടിക്രമങ്ങളിലൂടെ ശാസ്​ത്രീയരീതിയിൽ നടക്കുന്ന മത്സരപ്പരീക്ഷകളിലൂടെ പി.എസ്.സി തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളാണ് വിവിധ സർക്കാർ സർവിസുകളിൽ ജോലിയിൽ പ്രവേശിക്കുന്നതെന്നാണ് നമ്മളെല്ലാം വിചാരിക്കുന്നത്. അതിനാൽതന്നെ, സർക്കാർ ശമ്പളം പറ്റുന്ന ഏതു ജോലിയിലേക്കും പി.എസ്​.സി വഴി മാത്രമേ പ്രവേശനം നടത്താവൂ എന്നത് ഗൗരവപ്പെട്ട പൊതു ആവശ്യമാണ്. എയ്ഡഡ് വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ തസ്​തികകളിലേക്കുള്ള നിയമനങ്ങളും പി.എസ്​.സി വഴിയാക്കണമെന്ന ആവശ്യത്തിെൻറ മെറിറ്റ് അതാണ്. വിവിധ സർക്കാർ ബോർഡ്, കോർപറേഷനുകളിലേക്കുള്ള നിയമനങ്ങളും പി.എസ്​.സി വഴിയാക്കണമെന്ന ആവശ്യവും നാട്ടിൽ കാലങ്ങളായുണ്ട്. പക്ഷേ, അതിലൊന്നും എൽ.ഡി.എഫ്–യു.ഡി.എഫ് ഭേദ​െമന്യേ ആർക്കും താൽപര്യമില്ല എന്നതാണ് വാസ്​തവം. യൂനിവേഴ്സിറ്റികളിലെ നിയമനങ്ങളും പി.എസ്​.സിക്ക് വിടണമെന്ന ആവശ്യം ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല. 2015ൽ, കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​​െൻറ അവസാന നാളിലാണ് യൂനിവേഴ്സിറ്റികളിലെ അനധ്യാപക നിയമനങ്ങൾ പി.എസ്​.സിക്ക് വിട്ടുകൊണ്ടുള്ള തീരുമാനമുണ്ടാകുന്നത്.

ഈ വിഷയം ഇപ്പോൾ ഇവിടെ സവിശേഷമായി ചർച്ചചെയ്യാൻ കാരണമുണ്ട്. കാലിക്കറ്റ് യൂനിവേഴിസിറ്റിയിലെ താൽക്കാലിക ജീവനക്കാരെ സ്​ഥിരപ്പെടുത്താനുള്ള 2020 ഡിസംബറിലെ സിൻഡിക്കേറ്റ് തീരുമാനം ഹൈകോടതി ഇപ്പോൾ സ്​റ്റേ ചെയ്തിരിക്കുകയാണ്. സി.പി.എം ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സ്വന്തക്കാർക്ക് വിവിധ തസ്​തികകളിൽ താൽക്കാലികനിയമനം നൽകിയിരുന്നു. കമ്പ്യൂട്ടർ േപ്രാഗ്രാമർ ഉൾപ്പെടെയുള്ള തസ്​തികകളിൽ 'ജോലി' ചെയ്യുന്ന പ്രസ്​തുത താൽക്കാലികക്കാരെ സ്​ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഡിസംബറിൽ എടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്​ഥരുടെ വിയോജനക്കുറിപ്പുപോലും മറികടന്നാണ് സിൻഡിക്കേറ്റി​​െൻറ ഈ തീരുമാനം. തൊഴിൽ തേടി അലയുന്ന ചെറുപ്പക്കാരിൽ ചിലർ കോടതിയെ സമീപിച്ചാണ് ഇപ്പോൾ സ്​റ്റേ സമ്പാദിച്ചിരിക്കുന്നത്. പി.എസ്​.സിയെ നോക്കുകുത്തിയാക്കിയും സംവരണതത്ത്വങ്ങൾ ലംഘിച്ചും നടത്തിയ ഈ നിയമന മേളക്കുള്ള തിരിച്ചടിയായി നിശ്ചയമായും ഹൈകോടതി വിധിയെ കാണാം. അതേസമയം, ഈ സ്​റ്റേയും മറികടക്കാനുള്ള നിയമവഴികൾ യൂനിവേഴ്സിറ്റി തേടുമെന്നും പ്രതീക്ഷിക്കാം. കോടതിയിൽ കേസ്​ വരുമ്പോൾ എതിർകക്ഷിയായ യൂനിവേഴ്സിറ്റിക്ക് അനുകൂലമായ നിലപാടേ സർക്കാർ സ്വീകരിക്കുകയുള്ളൂ. അങ്ങനെയാണ് മിക്കപ്പോഴും കോടതിയുടെ 'പിന്തുണ'യോടുകൂടി ഇത്തരം നിയമനമേളകൾ സാധൂകരിക്കപ്പെടാറുള്ളത്.

പി.എസ്​.സി അതിമഹത്തായ ഒരു ഏജൻസിയാണ് എന്ന് വിലയിരുത്തുന്നതിലൊന്നും വലിയ കഴമ്പില്ല. പി.എസ്​.സിയുടെ പൊലീസ്​ കോൺസ്​റ്റബ്ൾ ലിസ്​റ്റിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ എസ്​.എഫ്.ഐയുടെ കത്തിക്കുത്ത് സംഘം മുഴുവൻ ആദ്യ ഇടംനേടിയത് കഴിഞ്ഞവർഷം നമ്മൾ കണ്ടതാണ്. ഇത് വിവാദമായപ്പോൾ കത്തിക്കുത്തുകാരെ ലിസ്​റ്റിൽനിന്ന് മാറ്റിനിർത്തി തടിതപ്പുകയായിരുന്നു പി.എസ്​.സി. അതുമായി ബന്ധപ്പെട്ട കേസിൽ ആ കത്തിക്കുത്ത് സംഘാംഗങ്ങൾ മാത്രമാണ് പ്രതികൾ. ക്രിമിനലുകളായ ഏതാനും ചെറുപ്പക്കാർക്ക് പി.എസ്​.സി റാങ്ക് ലിസ്​റ്റിൽ ഏറ്റവും മുൻനിരയിൽ സ്​ഥാനം പിടിക്കാൻ സാധിക്കണമെങ്കിൽ വലിയ സംവിധാനം തന്നെ അതിനു പിറകിൽ പ്രവർത്തിച്ചിട്ടുണ്ടാവുമെന്നതുറപ്പാണ്. പക്ഷേ, നിർഭാഗ്യവശാൽ അതിെൻറ ഉള്ളറകളിലേക്ക് കടക്കാനോ അന്വേഷിക്കാനോ പി.എസ്​.സി തയാറായില്ല. കേരളത്തിെൻറ അഭിമാന സർവിസായ കെ.എ.എസ്​ പരീക്ഷയുടെ വാല്വേഷനുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളും കോടതി വ്യവഹാരങ്ങളും പി.എസ്​.സിയുടെ വിശ്വാസ്യതക്ക്​ വീണ്ടും പ്രഹരമേൽപിക്കുന്നതായിരുന്നു. അങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും വലിയ റിക്രൂട്ട്മെൻറ്​ ഏജൻസിയെന്ന നിലക്ക് പി.എസ്​.സിക്ക് സമൂഹത്തിൽ വലിയ ആധികാരികതയുണ്ട്. നിയമനങ്ങൾ പി.എസ്​.സിക്ക് വിടണമെന്ന ആവശ്യത്തിെൻറ യുക്തി അതാണ്.

യൂനിവേഴ്സിറ്റിയിലെ അനധ്യാപക നിയമനങ്ങൾ മാത്രമേ സാങ്കേതികമായി പി.എസ്​.സിക്ക് വിട്ടിട്ടുള്ളൂ. അതുപോലും അട്ടിമറിക്കപ്പെടുന്നുവെന്നതാണ് വാസ്​തവം. യൂനിവേഴ്സിറ്റികളിലേക്കുള്ള അധ്യാപകനിയമനങ്ങൾ ഇതുവരെ പി.എസ്​.സിക്ക് വിടാൻ സർക്കാർ സന്നദ്ധമായിട്ടില്ല. വി.സി, സിൻഡിക്കേറ്റ് പ്രതിനിധി, വി.സി നിശ്ചയിക്കുന്ന വിഷയ വിദഗ്​ധൻ, സർക്കാർ പ്രതിനിധി, ഡിപാർട്ട്​മെൻറ്​ തലവൻ എന്നിവർ ഉൾപ്പെടുന്ന പാനൽ അഭിമുഖം നടത്തിയാണ് ഇപ്പോൾ അധ്യാപക നിയമനം നടത്തുന്നത്. രാഷ്​​ട്രീയ നിയമനങ്ങളിലൂടെ വരുന്നയാളുകൾ നടത്തുന്ന ഈ അഭിമുഖത്തി​​​െൻറ അവസ്​ഥ ഊഹിക്കാവുന്നതേയുള്ളൂ. പാർട്ടിക്കാരെയും സ്വന്തക്കാരെയും യൂനിവേഴ്സിറ്റികളിൽ കുടിയിരുത്താനുള്ള സംവിധാനം മാത്രമാണത്. അൺ എയ്ഡഡ് കോളജുകളിലെ അധ്യാപകർക്കുള്ള ഗുണനിലവാരംപോലുമില്ലാത്ത അധ്യാപകരുടെ വിളനിലമായി യൂനിവേഴ്സിറ്റി കാമ്പസുകൾ മാറിക്കഴിഞ്ഞിരിക്കുകയാണ്.

സർക്കാർ ശമ്പളവും ആനുകൂല്യങ്ങളും മേടിക്കുന്ന സർവ നിയമനങ്ങളും സമ്പൂർണമായി പി.എസ്​.സിക്ക് വിടുക, പി.എസ്​.സിയുടെ വിശ്വാസ്യത ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങൾ കേരളത്തിലെ യുവജനങ്ങൾ രാ ഷ്​ട്രീയത്തിനതീതമായി ഉയർത്തേണ്ട സന്ദർഭമാണിത്. ഇഷ്​ടപ്പെട്ടവരെ നിയമിക്കുന്നതിൽ ഇരുമുന്നണികൾക്കും വലിയ താൽപര്യമുണ്ടാവും എന്നതിനാൽ വലിയ ജനകീയ സമ്മർദം തന്നെ ഈ വിഷയത്തിൽ വേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialkerala psc
News Summary - madhyamam editorial on 9th january 2021
Next Story