2020 ജൂലൈ 18നാണ് ജമ്മു-കശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് 'ഭീകരർ' കൊല്ലപ്പെട്ട വാർത്ത വരുന്നത്. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് 'ഭീകരരു'ടെ ബന്ധുക്കൾ കാര്യമറിയുന്നത്. കശ്മീരിലെ രജൗരി സ്വദേശികളായ അബ്റാർ അഹ്മദ് (25), ഇംതിയാസ് അഹ്മദ് (20), മുഹമ്മദ് അബ്റാർ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ഭീകരവാദികളല്ലെന്നും ജോലിതേടി ഷോപിയാനിേലക്കു പോയ തൊഴിലാളികൾ മാത്രമാണെന്നും ബന്ധുക്കളും നാട്ടുകാരും വെളിപ്പെടുത്തി. മൂന്ന് ചെറുപ്പക്കാരുടെ മരണം കശ്മീരിലാകെ പ്രതിഷേധമുയർത്തി. കടുത്ത പ്രതിഷേധത്തെത്തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കശ്മീർ പൊലീസ് തീരുമാനിക്കുകയും അതിനായി പ്രത്യേക ടീമിനെ നിശ്ചയിക്കുകയും ചെയ്തു. പ്രസ്തുത സംഘത്തിെൻറ അന്വേഷണറിപ്പോർട്ട് പുറത്തുവന്നത് അഞ്ചു ദിവസം മുമ്പ് മാത്രമാണ്. ഷോപിയാനിലെ ആർമി ക്യാമ്പിലുള്ള ക്യാപ്റ്റൻ ഭൂപീന്ദർ സിങ് എന്ന സൈനിക ഉദ്യോഗസ്ഥൻ, തെൻറ അടുപ്പക്കാരായ താബിഷ് നാസിർ മാലിക്, ബഷീർ അഹ്മദ് ലോൺ എന്നിവരുടെ സഹായത്തോടെ ഈ കൂലിപ്പണിക്കാരായ ചെറുപ്പക്കാരെ രാത്രി അവർ താമസിക്കുന്ന വാടകമുറിയിൽനിന്നും തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. താബിഷ് നാസിർ മാലികും ബഷീർ അഹ്മദ് ലോണും ഇപ്പോൾ അറസ്റ്റിലാണ്. സൈനികർക്ക് അതിക്രമങ്ങൾ ചെയ്യാൻ പ്രത്യേകാധികാരം നൽകുന്ന 'അഫ്സ്പ' എന്ന നിയമം നിലവിലുള്ളതിനാൽ ക്യാപ്റ്റൻ ഭൂപീന്ദർ സിങ്ങിനെതിരായ നടപടികൾ സ്വീകരിക്കാൻ ഇനിയും വൈകും. ചിലപ്പോൾ അങ്ങനെയൊരു നടപടിയേ ഉണ്ടായി എന്നും വരില്ല.
ഷോപിയാൻ വ്യാജ ഏറ്റുമുട്ടലിെൻറ യഥാർഥചിത്രം ഔദ്യോഗികരേഖയായി തന്നെ ലോകം അറിഞ്ഞതിെൻറ നാലാം ദിവസമാണ്, ഡിസംബർ 30ന്, ശ്രീനഗറിെൻറ പ്രാന്തപ്രദേശമായ ലവയ്പോറയിൽ മൂന്നുപേർ കൊല്ലപ്പെടുന്നത്. പതിവുപോലെ ഏറ്റുമുട്ടലിൽ സുബൈർ അഹ്മദ്, അജാസ് മഖ്ബൂൽ, അത്ഹർ മുഷ്താഖ് എന്നീ മൂന്ന് ഭീകരരെ സൈന്യം വധിച്ചുവെന്നാണ് വാർത്തകൾ പുറത്തുവന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ വിദ്യാർഥികളും ഒരാൾ കൂലിപ്പണിക്കാരനുമാണ്. യൂനിവേഴ്സിറ്റിയിൽ പരീക്ഷ എഴുതാൻ പോയ തങ്ങളുടെ മക്കളെയാണ് സൈന്യം കൊന്നിരിക്കുന്നത് എന്നു പറഞ്ഞ് ഈ വിദ്യാർഥികളുടെ കുടുംബം രംഗത്തുവരുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് ഷോപിയാൻ 'ഏറ്റുമുട്ടലി'ൽ സംഭവിച്ചതുപോലെ കുടുംബത്തിെൻറ വാദത്തെ തള്ളിക്കളയുകയാണ് സൈന്യം. പരീക്ഷ എഴുതാൻ പോയ കുട്ടികളെങ്ങനെ ഈ പ്രദേശത്ത് എത്തി എന്നതാണ് ചോദ്യം. ഷോപിയാൻ 'ഏറ്റുമുട്ടലി'െൻറ സമയത്തും ഇതേ ചോദ്യം ഉയർന്നിരുന്നു. നിരപരാധികളായ കൂലിത്തൊഴിലാളികളെയും വിദ്യാർഥികളെയും പിടിച്ചു കൊണ്ടുപോയി തങ്ങൾക്ക് സൗകര്യമുള്ള സ്ഥലത്തുവെച്ച് വെടിവെച്ച് കൊല്ലുകയും എന്നിട്ട് അവരെന്തിന്/എങ്ങനെ അവിടെയെത്തി എന്ന ചോദ്യമുന്നയിക്കുകയും ചെയ്യുന്നത് പരിഹാസ്യമാണ്. ലവയ്പോറ 'ഏറ്റുമുട്ടലി'നെ കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം പ്രഖ്യാപിക്കുകയാണ് യഥാർഥത്തിൽ വേണ്ടത്. എന്നാൽ അങ്ങനെയൊന്ന് ഉണ്ടാവുമെന്നതിെൻറ ഒരു സൂചനയും ഇപ്പോൾ ലഭ്യമല്ല.
2020ൽ കശ്മീരിൽ നടന്ന കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കണക്ക്, ലീഗൽ ഫോറം ഫോർ ഒപ്രസ്ഡ് വോയ്സസ് ഇൻ കശ്മീർ എന്ന സംഘടന പുറത്തുവിട്ടതും രണ്ട് ദിവസം മുമ്പാണ്. 2020ൽ മൊത്തം 474 പേർ കൊല്ലപ്പെട്ടതായാണ് സംഘടന പറയുന്നത്. ഇതിൽ 65 പേരും സിവിലിയന്മാരാണെന്ന് സംഘടന ആരോപിക്കുന്നു. തീവ്രവാദികളോ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവരോ ആയ 232 പേർ കൊല്ലപ്പെട്ടുവെന്നും ഈ സംഘടനയുടെ കണക്കിലുണ്ട്. എന്നാൽ, 2020ൽ 225 തീവ്രവാദികളെ കൊന്നുെവന്നാണ് സൈന്യത്തിെൻറ കണക്ക്. ഇൗ കണക്കിലെ തീവ്രവാദികൾ ആര്, സിവിലിയന്മാർ ആര് എന്നത് ഇനിയും വ്യക്തത വരേണ്ട കാര്യമാണ്. ഷോപിയാനിൽ കൊല്ലപ്പെട്ട കൗമാര പ്രായക്കാരൊക്കെ ഏത് ഗണത്തിലാണ് പെടുക എന്നതും അറിയണം.
കശ്മീരിൽ സാധാരണനില കൊണ്ടുവരുമെന്ന് അവകാശപ്പെട്ടു കൊണ്ടാണ് മോദിസർക്കാർ ആ സംസ്ഥാനത്തെ ഒറ്റ ദിനംകൊണ്ട് രണ്ട് കഷണമാക്കി, കേന്ദ്രഭരണത്തിന് കീഴിൽ കൊണ്ടുവന്നത്. കേന്ദ്രത്തിെൻറ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ താഴ്വരയിൽ സമാധാനവും വികസനവും കൊണ്ടുവരും എന്നായിരുന്നു അവകാശവാദം. എന്നാൽ, ആ അവകാശവാദം എവിടെയുമെത്തിയില്ല എന്നതാണ് കശ്മീരിൽനിന്നുള്ള വാർത്തകൾ കാണിക്കുന്നത്. കശ്മീർ എന്നത് വെറുമൊരു ഭൂപ്രദേശം മാത്രമല്ല, ആ പ്രദേശത്ത് ജീവിക്കുന്ന മനുഷ്യർ കൂടിയാണ്. അവരെ വിശ്വാസത്തിലെടുക്കാതെ, അവരെ ശത്രുക്കളോടെന്നപോലെ പെരുമാറി എങ്ങനെയാണ് സമാധാനവും പുരോഗതിയും കൊണ്ടുവരുക? ഷോപിയാനിൽ നടന്നതുപോലെയുള്ള വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഭരണകൂടത്തിനെന്താണ് നേട്ടം? കൂലിപ്പണിക്ക് വന്ന ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി വെടിവെച്ചു കൊന്നതുകൊണ്ട് തീവ്രവാദികൾക്കെന്തു ചേതം? കശ്മീരികളെ വിശ്വാസത്തിലെടുത്ത് അവരുടെകൂടി പങ്കാളിത്തത്തിലൂടെയല്ലാതെ കശ്മീരിൽ സാധാരണനില കൊണ്ടുവരാൻ സാധ്യമല്ല എന്നാണ് ഓരോ ദിവസവുമുള്ള വാർത്തകൾ കാണിക്കുന്നത്. അത്തരമൊരു ശ്രമത്തിനുള്ള ആത്മാർഥത കേന്ദ്രസർക്കാറിനും അതിനെ നയിക്കുന്ന പാർട്ടിക്കുമുണ്ടോ?