കർഷകസമരം പരാജയപ്പെടരുത്
text_fieldsകർഷകരുടെയും രാജ്യത്തിെൻറയും അന്നംമുട്ടിക്കുന്ന മാരകനിയമങ്ങൾക്കെതിരെ കഴിഞ്ഞ നവംബർ 26ന് ആരംഭിച്ച കർഷകപ്രക്ഷോഭം ചൊവ്വാഴ്ച റിപ്പബ്ലിക്ദിനത്തിൽ രാജ്യതലസ്ഥാനത്തുണ്ടായ അനിഷ്ടസംഭവങ്ങളെത്തുടർന്ന് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നു. രാജ്യം പരമാധികാര റിപ്പബ്ലിക്കായതിെൻറ 72ാം വാർഷികദിനത്തിൽ രാഷ്ട്രസമ്പദ്വ്യവസ്ഥയുടെ കാവൽക്കാരായ കർഷകരുടെ ജനാധിപത്യപ്രക്ഷോഭം സംഘർഷത്തിലേക്കു വഴിമാറിയത് സമരത്തെ താറടിച്ചു തകർക്കാൻ ശ്രമിക്കുന്നവർക്ക് വീണുകിട്ടിയ വടിയായി. ചർച്ചക്കുവിളിച്ച മന്ത്രിമാരുടെ ചായപോലും വേണ്ടെന്നുവെച്ചും സമരനിരയിൽ അതിക്രമമുണ്ടാക്കാൻ നുഴഞ്ഞുകയറിയവരെ ജാഗ്രതയോടെ കാവലിരുന്ന് പിടികൂടിയും പ്രലോഭനത്തിലും പ്രകോപനത്തിലും വീണുപോകാതെ സമരത്തെ മുന്നോട്ടുനയിച്ചുവരുകയായിരുന്ന കർഷകസംഘടനകളെ പ്രതിരോധത്തിലാക്കുന്നതായി ന്യൂഡൽഹിയിലെ അനിഷ്ടസംഭവങ്ങൾ. അതോടെ, പതിനൊന്നു വട്ടം ചർച്ചകൾക്കുശേഷവും പരിഹാരം കാണാതെ നീണ്ടുപോയ പ്രക്ഷോഭത്തെ കലാപമുദ്രകുത്തി കേസുകളിലും നിയമവ്യവഹാരങ്ങളിലും കുരുക്കിയിടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ എന്നിടത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഒരാളുടെ ജീവാപായത്തിനും പൊലീസുകാരടക്കം നിരവധി പേരുടെ പരിക്കിനുമിടയാക്കിയ സംഘർഷം വാസ്തവത്തിൽ തലസ്ഥാനത്തിെൻറ നിയന്ത്രണം കൈയിലുള്ള കേന്ദ്ര സർക്കാറിെൻറ പരാജയമാണെന്നത് പകൽപോലെ വ്യക്തമാണ്. ആഴ്ചകൾ നീണ്ട തയാറെടുപ്പുകളിലൂടെ അയൽസംസ്ഥാനങ്ങളിൽനിന്ന് നാടും നഗരവും ഇളക്കിമറിച്ച് തലസ്ഥാനത്തെ ലക്ഷ്യമിട്ട് ഇരമ്പിയെത്തുന്ന കർഷകരോഷത്തിെൻറ വ്യാപ്തി വിലയിരുത്തുന്നതിലും അതിെൻറ ഭവിഷ്യത്തുകൾ മുൻകൂട്ടിക്കാണുന്നതിലും കേന്ദ്രത്തിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയത്. പഞ്ചാബിനെ മൊത്തത്തിലും ഹിന്ദിബെൽറ്റിലെ സംസ്ഥാനങ്ങളെ മുച്ചൂടും സ്വാധീനിച്ച ഒരു പ്രക്ഷോഭത്തിെൻറ സുപ്രധാനമായ ചുവടുവെപ്പിന് അനുമതി നൽകിയശേഷവും മതിയായ തയാറെടുപ്പുകൾ കേന്ദ്രം നടത്തിയില്ല. കാര്യങ്ങൾ കൈവിട്ടുപോകുന്നതു കണ്ടേപ്പാൾ കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിച്ചാർജുമായി പ്രക്ഷോഭകരെ നേരിടാനിറങ്ങിയത് പ്രശ്നം കൂടുതൽ വഷളാക്കി. ഏതായാലും സമരക്കാരും പൊലീസും രക്തച്ചൊരിച്ചിലേക്ക് എത്താതെ കാത്തു എന്നത് ആശ്വാസകരംതന്നെ. ഗവൺമെൻറിെൻറ സുരക്ഷാവീഴ്ചയുടെ മകുടോദാഹരണമാണ് ചെേങ്കാട്ടയിൽ അതിക്രമിച്ചുകയറി സിഖ് പതാകയുയർത്തിയ സംഭവം. ഇൗ വീഴ്ച മറച്ചുവെച്ച് സമരം കുത്തിക്കെടുത്താനുള്ള ഉപാധിയായി സംഭവത്തെ മാറ്റിയെടുക്കുകയാണ് കേന്ദ്രവും ഇതര കർഷകസമരവിരോധികളും.
കേന്ദ്ര ഗവൺമെൻറ് സമരക്കാരിലൊരു വിഭാഗവുമായി ഒത്തുചേർന്ന് കർഷകപ്രക്ഷോഭം തകർക്കാൻ നടത്തിയ ഗൂഢാലോചനയാണ് നടന്നതെന്ന് 32 പ്രക്ഷോഭസംഘടനകളുടെ വേദിയായ സംയുക്ത കർഷക മുന്നണി (സംയുക്ത് കിസാൻ മോർച്ച-എസ്.കെ.എം) ബുധനാഴ്ച വെളിപ്പെടുത്തിയിരിക്കുന്നു. കേന്ദ്ര സർക്കാറിനെ പിടിച്ചുകുലുക്കിയ കിസാൻ പരേഡിൽ പരിഭ്രാന്തരായി സമരനിരയിലുള്ള ഒരു വിഭാഗവുമായി ഗൂഢാലോചന നടത്തിയതിെൻറ ഫലമാണ് ചെേങ്കാട്ട കൈയേറ്റമടക്കമുള്ള അനിഷ്ടസംഭവങ്ങളെന്ന് അവർ ആരോപിക്കുന്നു. പ്രക്ഷോഭം തുടങ്ങി 15 നാളുകൾക്കുശേഷം സമരനിരയിലേക്കു കടന്നുവന്ന സത്നാം സിങ് പന്നുവിെൻറ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെ.എം.എസ്.സി)യാണ് ഒൗട്ടർ റിങ് റോഡിൽ നിശ്ചിതസമയത്തിനു രണ്ടു മണിക്കൂർ മുേമ്പ പരേഡ് നടത്താനും ചെേങ്കാട്ടയിൽ പതാകയുയർത്താനും തീരുമാനിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. കെ.എം.എസ്.സി ഇക്കാര്യം നേരത്തേ പ്രഖ്യാപിച്ചിട്ടും അത് നേരിടാൻ ഗവൺമെൻറ് നടപടിയെടുക്കാത്തത് ദുരൂഹമാണ്. അതുേപാലെതന്നെയാണ് സംഘ്പരിവാറിനുവേണ്ടി സജീവമായി തെരഞ്ഞെടുപ്പു പ്രചാരണത്തിനുണ്ടായിരുന്ന പഞ്ചാബ് നടൻ ദീപ് സിദ്ദുവിെൻറ ഇടപെടൽ. കർഷകദ്രോഹം വഴിതെറ്റി രാജ്യേദ്രാഹികളുടെ കൈകളിലെത്തിയെന്ന പ്രതീതിക്കും പ്രചാരവേലക്കും ഇടംനൽകിയത് ചെേങ്കാട്ടയിൽ സിഖ് മതവിശ്വാസത്തിെൻറ കൊടിക്കൂറയായ 'നിശാൻ സാഹിബ്' എന്ന ത്രികോണധ്വജം ഉയർത്താൻ മുന്നിൽ നിന്നത് സിദ്ദുവാണ്. ഇയാൾ നേരത്തേ ബി.ജെ.പിയുടെ പ്രചാരകനും മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനുമാണ് എന്നതിെൻറ തെളിവുകൾ പുറത്തുവന്നത് സമരത്തെ വഴിതെറ്റിക്കാൻ സർക്കാർതന്നെ മുൻകൈയെടുത്തു എന്ന ആരോപണത്തിന് ശക്തിപകർന്നിരിക്കുകയാണ്. സമരത്തിന് ഖലിസ്താൻ വിഘടനവാദത്തിെൻറ ചായമടിക്കാൻ സംഘ്പരിവാറും അവരുടെ മാധ്യമപ്പണിക്കാരും തുടക്കംതൊേട്ട ശ്രമിച്ചുവരുന്നതാണ്. ചെേങ്കാട്ടയിൽ കൊടിയുയർന്നയുടനെ അത് ഖലിസ്താൻ പതാകയാണെന്ന പ്രചാരണവുമായി അവർ രംഗത്തെത്തിയെങ്കിലും അതിന് അൽപായുേസ്സയുണ്ടായിരുന്നുള്ളൂ. രണ്ടു വർഷം മുമ്പ് 2018 ഏപ്രിലിൽ 250 ദശലക്ഷം രൂപക്ക് ഡാൽമിയ ഗ്രൂപ്പിന് അഞ്ചുകൊല്ലത്തേക്ക് ചെേങ്കാട്ടയെ പണയപ്പെടുത്തിയ മോദി ഗവൺമെൻറിെൻറ വക്താക്കളും വക്കാലത്തുകാരും ഇന്ത്യയുടെ അഭിമാനസ്തംഭത്തെ അപമാനിച്ചവർക്കെതിരെ രംഗത്തുവന്നതും സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിനിടയാക്കി.
ഏതായാലും സർക്കാറിെൻറ ജനവിരുദ്ധനയങ്ങൾക്കെതിരെ നടക്കുന്ന കർഷകപ്രക്ഷോഭം ലോകത്തെതന്നെ അത്യസാധാരണ പ്രക്ഷോഭമായി വളർന്നുകഴിഞ്ഞിരിക്കുന്നു. ഭരണക്കാരുടെയും മറ്റും 'നുഴഞ്ഞുകയറ്റങ്ങളിലൂടെ' സമരം അട്ടിമറിക്കാൻ സമ്മതിക്കുകയില്ലെന്നും ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കുംവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നുമുള്ള ദൃഢനിശ്ചയം കഴിഞ്ഞ ദിവസവും ആവർത്തിച്ചുറപ്പിച്ചിരിക്കുകയാണ് സംഘടനകൾ. രാജ്യത്തെ ഗുരുതരസ്ഥിതിയിലേക്ക് തള്ളിവിടാതെ കർഷകരുടെയും നാടിെൻറയും ജീവൽപ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കണ്ടെത്താൻ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസർക്കാർ മുന്നോട്ടുവരണം. ചെേങ്കാട്ടപോലുള്ള ചരിത്രസ്മാരകങ്ങളും രാജ്യത്തിെൻറ ചങ്കായ കാർഷികവിഭവങ്ങളും കൃഷിയിടങ്ങളുമടക്കം കുത്തകകൾക്ക് തീറെഴുതുന്നതോ, അതിനെതിരെ പ്രതിഷേധക്കൊടിയേന്തുന്നതോ രാജ്യദ്രോഹമെന്ന് ദേശാഭിമാനികളായ ജനം തിരിച്ചറിയും. ഇൗ സമരം പരാജയപ്പെടരുതേ എന്നത് അവരുടെ പ്രാർഥനയാണ്. അങ്ങനെ വന്നാൽ നടുവൊടിയുന്ന നാടിന് പിന്നെ നിവർന്നുനിൽക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

