Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമുറിവുണങ്ങ​ട്ടെ...

മുറിവുണങ്ങ​ട്ടെ പുഞ്ചിരി പരക്ക​ട്ടെ

text_fields
bookmark_border
മുറിവുണങ്ങ​ട്ടെ പുഞ്ചിരി പരക്ക​ട്ടെ
cancel
ലോകം ശ്വാസം കിട്ടാതെ പരക്കംപാഞ്ഞൊരു കാലമാണ്​ കടന്നുപോകുന്നത്​. വികസിതമെന്നും വികസ്വരമെന്നുമെല്ലാം നാം കെട്ടിയുയർത്തിയ രാജ്യാതിർത്തികൾ ശമനൗഷധം കണ്ടെത്തിയിട്ടില്ലാത്ത മഹാമാരിയുടെ ഊക്കിൽ തകിടംമറിഞ്ഞുവീണ വർഷം. മഹാ(?)യുദ്ധങ്ങൾക്കുശേഷം ആ​ഗോളതലത്തിൽ ഇത്രയേറെ പ്രതിസന്ധി തീർത്തൊരു സന്ദർഭം നമ്മുടെ ഓർമകളിലില്ല. മൂർച്ചയും വേഗവുമുള്ള ആയുധത്തിനല്ല, അനുകമ്പയുടെ വ്യാസമേറിയ ഹൃദയത്തിനാണ്​ കരുത്തെന്ന വലിയ പാഠമാണ്​ ഈ നാളുകൾ പകർന്നുതരുന്നത്. പ്രതിരോധ ബജറ്റിലേക്കായി സ്വത്തി​െൻറ പാതിമുക്കാലും എഴുതിവെക്കുന്ന രാജ്യങ്ങൾ പള്ളിക്കൂടങ്ങളും ആരോഗ്യപരിപാലന സംവിധാനങ്ങളും പഠന ഗവേഷണകേന്ദ്രങ്ങളുമാണ്​ നമുക്ക്​ വേണ്ടതെന്ന്​ തിരിച്ചറിഞ്ഞ്​ പ്രവർത്തിക്കാൻ തുടങ്ങിയാൽ മാത്രമേ ഈ പാഠം നമ്മിൽ മാറ്റങ്ങൾ വരുത്തിയോ എന്ന്​ പറയാനാവൂ. ഐക്യരാഷ്​ട്ര സഭ വിഭാവനം ചെയ്​ത മട്ടിലെ പ്രതീക്ഷയും വിശ്വാസവും നിറഞ്ഞൊരു വർഷമാക്കി 2021നെ മാറ്റിയെടുക്കാനാവൂ.

യുദ്ധക്കൊതിയും വംശവെറിയും അടയാള ചിഹ്നമായി സൂക്ഷിച്ചൊരു അധികാരിയെ തിരസ്​കരിച്ച്​ ഐക്യവും ബഹുസ്വരതയും മുന്നോട്ടുവെച്ച ജോ ബൈഡനെ യു.എസ്​ ജനത പ്രസിഡൻറ്​പദമേൽപ്പിച്ചത്​ അമിതപ്രതീക്ഷ പകരുന്നില്ലെങ്കിലും യുദ്ധങ്ങൾക്കെതിരായ കാവലും പ്രകൃതിയോടുള്ള കരുതലുമുൾപ്പെടെ ലോകം കൊതിക്കുന്ന മാറ്റങ്ങളിലേക്കുള്ള ആദ്യ ചുവടായി കാണാം​.

കോവിഡ്​ പ്രതിരോധത്തിന്​ കരുത്താവുന്ന കുറ്റമറ്റ വാക്​സിനുകൾ വിപുലമായി ലഭ്യമാകുന്നതോടെ ഇപ്പോൾ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ചുഴിയിൽനിന്നും മോചനമായേക്കും. പക്ഷേ, പ്രതിരോധ വാക്​സിൻ വിതരണം ആരംഭിക്കുന്നതിനു പിന്നാലെ പൗരത്വഭേദഗതി നിയമത്തി​െൻറ നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന ഭീഷണി ഇന്ത്യൻ ജനതയെയും ഇന്ത്യയെ സ്​നേഹിക്കുന്ന ആഗോള സമൂഹത്തിലും സൃഷ്​ടിച്ചിരിക്കുന്ന ആഘാതത്തിന്​ എന്താണ്​ മറുമരുന്ന്​? കോവിഡിനുമുന്നിൽ ദയനീയമാംവിധം കാലിടറിയിട്ടും സമ്പദ്​വ്യവസ്​ഥ സർവകാല നാശത്തെ അഭിമുഖീകരിച്ചിട്ടും ഒന്നുമേ പഠിച്ചില്ല എന്നാണോ ഇന്ത്യൻ ഭരണകൂടം ലോകത്തോട്​ വിളിച്ചുപറയുന്നത്​? വർധിച്ചുവരുന്ന ജാതിക്കൊലകളും ന്യൂനപക്ഷ പീഡനങ്ങളും പൗരാവകാശ ലംഘനങ്ങളും മനുഷ്യവിരുദ്ധ നിയമങ്ങളും മനുഷ്യത്വരഹിതമായ കോടതി വിധികളുമെല്ലാം ഏൽപിക്കുന്ന പരിക്ക്​ എത്രമാത്രമെന്ന്​ നമ്മൾ ആലോചിക്കുന്നില്ല എന്നുണ്ടോ? വർഗീയതയും വംശീയതയുമല്ല, മതേതരത്വവും ജനാധിപത്യവുമാണ്​ രാജ്യത്തി​െൻറ ജീവവായുവെന്ന്​ അധികാരികളെ ഓർമപ്പെടുത്താൻ ഭരണഘടന ഉയർത്തിപ്പിടിച്ച്​, നമ്മളൊന്നെന്ന്​ ഉറക്കെ വിളിച്ച്​ ഇന്ത്യൻ ജനത ജാഗ്രത തുടരുക മാത്രമാണ്​ പ്രതിവിധി.

പട്ടിണിയും കടവും കയറി ഇനിയും മരിക്കാതിരിക്കാൻ ജീവൻമരണ പോരാട്ടത്തിനു പുറപ്പെട്ട, രാജ്യത്തിന്​​ അന്നം വിളമ്പുന്ന കർഷക സമൂഹം കൊളുത്തിയ സമരജ്വാലക്ക്​ സാക്ഷ്യം വഹിച്ചാണ്​ പുതിയ വർഷം ഹിമാലയം കടന്നെത്തുന്നത്​. സാമ്രാജ്യത്വ അധിനിവേശത്തിനും ജന്മിത്ത ചൂഷണത്തിനും അറുതിവരുത്താൻ കർഷകത്തൊഴിലാളികളുൾപ്പെടെ മലബാറിലെ അടിസ്​ഥാന ജനസമൂഹം നടത്തിയ ​ഐതിഹാസിക ചെറുത്തുനിൽപ്പി​ന്​ നൂറ്റാണ്ടു തികയുന്ന വേളയിൽ ​ഇന്ത്യൻ കർഷകരുടെ സഹനസമരവും വൃഥാവിലാവില്ല എന്നാശിക്കാം.

അനുഭവ സമ്പുഷ്​ടരായ മുതിർന്ന നേതാക്കളും ആശയസമ്പുഷ്​ടരായ യുവനായകരും ഉൾക്കൊള്ളുന്നൊരു പുതുസംഘം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളുടെ വികസനപതാക ഏറ്റുവാങ്ങിയ അവസരം കൂടിയാണിത്. പരിസ്​ഥിതി സംരക്ഷണവും ആരോഗ്യ പരിരക്ഷയും മുതൽ സമസ്​ത മേഖലയിലും മണ്ണിനോടും മനുഷ്യനോടും പ്രതിബദ്ധത പുലർത്തുംവിധത്തിലൊരു പൊളിച്ചെഴുത്താണ്​ അവരിൽനിന്ന്​ നാട്​ പ്രതീക്ഷിക്കുന്നത്. കൊട്ടിഗ്​ഘോഷിച്ച്​ കെട്ടിപ്പൊക്കിയ വികസന മാതൃകകൾക്ക്​ ആഗോളതലത്തിലും ദേശീയതലത്തിലും സംഭവിച്ച വീഴ്​ചകളെല്ലാം പുതിയ വികസന കാഴ്​ചപ്പാടിന്​ രൂപം നൽകു​േമ്പാൾ മനസ്സിലുണ്ടാവണം. സമത്വത്തി​െൻറയും സ്വാശ്രയത്വത്തി​െൻറയും വിജയപ്രതീകങ്ങളായും ആഗോളമാതൃകകളായും മാറുവാൻ കേരളത്തിലെ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കഴിയണം. അധികാരമേൽക്കവെ ചൊല്ലിയ സത്യവാചകം മുറുകെപ്പിടിക്കുവാൻ ധൈര്യപ്പെടുന്നുവെങ്കിൽ വാഗ്​ദാനം നൽകിയ മാറ്റം യാഥാർഥ്യമാക്കാൻ അവർക്കു സാധിക്കുക തന്നെ ചെയ്യും.

കാലം ഉണക്കാത്ത മുറിവുകളില്ല എന്നാണ്​ ചൊല്ല്​. എത്ര ആഴത്തിലുള്ള മുറിവും ഉണക്കാൻ ശേഷിയുള്ള, വേദന പോക്കാൻ കെൽപുള്ള മാനുഷികത എന്ന ഔഷധം നാം ഓരോരുത്തരിലുമുള്ളപ്പോൾ പിന്നെന്തിന്​ കാലത്തി​െൻറ കാരുണ്യത്തിനായി കാത്തിരിക്കണം​? കോവിഡിനും മു​േമ്പ നമ്മൾ അടച്ചിട്ട മനസ്സുകൾ തുറക്കാനും അകന്നിരിപ്പിന്​ അറുതി വരുത്താനും സമയം വൈകിയിരിക്കുന്നു. പരസ്​പരം അറിഞ്ഞും അറിയിച്ചും സ്വാംശീകരിക്കാൻ പഠിച്ചും ലോകത്തെ സഹിഷ്​ണുതയുടെ പൂങ്കാവനമാക്കി മാറ്റുവാൻ ഇറങ്ങിപ്പുറപ്പെടേണ്ട നേരം. ​വാക്കാലും പ്രവൃത്തിയാലും പ്രയത്​നങ്ങളാലും ചേർത്തുപിടിക്കേണ്ട വേള​. പട്ടിണിയും വിവേചനവും മൂലം നനയാത്ത കണ്ണുകൾ കൊണ്ട്​ നമ്മുടെ കുഞ്ഞുങ്ങൾ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുന്ന നാളുകളാവ​ട്ടെ ഇനിയുള്ളത്​. മുൻവിധികളുടെ കൺപട്ടകളും യുദ്ധവിമാനങ്ങളുടെ വിഷപ്പുകയും അവരുടെ കാഴ്​ചയെ തടഞ്ഞുനിർത്താതിരിക്ക​ട്ടെ.

ലോകമൊട്ടുക്കുമുള്ള ഓരോ മലയാളിക്കും 'മാധ്യമം' നവവർഷ നന്മകൾ നേരുന്നു.

Show Full Article
TAGS:madhyamam editorial 
Web Title - Madhyamam editorial on 1st january 2021
Next Story