Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബജറ്റിലെ ബഡായിയല്ല...

ബജറ്റിലെ ബഡായിയല്ല റാങ്ക്​ലിസ്​റ്റിലെ ജീവിതങ്ങൾ

text_fields
bookmark_border
THOMAS ISAC
cancel


ഓരോ തവണയുമെന്നപോലെ ഇന്നലെ കേരള നിയമസഭയിൽ ധനമന്ത്രി ബജറ്റ്​ പ്രസംഗം വായിക്കു​േമ്പാഴും യുവകേരളം കാതോർത്തിരുന്നത്​ തൊഴിൽ എന്ന വാക്കിനായാണ്​. നിരാശപ്പെടുത്തിയില്ല, നിലവിലെ മന്ത്രിസഭയുടെ അവസാന ബജറ്റ്​ ഊന്നൽ നൽകിയിരിക്കുന്നതുതന്നെ തൊഴിൽ, ഉന്നതവിദ്യാഭ്യാസമേഖലകൾക്കാണ്​. 2021-22 വർഷം എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്നാണ്​ ധനമന്ത്രി ഡോ. തോമസ്​ ​െഎസക്​ പ്രഖ്യാപിച്ചത്​. ആരോഗ്യമേഖലയിൽ നാലായിരം തസ്​തികകൾ, കാർഷികമേഖലയിൽ രണ്ടു ലക്ഷം തൊഴിൽ, പ്രവാസി തൊഴിൽ പദ്ധതിക്ക്​ 100 കോടി രൂപ, അയ്യങ്കാളി തൊഴിലുറപ്പ്​ പദ്ധതിക്ക്​ 100 കോടി, തൊഴിൽപരിശീലനത്തിന്​ 250 കോടി എന്നിങ്ങനെ തൊഴിൽമേഖലകളെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികളുടെ പ്രഖ്യാപനമുണ്ട്​. എന്നാൽ, ഇതൊക്കെ കേട്ട്​ ഒരുപാട്​ ആശ്വസിക്കാനും സന്തോഷിക്കാനുമാകുമോ​? കാരണം കേരളത്തിലെ തൊഴിലില്ലാപ്പടയോട്​, അതുമല്ലെങ്കിൽ യോഗ്യത തെളിയിച്ച ഉദ്യോഗാർഥികളോട്​ ഭരണകൂടം കാണിച്ചുപോരുന്ന കടുത്ത അനീതിതന്നെ.

പി.എസ്​.സിയെ നോക്കുകുത്തിയാക്കിയും റാങ്ക്​ലിസ്​റ്റിന്​ പാഴ്​കടലാസി​െൻറപോലും വിലകൽപിക്കാതെയും മുന്നോട്ടുപോകുന്നവർ അറിയുന്നുണ്ടാകുമോ, എട്ടും പത്തും മണിക്കൂർ ഡ്യൂട്ടിക്കിടെ പത്തു മിനിറ്റ്​ ഇരിക്കാൻപോലും അനുമതിയില്ലാത്ത തുണിക്കടത്തൊഴിലാളികളായ യുവതികൾ മുതൽ പകലന്തിയോളം വീടുകൾ കയറിയിറങ്ങി കറി മസാലയും ചൈനീസ്​ കളിപ്പാട്ടങ്ങളും വിൽക്കുന്ന ചെറുപ്പക്കാർവരെ നിസ്സഹായതയുടെ സങ്കടപ്പുഴ താണ്ടിയത്​ ഈ പ്രതീക്ഷയുടെ പങ്കായം കൊണ്ടായിരുന്നുവെന്ന്​. കഠിനജോലിയുടെ ക്ഷീണത്തിൽ കണ്ണുതൂങ്ങി പാതിരാവിലും ഉറക്കമിളച്ചിരുന്ന്​ പഠിച്ച പി.എസ്​.സി പരീക്ഷയുടെ റാങ്ക്​ പട്ടികയിൽ പേരുണ്ട്​. ഇന്നല്ലെങ്കിൽ നാളെ സർക്കാർമുദ്ര പതിച്ച കവർ വീട്ടുവിലാസം തേടിയെത്തുമെന്നും ആരുടെ മുന്നിലും വളയാതെ അന്തസ്സോടെ സർക്കാർ ഉദ്യോഗസ്​ഥരാകുമെന്നുമുള്ള കലർപ്പില്ലാത്ത പ്രതീക്ഷ സൂക്ഷിച്ച ലക്ഷക്കണക്കിനു​ പേർ. ആ സ്വപ്​നങ്ങൾക്കും പ്രതീക്ഷകൾക്കും പാർട്ടിയും പക്ഷഭേദവുമൊന്നുമില്ല. എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു. പക്ഷേ, ഇക്കാലമത്രയും തുഴഞ്ഞുനീങ്ങിയ അവർക്കു മുന്നിൽനിന്ന്​ പൊടുന്നനെ കരയകന്നു​ പോകുന്നു. ലിസ്​റ്റ്​ കാലാവധി അവസാനിക്കാൻ മൂന്നു മാസത്തിൽ താഴെമാത്രം സമയം ബാക്കിനിൽക്കെ 36,783 പേരുള്ള എൽ.ഡി. ക്ലർക്ക്​ റാങ്ക്​പട്ടികയിൽനിന്ന്​ 30 ശതമാനം പേർക്കുപോലും പി.എസ്​.സി നിയമനം നൽകിയിട്ടില്ല. എൽ.ഡി. ക്ലാർക്ക്​ തസ്​തികയിൽ മാത്രമല്ല, ഇക്കഴിഞ്ഞ വർഷങ്ങളിൽ പുറത്തുവന്ന റാങ്കുപട്ടികകൾ മിക്കവയുടെയും സ്​ഥിതി ഇതുതന്നെ. ഒഴിവുകളില്ലാത്തതോ സാമ്പത്തികപ്രതിസന്ധിയോ നിയമനനിരോധമോ അല്ലായിരുന്നു കാരണമെന്നറിയുക.

വഴിവിട്ട, ദുഃസ്വാധീനങ്ങളും തിണ്ണമിടുക്കും യോഗ്യതയാക്കി നൂറുകണക്കിന് ഇഷ്​ടക്കാരെ ഓരോ സർക്കാർ വകുപ്പിലും സാംസ്​കാരിക സ്​ഥാപനങ്ങളിലും കുത്തിത്തിരുകുന്നതുകൊണ്ടാണ്​ റാങ്ക്​പട്ടികയുടെ മുകളിലെ വരിയിൽ പേരുവന്നിട്ടും അർഹരായ​ യുവജനങ്ങൾക്ക്​ നിയമനം ലഭിക്കാതെ പോകുന്നത്​. കെൽട്രോൺ, കില, ടൂറിസം, സാംസ്​കാരിക, തൊഴിൽ വകുപ്പുകളിലെ അന്യായ നിയമനത്തി​െൻറ തോത്​​ 'മാധ്യമം' കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റാങ്ക്​ ലിസ്​റ്റ്​ നിലനിൽക്കെ 'സപ്ലൈകോ'യിലും ഇത്​ ആവർത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. ധനകാര്യ, നിയമ സെക്രട്ടറിമാർ എതിർപ്പറിയിച്ചിട്ടും അതും മറികടന്ന്​ തിരക്കിട്ട്​ നടത്തിവരുന്ന 'ഇഷ്​ടജന സ്​ഥിരപ്പെടുത്തൽ മേള' അക്ഷരാർഥത്തിൽ സാമാന്യനീതിയുടെയും സാമൂഹിക നീതിയുടെയും ലംഘനമാണ്​. അനർഹനിയമനം അരങ്ങ്​ തകർക്കു​ന്നതിനൊപ്പം ഭരണഘടനാനുസൃതമായ സംവരണം വഴി പിന്നാക്ക സമുദായങ്ങൾക്ക്​ ലഭിക്കേണ്ട പ്രാതിനിധ്യവും അട്ടിമറിക്കപ്പെടുന്നു​. നിലവിൽ വിവിധ സർക്കാർ സ്​ഥാപനങ്ങളിൽ നടന്ന നിയമനങ്ങൾ പരിശോധിക്കു​േമ്പാൾ ഇതൊന്നും യാദൃശ്ചികമാണെന്നു​ കരുതാനാവില്ല. ഓരോ വകുപ്പിലും വരുന്ന ഒഴിവുകൾ യഥാസമയം ഇ-വേക്കൻസി സോഫ്​റ്റ്​വെയർ മുഖേന സുതാര്യമായി പി.എസ്​.സിയിൽ അറിയിക്കണമെന്ന തീരുമാനം ചില വകുപ്പു മേധാവികൾ ചേർന്ന്​ സംഘടിതമായി അവഗണിച്ച്​ അട്ടിമറിച്ചതുതന്നെ വഴിവിട്ട ചവിട്ടിക്കയറ്റലുകൾക്കു​ വേണ്ടിയായിരുന്നുവെന്ന്​ ഇപ്പോൾ ബോധ്യമാവുന്നു. സർവകലാശാലകളിലെ താൽക്കാലിക ജീവനക്കാരെ സ്​ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോടതി കയറിയിറങ്ങേണ്ടി വന്നിരിക്കുന്നു ഉദ്യോഗാർഥികൾക്ക്​.

പുതുതായി സൃഷ്​ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിൽ സർക്കാർമേഖലയിൽ എത്ര മാത്രമുണ്ടാകുമെന്ന്​ അറിവായിട്ടില്ല. ഡിജിറ്റൽ, സ്​റ്റാർട്ട്​അപ്​ അനുബന്ധ തൊഴിലുകളായിരിക്കും ഏറെയുമെന്ന്​ മന്ത്രി സൂചനയും നൽകിയിരിക്കുന്നു. ആരോഗ്യമേഖലയിൽ പുതു തസ്​തികകൾ വരുന്നത്​ അത്യന്തം സ്വാഗതാർഹമാണ്​. നിപയും പ്രളയാനന്തര പ്രശ്​നങ്ങളും കോവിഡുമെല്ലാം ആഘാതമേൽപിച്ചിട്ടും കേരളം ഒരു രോഗക്കിടക്കയായി മാറാതിരുന്നത്​ നമ്മുടെ ആതുരശുശ്രൂഷകർ ഒരാൾ നാലാളിനു സമാനമായി വി​ശ്രമരഹിതമായി പരിശ്രമിച്ചതുകൊണ്ടാണ്. അടിയന്തരമായി പരി​ഹരിക്കേണ്ടതാണ്​ അവിടുത്തെ ആൾക്ഷാമം. എന്നാൽ, അവയിലെ നിയമനരീതിയും പി.എസ്​.സിയെ മറികടന്നും സംവരണം അട്ടിമറിച്ചുമാകും എന്നുണ്ടെങ്കിൽ പ്രതീക്ഷക്ക്​ വകയേതുമില്ല. ബജറ്റ്​ വെറും ബഡായിയായി അവശേഷിക്കും.

ഓരോ ഫയലിലും ഓരോ ജീവിതമാണുള്ളതെന്ന്​ ചുമത​ലയേറ്റയുടനെ സെക്ര​േട്ടറിയറ്റ്​ ജീവനക്കാരെ ഓർമിപ്പിച്ച മുഖ്യമന്ത്രിയാണ്​ നമുക്കുള്ളത്​. ഓരോ റാങ്ക്​ ലിസ്​റ്റിലും ഒരു പാട്​ ജീവിതങ്ങളാണുള്ളതെന്നും അതുവെച്ച്​ പന്താടരുതെന്നും ദൗർഭാഗ്യവശാൽ അദ്ദേഹത്തെയും അനുചരന്മാരെയും ഓർമപ്പെടുത്തേണ്ടി വന്നിരിക്കുന്നു.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialKerala Budget 2021
Next Story