Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനീറ്റും തമിഴ്നാടും

നീറ്റും തമിഴ്നാടും

text_fields
bookmark_border
നീറ്റും തമിഴ്നാടും
cancel

മെഡിക്കൽ പ്രവേശനത്തിനുവേണ്ടി കേന്ദ്രതലത്തിൽ നടത്തുന്ന പ്രവേശനപരീക്ഷയിൽ (നീറ്റ്) നിന്ന് തമിഴ്നാടിനെ ഒഴിവാക്കുന്ന ബിൽ ചൊവ്വാഴ്ച വീണ്ടും സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പാസാക്കിയിരിക്കുകയാണ്. 2021 സെപ്​റ്റംബറിൽ ഇതേ ബിൽ തമിഴ്നാട് നിയമസഭ പാസാക്കിയതായിരുന്നു. എന്നാൽ, ഗവർണർ ആർ.എൻ. രവി ഒപ്പിടാതെ മടക്കിയയച്ചു. അതിനെത്തുടർന്നാണ് തമിഴ്നാട് നിയമസഭ രണ്ടാമതും ബിൽ പാസാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമനിർമാണസഭ ഐകകണ്ഠ്യേന പാസാക്കിയ ബിൽ ഗവർണർ ഒപ്പിടാതെ മടക്കിയയച്ച സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഈ നടപടിക്കെതിരെ ബി.ജെ.പി ഒഴികെയുള്ള തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കമാണ് പ്രതിഷേധസ്വരം ഉയർത്തിയത്. വിഷയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തലംവിട്ട് സംസ്ഥാനങ്ങളുടെ അധികാരവും ഫെഡറലിസവുമായി ബന്ധപ്പെട്ട വലിയ സംവാദങ്ങളിലേക്ക് വികസിക്കുകയാണ് ഇപ്പോൾ.


അധികാരത്തിൽ വന്നാൽ നീറ്റ് ഒഴിവാക്കുമെന്നത്​ ഡി.എം.കെയുടെ പ്രകടനപത്രികയിലെ വാഗ്​ദാനങ്ങളിലൊന്നായിരുന്നു. പാവപ്പെട്ടവരും ഗ്രാമീണരുമായ വിദ്യാർഥികളെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽനിന്ന് മാറ്റിനിർത്തുന്നതാണ് നീറ്റ് എന്നതാണ് തമിഴ്നാട് സർക്കാറിെൻറ വാദം. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന ഈ സംവിധാനം, ഉയർന്ന ഫീസ് നൽകി കോച്ചിങ്​ സെൻററുകളിൽ പഠിക്കാൻ സാധിക്കുന്നവർക്കു മാത്രമാണ് ഉപകാരപ്പെടുന്നതെന്നും അവർ വിമർശിക്കുന്നു. അയിത്തത്തിെൻറ ആധുനിക രൂപം എന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നീറ്റിനെ വിശേഷിപ്പിച്ചത്. സമാന വിമർശനം രാജ്യത്ത് മറ്റു പലരും ഉയർത്തിയിട്ടുണ്ട്. നൂറിലധികം വ്യവഹാരങ്ങൾ തദ്​വിഷയത്തിൽ രാജ്യത്തെ വിവിധ കോടതികളിലായി നടക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞതുപോലെ നീറ്റ് ഒരു വിശുദ്ധ പശുവൊന്നുമല്ല. കേന്ദ്ര സർക്കാർ ഒരു ഓർഡിനൻസിലൂടെ രൂപപ്പെടുത്തിയ സംവിധാനം മാത്രമാണത്.

നീറ്റിെൻറ ഗുണദോഷങ്ങളെക്കുറിച്ച് നമുക്ക് സംവദിക്കുകയും തർക്കിക്കുകയും ചെയ്യാം. എന്നാൽ, ഒരു സംസ്ഥാന സർക്കാറിന് ആ സംസ്ഥാനത്തെ സാമൂഹിക സാഹചര്യങ്ങൾ മുൻനിർത്തി ഒരു നിയമം നിർമിക്കാൻ അവകാശമില്ലേ എന്നതാണ് ഈ വിവാദം ഉയർത്തുന്ന ഗൗരവപ്പെട്ട ചോദ്യം. നീറ്റിൽനിന്ന് പിൻവലിയുന്ന ബിൽ രണ്ടാമതും തമിഴ്നാട് നിയമസഭ പാസാക്കിയിരിക്കെ ഈ ചോദ്യം വീണ്ടും ശക്തമായി ഉയരുകയാണ്. ബിൽ രണ്ടാമതും തനിക്കു മുന്നിൽ എത്തിയിരിക്കെ ഒപ്പിടുകയല്ലാതെ ഗവർണർക്ക് ഭരണഘടനാപരമായി നിർവാഹമില്ല. രാഷ്ട്രപതിയുടെ പരിഗണനക്ക് ബിൽ വരുമ്പോൾ രാഷ്ട്രപതിഭവൻ എന്തു നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്. അഥവാ അങ്ങനെയൊരു അംഗീകാരം ലഭിക്കുന്നില്ലെങ്കിൽ തമിഴ്നാട്ടിൽ അത് സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ കൂടുതൽ തീവ്രമായിരിക്കും.

കേന്ദ്ര സർക്കാറിനെ ഇനിമേൽ അങ്ങനെ വിളിക്കില്ലെന്നും യൂനിയൻ ഗവൺമെന്‍റ്​ എന്നു മാത്രമേ വിളിക്കുകയുള്ളൂ എന്നതും തമിഴ്നാട് നേരത്തേ എടുത്ത തീരുമാനമാണ്. നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം രാജ്യത്തിെന്‍റ ഫെഡറൽ സ്വഭാവം വലിയതോതിൽ അട്ടിമറിക്കപ്പെടുന്നു എന്നത് യാഥാർഥ്യമാണ്. ജി.എസ്.ടി, എൻ.ഐ.എ ഭേദഗതി, നീറ്റ് തുടങ്ങിയ സംവിധാനങ്ങൾ അതിെൻറ അടയാളങ്ങളാണ്. ഭരണഘടനാ ഭേദഗതിയൊന്നും നടത്താതെതന്നെ വിവിധ നിയമനിർമാണങ്ങളിലൂടെയും ഭരണനടപടികളിലൂടെയും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വലിയതോതിൽ കവർന്നുകൊണ്ടിരിക്കുകയാണ്. പുതിയ കേന്ദ്ര ബജറ്റിൽ അവതരിപ്പിക്കപ്പെട്ട 'ഒരു രാഷ്ട്രം, ഒരു ഭൂമി രജിസ്േട്രഷൻ' എന്ന ആശയവും ഈ പദ്ധതിയുടെ ഭാഗമാണ്. കേന്ദ്രതലത്തിൽ സഹകരണ വകുപ്പ് രൂപവത്​കരിച്ച് സഹകരണ മേഖലയിലും കടന്നുകയറാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി അധികാരങ്ങളുള്ള സംസ്ഥാനങ്ങളുടെ യൂനിയനാണ് ഈ രാജ്യം എന്ന കാഴ്ചപ്പാടിനു പകരം, സംസ്ഥാനങ്ങളെ വെറും പഞ്ചായത്തുകളുടെ അവസ്ഥയിൽ കാണുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ പാർലമെൻറ്​ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രഭാഷണം ഫെഡറൽ തത്ത്വങ്ങളെ നിരന്തരം ലംഘിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരായ ആക്രമണമായിരുന്നു. എം.കെ. സ്റ്റാലിൻ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് ഈ കേന്ദ്രസമീപനത്തിനെതിരെ ഐക്യപ്പെടണമെന്നാവശ്യപ്പെട്ട് കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ആകട്ടെ, രാജ്യത്തിന് പുതിയൊരു ഭരണഘടനതന്നെ ആവശ്യമായി വന്നിരിക്കുകയാണ് എന്നാണ് പറഞ്ഞത്. രാജ്യത്തിെൻറ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെടുന്ന വികാരം വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപകമാണ്. അതിനാൽതന്നെ നീറ്റുമായി ബന്ധപ്പെട്ട തമിഴ്നാട് സർക്കാറിെൻറ നീക്കം കേവലം ഒരു പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമല്ല. സംസ്ഥാനങ്ങളുടെ അസ്തിത്വം നിലനിർത്താനും രാജ്യത്തിെന്‍റ ഫെഡറൽ സ്വഭാവം സംരക്ഷിക്കാനുമുള്ള വിശാലസമരത്തിെൻറ ഭാഗമാണ്. അതിനെ പിന്തുണക്കേണ്ടത് ജനാധിപത്യവിശ്വാസികളുടെ ഉത്തരവാദിത്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialNEET
News Summary - madhyamam editorial Neet and Tamil Nadu
Next Story