സി.പി.എം സമ്മേളനം നൽകുന്ന സന്ദേശം
text_fieldsരാജ്യത്തേറ്റവും ശക്തമായ പാർട്ടി ഘടകം അവശേഷിക്കുന്നതും ഒപ്പം പാർട്ടി നയിക്കുന്ന ഇടതുമുന്നണി ഭരിക്കുന്നതുമായ ഒരേയൊരു സംസ്ഥാനത്ത് സി.പി.എമ്മിന്റെ സമ്മേളനം അതിഗംഭീരമായ റാലിയോടെ കൊല്ലത്ത് ഞായറാഴ്ച സമാപിച്ചപ്പോൾ അത് ഇക്കൊല്ലം നടക്കാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിലും അടുത്തവർഷം നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ സാധ്യതകളെ എത്രത്തോളം സ്വാധീനിക്കുമെന്നതാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. മുമ്മൂന്ന് വർഷക്കാലത്തെ ഇടവേളകളിൽ നടക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ സാധാരണ പാർട്ടിയുടെ കുതിപ്പും കിതപ്പും താഴെ തട്ട് മുതൽ മേലേ തട്ടുവരെയുള്ള ഘടകങ്ങളിൽ വിശകലനം ചെയ്യപ്പെടുകയും ബ്രാഞ്ച് കമ്മിറ്റിമുതൽ സ്റ്റേറ്റ് കമ്മിറ്റിവരെയുള്ള ഘടകങ്ങളിലെ പ്രതിനിധികളുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് വ്യവസ്ഥാപിതമായി നടത്തുകയുമാണ് പതിവ്. ഇത്തവണയും അതൊക്കെ കൃത്യമായിത്തന്നെ നടന്നു.
പ്രായപരിധി കടന്നതു കൊണ്ടും പ്രവർത്തനവൈകല്യങ്ങൾ കൊണ്ടും അനാരോഗ്യം കാരണവും ചിലരൊക്കെ മാറ്റിനിർത്തപ്പെട്ടെങ്കിലും യുവപങ്കാളിത്തവും സ്ത്രീപ്രാതിനിധ്യവും ഒട്ടൊക്കെ തൃപ്തികരമായിത്തന്നെ പ്രതിഫലിച്ചു എന്നുതന്നെയാണ് സംഘടന തെരഞ്ഞെടുപ്പിൽ പ്രകടമായത്. അതേസമയം, മറ്റെന്തിനെക്കാളും ശ്രദ്ധിക്കപ്പെട്ടത് ഭരണനേതൃത്വത്തിന്റെ രണ്ടാമൂഴം പൂർത്തീകരിക്കാൻ പോവുന്ന പിണറായി വിജയന് പ്രായക്കൂടുതൽ എന്ന പ്രതികൂല വ്യവസ്ഥ അവഗണിച്ചുകൊണ്ട് മൂന്നാമൂഴത്തിലെ ക്യാപ്റ്റൻ പദവി കാലേക്കൂട്ടി പതിച്ചുനൽകിയതാണ്. ദേശീയതലത്തിൽ സി.പി.എമ്മിന്റെ ശക്തി ക്ഷയിച്ചുവരവെ കേരളത്തിലെ പച്ചത്തുരുത്ത് നിലനിർത്താൻ പിണറായിതന്നെ വേണമെന്ന് പാർട്ടി തീരുമാനിച്ചപോലെയാണ്. ഏപ്രിൽ ആദ്യവാരത്തിൽ നടക്കുന്ന ദേശീയ കോൺഗ്രസാണ് അതിന് അന്തിമമായി പച്ചക്കൊടി കാട്ടേണ്ടതെങ്കിലും. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദനെതിരെ വിമർശനങ്ങളുയർന്നെങ്കിലും പിണറായിക്കെതിരെ ഒരപസ്വരവും സംസ്ഥാന സമ്മേളനത്തിൽ ഉയർന്നില്ല. അതിന് പാകത്തിൽ താൻ വിഭാവനം ചെയ്യുന്ന ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന നയരേഖ സമ്മേളനത്തിൽ അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. സോഷ്യലിസം കാപിറ്റലിസത്തിന് വഴിമാറിയ ആ നയരേഖയെക്കുറിച്ച് നടന്ന ചർച്ചകളിലും പിണറായി ചോദ്യം ചെയ്യപ്പെടുകയുണ്ടായില്ല എന്നതാണ് ശ്രദ്ധേയം. ലോകത്ത് കഴിഞ്ഞുപോയതും നിലനിൽക്കുന്നതുമായ എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളിലും ഭരണകൂടങ്ങളിലും തൊഴിലാളിവർഗ സർവാധിപത്യം അന്തിമമായി ഏകവ്യക്തിയിൽ ഒതുങ്ങുന്നതാണനുഭവം.
സോവിയറ്റ് യൂനിയനിൽ ജോസഫ് സ്റ്റാലിനും ചൈനയിൽ മാവോ സേ തൂങ്ങും ഇപ്പോൾ ഷീ ജിൻ പിനും ക്യൂബയിൽ ഫിദൽ കാസ്ട്രോയും ഉത്തര കൊറിയയിൽ കിം ഇൽ സൂങ്ങും വിയറ്റ്നാമിൽ ഹോചിമിനും ഉദാഹരണങ്ങളാണ്. കേവലം സംസ്ഥാനം മാത്രമായ പശ്ചിമ ബംഗാളിൽ മൂന്ന് പതിറ്റാണ്ടുകാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവും ഈ ഗണത്തിൽതന്നെയാണ് ഉൾപ്പെടുന്നത്. കേരളത്തിൽ പതിനേഴ് വർഷം തുടർച്ചയായി പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പിന്നീട് മുഖ്യമന്ത്രി പദവിയിലേക്ക് മാറി ഇപ്പോൾ മൂന്നാമൂഴത്തിലേക്ക് കടക്കാൻ തയാറെടുക്കുകയാണ്. കേരളത്തിലെ ജനങ്ങൾകൂടി അതംഗീകരിക്കണമെന്ന് മാത്രം. ഇതിനിടയിൽ കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) സ്ഥാപിച്ചതിൽ പങ്കാളിയായ വി.എസ്. അച്യുതാന്ദൻ ഉൾപ്പെടെ പാർട്ടിയിലെ മുഴുവൻ പ്രതിയോഗികളെയും അടിച്ചൊതുക്കാനും വിമർശനങ്ങളെ തീർത്തും നിശ്ശബ്ദമാക്കാനും സാധിച്ചതാണ് ക്യാപ്റ്റൻ പിണറായിയുടെ വിജയം.
പാർട്ടിക്കുള്ളിൽനിന്ന് ചിന്തിക്കുമ്പോൾ ഇപ്പറഞ്ഞതൊക്കെ ആവേശകരമാണെങ്കിലും ജനാധിപത്യ ഇന്ത്യയിലെ വർത്തമാനകാല സാഹചര്യങ്ങളിൽ ഇടതുപക്ഷത്തിന്റെ പൊതുവിലും സി.പി.എമ്മിന്റെ വിശേഷിച്ചുമുള്ള നയനിലപാടുകൾ എത്രത്തോളം ശുഭകരമാണെന്ന ആലോചന നൈരാശ്യത്തിലേക്കാണ് നയിക്കുക. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കടുത്ത ഭീഷണി തീവ്ര ഹിന്ദുത്വ ദേശീയതയുടെ പ്രതലത്തിൽ നരേന്ദ്ര മോദി നയിക്കുന്ന വംശീയ ഭരണകൂടവും അതിന്റെ നിരന്തരമായ ഭരണഘടന വിരുദ്ധ ചെയ്തികളുമാണെന്ന കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഭിന്നാഭിപ്രായമുണ്ടാവാനിടയില്ല -അതിനെ ഫാഷിസ്റ്റ് സർക്കാർ എന്നോ നവ ഫാഷിസ്റ്റ് സർക്കാർ എന്നോ വിളിക്കേണ്ടതെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടെങ്കിലും. ഭീകരമായ ഈ ഭീഷണി തുടരുന്നേടത്തോളം രാജ്യത്ത് ജനാധിപത്യമോ സാമൂഹികനീതിയോ പുലരുകയില്ലെന്ന് ബോധ്യപ്പെട്ട മതേതര കക്ഷികൾ ചേർന്ന് രൂപം നൽകി, കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ ഒട്ടൊക്കെ ഫലപ്രദമായി പ്രവർത്തിച്ചതാണ് ഇൻഡ്യ മുന്നണി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ജനറൽ സെക്രട്ടറി രാജയും മുന്നണിയിൽ സജീവമായിരുന്നുതാനും.
എന്നാൽ, ലോക്സഭ ഇലക്ഷനിൽ ബി.ജെ.പിയുടെ കേവല ഭൂരിപക്ഷം നഷ്ടപ്പെടുത്തുന്നതിലും വോട്ട് ഗണ്യമായി കുറക്കുന്നതിലും വിജയിച്ച ഇൻഡ്യ മുന്നണിയുടെ നേതൃത്വം കേരളത്തിലെ യു.ഡി.എഫിലെ മുഖ്യഘടകമായ കോൺഗ്രസാണെന്ന കാരണത്താൽ പിണറായിയുടെ നേതൃത്വത്തിലുള്ള സി.പി.എമ്മിന് ഇൻഡ്യയോട് ചതുർഥിയാണ്, മധുര കോൺഗ്രസിലാണ് അന്തിമ തീരുമാനം വരേണ്ടതെങ്കിലും. കേരളഘടകം ബി.ജെ.പിയുടെ ബി ടീമായി കോൺഗ്രസിനെ കാണുന്ന സമീപനത്തിൽ ഉറച്ചുനിൽക്കുമെന്നാണ് കൊല്ലം സമ്മേളനത്തിൽനിന്ന് ലഭിച്ച സൂചനകൾ. ഈ സമീപനം ദേശീയതലത്തിൽ രാജ്യത്തിന് പൊതുവെയും മതന്യൂനപക്ഷങ്ങൾക്ക് വിശേഷിച്ചും വരുത്തിവെക്കുന്ന വിപത്തുകൾ പാർട്ടിക്ക് പ്രശ്നമാവുന്നേയില്ല. ഹിന്ദുത്വ ഭൂരിപക്ഷ വർഗീയതക്ക് സമാന്തരമായി ന്യൂനപക്ഷ വർഗീയത എന്ന സാങ്കൽപിക ഭീഷണിയെ അവതരിപ്പിക്കുന്ന അതേ നിലപാട് സി.പി.എം തുടരും എന്ന വ്യക്തമായ സൂചനയും കൊല്ലം സമ്മേളനം നൽകിക്കഴിഞ്ഞു.
സങ്കുചിത പാർട്ടി താൽപര്യങ്ങളിൽനിന്നുടലെടുത്ത അപകടകരമായ ഈ സമീകരണം ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ ചകിതരാക്കുന്നുണ്ട് എന്ന സത്യം പിണറായിയും അനുയായികളും ബോധപൂർവം അവഗണിക്കുകയാണ്. അതിന്റെ ഫലമാണ് നേരത്തേ മതേതരത്വത്തിന് സി.പി.എം നേതൃത്വം ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മുസ്‍ലിംലീഗിനെക്കൂടി ന്യൂനപക്ഷ വർഗീയാരോപണങ്ങളിൽ പ്രതിചേർക്കാൻ കാട്ടുന്ന വ്യഗ്രത. അനുദിനം തീവ്ര ഹിന്ദുത്വധാരയിലേക്ക് ഒഴുകിപ്പോവുന്ന സ്വന്തം അണികളെ പിടിച്ചുനിർത്താനാവാം ഈ പ്രോപഗണ്ടയെങ്കിലും അതിന്റെ ഫലം കൊയ്യുന്നത് കേന്ദ്രം ഭരിക്കുന്ന കാവിക്കൂട്ടായ്മയാണെന്ന് ഏതു കൊച്ചുകുട്ടികൾക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.