Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസമ്മർദങ്ങളിൽ...

സമ്മർദങ്ങളിൽ ഞെരുങ്ങുന്ന നീതിവ്യവസ്ഥ

text_fields
bookmark_border
സമ്മർദങ്ങളിൽ ഞെരുങ്ങുന്ന നീതിവ്യവസ്ഥ
cancel

രാജ്യത്തെ പരമോന്നത കോടതിയിൽ പുതിയ രണ്ട് ന്യായാധിപന്മാർ കൂടി സത്യവാചകം ചൊല്ലി ചുമതലയേറ്റിരിക്കുന്നു. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ അംഗബലം അനുവദനീയ പരിധിയായ 34ൽ എത്തിയിരിക്കുന്നു. ബോംബെ ഹൈകോടതി ജഡ്ജി ജസ്റ്റിസ് അലോക് ആരാധ്യ, പട്‌ന ഹൈകോടതി ചീഫ് ജസ്റ്റിസ് വിപുല്‍ മനുഭായ് പഞ്ചോളി എന്നിവരാണ് സുപ്രീംകോടതിയിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നത്.

ജഡ്ജിമാരുടെ നിയമനത്തെച്ചൊല്ലി പലപ്പോഴും വിയോജിപ്പുകളും വിവാദങ്ങളും ഉയരാറുണ്ടെങ്കിലും മുൻകാല വിവാദങ്ങൾക്കെല്ലാമപ്പുറമാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനത്തെ​​ച്ചൊല്ലി ഉയരുന്ന ചർച്ചകൾ.

ആഗസ്റ്റ് 25ന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ക്ഷണവേഗത്തിലായിരുന്നു പിന്നീടുള്ള നടപടികൾ. ആഗസ്റ്റ് 27ന് നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരമിറങ്ങി. അഞ്ചംഗ കൊളീജിയത്തിൽ നാലുപേരും ജസ്റ്റിസ് പഞ്ചോളിക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് സമ്മതമറിയിച്ചപ്പോൾ നീതിപൂർവമായ നിലപാട് ഉയർത്തിപ്പിടിക്കുന്നതിൽ സദാ നിഷ്ഠപുലർത്തുന്ന, സുപ്രീംകോടതിയിലെ അവശേഷിക്കുന്ന വനിതാ ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിപ്പറിയിച്ചു, കാര്യകാരണ സഹിതം കടുത്ത വിയോജിപ്പ്. ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടിക പ്രകാരം പഞ്ചോളി 57ാം സ്ഥാനത്താണ്. ജസ്റ്റിസ് അലോക് അഞ്ചാം സ്ഥാനത്തും. സീനിയോറിറ്റി, പ്രാദേശിക പ്രാതിനിധ്യം, ലിംഗനീതി എന്നിവയെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് പഞ്ചോളിയുടെ നിയമനം വരുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.

പഞ്ചോളിയേക്കാൾ സീനിയോറിറ്റിയുള്ള മൂന്ന് വനിതാ ജഡ്ജിമാരുണ്ടായിട്ടും അവരെയാരെയും പരിഗണിച്ചില്ല എന്നതാണ് നാഗരത്ന ചൂണ്ടിക്കാട്ടിയ വിഷയങ്ങളിലൊന്ന്. ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് രേവതി മൊഹിതെ, പഞ്ചാബ്-ഹരിയാന ഹൈകോടതിയിലെ ജസ്റ്റിസ് ലിസ ഗിൽ എന്നിവരാണ് തഴയപ്പെട്ട ന്യായാധിപമാർ. 2021 ആഗസ്റ്റിൽ ജസ്റ്റിസ് എൻ.വി. രമണ ചീഫ് ജസ്റ്റിസായിരിക്കെ ബേല എം.ത്രിവേദി, ഹിമാ കോഹ്‍ലി, ബി.വി. നാഗരത്ന എന്നി​വരെ ജഡ്ജിമാരായി ഒരുമിച്ച് നിയമിച്ച ശേഷം നാല് ചീഫ് ജസ്റ്റിസുമാർ 28 ജഡ്ജിമാരെ നിയമിച്ചെങ്കിലും അതിൽ ഒരു സ്ത്രീ പോലുമില്ല. ബേല ത്രിവേദിയും ഹിമാ കോഹ്‍ലിയും വിരമിച്ച പശ്ചാത്തലത്തിൽ പകരം വനിതാ ജഡ്ജിമാരെ നിയമിക്കുക എന്നത് സാമാന്യ നീതിയാണ്. ഇന്ത്യൻ കോടതികളിൽ സ്ത്രീ പ്രാതിനിധ്യം എക്കാലത്തും ഇങ്ങനെയൊക്കെത്തന്നെയല്ലേ എന്ന ന്യായീകരണത്തിലൂടെ തള്ളിക്കളയാൻ പറ്റാത്ത ചില ഗുരുതര വിഷയങ്ങളും നാഗരത്ന തന്റെ വിയോജനക്കുറിപ്പിൽ എടുത്തുപറഞ്ഞിട്ടുണ്ട്. 2023ൽ പട്ന ഹൈകോടതിയിലേക്ക് പഞ്ചോളിയെ സ്ഥലം മാറ്റുമ്പോൾ രേഖപ്പെടുത്തിയ ‘കോൺഫിഡൻഷ്യൽ മിനിറ്റ്സ്’ പരിശോധിക്കണമെന്ന നാഗരത്നയുടെ നിർദേശം കൊളീജിയം പരിഗണിച്ചില്ല. വിയോജനക്കുറിപ്പ് സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് നാഗരത്ന ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായിട്ടില്ല. വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന് കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന സന്നദ്ധ സംഘടനയും സുപ്രീംകോടതി മുൻ ജഡ്ജി അഭയ് എസ്. ഓകയെ​പ്പോലുള്ളവരും ആവശ്യ​മുന്നയിച്ചിട്ടുണ്ട്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമ​ന്ത്രിയായിരുന്ന കാലത്ത് സർക്കാറിന്റെ അസിസ്റ്റന്റ് പ്ലീഡറും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന പഞ്ചോളി കൂടിയായതോടെ സുപ്രീംകോടതിയിലെ ഗുജറാത്തി പ്രാതിനിധ്യം മൂന്നാവും. കശ്മീർ, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ജഡ്ജി പോലും പരമോന്നത നീതിപീഠത്തിലില്ലെന്നുമോർക്കണം. നാഗരത്നയുടെ വിയോജനക്കുറിപ്പ് പരസ്യപ്പെട്ടാലും ഇല്ലെങ്കിലും പഞ്ചോളിയുടെ സുപ്രീംകോടതി പ്രവേശം ഇത്രവേഗം സാധ്യമായത് എന്തുകൊണ്ടാണെന്ന് ഏറക്കുറെ വെളിപ്പെട്ടുകഴിഞ്ഞു. നീതിപീഠത്തിന്റെയും നിയമവൃത്തിയുടെയും വിശ്വാസ്യതക്ക് ഉലച്ചിൽ വരുത്തുന്ന നടപടിക്രമങ്ങളെക്കുറിച്ച് സുപ്രീംകോടതി അഭിഭാഷക സംഘടന മൗനം തുടരുകയാണെങ്കിലും ഇന്ദിര ജയ്സിങ്, മഹാലക്ഷ്മി പവാനി, ശോഭ ഗുപ്ത, അപർണ ഭട്ട്, കവിത വാഡിയ തുടങ്ങി ഏതാനും വനിതാ അഭിഭാഷകർ ഉറച്ച നിലപാട് പ്രഖ്യാപനവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

സീനിയോറിറ്റി മറികടന്ന് ഒരു ജഡ്ജിയെ സുപ്രീംകോടതിയിലെത്തിക്കാൻ അമിതാവേശം കാണിക്കുന്നതിനിടയിലാണ് നീതിമാനായ ഒരു ന്യായാധിപനെ സ്ഥലം മാറ്റാൻ കേന്ദ്രസർക്കാർ നടത്തിയ നിരന്തര ഇടപെടലും പരസ്യപ്പെടുന്നത്. 2020ലെ ഡൽഹി വർഗീയ കലാപത്തിന് വഴിമരുന്നിട്ട വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാകുർ, കപിൽ മിശ്ര, പർവേശ് വർമ എന്നീ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാത്ത ഡൽഹി പൊലീസ് നിലപാടിനെ വിമർശിച്ച ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയത്തിനു മേൽ കേന്ദ്രസർക്കാർ ചെലുത്തിയ സമ്മർദത്തെക്കുറിച്ച് മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി. ലോകൂറാണ് തുറന്നെഴുതിയിരിക്കുന്നത്. ലോകൂർ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ അന്ന് സ്‍ഥലംമാറ്റം നടന്നില്ല. ലോകൂർ വിരമിച്ച ശേഷവും കേന്ദ്രം സമ്മർദം തുടർന്നെങ്കിലും ജസ്റ്റിസ് എ.കെ.സിക്രി എതിർത്തതുമൂലം നടന്നില്ല. സിക്രി വിരമിച്ച ശേഷം ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കൊളീജിയത്തിനുമേൽ ഇവ്വിധം സമ്മർദങ്ങൾ നടക്കുന്ന കാലത്ത് നീതിയും നിയമനിർവഹണവുമൊക്കെ സ്വതന്ത്രവും നിഷ്പക്ഷവുമാകുമെന്ന് ആർക്കാണ് ഉറപ്പു നൽകാനാവുക?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialjudiciaryeditorial opinionSupreme Court
News Summary - Madhyamam Editorial: Judiciary system under pressure
Next Story