ഗാന്ധിജിയുടെ ഇന്ത്യക്ക് വംശഘാതകനെ പുണരാനാവില്ല
text_fields‘‘ഞങ്ങൾ നിങ്ങളുടെ വേദന തിരിച്ചറിയുന്നു, നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പൂർണമായ ദൃഢനിശ്ചയത്തോടെ ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നു’’ -ഇസ്രായേലി പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാണിത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം, ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ലെന്നും ഫലസ്തീൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യ ഇസ്രായേലിനൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കി. എന്നാൽ, ഇസ്രായേൽ ഭരണകൂടം 20,000 കുഞ്ഞുങ്ങളടക്കം 73,000ത്തിലധികം മനുഷ്യരെ ഗസ്സയിൽ അറുകൊല ചെയ്തതിനെ ഒരു മുരടനക്കംകൊണ്ടുപോലും അപലപിച്ചതുമില്ല.
ഗസ്സയിലെ കുഞ്ഞുങ്ങളെക്കുറിച്ച് മാത്രമല്ല, അവിടെ ഐക്യരാഷ്ട്രസഭയുടെ ജീവകാരുണ്യ ദൗത്യം നിർവഹിക്കവെ ഇസ്രായേൽ പട്ടാളം കൊലപ്പെടുത്തിയ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കേണൽ വൈഭവ് കാലെയെക്കുറിച്ച് ഒരക്ഷരം പറയാൻ പോലും അദ്ദേഹം മിനക്കെട്ടില്ല. പകരം, വംശഹത്യക്കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള ഇസ്രായേലി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ, ഏറെനാൾക്ക് ശേഷം കണ്ടുമുട്ടിയ ബാല്യകാല സുഹൃത്തിനെയെന്നപോലെ ഇറുക്കിപ്പുണർന്നു. ഗസ്സയിലെ മനുഷ്യരെ ‘കീടങ്ങളെ’ന്ന് വിശേഷിപ്പിച്ച, ജീവിക്കാൻ അർഹതയില്ലാത്തവർ എന്ന് അധിക്ഷേപിച്ച മന്ത്രിമാരും പാർലമെന്റംഗങ്ങളും നടത്തിയ ‘‘മോദി മോദി’’ വിളികളിൽ അദ്ദേഹം കോൾമയിർ കൊണ്ടു. നെതന്യാഹുവിന്റെ വിശ്വസ്തനായ സ്പീക്കർ അമീർ ഓഹാന സമ്മാനിച്ച ‘മെഡൽ ഓഫ് നെസറ്റ്’ പുരസ്കാരം വാങ്ങി കഴുത്തിലിട്ടു. ഇസ്രായേലിനും യഹൂദ ജനതക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് നെസെറ്റ് നൽകുന്ന പരമോന്നത ബഹുമതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഇത്തരമൊരു പുരസ്കാരത്തെക്കുറിച്ച് മോദിയുടെ സന്ദർശനം വരെ ലോകത്തിന് കേട്ടുകേൾവി പോലുമില്ലായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ നാം ഉയർത്തിപ്പിടിക്കുന്ന ഫലസ്തീൻ വിഷയത്തിലെ ഇന്ത്യൻ നിലപാടുകളെയും, ദീർഘവീക്ഷണമുള്ള മുൻ ഭരണാധികാരികൾ കാത്തുസൂക്ഷിച്ച അന്താരാഷ്ട്ര മര്യാദകളെയും തറയിലിട്ടുടക്കുന്നതായിരുന്നു മോദിയുടെ സന്ദർശനവും വാക്കുകളും. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ തലയുയർത്തിപ്പിടിച്ചു സ്വീകരിച്ചിരുന്ന ചേരിചേരാ നയത്തെ പലവുരു കാറ്റിൽ പറത്തിയ മോദി സർക്കാർ, ഇപ്പോൾ ഔദ്യോഗികമായിത്തന്നെ ഫലസ്തീൻ നയത്തിലും തിരുത്തൽ വരുത്തിയിരിക്കുന്നു. ‘ദ്വിരാഷ്ട്ര പരിഹാരം’ എന്ന ആശയത്തെപ്പോലും വിസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇസ്രായേലിന് പൂർണ പിന്തുണ അറിയിച്ചിരിക്കുന്നത്.
വംശഹത്യക്കുറ്റങ്ങളുടെ പേരിൽ വിദേശരാജ്യ നേതാക്കളും അഴിമതികളുടെ പേരിൽ ഇസ്രായേലി ജനതയും നെതന്യാഹുവിനോട് അകലം പാലിക്കുമ്പോൾ, അദ്ദേഹത്തിന്റെ അതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി എത്തിയതുതന്നെ കനത്ത ഔചിത്യമില്ലായ്മയാണ്. ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയുടെ സംഘാടകരുമായി ആയുധ ഇടപാടുകൾ ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങൾ, അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ‘ശാന്തി’, ‘സമാധാനം’ എന്നീ പദങ്ങളെ അർഥശൂന്യമാക്കുന്നു. ഇസ്രായേലിൽനിന്നുള്ള ആയുധ ഇറക്കുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. വെറും നയതന്ത്ര ബന്ധത്തിനപ്പുറം, വലിയ സാമ്പത്തിക-ആയുധ ഇടപാടുകളാണ് ഈ ബന്ധത്തിന്റെ അടിസ്ഥാനം. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ മറവിൽ ഇസ്രായേലി ആയുധ കമ്പനികളുമായി ചേർന്ന് ഇന്ത്യയിൽ ഡ്രോണുകളും മിസൈലുകളും നിർമിക്കുമ്പോൾ, അവ പിഞ്ചുകുഞ്ഞുങ്ങളുടെ ചോര നനഞ്ഞ പരീക്ഷണശാലകളിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന സത്യം വിസ്മരിക്കാനാവില്ല.
ചരിത്രപരമായി ഇന്ത്യ പുലർത്തിപ്പോന്ന ചേരിചേരാ നയവും ഫലസ്തീൻ ഐക്യദാർഢ്യവും വെറും നയതന്ത്ര കൗശലങ്ങളായിരുന്നില്ല; മറിച്ച്, അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിൽനിന്ന് ആർജിച്ച ധാർമിക ബോധ്യമായിരുന്നു. ആ ബോധ്യങ്ങളെയാണ് ഇന്ന് ആയുധ ഇടപാടുകളുടെയും ഹിന്ദുത്വ-സയണിസ്റ്റ് പ്രത്യയശാസ്ത്ര സമാനതകളുടെയും പേരിൽ ബലികഴിക്കുന്നത്. മോദി ഇന്ത്യൻ ജനതയാൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. രാജ്യത്തിന്റെ പരമാധികാരവും മൂല്യങ്ങളും കാത്തുസൂക്ഷിക്കാനുള്ള ചുമതലയേൽപിക്കപ്പെട്ടയാൾ; വംശഹത്യകൾക്ക് സാധൂകരണം നൽകാനുള്ള അധികാരം അദ്ദേഹത്തിനില്ല. സഹജീവികളുടെ വേദനകളിൽ ആഹ്ലാദിക്കുന്ന കുറ്റവാളിക്കൂട്ടങ്ങളല്ലാതെ ഇന്ത്യയിൽ ആരുംതന്നെ ഗസ്സ വംശഹത്യയെ അംഗീകരിക്കുന്നില്ല. നെതന്യാഹുവിനെ കെട്ടിപ്പിടിക്കുന്ന കൈകൾക്ക് ഇന്ത്യയുടെ പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യാനാവില്ല. കാരണം, ഈ രാജ്യം എന്നും അടിച്ചമർത്തപ്പെട്ടവർക്കൊപ്പമായിരുന്നു. മോദിയുടെ നെസെറ്റ് പ്രഖ്യാപനമല്ല, ‘‘ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും എന്നപോലെ ഫലസ്തീൻ അറബികളുടേതാണ്’’ എന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വാക്കുകളാണ് അന്നും ഇന്നും എന്നും ഇന്ത്യൻ ജനതയുടെ ഫലസ്തീൻ നയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

