രണ്ടാമൂഴത്തിലെ ഡോണൾഡ് ട്രംപ്
text_fieldsഅമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി എഴുപത്തെട്ടുകാരനായ ഡോണൾഡ് ട്രംപ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒന്നാം ട്രംപ് കാലത്തിൽ നിന്നു രണ്ടാമൂഴം ഭിന്നമായിരിക്കുമോ എന്ന കാര്യത്തിൽ അത്യസാധാരണത്വങ്ങളൊന്നും പൊതുവേ പ്രതീക്ഷിക്കപ്പെടുന്നില്ല. പുതുഭരണത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി ഞായറാഴ്ച തലസ്ഥാനത്തെ ക്യാപിറ്റൽ വൺ അറീനയിൽ സംഘടിപ്പിച്ച ‘മേക് അമേരിക്ക ഗ്രേറ്റ് എഗൻ’ (മാഗാ) വിക്ടറി റാലിയെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് നടത്തിയ പ്രഖ്യാപനവും അതു ശരിവെച്ചു-ഒന്നാമൂഴത്തിന്റെ ചുവടുപിടിച്ചുള്ള ശക്തമായ രണ്ടാമൂഴം എന്നുതന്നെ. ‘നീണ്ട നാലുവർഷത്തെ അമേരിക്കൻ അധഃപതനം’ അവസാനിപ്പിച്ച് ഏറ്റവും മികച്ച ആദ്യദിനവും ആദ്യ ആഴ്ചയും യു.എസ് പ്രസിഡന്റുമാരുടെ ചരിത്രത്തിലെ അനിതരസാധാരണമായ ആദ്യ നൂറുദിനങ്ങളും ജനതക്ക് സമ്മാനിക്കുമെന്നായിരുന്നു ട്രംപിന്റെ മുഖ്യവിളംബരം. അമേരിക്കൻ കരുത്തിന്റെയും ഐശ്വര്യത്തിന്റെയും അന്തസ്സിന്റെയും അഭിമാനത്തിന്റെയും പുതുയുഗമാണ് തുടങ്ങുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
രാജ്യഭരണമേറുന്ന ആദ്യദിനത്തിൽ അമേരിക്കൻ പ്രസിഡന്റുമാർ പരമ്പരാഗതമായി പുറത്തിറക്കാറുള്ള എക്സിക്യൂട്ടിവ് ഓർഡറുകൾ ട്രംപ് ചിട്ടപ്പെടുത്തിയതും അമേരിക്കൻ, വെള്ള ദേശീയ മേധാവിത്വത്തിന്റെ പ്രഖ്യാപിത നയങ്ങളിലൂന്നിയാണ്. ആദ്യഭരണത്തിലെന്ന പോലെ യു.എസ്-മെക്സികോ അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയുന്ന നിയമമാണ് അതിലൊന്ന്. അതുവഴി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയതും പുനഃസ്ഥാപിക്കപ്പെടും. പരിസ്ഥിതി സുരക്ഷയുടെ കാരണം പറഞ്ഞ് ബൈഡൻ ഭരണകൂടം തടഞ്ഞുവെച്ച ആഭ്യന്തര ഊർജോൽപാദന പദ്ധതികൾ വീണ്ടും കൊണ്ടുവരുന്നതാണ് മറ്റൊരു ഓർഡർ. കഴിഞ്ഞ തവണ ഭരണംപിടിക്കാനുള്ള ശ്രമം പരാജയപ്പെട്ട ഇച്ഛാഭംഗത്തിൽ ക്യാപിറ്റോൾ ഹിൽ പിടിച്ചടക്കാൻ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ട 1500 ഓളം പേരുടെ കുറ്റമുക്തിയാണ് മറ്റൊന്ന്. അങ്ങനെ, തീവ്ര വലതുപക്ഷ ദേശീയതയും വെള്ള വംശീയതയും സമംചേർത്ത ട്രംപിസം കൂടുതൽ സജീവമാക്കാനുള്ള യത്നങ്ങളുമായാണ് രണ്ടാം പുറപ്പാട് എന്ന് വ്യക്തമായിക്കഴിഞ്ഞു. അതിനിണങ്ങുന്ന ഭരണനേതൃനിരയെയും കണ്ടെത്തിയിട്ടുണ്ട്. 2016ൽ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനുവേണ്ടി ട്രംപിനോട് റിപ്പബ്ലിക്കൻ പാർട്ടിയിൽ അങ്കം വെട്ടിയ മാർകോ റൂബിയോ ആണ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് വരുന്നത്. ഭിന്നാഭിപ്രായങ്ങളൊക്കെ പറഞ്ഞുതീർത്തു, വിദേശനയത്തിലുടനീളം ട്രംപിന്റെ ലൈനിൽ കൂടുതൽ കൂറോടെ നിലയുറപ്പിച്ചിരിക്കുകയാണ് മാർകോ ഇപ്പോൾ. 13 ലക്ഷം വരുന്ന അമേരിക്കൻ സൈന്യത്തിന്റെ തലപ്പത്തേക്ക് പ്രതിരോധ സെക്രട്ടറിയായി കൊണ്ടുവരുന്നത് പീറ്റർ ഹെഗ്സെത് എന്ന ഫോക്സ് ന്യൂസ് ചാനലിലെ മുൻ അവതാരകനെയാണ്. ‘അമേരിക്ക മുന്നം’ എന്ന ട്രംപ് മുദ്രാവാക്യത്തിന്റെ വക്താവാണ് എന്നതാണ് പീറ്ററിന്റെ മേന്മ. സി.ഐ.എ തലവനായി വരുന്ന ജോൺ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷ ഉപദേഷ്ടാവായി വരുന്ന മിഷേൽ വാട്സ്, ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായ ക്രിസ്റ്റി നോയം എന്നിവരും ട്രംപിനെ അക്ഷരം പ്രതി അംഗീകരിക്കുന്നവരാണ്.
അമേരിക്കൻ മഹിമയുടെ വീണ്ടെടുപ്പ് എന്ന ട്രംപിന്റെ മുദ്രാവാക്യം പ്രയോഗത്തിലേക്കു നീങ്ങുമ്പോൾ പരമ്പരാഗത ബഹുസ്വര നയത്തിൽ നിന്നു വിദേശനയം, ഏകപക്ഷീയതയിലേക്ക് മാറുകയാണ്. ധനവിനിമയ ബന്ധമായി രാഷ്ട്രാന്തരീയ ബന്ധങ്ങളെ കാണുന്ന ട്രംപ് അമേരിക്കയുടെ സാമ്പത്തിക താൽപര്യമാണ് ഏതു നീക്കത്തിലും മുന്നിൽ കാണുന്നത്. ആദ്യ ഊഴത്തിൽ നാറ്റോക്കെതിരെ രംഗത്തുവന്ന അദ്ദേഹം അതിനു നിരത്തിയ ന്യായം അമേരിക്ക മാത്രം പണം ചെലവിട്ട് പോറ്റുന്ന തരത്തിലേക്ക് അതു മാറുന്നു എന്നാണ്. ഇറക്കുമതിക്ക് വർധിത തീരുവ ചുമത്താനുള്ള നീക്കവും സ്വന്തം കീശയിലേക്കു മാത്രം കണ്ണുനട്ടാണ്. ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടി നടക്കുമ്പോഴാണ് ട്രംപിന്റെ രണ്ടാമൂഴത്തിലേക്കുള്ള സത്യപ്രതിജ്ഞ. വൻകിട വ്യാപാരത്തിനു തുറന്ന അതിർത്തികൾ, ദേശീയ കെട്ടുപാടുകൾക്കപ്പുറം ആഗോളതലത്തിൽ വിവിധ രാഷ്ട്രങ്ങളിലെ അതിസമ്പന്നർക്ക് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള പ്രത്യേകാധികാരം തുടങ്ങി ആഗോള സാമ്പത്തികവേദി കൊണ്ടുനടന്ന ശീത യുദ്ധാനന്തര ‘ലിബറൽ മൂല്യങ്ങളെ’യൊക്കെ അപ്രസക്തമാക്കിയാണ് അമേരിക്കയിൽ ട്രംപും യൂറോപ്യൻ രാജ്യങ്ങളിൽ വലതുപക്ഷ പോപ്പുലിസ്റ്റ് ഭരണകൂടങ്ങളും കളം നിറഞ്ഞാടുന്നത്. അതോടെ ആഗോള രാഷ്ട്രീയ, സാമ്പത്തിക കൂട്ടായ്മകൾക്കും ഭംഗം വരുകയാണ്. രാഷ്ട്രങ്ങളുടെ രാഷ്ട്രീയ പൊതുവേദിയായ യു.എൻ എന്നോ അപ്രസക്തമായിക്കഴിഞ്ഞു. അപ്പോഴും ശക്തമായ നിലയിൽ തുടർന്നിരുന്ന ദേശാന്തരീയ സാമ്പത്തിക സ്ഥാപനങ്ങളും സംവിധാനങ്ങളും അപ്രധാനമാകുന്ന നിലയിലേക്കാണ് സംഭവങ്ങളുടെ പോക്ക്.
അപ്പോഴും ഗസ്സ സമാധാനദൗത്യത്തിൽ ഇസ്രായേലിനെ ‘വരച്ച വരയിൽ നിർത്തിയ’ ട്രംപിന്റെ അസാധാരണനീക്കം ‘വിവേക വീണ്ടെടുപ്പി’ന്റെ സൂചനയാണോ എന്നു ഉറ്റുനോക്കുന്നുണ്ട്. ഇസ്രായേലിനെ താങ്ങി നടുവൊടിയാനാവില്ല എന്ന തിരിച്ചറിവായി ശുഭാപ്തിക്കാർ അതിനെ കാണുമ്പോൾ ബന്ദികളെയൊക്കെ വീണ്ടെടുത്ത ശേഷം വീണ്ടുമൊരു നശീകരണാക്രമണത്തിനുള്ള കളമൊരുക്കലാകുമോ അതെന്ന് ദോഷൈകദൃഷ്ടിയിൽ വീക്ഷിക്കുന്നവരുമുണ്ട്. പ്രവചനാതീതനാണ് ട്രംപ് എന്നതിനാൽ സാധ്യത ഏതുമാകാം. ദൈവമേ എന്നെ തുണക്കണേ എന്ന പ്രാർഥനയോടെയാണ് അമേരിക്കൻ പ്രസിഡന്റ് സത്യപ്രതിജ്ഞ അവസാനിപ്പിക്കുക. ട്രംപും അമേരിക്കയും എങ്ങോട്ട് എന്ന ഉദ്വേഗത്തിൽ കാത്തിരിക്കുന്ന ലോകത്തിന്റെ പ്രാർഥനയും അതുതന്നെ- ദൈവമേ, ലോകത്തെ കാത്തുകൊള്ളേണമേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

