Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇ.ഡിയെ സ്വതന്ത്രവും...

ഇ.ഡിയെ സ്വതന്ത്രവും സംശുദ്ധവുമാക്കണം

text_fields
bookmark_border
ഇ.ഡിയെ സ്വതന്ത്രവും സംശുദ്ധവുമാക്കണം
cancel

ഏതാനും വർഷങ്ങളായി വാർത്തകളിൽ കൂടുതൽ വരുന്ന കേന്ദ്ര അന്വേഷണ ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഇ.ഡിയും സംസ്ഥാനങ്ങളുമായി നിലനിൽക്കുന്ന ഏറ്റുമുട്ടലുകളും കോടതി വ്യവഹാരങ്ങളും കൂടി വാർത്തകളിൽ കാണാമായിരുന്നു. പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്‍റെ രാഷ്ട്രീയ നയരൂപവത്കരണ-പ്രചാരണ കൺസൾട്ടൻസിയായ ഐ-പാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) കാര്യാലയത്തിൽ ഇ.ഡി നടത്തിയ റെയ്ഡും സ്ഥലത്ത് എത്തിച്ചേർന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ധർണയും തുടർന്നുണ്ടായ സംഘർഷാവസ്ഥയും അതേത്തുടർന്ന് സുപ്രീംകോടതിയിൽ നടന്ന നിയമവ്യവഹാരങ്ങളുമെല്ലാം ഇ.ഡിയുടെ പ്രവർത്തനങ്ങളെക്കുറിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയതാണ്.

ഇ.ഡിയുടെ പരിശോധന തടസ്സപ്പെടുത്തിയതിന് സംസ്ഥാനസർക്കാർ മെഷിനറിയെ പ്രഥമദൃഷ്ട്യാ കുറ്റപ്പെടുത്തിയ കോടതി ഇരുകക്ഷികളുടെയും വാദം കേട്ടു വിധി പറയാനിരിക്കുന്നു. കേരളത്തിലും കിഫ്ബി വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചുവെന്ന പേരിൽ തലപ്പത്തുള്ളവർക്കെതിരെ കേസെടുത്തതും സംസ്ഥാന സർക്കാർ ഇ.ഡിക്കെതിരെ കേസ് ചാർജ് ചെയ്തതും ചൂടുപിടിച്ച ചർച്ചകൾക്കിടയാക്കിയിരുന്നു. ഇ.ഡിക്ക് റിട്ട് ഫയൽ ചെയ്യാമോ എന്ന വിഷയത്തിൽ ഹൈകോടതി നൽകിയ അനുമതി ഇപ്പോൾ സുപ്രീംകോടതിയുടെ മുമ്പാകെയുണ്ട്. ഈ കേസിൽ തമിഴ്നാടും കക്ഷിചേർന്നിരിക്കുന്നു.

വിദേശനാണ്യ വിനിമയ നിയമലംഘനങ്ങൾ കൈകാര്യം ചെയ്യാൻ 1956ൽ രൂപവത്കരിച്ച എൻഫോഴ്‌സ്‌മെന്റ് യൂനിറ്റ് ആണ് പല പരിണാമങ്ങൾ കടന്ന് 1957ൽ പേരുമാറ്റത്തോടെ ഇ.ഡി ആയി രൂപപ്പെട്ടത്. അതിനിടയിൽ വിദേശ നാണയ നിയന്ത്രണ നിയമം (FERA) 1999ൽ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ആയി മാറുകയും ചെയ്തു. അന്തർദേശീയതലത്തിലെ കള്ളപ്പണം വെളുപ്പിക്കൽ പ്രവണതകളുടെ ഭാഗമായി ഇന്ത്യയിലും പണം വെളുപ്പിക്കൽ നിരോധ നിയമം (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് -പി.എം.എൽ.എ) രൂപംകൊള്ളുകയും അതും ഇ.ഡിയുടെ വരുതിയിൽ വരികയും ചെയ്തു. മുഖ്യമായും ഈ രണ്ടു നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി കേസുകൾ ചാർജ് ചെയ്തുവരുന്നത്. എന്നാൽ, അത്തരം നിയമലംഘനങ്ങൾ കണ്ടുപിടിച്ച് കൈകാര്യം ചെയ്യുന്നതിനോടൊപ്പം ഇന്ന് ഇ.ഡി അതിന് നൽകപ്പെട്ട വിപുലമായ ചോദ്യം ചെയ്യൽ/അറസ്റ്റ് അധികാരങ്ങളുപയോഗിച്ച് കേന്ദ്ര സർക്കാറിന് ഇഷ്ടമില്ലാത്ത രാഷ്ട്രീയ/മാധ്യമകേന്ദ്രങ്ങളെ നടപടികൾക്ക് വിധേയമാക്കി പീഡിപ്പിക്കുന്ന ദൃശ്യമാണ് അധികവും. ശിക്ഷ വിധിക്കപ്പെടാതെതന്നെ അന്വേഷണങ്ങളും കോടതി നടപടികളും നടക്കുന്നതിനിടയിൽ ആരോപിതർ നീണ്ടകാലം ജയിലിലെ കഷ്ടതകൾ അനുഭവിച്ചശേഷം കുറ്റമുക്തരാവുന്ന സംഭവങ്ങളാണ് കൂടുതൽ. അതിനിടയിൽ വാർത്തകൾ അന്വേഷണങ്ങൾക്കിടയിൽതന്നെ മാധ്യമങ്ങളിൽ വരുകയും അത് വഴി ആരോപിതർ മാധ്യമവിചാരണയിലൂടെ പേരുദോഷം അനുഭവിക്കുകയും ചെയ്യുന്നു. വിചാരണനയിലൂടെ കുറ്റം തെളിഞ്ഞ് ശിക്ഷിക്കപ്പെടുന്നവരുടെ ശതമാനം വളരെ കുറവാണ് എന്നതും ഇതോടൊപ്പം ചേർത്തുവെക്കാം.

വിപുലമായ അധികാരങ്ങൾ ഇ.ഡിക്കുള്ളതിനാൽ അത്രതന്നെ ദുരുപയോഗസാധ്യതയുമുണ്ട്. ആരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും അവർ പ്രതിയോ സാക്ഷിയോ എന്ന് വ്യക്തമാക്കാതെ സത്യം ചെയ്ത മൊഴികൾ രേഖപ്പെടുത്താനും, വ്യക്തമായ തെളിവില്ലെങ്കിലും വാറന്‍റ് ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും (അതിന് വ്യക്തമായ തെളിവൊന്നും വേണ്ട) തൽക്കാലത്തേക്ക് ആസ്തികൾ ഉടൻ കണ്ടുകെട്ടാനുമെല്ലാം ഇ.ഡിക്ക് അധികാരമുണ്ട്. ഇതെല്ലാം കൃത്യമായി കുറ്റം ആരോപിക്കപ്പെടാവുന്നവരുടെ നേരെ മാത്രമുപയോഗിച്ചാൽ പരാതികൾക്കിടയാക്കില്ല. എന്നാൽ, ആദ്യം അകത്താക്കുക, ശേഷം ചാർത്തേണ്ട കുറ്റത്തിന്‍റെ ഗുണപരിശോധന എന്നതാണ് ഇ.ഡിയുടെ നടപടിക്രമം എന്നുവന്നിരിക്കുന്നു. അവയിൽ ഭൂരിഭാഗവും ഭരണകൂടത്തിന്റെ എതിരാളികളുമായിരിക്കും. ഏതാനും വർഷങ്ങളായി ഇ.ഡി ചാർജ് ചെയ്ത ആകെ കേസുകളിലെ പ്രതികളുടെ രാഷ്ട്രീയബന്ധം പരിശോധിച്ചാൽ ഇത് വ്യക്തമാകും.

ഇങ്ങനെ സത്യസന്ധതയും സാമ്പത്തിക സദാചാരവും നിഷ്കർഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥർ അത്രയൊന്നും ശുദ്ധരല്ല എന്നതാണ് പലപ്പോഴായി പുറത്തുവരുന്ന സത്യം. 2023 നവംബറിൽ രാജസ്ഥാനിൽ ഒരു ചിട്ടിഫണ്ട് കേസിൽ വെള്ളം ചേർക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് കൈയോടെ പിടിക്കപ്പെട്ടിരുന്നു. അധികം താമസിയാതെ തമിഴ്നാട്ടിലെ മധുരയിൽ ഇ.ഡി ഉദ്യോഗസ്ഥൻ ഒരു കേസില്ലാതാക്കാൻ പണം ആവശ്യപ്പെടുന്നതിനിടെ തൊണ്ടി സഹിതം പിടിയിലായി. 2024ൽ മുംബൈയിൽ ഒരു ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറെ ആഭരണവ്യാപാരിയിൽനിന്ന് കൈക്കൂലി വാങ്ങിയതിന്‍റെ പേരിൽ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഒരു ഇ.ഡി ഉദ്യോഗസ്ഥൻ ഇക്കഴിഞ്ഞ വർഷം പിടിക്കപ്പെട്ടത് ഖനവ്യവസായിയിൽനിന്ന് കോടികൾ ആവശ്യപ്പെട്ടതിനാണ്. ഇത്തരം കുറ്റങ്ങളിലെല്ലാം സസ്പെൻഷൻ, പത്രപ്രസ്താവന എന്നിവ നടത്തിയിട്ടുണ്ടെങ്കിലും മൗലികമായ തിരുത്തൽ നടപടികൾ എടുത്തതായി അറിവില്ല.

ഇ.ഡിയെ ഉപയോഗിച്ചുള്ള അഴിമതിയും തടയണമെങ്കിൽ രാഷ്ട്രീയ സംവിധാനങ്ങളോട് കെട്ടുപാടുകളില്ലാത്ത സ്വതന്ത്ര സംവിധാനം വേണം. ഇപ്പോൾ തലപ്പത്തുള്ള ഡയറക്ടറെ നിയമിക്കുന്നതുതന്നെ വിജിലൻസ് ഡയറക്ടർ നയിക്കുന്ന ഒരു ഉന്നതസമിതിയുടെ ശിപാർശയനുസരിച്ച് കേന്ദ്രസർക്കാർ തന്നെയാണ്. മറ്റു പല കേന്ദ്ര തസ്തികകളുടെ കാര്യത്തിലെന്നപോലെ തലപ്പത്തുള്ളവർ സ്വതന്ത്രമാവുമെന്ന് ഉറപ്പില്ലാത്ത ഒരു വ്യവസ്ഥയാണിതും. അതിന് പകരം പ്രതിപക്ഷ നേതാവും സുപ്രീംകോടതി ജഡ്ജിയും സർക്കാർ പ്രതിനിധിയും ഉൾപ്പെട്ട ഒരു പാനലിന്‍റെ ശിപാർശയിലൂടെ വേണം നിയമനം. ഒപ്പം മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് പെൻഷൻ ആയാൽ നിയമനങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങളുണ്ടാവണം. ഇത്തരം വ്യവസ്ഥകളുണ്ടായാൽ പ്രവർത്തന സ്വാതന്ത്ര്യവും സ്വഭാവശുദ്ധിയും ഒരു പരിധിവരെ ഉറപ്പുവരുത്താനാവും. അത് വേണമെന്ന് ചിന്തിച്ചു തുടങ്ങേണ്ടത് ഭരിക്കുന്ന സർക്കാറാണ് എന്ന അവസ്ഥക്ക് ആദ്യം മാറ്റം വരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialEnforcement DirectorateED raid
News Summary - Madhyamam Editorial: ED should be made independent and clean
Next Story