Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭോപാല്‍ ഏറ്റുമുട്ടല്‍...

ഭോപാല്‍ ഏറ്റുമുട്ടല്‍ കൊല: നിയമത്തെ വഴിക്കു വിടുമോ?

text_fields
bookmark_border
ഭോപാല്‍ ഏറ്റുമുട്ടല്‍ കൊല: നിയമത്തെ വഴിക്കു വിടുമോ?
cancel
ഭോപാലില്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണത്തടവുകാരായ നിരോധിത ‘സിമി’യുടെ എട്ടു പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവം ദേശീയതലത്തില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളും കോണ്‍ഗ്രസ്, സി.പി.എം അടക്കമുള്ള പ്രമുഖ പ്രതിപക്ഷപാര്‍ട്ടികളും സാമൂഹികപ്രവര്‍ത്തകരും രംഗത്തുവന്നുകഴിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി വെളുപ്പാന്‍കാലത്ത് തടവുചാടിയെന്നു പറയുന്ന എട്ടുപേര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിരായുധരായി മുന്നിലത്തെിയിട്ടും പിടികൂടാതെ അവരെ വെടിവെച്ചുകൊന്നത് സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ച് നടത്തിവരുന്ന ഏറ്റുമുട്ടല്‍ കൊലകളുടെ ഭാഗമാണെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നു പിടികൂടിയ ‘സിമി’ പ്രവര്‍ത്തകരെ തടവിലിട്ട ഭോപാല്‍ സെന്‍ട്രല്‍ ജയില്‍ മധ്യപ്രദേശിലെ അതീവസുരക്ഷയുള്ള  തടവറയിലൊന്നാണ്. മാവോവാദികള്‍, നക്സലൈറ്റുകള്‍ തുടങ്ങി സര്‍ക്കാറിന്‍െറ ഭീകരപ്പട്ടികയില്‍പെട്ടവരൊക്കെ കഴിയുന്ന ജയിലില്‍നിന്ന് സ്പൂണും പ്ളേറ്റുമുപയോഗിച്ച് വാര്‍ഡന്‍െറ കഴുത്തറുത്തു കൊന്ന് എട്ടുപേര്‍, ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി ചാടിയെന്ന വാര്‍ത്ത ആശ്ചര്യജനകമായിരുന്നു. ഇവരെ പിടികൂടുന്നതിന് സമ്മാനം പ്രഖ്യാപിച്ച് ഏഴു മണിക്കൂറുകള്‍ക്കകമാണ് സമീപഗ്രാമത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പുതിയ വാര്‍ത്തയത്തെുന്നത്. തുടര്‍ന്ന് പൊലീസും സംസ്ഥാന ആഭ്യന്തരമന്ത്രിയും നടത്തിയ പ്രസ്താവനകള്‍ കടകവിരുദ്ധമായിരുന്നു. ഏറ്റുമുട്ടലിന്‍െറ പുറത്തുവന്ന വിഡിയോ ഫൂട്ടേജുകള്‍ പൊലീസ് ഭാഷ്യത്തിനു വിപരീതമാണ് സംഭവമെന്നു കാണിക്കുന്നു. ബി.ജെ.പി ഭരണകൂടവും പൊലീസും പറയുന്നതുപോലെ ഭീകരരല്ല, വിചാരണത്തടവുകാരാണ് എട്ടുപേരും. ഒന്നും ഒന്നരയും പതിറ്റാണ്ടായി തടവില്‍ കഴിയുന്ന അവര്‍ക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടശേഷമേ വിധി പറയാനാവൂ. പ്രോസിക്യൂഷന്‍ തെളിവ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ അടുത്തയാഴ്ച ഇവരില്‍ ചിലര്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് അഭിഭാഷകന്‍ പറയുന്നു. ജയില്‍ ചാടിയവര്‍  ഓടിരക്ഷപ്പെടുന്നതിനു പകരം ജീന്‍സും സ്പോര്‍ട്സ് ഷൂവും ധരിച്ചൊരുങ്ങി, ഒരായുധവും കൈയിലില്ലാതെ സമീപത്തുതന്നെയുള്ള ആളൊഴിഞ്ഞ കുന്നിന്‍പുറത്ത് ഒരുമിച്ചുകൂടിയതെന്തിന്, കീഴടങ്ങാന്‍ തയാറാണെന്നു വിളിച്ചുപറയുന്നവരെ അതിന് അനുവദിക്കാതെ വെടിവെച്ചുകൊന്നതെന്തുകൊണ്ട്, നിരായുധനായ ആള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും അതു വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തതെന്തിന്? ഇങ്ങനെ ഒരു കൂട്ടം ഉത്തരമില്ലാ ചോദ്യങ്ങളാണ് കിട്ടിയ തെളിവുകളുയര്‍ത്തുന്നത്. ‘ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ എന്തുകൊണ്ട് സിമിക്കാര്‍ മാത്രം ജയില്‍ ചാടുന്നു’ എന്ന് മുന്‍മുഖ്യമന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ചോദിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ആദ്യഘട്ടത്തില്‍ തന്നെ ദുരൂഹത നീക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട അദ്ദേഹത്തിനു പിന്നാലെ ജുഡീഷ്യല്‍ അന്വേഷണ ആവശ്യവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമുണ്ട്.
നിയമവിരുദ്ധ കൊലകള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതുമയല്ല. നേരത്തേ ഗുജറാത്തില്‍ അതു നടന്നിട്ടുണ്ട്. സമീപകാലത്തായി ‘വ്യാപം’ അഴിമതിയുമായി ബന്ധപ്പെട്ടും മറ്റും മധ്യപ്രദേശും ഇതില്‍ ഏറെ മുന്നിലാണ്. സാമാന്യജനത്തിന്‍െറ ജീവനുംകൊണ്ട് എന്തിനും മടിക്കില്ളെന്ന് ഒട്ടേറെ ദുരൂഹ കൊലകളിലൂടെ തെളിയിച്ചൊരു സംസ്ഥാനത്ത് ഏറ്റുമുട്ടല്‍ കൊലയെക്കുറിച്ച് അന്വേഷണമില്ളെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അദ്ഭുതമില്ല. മധ്യപ്രദേശ് ബി.ജെ.പിക്കിടയിലെ ചേരിപ്പോരില്‍ സ്വന്തം സ്ഥാനമുറപ്പിക്കുകയെന്ന ഹീനലക്ഷ്യംകൂടി ഭോപാല്‍ സംഭവത്തിനു പിന്നിലുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്‍റ് അമിത് ഷായുടെ പിന്തുണയോടെ പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന തന്‍െറ പ്രതിയോഗി കൈലാശ് വിജയ്വെര്‍ജിയയെക്കാള്‍ സംഘ്പരിവാര്‍ പ്രതിബദ്ധതയില്‍ ഒരു മുഴം മുന്നിലത്തൊന്‍ ‘ഭീകരവിരുദ്ധ പോരാട്ടം’ നടത്തുകയാണ് ചൗഹാനെന്നാണ് വാര്‍ത്ത.
തടവുകാര്‍ ജയില്‍ചാടിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ സംസ്ഥാനത്തോട് വിശദീകരണം തേടിയ കേന്ദ്ര ആഭ്യന്തരമന്ത്രി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജയില്‍ചാട്ടമല്ല, എട്ടു വിചാരണത്തടവുകാരെ വെടിവെച്ചുകൊന്ന സംഭവത്തിലെ ദുരൂഹതകള്‍ നീക്കാനാവുംവിധമുള്ള അന്വേഷണത്തിന് കേന്ദ്രം തയാറാകുമോ? ഏറ്റുമുട്ടലുകള്‍ സംഘടിപ്പിക്കുകയും അതിന്‍െറ പേരില്‍ സ്ഥാനമാനങ്ങളും പതക്കങ്ങളും കൈക്കലാക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ രീതിക്കെതിരെ സുപ്രീംകോടതിയുടെ കര്‍ശനവിധിയുള്ളതാണ്. ഏറ്റുമുട്ടല്‍ മരണങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും 2014 സെപ്റ്റംബര്‍ 22ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. പൊലീസ് കുറ്റക്കാരെന്നു കണ്ടാല്‍ വകുപ്പുതലത്തിലും നിയമപരമായും നടപടി വേണമെന്നും അവര്‍ക്കു സമ്മാനമോ സ്ഥാനക്കയറ്റമോ നല്‍കരുതെന്നും വിധിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രകാശ് കദം/രാംപ്രസാദ് വിശ്വനാഥ് ഗുപ്ത കേസിലെ വിധി ഉദ്ധരിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു അഭിപ്രായപ്പെടുന്നുണ്ട്.
ഭോപാല്‍ ഏറ്റുമുട്ടല്‍ കൊലയില്‍ സി.ബി.ഐ അന്വേഷണത്തിന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വരുംനാളുകളില്‍ സ്വീകരിക്കുന്ന ഓരോ നിലപാടും ജനാധിപത്യക്രമത്തില്‍ ബി.ജെ.പി നിയമത്തെ വഴിക്കുവിടുമോ അതോ, വംശവെറിയുടെ കാട്ടുനിയമത്തിനു വഴങ്ങുമോ എന്നു തെളിയിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialbhopal encounterbhopal fake encounter
News Summary - madhyamam editorial on bhopal fake encounter
Next Story