Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightദൈവമേ കൈതൊഴാം...

ദൈവമേ കൈതൊഴാം കേൾക്കുമാറാകണം

text_fields
bookmark_border
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
cancel



ഭാഷയിലും വരികളിലും വ്യത്യാസമുണ്ടാകുമെങ്കിലും രാജ്യത്തെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഓരോ ദിവസവും അധ്യയനം ആരംഭിക്കുന്നത്​ പ്രാർഥനാ ഗീതങ്ങളോടെയാണ്​. നമ്മളോരോരുത്തരും പഠിച്ചുവളർന്ന സർക്കാർ- സ്വകാര്യ സ്​കൂളുകളിൽ ഇതായിരുന്നു രീതി. ഉത്തർപ്രദേശ്​ കാൺപുരിലുള്ള ​ഫ്ലോററ്റ്​സ്​ പബ്ലിക്ക്​ സ്​കൂളിലും ഇതേമട്ടിലാണ്​ ഓരോ ദിവസവും ആരംഭിച്ചിരുന്നത്​, ഈ മാസം ആദ്യം ബി.ജെ.പി നേതാക്കളുടെ പ്രേരണയിൽ കുരുങ്ങി ഒരു രക്ഷിതാവ്​ പരാതി നൽകുകയും സ്​കൂളിന്​ താഴുവീഴുകയും ചെയ്യുന്നതുവരെ.

കാൺപുരിലെ സ്​കൂളിലെ പ്രാർഥനാ ഗീതങ്ങൾക്ക്​ ഒരു പ്രത്യേകതയുണ്ടായിരുന്നു. രാജ്യത്തെ ഭൂരിഭാഗം സ്​കൂളുകൾക്കും അവകാശപ്പെടാൻ കഴിയാത്ത മഹിതമായ ഒരു സവിശേഷത. നാല്​ മതപ്രമാണങ്ങളിൽനിന്നുള്ള പ്രാർഥനകളാണ്​ അവിടെ മുഴങ്ങിയിരുന്നത്​. എല്ലാ മതങ്ങളെയും സ്​നേഹിക്കുകയും ബഹുമാനിക്കുകയും വേണമെന്ന, സമകാലിക ഇന്ത്യ നിശ്ചയമായും ഓർമിച്ചിരിക്കേണ്ട പാഠവുമായി, അതി മനോഹരമായാണ്​ അവർ ദിവസങ്ങൾ ആരംഭിച്ചിരുന്നത്​.

ഹൈന്ദവ, ക്രൈസ്​തവ, സിഖ്​ വിശ്വാസധാരകൾക്കുപുറമെ ഇസ്​ലാമിക പ്രമാണങ്ങളിൽനിന്നുള്ള പ്രാർഥനകളും​ അവിടെ ഉരുവിടുമായിരുന്നു​. എതിർപ്പും ഗൂഢപദ്ധതിയെന്ന ആരോപണവും ഉന്നയിക്കാൻ ബി.ജെ.പി നേതാക്കൾക്ക് പ്രേരണയായതും ഈ ഉൾക്കൊള്ളൽ രീതിതന്നെ. തങ്ങളുടെ വർഗീയ അജണ്ട നടപ്പാക്കാൻ ഭരണഘടനയെപ്പോലും അട്ടിമറിക്കാൻ ഒരു​മ്പെടുന്ന കാവിപ്പടക്ക്​ ഈ മതസാഹോദര്യ ഉദ്​ഘോഷണം രസിക്കില്ലല്ലോ. കുട്ടികളെ മതം മാറ്റാൻ ലക്ഷ്യമിടുന്ന 'വിദ്യാഭ്യാസ ജിഹാദ്​'​ നടത്തുന്നുവെന്നാരോപിച്ച്​ പൊലീസിൽ പരാതി നൽകി.

2003ൽ ആരംഭിച്ചതാണ്​ ഈ വിദ്യാലയം. മതസാഹോദര്യം ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ട്​ അന്നുമുതൽ നാല്​ മത സംഹിതകളിലെ പ്രാർഥനകൾ ഇവിടെ ആലപിക്കാറുണ്ടെന്ന്​ സ്​കൂൾ​ പ്രിൻസിപ്പൽ അൻകിത യാദവ്​ വ്യക്​തമാക്കുന്നു. അഭിനന്ദനീയവും മാതൃകപരവുമായ ഈ പ്രവർത്തനത്തി​ന്റെ പേരിൽ സ്​കൂൾ നടത്തിപ്പുകാർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന്​ കേസെടുത്തിരിക്കുന്നു. ഇതിനുപുറമെ ഉത്തർ പ്രദേശിലെ കുപ്രസിദ്ധമായ മതംമാറ്റം തടയൽ നിയമപ്രകാരമുള്ള കേസും. അപ്രതീക്ഷിതമായ ഇത്തരം സംഭവവികാസങ്ങൾ സൃഷ്​ടിക്കപ്പെട്ട പശ്ചാത്തലത്തിൽ മതഗ്രന്ഥങ്ങളിൽ നിന്നുള്ള പ്രാർഥന ഒഴിവാക്കി ദേശീയഗാനം മാത്രം ആലപിക്കാനും അവർ തീരുമാനിച്ചെങ്കിലും അപ്പോഴേക്കും സ്​കൂൾ പൂ​ട്ടേണ്ടിവന്നു.

കാൺപുരിലെ മഹിള മോർച്ച പ്രസിഡൻറ്​ ഗീത നിഗം ആവശ്യപ്പെട്ടതു പ്രകാരമാണ്​ താൻ പരാതി നൽകിയതെന്ന്​ സ്​കൂളിലെ വിദ്യാർഥിയുടെ രക്ഷാകർത്താവ്​ രവി രാജ്​പുത്​ പറയുന്നു. സംഭവം ഇത്ര വിവാദമാകുമെന്നോ സ്​കൂൾ അടച്ചുപൂട്ടുമെന്നോ അയാൾ നിനച്ചിരുന്നതേയില്ല.

മുസ്​ലിംകളുമായി വിശ്വാസപരമായോ സാംസ്​കാരികമായോ ചേർന്നുനിൽക്കുന്ന ഒരു അടയാളവും അനുവദിക്കാനാവില്ല എന്ന മുന്നറിയിപ്പാണ്​ ഇത്തരമൊരു കേസും പ്രചാരണവും വഴി സംഘ്​പരിവാർ നൽകുന്നത്​. മുതിർന്നവരുടെ വർഗീയ വിഭാഗീയ ചിന്തകളിലൊന്നും പുതിയ തലമുറക്ക്​ താൽപര്യമില്ല. മത്സരാധിഷ്​ഠിത ലോകത്ത്​ പഠിച്ചു​മുന്നേറാനും സാ​ങ്കേതികമായി ശക്തിപ്പെടാനുമാണ്​ അവർ ആഗ്രഹിക്കുന്നത്​. എന്നാൽ, അവർക്കിടയിൽ വിഭാഗീയതയുടെ അതിരുകൾ വരച്ചിടുക എന്ന ലക്ഷ്യത്തോടെയാണ്​ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ കേന്ദ്രീകരിച്ച്​ ഇത്തരം വിവാദങ്ങളും ബഹളങ്ങളും സൃഷ്​ടിക്കുന്നത്​.

തലേദിവസം വരെ ഒരു വ്യത്യാസവുമറിയാതെ ഒരുമിച്ചിരുന്ന്​ പഠിക്കുകയും ​ഭക്ഷണം പങ്കിട്ടുകഴിക്കുകയും ചെയ്​തിരുന്ന കുട്ടികളെ എതിരാളികളും അന്യരുമാക്കിമാറ്റിയ കർണാടകയിലെ ഹിജാബ്​ നിരോധനവും അതേ താൽപര്യത്തിൽ സൃഷ്​ടിക്കപ്പെട്ടതാണ്​. നേരത്തേ ആദിവാസി-പിന്നാക്ക മേഖലകളിലുൾപ്പെടെ സ്​കൂളുകൾ തുറന്ന്​ വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന ക്രൈസ്​തവ സമൂഹത്തിനുനേരെയും മതംമാറ്റം ആരോപിച്ച്​ സംഘ്​പരിവാർ കടന്നാക്രമണങ്ങൾ പതിവായിരുന്നു. പാഠ്യപദ്ധതി വക്രീകരിച്ചും പാഠപുസ്​തകങ്ങൾ വർഗീയവത്​കരിച്ചും വിദ്യാഭ്യാസ മേഖലയിൽ ചെയ്​തുകൂട്ടുന്ന കൈയേറ്റങ്ങളുടെ തുടർച്ചയായിവേണം വിദ്യാലയങ്ങളെ ഇത്തരത്തിൽ കേസിൽ കുരുക്കുന്നതിനെ കാണാൻ.

സമസ്​ത മേഖലയും വർഗീയവത്​കരിച്ച സംഘ്​പരിവാർ, സ്​കൂളുകളിലേക്ക്​ ഇത്തരത്തിൽ കടന്നുകയറുന്നതിൽ നമ്മുടെ പൊതുബോധത്തിന്​ ആശങ്കയോ നടുക്കമോ തോന്നുന്നില്ല എന്നത് ​ആശങ്കജനകമാണ്​. സിനിമയിലെ ജഡ്​ജിമാരെ അനുസ്​മരിപ്പിക്കും വിധത്തിൽ ഇടക്കിടെ പഞ്ച്​ ഡയലോഗുകൾ ചില കോടതി മുറികളിൽനിന്ന്​ ഉയരുന്നുവെന്നതല്ലാതെ നീതിപീഠവും വർഗീയ അജണ്ടകളെ തടയിടുന്നതിനാവശ്യമായ ഇടപെടൽ നടത്തുന്നില്ല എന്ന്​ പറയേണ്ടിവരും. രാജ്യത്തെ കുഞ്ഞുമനസ്സുകളെപ്പോലും വിഭജിക്കുന്ന വർഗീയ അജണ്ടയിൽനിന്ന്​ രക്ഷിക്കണമെന്ന്​ ദൈവത്തോട്​ കൈതൊഴുത്​ മനമുരുകി പ്രാർഥിക്കുക മാത്രമേ മാർഗമുള്ളൂ എന്നതിലേക്കാണോ കാര്യങ്ങളുടെ പോക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial august 06 2022
Next Story