ലോകായുക്തയെ സി.പി.എമ്മിന് പേടിയോ
text_fieldsലോകായുക്ത നിയമം ഭേദഗതിചെയ്ത സംസ്ഥാന മന്ത്രിസഭ ഓർഡിനൻസിനെ കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത് ഇപ്രകാരമാണ്: ''നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓർഡിനൻസ് എന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകുന്നില്ല. സഭ സമ്മേളിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ സഭയിൽ ബില്ലായി അവതരിപ്പിച്ചാൽ എല്ലാവർക്കും ഇതിനെക്കുറിച്ച് അഭിപ്രായം പറയാൻ അവസരമുണ്ടാകുമായിരുന്നു. ഇത് നിഷേധിക്കപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. വിഷയത്തിൽ ആവശ്യമായ രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ല എന്നത് സത്യമാണ്'''. കാര്യഗൗരവത്തിലുള്ള ഒരുചർച്ചയുമില്ലാതെ, എൽ.ഡി.എഫ് കമ്മിറ്റിയിൽപോലും ആലോചിക്കാതെയാണ് മന്ത്രിസഭ ഈ ഓർഡിനൻസ് അംഗീകരിച്ചതെന്ന് കാനത്തിന്‍റെ അസംതൃപ്തി നിറഞ്ഞ പ്രയോഗങ്ങളിൽ അടങ്ങിയിരിക്കുന്നു. സി.പി.എമ്മിന്‍റെയും എൽ.ഡി.എഫിന്‍റെയും പ്രഖ്യാപിത നിലപാടിനുവിരുദ്ധമായ ഈ നയംമാറ്റം ഇത്ര ധിറുതിപിടിച്ച് മന്ത്രിസഭ നടപ്പാക്കാൻ തുനിയുന്നത് എന്തിനാണ്? അടിയന്തരമായ എന്തു നിയമപ്രതിസന്ധിയാണ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്നത്? സി.പി.എം ലോകായുക്തയെ പേടിക്കുന്നുവോ?
1987ലെ കേരള പൊതുസേവകരുടെ അഴിമതി (കേസന്വേഷണ) നിയമംകൊണ്ട് സംസ്ഥാനത്തെ ഉദ്യോഗസ്ഥ-മന്ത്രിതല അഴിമതിയെ ഫലപ്രദമായി തടയാനാകില്ലെന്ന തിരിച്ചറിവാണ്, ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻകൂടി അംഗമായ 1999ലെ നായനാർ സർക്കാറിനെ കേരള ലോകായുക്ത നിയമം പാസാക്കാനും നടപ്പാക്കാനും പ്രേരിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളും അഴിമതിവിരുദ്ധ ഓംബുഡ്സ്മാൻ രൂപവത്കരിക്കണമെന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമീഷൻ നിർദേശം അതിനു ചുണ്ടുപലകയുമായി. പഞ്ചായത്തംഗം തൊട്ട് മുഖ്യമന്ത്രിവരെയും ലോവർ ഡിവിഷൻ ക്ലർക്ക് തൊട്ട് ചീഫ് സെക്രട്ടറിവരെയുമുള്ളവരുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ ഏതൊരു പൗരനും പരിഹാരംതേടി നേരിട്ട് സമീപിക്കാവുന്ന ശക്തവും കാര്യക്ഷമവുമായ സ്ഥാപനമാക്കുന്നതിന്, മുഖ്യമന്ത്രി, സ്പീക്കർ പ്രതിപക്ഷ നേതാവ് എന്നിവർ കൂടിയാലോചിച്ച് ശിപാർശ ചെയ്യുന്ന സുപ്രീം കോടതി ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസോ ആയി വിരമിച്ചവരെയാണ് ഗവർണർ ലോകായുക്തയായി നിയമിക്കുക എന്ന് തീരുമാനിക്കുകയും ചെയ്തു.
രാജ്യത്തിലെ നിയമവിശാരദരുടെ മുക്തകണ്ഠ പ്രശംസക്ക് കാരണഭൂതമായ ഈ നിയമനിർമാണത്തിലെ ഏറ്റവും ആകർഷക അനുച്ഛേദം ഭരണാധികാരികളോ ഉദ്യോഗസ്ഥരോ അഴിമതിയോ സ്വജനപക്ഷപാതമോ കാണിച്ചുവെന്ന് ലോകായുക്ത വിചാരണാന്തരം വിധിച്ചാൽ അത്തരക്കാർ രാജിവെക്കാനോ തദ്സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടാനോ ബാധ്യസ്ഥമാകുമെന്നതായിരുന്നു. ബന്ധുനിയമന വിവാദത്തിൽ കെ.ടി. ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത് ലോകായുക്തയുടെ പ്രാധാന്യവും പ്രസക്തിയും പ്രതിഫലിപ്പിച്ച സംഭവമായിരുന്നു. എന്നാൽ, പുതിയ ഭേദഗതിയിലൂടെ, സമാനമായ സാഹചര്യം ഇനിയുണ്ടായാൽ രാജിക്കാര്യത്തിൽ തീരുമാനാധികാരവും മൂന്നു മാസംവരെ അത് വൈകിപ്പിക്കാനുമുള്ള അവകാശവും മുഖ്യമന്ത്രിക്ക് ലഭിക്കും. ഉദ്യോഗസ്ഥരുടെ കാര്യത്തിലാണെങ്കിൽ ആ 'അവകാശം' അവരുടെ മേലുദ്യോഗസ്ഥർക്കായിരിക്കും. അതോടെ ലോകായുക്തയുടെ വിധി നടപ്പാക്കണമോ തള്ളിക്കളയണമോയെന്ന് എക്സിക്യൂട്ടീവിന് തീരുമാനിക്കാം. ഫലത്തിൽ, സംസ്ഥാന സർക്കാർ ഒറ്റ ഓർഡിനൻസിലൂടെ ലോകായുക്തയെ പല്ലില്ലാത്ത കാവൽ നായയാക്കി അപ്രസക്തമാക്കിയിരിക്കുകയാണ്.
സംസ്ഥാന സർക്കാർ ഇപ്പോൾ കൊണ്ടുവന്ന ഭേദഗതി 1999ലെ നിയമസഭയിൽ അവതരിപ്പിച്ച കരടിൽ അടങ്ങിയിരുന്നു. അന്ന് സി.പി.എം നേതാക്കൾ അതിശക്തമായാണ് എതിർത്തതെന്ന് സഭാ രേഖകളിലുണ്ട്. പൊതുപ്രവർത്തകർ കുറ്റം ചെയ്തെന്ന് ലോകായുക്ത പറഞ്ഞാൽ പിന്നെ പദവിയിൽ തുടരുന്നത് അപമാനകരമാണെന്നായിരുന്നു ജി.സുധാകരന്‍റെ അഭിപ്രായം. ലോക്പാൽ ലോക്സഭയിൽ അവതരിപ്പിച്ച സമയത്ത് അഴിമതി തടയാൻ കർശനമായ നിയമനിർമാണം വേണമെന്ന നിലപാടിലായിരുന്നു സി.പി.എമ്മും ഇടതുപക്ഷവും. അതുകൊണ്ടുതന്നെ പെെട്ടന്നുള്ള നിലപാടിലെ മലക്കം മറിച്ചിലിലേക്ക് സി.പി.എമ്മിനെ നയിച്ചത്, പ്രതിപക്ഷം ആരോപിക്കുന്നതുപോലെ ലോകായുക്തയിലുള്ള മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനുമെതിരായ കേസുകളുടെ വിധിയെ കുറിച്ച ഭീതിയാണോ എന്ന് സംശയിച്ചാൽ തെറ്റു പറയാനാവില്ല. അതുകൊണ്ട്, 2019 ൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി സമർഥിച്ച കാര്യം തെന്നയേ മാധ്യമത്തിനും പറയാനുള്ളു.''ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം 'കുരയ്ക്കാൻ മാത്രം കഴിയുന്ന, എന്നാൽ കടിക്കാൻ കഴിയാത്ത, ഒരു കാവൽനായ' എന്നതാണ്. എന്നാൽ, ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തക്ക് വിപുലമായ അധികാരങ്ങൾ നിയമപരമായി നൽകിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാൽ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത. ഭരണനിർവഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകൾക്കും പരിഹാരം തേടി ലോകായുക്തയെ സമീപിക്കാൻ കഴിയും. പരാതിക്കാരന് പണച്ചെലവില്ലാതെ, സാങ്കേതികത്വവും കാലതാമസവും ഒഴിവാക്കി ഉചിതമായ പരിഹാരമാർഗങ്ങൾ നൽകാനും ഉത്തരവാദികൾക്കെതിരെ നടപടി ശിപാർശ ചെയ്യാനും ലോകായുക്തക്ക് കഴിയും''. ഈ അവസ്ഥ ഇനിയും തുടരണം; അതാണ് ഭരണ-ഉദ്യോഗസ്ഥ സംവിധാനം കൂടുതൽ സുതാര്യവും അഴിമതിരഹിതവുമാക്കാനുള്ള മാർഗം. അതിനാൽ, ഈ ഓർഡിനൻസ് പിൻവലിക്കാൻ സർക്കാർ സന്നദ്ധമാകണം. ലോകായുക്തയെ ഞെരിച്ചുകൊല്ലാൻ ശ്രമിക്കുന്നതിന്‍റെ പേര് ജനാധിപത്യമെന്നല്ല; ഏകാധിപത്യമെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
