Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ അറസ്റ്റ് നടപടിക്ക് ഒരു കൈയടി
cancel

സംഘ്പരിവാർ വിദ്വേഷപ്രചാരകരോട്- അത് മൈതാനത്ത് വേദികെട്ടി പ്രസംഗിക്കുന്നവരായാലും സമൂഹമാധ്യമങ്ങളിൽ പ്രസംഗവും കുറിപ്പുകളും കൊണ്ട് വിഷം പരത്തുന്നവരായാലും കേരള പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നു എന്നൊരു വിമർശനം നിലവിലുണ്ട്. ബാബരി മസ്ജിദ് കേസിലെ കോടതിവിധിയോട് വിയോജിക്കുന്ന സമൂഹ മാധ്യമ പോസ്റ്റുകളുടെ പേരിൽ മതസ്പർധ പരത്തുന്ന കുറ്റം ചുമത്തി സ്വമേധയാ കേസെടുത്ത പൊലീസ് ബി.ജെ.പി-ആർ.എസ്.എസ് സൈദ്ധാന്തികരും പ്രവർത്തകരും നടത്തുന്ന പ്രകോപന പ്രചാരണങ്ങൾക്കെതിരെ പരാതി നൽകിയാലും കേസെടുക്കാത്ത ഒരുപാട് സംഭവങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. അതെല്ലാം നിലനിൽക്കെത്തന്നെ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് കൈക്കൊണ്ട നടപടി ഒരു ചെറു തിരുത്തുതന്നെയാണ്.

സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നിരന്തരം വർഗീയ വിദ്വേഷം വമിപ്പിക്കുന്ന ഒരു വ്യക്തിയെ അവർ അറസ്റ്റു ചെയ്തു. മലപ്പുറം ജില്ലയിൽ സസ്യാഹാരം വിളമ്പുന്ന പല ഹോട്ടലുകളുടെയും നടത്തിപ്പുകാർ മുസ് ലിംകളാണെന്നും അവർ നൽകുന്ന ഭക്ഷണം ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണമെന്നുമടക്കം അതി ജുഗുപ്സമായ പരാമർശങ്ങളാണ് അയാൾ നടത്തിയത്. മതസാഹോദര്യം തകർക്കണമെന്നുള്ള ദുരുദ്ദേശ്യത്തോടുകൂടി മനഃപൂർവം വർഗീയ വിദ്വേഷപ്രചാരണം നടത്തിയതിന് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സ്വമേധയാ എടുത്ത കേസിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. ഒട്ടേറെ ക്രിമിനൽ കുറ്റാരോപണങ്ങൾ നിലനിൽക്കുന്ന, പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള ആ വ്യക്തി ചില വാർത്താ വെബ്സൈറ്റുകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്; മാധ്യമപ്രവർത്തകനെന്നാണ് സ്വയം അവകാശപ്പെടുന്നത്.

സ്വതന്ത്ര മാധ്യമപ്രവർത്തനം നിരന്തര ഭീഷണി നേരിടുന്ന ഒരു കാലമാണിതെന്നത് നിസ്തർക്ക വസ്തുതയാണ്. വാർത്തകൾ സധൈര്യം റിപ്പോർട്ട് ചെയ്യാനും പ്രസിദ്ധീകരിക്കാനും മുന്നോട്ടുവരുന്ന, മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അതിന്റെ പേരിൽ ഭരണകൂടത്തിന്റെയോ കോർപറേറ്റുകളുടെയോ അനിഷ്ടവും നിയമനടപടികളും നേരിടേണ്ടി വരുന്നു. അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുന്ന നേതാക്കൾ നയിക്കുന്ന കേന്ദ്ര സർക്കാർ മാധ്യമ മാരണത്തിന്റെ സകല മുൻമാതൃകകളെയും കടത്തിവെട്ടിയിരിക്കുന്നു. ദ വയർ, ന്യൂസ് ക്ലിക്, കാരവൻ, സ്ക്രോൾ, ആൾട്ട്ന്യൂസ് തുടങ്ങിയ മാധ്യമസംരംഭങ്ങളെ ശ്വാസം മുട്ടിക്കുന്ന രീതി വിവരണാതീതമാണ്. എന്നിട്ടുമവർ തലകുനിക്കാതെ മുന്നോട്ടുനീങ്ങുന്നു എന്നിടത്താണ് പ്രതീക്ഷ. കശ്മീരിലും യു.പി, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങി സംഘ്പരിവാർ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലും ഏറെ പ്രതിസന്ധികളാണ് മാധ്യമപ്രവർത്തകർ നേരിടുന്നത്.

കേരളത്തിലും കാര്യങ്ങൾ പൂർണമായും തൃപ്തികരമാണെന്ന് പറയാനാവില്ല. സംസ്ഥാന ഭരണകൂടത്തിന് രസിക്കാത്ത വാർത്തകൾ നൽകുന്നവരെ കേസിന്റെ കുരുക്കിൽപ്പെടുത്തുന്ന പ്രവണതയുണ്ട്. മാധ്യമപ്രവർത്തകർക്കെതിരെയെടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂനിയൻ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കാൻപോലും നിർബന്ധിതരായി. അതേസമയത്തുതന്നെയാണ് വാർത്താ വെബ്സൈറ്റുകളെ ബ്ലാക്മെയ്‍ലിങ്ങിന് മറയാക്കുന്നവരും വിദ്വേഷപ്രചാരണത്തിന് വേദിയാക്കുന്നവരും അശിക്ഷിതരായി തുടരുന്നത്. അക്കൂട്ടത്തിൽ ഒരാളെയെങ്കിലും അറസ്റ്റു ചെയ്യാൻ പൊലീസ് മുന്നോട്ടുവന്നതു നല്ലകാര്യം തന്നെ.

ചില ഓൺലൈൻ മാധ്യമങ്ങളുടെ നടത്തിപ്പുകാരുമായി പ്രമുഖ സംഘ്പരിവാർ നേതാവ് ചർച്ച നടത്തിയ വാർത്തയും ഇതിനൊപ്പം വായിക്കേണ്ടതുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുകൂല കവറേജ് നൽകുന്നതിന് പകരമായി ‘പിന്തുണ’ നൽകാമെന്നാണ് നേതാവ് വാഗ്ദാനം നൽകിയതെന്നും അത്തരം വാർത്താ സൈറ്റുകൾ ഒത്തുചേർന്ന് ഒരു സിൻഡിക്കേറ്റ് രൂപവത്കരിക്കാൻ നീക്കം നടത്തുന്നതായും പ്രമുഖ സമാന്തര മാധ്യമസ്ഥാപനമായ ‘ദ ന്യൂസ് മിനിറ്റ്’ വെളിപ്പെടുത്തുന്നു. ചർച്ചയിൽ പങ്കെടുത്തവരിൽ വർഗീയ വിദ്വേഷ പ്രചാരണത്തിന് കഴിഞ്ഞ ദിവസം പിടിയിലായ വ്യക്തിയുടെ സംഘവുമുണ്ടായിരുന്നു.

വർഗീയ വിദ്വേഷ പ്രചാരണത്തിലൂന്നിയ ധ്രുവീകരണം മാത്രമാണ് സംഘ്പരിവാറിന് നടപ്പിലാക്കാൻ കഴിയുന്ന ഏക അജണ്ട. സംഘ്പരിവാർ വികസിപ്പിച്ചെടുത്ത നുണകൾ നട്ട് കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങൾ ഒരുകാലത്ത് നടത്തിയ ലവ് ജിഹാദ് എന്ന മുസ്‍ലിം വിരുദ്ധ പ്രചാരണം പിന്നീട് ഇന്ത്യയൊട്ടുക്ക് പടർത്താനും കുഴപ്പങ്ങൾ സൃഷ്ടിക്കാനും അവർക്കായി. മാധ്യമങ്ങൾ തെറ്റു മനസ്സിലാക്കി തിരുത്താനൊരുങ്ങുമ്പോഴേക്ക് അവർ നനച്ചിട്ട മണ്ണിൽ നുണയുടെയും വിദ്വേഷത്തിന്റെയും നൂറുനൂറ് തൈകൾ മുളച്ചുപൊന്തിയിരുന്നു.

വിദ്വേഷ പ്രചാരകർ ഏതു വിഭാഗത്തിലുള്ളവരാണെങ്കിലും, ഏതു പ്ലാറ്റ് ഫോം ഉപയോഗിക്കുന്നവരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരുവാൻ പൊലീസ് ഇനിയും ഇതുപോലെ മുന്നോട്ടുവരേണ്ടതുണ്ട്. വിദ്വേഷ പ്രസംഗത്തിനെതിരായ സുപ്രീംകോടതി വിധി അതാവശ്യപ്പെടുന്നുമുണ്ട്. അതിനൊപ്പം പരമ്പരാഗത മാധ്യമപ്രവർത്തനം കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും ഉത്തരവാദിത്തബോധവും നിറഞ്ഞതാവണം എന്നും ഓർമപ്പെടുത്തുന്നു ഇത്തരം സംഭവവികാസങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam Editorial: A round of applause for this arrest
Next Story