Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightദുർവാശികൊണ്ട്...

ദുർവാശികൊണ്ട് കോവിഡിനെ തടയാൻ കഴിയില്ല

text_fields
bookmark_border
ദുർവാശികൊണ്ട് കോവിഡിനെ തടയാൻ കഴിയില്ല
cancel
കേരള സർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യബോധമില്ലാതെ താളംതെറ്റുന്നുവെന്ന വിമർശനം സാമൂഹിക ആരോഗ്യ പ്രവർത്തകരും പ്രതിപക്ഷവും മാത്രമല്ല, ഇടതുപക്ഷ അനുകൂല സമീപനം സ്വീകരിക്കുന്ന വിദഗ്ധർപോലും കഴിഞ്ഞ കുറെ നാളുകളായി ഉന്നയിക്കുന്നുണ്ട്. എന്നാൽ, അതിനെയൊന്നും ഗൗരവബുദ്ധ്യാ പരിഗണിക്കാൻ ഒരു സന്ദർഭത്തിലും മുഖ്യമന്ത്രിയോ സർക്കാറോ സന്നദ്ധമായിരുന്നില്ല. അങ്ങേയറ്റം അശാസ്​ത്രീയമായ ലോക്ഡൗൺ രീതികളാണ് അതിൽ ഏറ്റവും കൂടുതൽ വിമർശന വിധേയമായത്.

ആഴ്ചയിൽ ഏതാനും ദിവസങ്ങൾ ഏതാനും മണിക്കൂറുകൾ കടകൾ തുറക്കാൻ അനുവാദം നൽകുക വഴി ലോക്ഡൗൺ കൊണ്ട് എന്താണോ ലക്ഷ്യംവെച്ചത് അതി​െൻറ നേർവിപരീതമാണ് സംഭവിക്കുന്നതെന്ന യാഥാർഥ്യം വ്യാപകമായി ഉന്നയിക്കപ്പെട്ടതാണ്. കുറച്ചുസമയം കടകൾ തുറക്കുക വഴി ആൾക്കൂട്ടവും തിരക്കും തദ്വാരാ സമ്പർക്കവും രോഗവ്യാപനവും കൂടുകയേയുള്ളൂവെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവുന്ന കാര്യമാണ് (ഈ യുക്​തി മുന്നിൽവെച്ച് ബാറുകൾ കൂടുതൽ സമയം തുറക്കാൻ സർക്കാർ അനുമതി നൽകിയതുമാണ്). എന്നാൽ, മുഖ്യമന്ത്രിക്കും അദ്ദേഹത്തി​െൻറ കൂട്ടത്തിലുള്ള അതിവിദഗ്ധർക്കും മാത്രം അത് മനസ്സിലായില്ല. ലോക്ഡൗൺ ആഴ്ചകൾ പിന്നിട്ടിട്ടും രോഗവ്യാപനത്തിൽ ഒരു കുറവും വന്നതുമില്ല. വ്യാപാരികളും സാധാരണക്കാരും സാമ്പത്തിക ക്ലേശത്തിലേക്കും പട്ടിണിയിലേക്കും എടുത്തെറിയപ്പെട്ടത് മിച്ചം. ആത്്മഹത്യകൾ നിത്യസംഭവമായി.

ഗതികെട്ട വ്യാപാരികൾ സമരം പ്രഖ്യാപിച്ചപ്പോൾ 'മനസ്സിലാക്കി കളിച്ചാൽ മതി' എന്ന് സ്വരം കടുപ്പിച്ചു മുഖ്യമന്ത്രി. തലതിരിഞ്ഞ ലോക്ഡൗൺ നടപടികൾ അടിച്ചേൽപിക്കാൻ പൊലീസും ഉദ്യോഗസ്​ഥരും നിരത്തിലിറങ്ങിയതോടെ കേരളമാകെ ഒരു 'ഫൈൻ സ്​റ്റേറ്റ്' ആയി മാറുകയായിരുന്നു. ചെറുകിട വ്യാപാരികളും സാധാരണക്കാരും കൂലിപ്പണിക്കാരും എന്തിനേറെ പശുവിന് പുല്ലരിയാൻപോയ കർഷകൻ വരെ 'ഫൈൻരാജി'െൻറ പിടിയിൽ പെട്ടു. ഗതികെട്ട നാട്ടുകാർ പലേടത്തും പൊലീസുമായി ശണ്ഠകൂടാനും അത് ലൈവ് ആയി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും തുടങ്ങി. പൊലീസും ജനങ്ങളും തമ്മിലെ സംഘർഷം നിയമരാഹിത്യത്തിലേക്ക് നാടിനെ എത്തിക്കുന്ന അവസ്​ഥ വന്നു. അവസാനം ലോക്ഡൗൺ മാനദണ്ഡങ്ങൾ മാറ്റാം എന്ന നിലയിലേക്ക് സർക്കാർ വന്നു. ബുധനാഴ്ച പുതിയ ക്രമീകരണങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

പുതിയ ലോക്ഡൗൺ മാനദണ്ഡങ്ങൾ പഴയതിനേക്കാൾ തമാശ നിറഞ്ഞതാണ്. ആഴ്ചയിൽ ആറു ദിവസവും രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ തുറക്കാൻ അനുമതിയായിട്ടുണ്ട്. ടി.പി.ആർ നിരക്കനുസരിച്ച് തദ്ദേശ സ്​ഥാപനങ്ങളെ കാറ്റഗറികളാക്കി തിരിച്ച് ലോക്ഡൗൺ തീവ്രത നിശ്ചയിച്ചിരുന്ന പഴയ രീതിയും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു അങ്ങാടിയിൽ റോഡിന് ഒരുവശം ലോക്ഡൗണും മറുവശം തുറന്നും കിടന്നിരുന്ന വൈചിത്ര്യങ്ങൾ ഇനിയുണ്ടാവില്ല. പ്രതിവാര രോഗബാധ നിരക്ക് അടിസ്​ഥാനമാക്കിയായിരിക്കും ഇനി നിയന്ത്രണങ്ങൾ. എന്നാൽ, കടയിൽ വരുന്നവർക്ക് സർക്കാർ നിശ്ചയിച്ച നിബന്ധനകൾ അത്യന്തം പരിഹാസ്യമാണ്. ഒരു ഡോസ്​ വാക്സിനെങ്കിലും എടുത്ത് ഒരാഴ്ച കഴിഞ്ഞവർ, അല്ലെങ്കിൽ 72 മണിക്കൂറിനിടെ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവർ, അതുമല്ലെങ്കിൽ ഒരു മാസത്തിന് മുമ്പ് കോവിഡ് പോസിറ്റിവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവർ എന്നിവർക്കേ പുതിയ ഉത്തരവ് അനുസരിച്ച് കടകളിൽ വരാൻ പറ്റുകയുള്ളൂ. അതായത്, ഒരാൾക്ക് തൊട്ടടുത്ത കടയിൽ പോയി ഒരു പാക്കറ്റ് പാൽ വാങ്ങിക്കണമെന്നുണ്ടെങ്കിൽ കർണാടകയിൽ പോവാൻ ആവശ്യമായ രേഖ അയാളുടെ കൈവശമുണ്ടായിരിക്കണം. അല്ലെങ്കിൽ പാലി​െൻറ വിലക്കൊപ്പം പൊലീസിന് കൊടുക്കാനുള്ള പിഴത്തുകയും ​ൈകയിൽ കരുതേണ്ടി വരും.

പുതിയ ഉത്തരവിലെ കർശന നിബന്ധനകൾ തനി മണ്ടത്തമാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിട്ടും എന്തുകൊണ്ടായിരിക്കും സർക്കാർ ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതും അത് കർശനമായി നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ആവർത്തിക്കുകയും ചെയ്യുന്നത്? അതി​െൻറ ഉത്തരം അന്വേഷിക്കുമ്പോൾ നാം ചില സംശയങ്ങളിലേക്ക് കടക്കും. പുതിയ നിബന്ധനകൾ സാധാരണഗതിയിൽ അപ്രായോഗികമാണെന്ന് എല്ലാവർക്കും അറിയാം. മീൻ വാങ്ങിക്കാൻ പോകുന്നയാൾ സർട്ടിഫിക്കറ്റുകൾ കൈയിൽ വെക്കില്ല. അപ്പോൾ പിന്നെ അയാളിൽനിന്ന് പിഴ ഈടാക്കാം എന്ന് സർക്കാർ വിചാരിക്കുന്നുണ്ടാവാം. പിഴ പ്രധാനപ്പെട്ട ഒരു വരുമാന േസ്രാതസ്സായി സർക്കാർ കാണുകയാണോയെന്ന് സംശയിക്കേണ്ടി വരും. അല്ലെങ്കിൽ പിന്നെ സർക്കാറി​െൻറ ദുർവാശിയും ദുരഭിമാനബോധവുമായിരിക്കണം ഇത്തരം വിചിത്ര നിബന്ധനകൾക്ക്​ കാരണം. ജനങ്ങളും മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിയ കനത്ത സമ്മർദത്തിനു വഴങ്ങേണ്ടിവന്നതിലുള്ള ദുരഭിമാന ബോധത്താൽ അതേക്കാൾ മാരകമായ പ്രഹരം ജനങ്ങൾക്കിരിക്കട്ടെ എന്ന ദുർവാശി. ജനങ്ങൾ അസ്വസ്​ഥരാണ്, സർക്കാറി​െൻറ കോവിഡ് നയത്തിനെതിരായ അമർഷത്തിലാണ് എന്ന് മുഖ്യമന്ത്രി മനസ്സിലാക്കുന്നില്ലേ?

നാട്ടിലെ യാഥാർഥ്യങ്ങളെക്കുറിച്ച്​ മുഖ്യമന്ത്രിയെയും സംഘത്തെയും പറഞ്ഞു മനസ്സിലാക്കാനുള്ള ഉത്തരവാദിത്തം പാർട്ടിക്കുണ്ട്. സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രാദേശിക നേതൃത്വങ്ങൾക്കുമുണ്ട്​. പക്ഷേ, ഇതിനെയെല്ലാം കഷ്​ടപ്പെട്ട് ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ് പാർട്ടി വക്​താക്കൾ. രണ്ടാമതും അധികാരത്തിലെത്തി, കിറ്റ് നൽകുന്നു എന്നീ കാര്യങ്ങൾവെച്ച് എന്തും ചെയ്യാമെന്നാണ് അവർ വിചാരിക്കുന്നതെന്ന് തോന്നുന്നു.

Show Full Article
TAGS:editorial 
News Summary - madhyamam editorial
Next Story