Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവാദകോലാഹലങ്ങളല്ല,...

വാദകോലാഹലങ്ങളല്ല, വസ്​തുതകൾ സംസാരിക്ക​ട്ടെ

text_fields
bookmark_border
വാദകോലാഹലങ്ങളല്ല, വസ്​തുതകൾ സംസാരിക്ക​ട്ടെ
cancel




സംസ്​ഥാനത്തെ ന്യൂനപക്ഷ സ്​കോളർഷിപ്​​ വിഷയത്തിൽ കേരള ഹൈകോടതി നൽകിയ വിധി നിർഭാഗ്യകരമാണ്​. മെറിറ്റ്​ സ്​കോളർഷിപ്പിൽ 80 ശതമാനം മുസ്​ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്​ത്യൻ വിഭാഗങ്ങൾക്കുമായി നൽകുന്ന രീതി കോടതി റദ്ദാക്കിയിരിക്കുന്നു. 80:20 അനുപാതത്തിനു പകരം, എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതത്തിൽ ആനുകൂല്യം വിതരണം ചെയ്യണമെന്നാണ്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്​ ഉത്തരവിട്ടിരിക്കുന്നത്​. പിന്നാക്ക വിഭാഗങ്ങൾക്ക്​ അവരുടെ പിന്നാക്കാവസ്​ഥക്ക്​ ആനുപാതികമായി അധിക ആനുകൂല്യങ്ങൾ നൽകുന്ന 'രചനാത്​മക വിവേചനം' (പോസിറ്റിവ്​ ഡിസ്​ക്രിമിനേഷൻ) അഥവാ സംവരണം, സാമൂഹിക നീതി കൈവരിക്കുന്നതിനുള്ള ഉചിത മാർഗമായി ലോകമെങ്ങും അംഗീകരിക്കപ്പെട്ട കാര്യമാണ്​. ഇവിടെയാക​ട്ടെ, വർഷങ്ങളെടുത്ത സമഗ്രമായ പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്​ഥാനത്തിൽ മുസ്​ലിംകൾക്കായി തീരുമാനിക്കപ്പെട്ട പരിമിതമായ പരിഹാരംവരെ നിഷേധിക്കുകയാണ്​ കോടതി ചെയ്യുന്നത്.

സംവരണത്തി​ന്‍റെ അടിസ്​ഥാന തത്ത്വത്തെ നിരാകരിക്കുന്ന ഈ തീർപ്പ്​, നൂറു​ ശതമാനമാകേണ്ടിയിരുന്ന വിഹിതത്തെ 80 ശതമാനമാക്കിയതിലെ സൗമനസ്യംപോലും കണ്ടില്ലെന്നു വെക്കുക മാത്രവുമല്ല ചെയ്​തത്​. സമുദായങ്ങൾക്കിടയിൽ വളർത്തപ്പെട്ട തെറ്റിദ്ധാരണകളും അസ്വാരസ്യങ്ങളും യുക്​തിപൂർവം വിലയിരുത്തി നീക്കംചെയ്യാനും സാമുദായിക സൗഹാർദം ശക്​തിപ്പെടുത്താനും കിട്ടിയ അവസരം പാഴാക്കുകകൂടി ചെയ്​തിരിക്കുന്നു ഈ വിധിയിലൂടെ കോടതി. കൃത്യമായ വിശദീകരണം വഴി ഇല്ലാതാക്കാമായിരുന്ന തെറ്റിദ്ധാരണകൾ മുമ്പ്​ സർക്കാർതലത്തിൽ നീക്കം​ ചെയ്യപ്പെടാതെ പോയി; ഇപ്പോൾ ജുഡീഷ്യറിയുടെ തലത്തിലും ആ അനീതിക്ക്​ തുടർച്ചയുണ്ടായിരിക്കുന്നു. കോടതിക്ക്​ മുമ്പാകെ വരേണ്ടിയിരുന്ന വസ്​തുതകൾ മുഴുവൻ അവതരിപ്പിക്കപ്പെ​ട്ടോ എന്നതെല്ലാം വിശദീകരിക്കപ്പെടേണ്ടതുണ്ട്​.

ഒരു യുക്​തിയുമില്ലാതെ അന്യായമായുണ്ടായതല്ല മുസ്​ലിം വിഭാഗത്തിനായുള്ള സംവരണം. ഒന്നരപ്പതിറ്റാണ്ട്​ മുമ്പ്​ ജസ്​റ്റിസ്​ രജീന്ദർ സച്ചാർ തലവനായി കേന്ദ്രസർക്കാർ രൂപവത്​കരിച്ച സമിതി കേരളമടക്കം എല്ലാ സംസ്​ഥാനങ്ങളിലും ചെന്ന്​ നടത്തിയ സമഗ്രമായ പഠനത്തിനൊടുവിൽ കണ്ടെത്തിയത്​, വിദ്യാഭ്യാസമടക്കമുള്ള സൂചകങ്ങളിൽ മുസ്​ലിംകൾ മറ്റുള്ളവരെക്കാൾ വളരെ പിന്നിലാണ്​ എന്നായിരുന്നു. ഇതി​ന്‍റെ തുടർച്ചയായി കേരളത്തിൽ മന്ത്രി പാലോളി മുഹമ്മദ്​കുട്ടി അധ്യക്ഷനായി പത്തംഗ കമ്മിറ്റി കേരളത്തിൽ നടപ്പാക്കേണ്ട നൂറോളം ശിപാർശകൾ സമർപ്പിച്ചു. അതിൽ പറയുന്ന സൗജന്യ മത്സരപ്പരീക്ഷ പരിശീലന കേന്ദ്രങ്ങളടക്കമുള്ളവ, സച്ചാർ കമ്മിറ്റി നിർദേശിച്ചതിൻ ​പ്രകാരം മുസ്​ലിംകൾക്കായി മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ, ഒരുഘട്ടത്തിൽ, ഈ സൗകര്യങ്ങൾ മറ്റു പിന്നാക്ക ന്യൂനപക്ഷങ്ങൾക്കു കൂടി നൽകാമെന്നും അതുതന്നെയും മുസ്​ലിം ഉദ്യോഗാർഥികൾക്ക്​ നഷ്​ടംവരാത്തവിധത്തിലാകണമെന്നും തീരുമാനിച്ചത്​ മുസ്​ലിംകൾക്ക്​ മാത്രമായുള്ള പദ്ധതിയെ അധികപ്രീണനമായി തെറ്റിദ്ധരിപ്പിക്കാൻ തൽപരകക്ഷികൾക്ക്​ വഴിതുറന്നുകൊടുത്തു എന്നതാണ്​ വസ്​തുത. നൂറുശതമാനം മുസ്​ലിംകൾക്ക്​ അർഹതപ്പെട്ടതിൽ മറ്റുവിഭാഗങ്ങളെ ഉൾപ്പെടുത്തിയ സൗമനസ്യം, എല്ലാവർക്കും കി​ട്ടേണ്ടതിൽ 80 ശതമാനം മുസ്​ലിംകളെടുക്കുന്നു എന്ന്​ പ്രചരിപ്പിക്കാൻ അവർ അവസരമാക്കി. മുസ്​ലിംകൾക്കുവേണ്ടി ഉദ്ദേശിച്ച പരിശീലന കേന്ദ്രങ്ങളെ 'ന്യൂനപക്ഷങ്ങൾക്കുള്ള കോച്ചിങ്​​ സെൻറർ' എന്നു​ പേരുമാറ്റി വിളിച്ചത്​ ഫലത്തിൽ ചീത്തപ്പേരായി മാറി. സംസ്​ഥാന ന്യൂനപക്ഷ വകുപ്പാക​ട്ടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ബജറ്റിൽ മെലിഞ്ഞുമെലിഞ്ഞ്​ വന്നു. മുസ്​ലിം പ്രീണനമെന്ന ക​ുപ്രചാരണങ്ങളെ നേരിടുന്നതിനുപകരം രാഷ്​ട്രീയ ലാഭത്തിനായി സംസ്​ഥാനസർക്കാർ മൗനംപാലിച്ചതും തെറ്റിദ്ധാരണക്ക്​ ശക്​തിപകർന്നു.

പ്രചാരണങ്ങളും അവകാശവാദങ്ങളുമല്ല, വസ്​തുതകളാണ്​ സർക്കാർ നടപടികൾക്കും കോടതിവിധികൾക്കും അടിസ്​ഥാനമാകേണ്ടത്​. പിന്നാക്കാവസ്​ഥയിലുള്ള വിഭാഗങ്ങൾക്ക്​ പ്രത്യേക പരിഗണന വേണമെന്നതിനാലാണ്​ ക്രൈസ്​തവക്ഷേമ കോർപറേഷൻ (കെ.എസ്​.ഡി.സി) അടക്കമുള്ള വിവിധ സ്​ഥാപനങ്ങളും പദ്ധതികളും ഏർപ്പെടുത്തുന്നത്​. ഇവയെക്കുറിച്ചും അവയുടെ ഗുണഭോക്​താക്കളെക്കുറിച്ചും ഓരോന്നിനും കാലങ്ങളായി അനുവദിച്ച ബജറ്റ്​ വിഹിതത്തെക്കുറിച്ചുമുള്ള ധവളപത്രം സർക്കാർ തയാറാക്കേണ്ടത്​ അത്യാവശ്യമായിരിക്കുന്നു. സമൂഹത്തിൽ വ്യാപകമായി തെറ്റിദ്ധാരണ സൃഷ്​ടിക്കുന്ന പ്രചാരണങ്ങളുടെ സത്യാവസ്​ഥ ജനങ്ങൾക്കു മാത്രമല്ല, ജുഡീഷ്യറിക്കും ബോധ്യമാകേണ്ടതുണ്ട്​. ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കേണ്ട ബാധ്യത സംസ്​ഥാന സർക്കാറിനുണ്ട്​. ഇക്കാര്യത്തിലും സമ്മർദങ്ങളല്ല, വസ്​തുതകളും സ്​ഥിതിവിവരങ്ങളുമാണ്​ തീരുമാനത്തെ നിർണയിക്കേണ്ടത്​. ഈ കൃത്യമായ വിവരങ്ങളുടെ ബലത്തിൽ നിയമ നടപടികളിൽ മാത്രമല്ല തുടർച്ച ഉണ്ടാകേണ്ടത്​. സാമുദായികാടിസ്​ഥാനത്തിൽ -പ്രത്യേകിച്ച്​ മുസ്​ലിം, ക്രിസ്​ത്യൻ വിഭാഗങ്ങൾക്കിടയിൽ- രൂപപ്പെട്ട അപകടകരമായ തെറ്റിദ്ധാരണകൾ നീക്കംചെയ്യുന്നതിന്​ ഉന്നതതല കൂടിയാലോചനകൾക്കും സൗഹാർദ നീക്കങ്ങൾക്കും സർക്കാർ മുൻകൈയെടുക്കണം. അന്യായവും അനീതിയും ഇല്ലാതായാൽ പോരാ, ഇല്ലാതായെന്ന്​ ജനങ്ങൾക്ക്​ ബോധ്യപ്പെടുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialMinority Welfare Scheme
News Summary - madhyamam editorial 31st may 2021
Next Story