Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനാട് ഏറ്റെടുക്കണം ഈ...

നാട് ഏറ്റെടുക്കണം ഈ ദൗത്യം

text_fields
bookmark_border
നാട് ഏറ്റെടുക്കണം ഈ ദൗത്യം
cancel

വെറുപ്പിന്‍റെ മുറിവുണക്കാൻ സ്നേഹമല്ലാതൊരു ശമനൗഷധവും ലോകത്തിന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വിദ്വേഷം മനസ്സുകളിൽ പണിതുയർത്തുന്ന മതിൽകെട്ടുകളെ സൗഹൃദംകൊണ്ടേ തകർക്കാനാവൂ എന്നതിനും ചരിത്രം സാക്ഷി.

സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും സുഗന്ധക്കൂട്ടുമായി പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമങ്ങൾ നന്മ കാംക്ഷിക്കുന്ന ഏവരുടെയും ഹൃദയങ്ങളിൽ സന്തോഷത്തിന്‍റെ പ്രകാശകിരണങ്ങൾ പ്രസരിപ്പിക്കുക തന്നെ ചെയ്തു. ഒരു സംശയവുമില്ല, എല്ലാ മത, ജാതി സമൂഹങ്ങളിലും സമീപകാലത്ത് തീരാവ്യാധിയായി പടർന്നുകൊണ്ടിരിക്കുന്ന വിദ്വേഷത്തിന്‍റെ അഗ്നി കെടുത്തിക്കളയാനുള്ള മനോഹരമായ മുൻകൈയായിരുന്നു മുസ്ലിംലീഗ് സംഘടിപ്പിച്ച ജില്ലതല മതസൗഹാർദ കൂട്ടായ്മകൾ.

സ്നേഹസംഗമങ്ങൾക്ക് സമാപനം കുറിച്ച് സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കിയതിങ്ങനെ: "കേരളത്തെ പിറകോട്ടു വലിക്കാൻ ശ്രമിക്കുന്നവർക്കു നൽകുന്ന മുന്നറിയിപ്പായി നമ്മളൊന്നാണെന്ന് പ്രഖ്യാപിക്കണം. പരസ്പരം അറിയാതെ തർക്കിക്കുന്നതാണ് നിലവിലെ പ്രതിസന്ധിയെങ്കിൽ ഇത് പരിഹരിക്കാനുള്ള മാർഗം ഓരോന്നിനെക്കുറിച്ചും പഠിപ്പിക്കുക എന്നതാണ്". എല്ലാ മതങ്ങളെക്കുറിച്ചും ശരിയായി മനസ്സിലാക്കാനുതകുംവിധം പുതുതലമുറകളെ പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളിലൂടെ പഠിപ്പിക്കണമെന്ന കാഴ്ചപ്പാട് പൊതു സമൂഹം ഏറ്റെടുക്കുകയും സർക്കാർ നടപ്പാക്കുകയും ചെയ്താൽ മാനവിക കേരളത്തിന് ഉറപ്പുള്ള അടിപ്പടവായി അത് പരിണമിച്ചേക്കും.

മുസ്ലിംലീഗ് ജില്ലകളിൽ സംഘടിപ്പിച്ച സംഗമങ്ങളിലെ വലിയ പങ്കാളിത്തവും അവിടെ നടന്ന സംസാരങ്ങളും അത്യന്താപേക്ഷിതമായി നമുക്ക് അനുഭവപ്പെടുന്നതിന് കെട്ടകാലം സമ്മാനിച്ച ഭീതിയും അകൽച്ചയും പ്രധാന കാരണമാണ്. രാഷ്ട്രീയ പാർട്ടികൾ സമുദായ സമുദ്ധാരണത്തിനും പാരസ്പര്യത്തിനും നേതൃത്വം നൽകിയ നാടുകൂടിയാണ് നമ്മുടേത്.

വിദ്വേഷത്തിന്‍റെ തീപ്പൊരി കാണുമ്പോഴേക്കും ഓടിയെത്തി കെടുത്താൻ അവർ ബദ്ധശ്രദ്ധാലുക്കളുമായിരുന്നു. മത, സമുദായ നേതാക്കൾ അവരവരുടെ സമുദായ നവോന്മേഷത്തിന് പണിയെടുക്കുമ്പോഴും അപര വിദ്വേഷത്തിന്‍റെ ഒരു ധ്വനിപോലും അവരുടെ ചലനങ്ങളിൽ ഉയരാതിരിക്കാൻ അതീവ ജാഗ്രത്തായിരുന്നു. അത്തരം സൂക്ഷ്മതകളുടെ സൗഭാഗ്യമാണ് നാം സൗഹൃദ കേരളത്തിന്‍റെ മേന്മയായി ആനന്ദത്തോടെ ആസ്വദിച്ചത്. ദൗർഭാഗ്യവശാൽ അധികാരത്തോടുള്ള ആർത്തി അത്തരം മൂല്യങ്ങളെ കാർന്നുതിന്നാൻ തുടങ്ങിയിരിക്കുന്നുവെന്നത് സങ്കടകരമാണ്.

പുതുകാല നേതാക്കളും പാർട്ടികളും സൗഹൃദത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്ന മത, ജാതി സമുദായങ്ങളെ അധികാരത്തിന്‍റെ അൽഗോരിതം ടേബിളിലെ അക്കങ്ങൾ മാത്രമായാണ് കണക്കുകൂട്ടുന്നത്. അവരെ അവിഹിത മാർഗങ്ങളിലൂടെ സ്വാധീനിക്കാനുള്ള എളുപ്പവിദ്യയായി അപര വിദ്വേഷവും വെറുപ്പിന്‍റെ പ്രചാരണങ്ങളും മാറിയിരിക്കുന്നു. എന്ത് അസത്യം പറഞ്ഞാലും അതിലൂടെ എന്തു കലാപമുണ്ടായാലും തരക്കേടില്ല, അധികാരത്തിന്‍റെ സിംഹാസനങ്ങളിൽ ഉപവിഷ്ടരായാൽ മതി എന്ന ചിന്ത രാജ്യത്തെ ആമൂലാഗ്രം ഗ്രസിച്ചതിന്‍റെ പിഴ കൂടിയാണ് നാമിപ്പോൾ ഒടുക്കേണ്ടിവരുന്നത്.

നാട്ടിലെ സ്വൈരജീവിതവും സൗഹൃദാന്തരീക്ഷവും അപ്രത്യക്ഷമാകുന്നതിന്‍റെ കാരണങ്ങളിലേക്ക് വെളിച്ചം വീശാൻകൂടി സൗഹൃദ സംഗമങ്ങൾ വികാസം പ്രാപിക്കുമ്പോഴാണ് വെറുപ്പിന്‍റെ പ്രത്യയശാസ്ത്രത്തെ വേരോടെ പിഴുതുമാറ്റാൻ നമുക്കാകുക.

നമ്മുടെ മതനിരപേക്ഷതയുടെ ആത്മാവ് എല്ലാ മതങ്ങളെയും സമഭാവനയോടെ ഉൾക്കൊള്ളാനുള്ള ശേഷിയാണ്. അവിടെ അപരദ്വേഷം അലിഞ്ഞില്ലാതാകുകയും മാനവികത തളിർക്കുകയും ചെയ്യുന്ന സഹജാവബോധം ജനിക്കുന്നു. അതുകൊണ്ട് പാണക്കാട് സാദിഖലി തങ്ങൾ കൊളുത്തിയ സ്നേഹജ്വാല എല്ലാ മതനേതാക്കളും സാംസ്കാരിക നേതൃത്വങ്ങളും ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതുണ്ട്. കേരളത്തിലെ മത സമുദായങ്ങൾക്കിടയിൽ അവിശ്വാസത്തിന്‍റെ വിത്തുകൾ മുളപ്പിക്കാൻ ചെറുതെങ്കിലും അവർക്കിടയിലെ അതിവാദികൾ സമീപകാലത്ത് വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നത് വിസ്മരിച്ചുകൂടാ.

സമൂഹമാധ്യമങ്ങളിലൂടെ വമിക്കുന്ന മതവിദ്വേഷത്തിന്‍റെ വൈറസ് പണ്ഡിതരേയും പാമരരേയും ഒരുപോലെ ബാധിക്കുന്ന കാര്യം ചുറ്റുവട്ടം നിരീക്ഷിക്കുന്ന ആർക്കും ബോധ്യപ്പെടും. അതുകൊണ്ട് സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും പ്രാദേശിക ഒത്തുചേരലുകൾ എല്ലാ ആരാധനാലയങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ മുഴുവൻ മത-മതേതര നേതൃത്വങ്ങൾക്കും ഇക്കാലത്ത് സവിശേഷമായ ബാധ്യതയുണ്ട്. കാരണം, അവസരം കിട്ടിയാൽ ആളിപ്പടർത്താൻ നിശ്ചയിച്ച് വിദ്വേഷക്കനലുകളെ ആവാഹിച്ച ഛിദ്രശക്തികളുടെ കുത്സിത ശ്രമങ്ങളെ ഏതെങ്കിലും ഒരു സംഘത്തിനോ സമുദായത്തിനോ മാത്രം എെന്നന്നേക്കുമായി കെടുത്തിക്കളയാൻ സാധിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

നമ്മുടെ നാട് കാത്തുസൂക്ഷിച്ച മത, മതേതര സാഹോദര്യത്തിന്‍റെ വിളക്ക് കെടാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ചുമതലയാണ്. ആ ചുമതലാബോധത്തിലേക്ക് നയിക്കാനും സ്നേഹത്തെയും സൗഹൃദത്തെയും സാഹോദര്യത്തെയും സ്വജീവിതത്തിൽ സജീവത്താക്കാനും ഇത്തരം സ്നേഹ സംഗമങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകും. അവ നിർബാധം നാട്ടിലാകെ പരക്കട്ടെയെന്ന് ആശംസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communal harmonymuslim league
Next Story