ജാതി ചിന്ത ഗർഭം പേറുന്ന ഉന്നത വിദ്യാകേന്ദ്രങ്ങൾ
text_fieldsനിമിഷാർധംകൊണ്ട് കുതിച്ചുമുന്നേറുന്ന ലോകത്ത് മനുഷ്യജീവിതം സുഗമവും ഉൽകൃഷ്ടവുമാക്കാനുള്ള തിരക്കിട്ട ഗവേഷണ പഠനങ്ങളിൽ മുഴുകിയിരിക്കുകയാണ് അന്തർദേശീയ സർവകലാശാലകളും ഉന്നത വിദ്യാസ്ഥാപനങ്ങളുമെല്ലാം. നിർമിതബുദ്ധിയുടെ സാധ്യതകളെയും വെല്ലുവിളികളെയും സംബന്ധിച്ചാണ് അടുത്തകാലത്തായി ഇവിടങ്ങളിലെല്ലാം ഗഹനചർച്ചകളും പഠനങ്ങളും നടക്കുന്നത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള, അതിൽ നല്ലൊരു പങ്ക് യുവജനങ്ങളുള്ള നമ്മുടെ രാജ്യവും സത്വരശ്രദ്ധയോടെ പഠന ഗവേഷണങ്ങൾ നടത്തേണ്ട കാലമാണ്. എന്നാൽ, ദുഃഖപൂർണവും നിരാശാജനകവുമാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നും അവയുടെ സാരഥികളിൽനിന്നും കേൾക്കുന്ന വർത്തമാനങ്ങൾ.
ഗോമൂത്രം കുടിച്ചാൽ 15 മിനിറ്റുകൊണ്ട് രോഗശമനമുണ്ടാകുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര പഠന സ്ഥാപനങ്ങളിലൊന്നായ മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി-എം) യുടെ മേധാവി പൊതുവേദിയിൽ പ്രസംഗിക്കുകയും തുടർന്നും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതിൽ നിന്ന് നമ്മൾ എത്തിപ്പെട്ടിരിക്കുന്ന അപകടാവസ്ഥ ബോധ്യമാവും. പരിഭാഷ സഹിതം പ്രസംഗത്തിന്റെ വിഡിയോ ആഘോഷപൂർവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതു വിശ്വസിച്ച് സാധുക്കളായ മനുഷ്യർ രോഗമുക്തി പ്രതീക്ഷിച്ച് മൂത്രം കുടിച്ച് അപകടം വരുത്തിവെക്കാൻ പോലും സാധ്യതകളേറെ. മറ്റേതു രാജ്യത്താണെങ്കിലും പൊതുജനാരോഗ്യത്തെ ഗുരുതരമാം വിധം തകർക്കുന്ന ഇത്തരമൊരു പ്രസ്താവന നടത്തിയയാളെ ഇതുപോലൊരു ഉന്നതപദവിയിൽ വെച്ചുപൊറുപ്പിക്കില്ല. ഗോമൂത്രം മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്നും മൂത്ര സാമ്പിളുകളിൽ ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയതായും ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) തയാറാക്കിയ പഠന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്ന് താക്കീതെങ്കിലും നൽകും. എന്നാലോ, ഗോമൂത്ര മാഹാത്മ്യം പ്രസംഗിച്ചയാൾ ഇപ്പോഴും കസേരക്ക് ഇളക്കം തട്ടാതെ ഐ.ഐ.ടി-എം ഡയറക്ടർ സ്ഥാനത്ത് തുടരുന്നു.
ഒട്ടനവധി ശാസ്ത്രഗവേഷകരെ ലോകത്തിന് സംഭാവന ചെയ്ത, യുക്തി ചിന്തയുടെയും ശാസ്ത്രീയ ചോദ്യങ്ങളുടെയും കേന്ദ്രമായിരുന്ന ബോംബെ ഐ.ഐ.ടി (ഐ.ഐ.ടി-ബി)യാവട്ടെ ഇപ്പോൾ അന്ധവിശ്വാസ-ജാതീയ ചിന്തകളെ ഗർഭംപേറുന്ന തിരക്കിലാണ്. നല്ല സന്തതികളെ ജനിപ്പിക്കുന്ന ശാസ്ത്രം എന്ന തലക്കെട്ടിൽ ഒരു സന്യാസിയെ മുഖ്യപ്രഭാഷകനാക്കി കഴിഞ്ഞയാഴ്ച അവിടെ നടന്ന ‘ഗർഭവിജ്ഞാന’ സെമിനാർ അതിന്റെ ദൃഷ്ടാന്തമായിരുന്നു. ‘ശ്രേഷ്ഠ മനുഷ്യർ’ക്ക് ജന്മം നൽകാൻ പഠിപ്പിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യമെന്നാണ് സംഘാടകർ അവകാശപ്പെട്ടത്. എന്നാൽ, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ഗുണങ്ങളിൽ പൂർവികർ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നും മറ്റും ചർച്ച ചെയ്യുന്ന പരിപാടി അന്ധവിശ്വാസങ്ങൾക്ക് ആധികാരികത സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നെന്നാണ് വിദ്യാർഥികളും നിരവധി അധ്യാപകരും കുറ്റപ്പെടുത്തിയത്. സ്ഥാപനത്തിന്റെ സംസ്കൃത സെൽ സംഘടിപ്പിച്ച പരിപാടിയാണിതെന്നും രാഷ്ട്രീയ-വിവാദ ഉള്ളടക്കങ്ങളില്ലാത്തതിനാൽ അനുമതി സംബന്ധിച്ച് പുനരാലോചന വേണ്ടതില്ലായിരുന്നെന്നുമാണ് ഇതിനെക്കുറിച്ച് മാധ്യമങ്ങൾക്ക് ലഭിച്ച ഔദ്യോഗിക വിശദീകരണം. കുടുംബത്തിലെ ശൈശവ വിവാഹം തടഞ്ഞതിന് പ്രതികാരമായി കൂട്ടബലാത്സംഗത്തിനിരയായ, ലൈംഗിക അതിക്രമങ്ങൾക്കെതിരെ നിലക്കാത്ത പോരാട്ടം തുടർന്ന ഭൻവാരി ദേവിയുടെ സംഭാവനകളെക്കുറിച്ച് ജെൻഡർ സെൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ചർച്ചയിലെ പ്രസംഗകരെ ശാഠ്യപൂർവം റദ്ദാക്കിച്ചതും ഇതേ ഐ.ഐ.ടിയിലാണെന്ന് ഓർക്കുക.
സ്വാതന്ത്ര്യസമരസേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന മൗലാന അബുൽകലാം ആസാദ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് രാജ്യത്ത് ആദ്യത്തെ ഐ.ഐ.ടി നിലവിൽ വരുന്നത്. ‘‘പുതുതായി പിറന്ന സ്വതന്ത്ര ഇന്ത്യയുടെ സാങ്കേതിക വിദ്യാ നേതാക്കളാവാൻ കെൽപ്പുള്ള അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരെ ലഭ്യമാക്കുന്നതിനായാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഐ.ഐ.ടികൾക്ക് തുടക്കമിട്ടത്’’ എന്നാണ് കൗൺസിൽ ഓഫ് ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി വെബ്സൈറ്റ് ആമുഖത്തിലെ ആദ്യ വാചകം. ഗോമൂത്ര സിദ്ധാന്തവും വേദകാല ഗർഭരീതികളുംപോലുള്ള ചിന്താധാരകൾ പ്രചരിപ്പിക്കാനുള്ള ഇടമല്ല അവയെന്ന് സുവ്യക്തം. എന്നിട്ടും ഹിന്ദുത്വമേധാവിത്വ ചിന്തകളും ആശയങ്ങളും സിലബസിൽ കുത്തിനിറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള പദ്ധതി രാജ്യത്തെ സംഘ്പരിവാർ ഭരണകൂടം നടപ്പാക്കവെ ശാസ്ത്ര ഗവേഷണമെന്ന ഉദ്ദേശ്യലക്ഷ്യത്തെ ഇടിച്ചുതാഴ്ത്തി അസംബന്ധങ്ങളുടെ ആചാര്യരാവാൻ മത്സരിക്കുകയാണ് പല അധ്യാപക പ്രമുഖരും. രാജ്യതലസ്ഥാനത്തെ പ്രധാന സർവകലാശാലകളിലൊന്നായ ഡൽഹി സർവകലാശാല എല്ലാവിധ എതിർപ്പുകളെയും മറികടന്ന് കഴിഞ്ഞ ദിവസം അനുമതി നൽകിയ ആറു മൂല്യവർധിത കോഴ്സുകളിൽ നാലെണ്ണം ഭഗവദ് ഗീതയിലൂന്നുന്നവയാണ്. പുതിയ യു.ജി.സി മാർഗനിർദേശക തത്ത്വങ്ങൾ അംഗീകരിക്കപ്പെടുകയും വി.സി സ്ഥാനങ്ങളിൽ ഭരണകൂടത്തിന്റെ താൽപര്യക്കാർ തിരുകി കയറ്റപ്പെടുകയും ചെയ്താൽ രാജ്യത്തെ നൂറുകണക്കിന് സർവകലാശാലകളിലും പാഠ്യപദ്ധതികൾ ഇവ്വിധത്തിൽ പുനഃക്രമീകരിക്കപ്പെടുമെന്നതിൽ തർക്കമേതുമില്ല. പൊതുവിദ്യാഭ്യാസത്തിന് വിനിയോഗിക്കേണ്ട ഫണ്ട് ദുരുപയോഗിച്ച് പരമാബദ്ധ വിഷയങ്ങളിലൂന്നിയ സെമിനാറുകളും സിമ്പോസിയങ്ങളും ഇതിനോടകം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു പല സർവകലാശാലകളും.
എതിർശബ്ദമുയർത്തുന്ന വിദ്യാർഥികളെയും അധ്യാപകരെയും ജയിലിലടച്ചും അടിച്ചൊതുക്കിയും പുറത്താക്കിയും ഹൈദരാബാദ് സർവകലാശാലയിലും ജെ.എൻ.യുവിലും ജാമിഅ മില്ലിയ്യയിലുമെല്ലാം വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ച സർക്കാർ കടന്നുകയറ്റത്തിന്റെ യഥാർഥ ലക്ഷ്യം അനാവരണം ചെയ്യപ്പെടുന്നതാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.