Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസി.എ.ജി പ്രമേയവും...

സി.എ.ജി പ്രമേയവും ഫെഡറലിസത്തിെൻറ സംരക്ഷണവും

text_fields
bookmark_border
സി.എ.ജി പ്രമേയവും ഫെഡറലിസത്തിെൻറ സംരക്ഷണവും
cancel


പതിനാലാം നിയമസഭയുടെ അവസാനദിനമായ ഇന്നലെ (ജനുവരി 22) അസാധാരണമായ ഒരു പ്രമേയാവതരണത്തിനാണ് സഭാ സമ്മേളനം സാക്ഷ്യം വഹിച്ചത്. കംേട്രാളർ ആൻഡ്​ ഓഡിറ്റർ ജനറൽ തയാറാക്കിയ 2019ൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ സ്​റ്റേറ്റ്​ ഓഡിറ്റ് ഫിനാൻസ്​ റിപ്പോർട്ടിലെ ചില ഖണ്ഡികകൾ തള്ളിക്കളയുന്നു എന്ന പ്രമേയം മുഖ്യമന്ത്രിതന്നെ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു എന്നതാണത്.

'കിഫ്ബിയുടെ വായ്പകൾ ഭരണഘടനാനുസൃതമല്ലെന്നും കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ട് ഭരണഘടനയുടെ ഏഴാം പട്ടിക, ഒന്നാം ലിസ്​റ്റ്​, ഇനം 37 െൻറ അടിസ്​ഥാനത്തിൽ കേന്ദ്ര സർക്കാറിെൻറ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നുമുള്ള പ്രസ്​തുത റിപ്പോർട്ടിലെ പരാമർശങ്ങൾ വസ്​തുതാപരമായ പിശകാണെന്നു മാത്രമല്ല, കരട് റിപ്പോർട്ടിൽ ഇല്ലാതിരുന്നതും കേരള സംസ്​ഥാനത്തിെൻറ വിശാല വികസന താൽപര്യങ്ങളെ ഹനിക്കുന്നതിനുവേണ്ടി അനാവശ്യവും ദുരൂഹവുമായ ധിറുതിയിലും എഴുതിച്ചേർക്കപ്പെട്ടതുമാണ്.

സർക്കാറിനെ അറിയിക്കാതെയും സർക്കാറിെൻറ അഭിപ്രായങ്ങൾ കേൾക്കാതെയും, സി.എ.ജി തന്നെ പുറപ്പെടുവിച്ച ഓഡിറ്റ് റെഗുലേഷൻ തത്ത്വങ്ങൾ ലംഘിച്ചുകൊണ്ടുമാണ് ഇത്തരമൊരു കൂട്ടിച്ചേർക്കൽ നടത്തിയതെന്നും ഈ സഭ കാണുന്നു. കരട് റിപ്പോർട്ടിൽ ഇല്ലാത്ത പരാമർശങ്ങൾ അന്തിമ റിപ്പോർട്ടിൽ വരുന്നത് സാമാന്യനീതിയുടെ നിഷേധമാണ്' -ഇങ്ങനെ പോകുന്നു സി.എ.ജി റിപ്പോർട്ടിനെതിരായ പ്രമേയത്തിലെ പരാമർശങ്ങൾ.

സി.എ.ജി റിപ്പോർട്ടിലെ മേൽ സൂചിപ്പിച്ച പരാമർശങ്ങൾ 'സി.എ.ജി ഓഡിറ്റ് റെഗുലേഷനുകൾ, സാമാന്യ നീതി, പ്രഫഷനൽ സമീപനം, രാഷ്​ട്രീയ നിഷ്പക്ഷത എന്നിവയുടെ ലംഘനമായി' സഭ കാണുന്നതായും പ്രമേയത്തിൽ പറയുന്നു. ആയതിനാൽ, പ്രസ്​തുത റിപ്പോർട്ടിലെ 'പേജ് 41 മുതൽ 43 വരെയുള്ള കിഫ്ബി സംബന്ധിച്ച പരാമർശങ്ങളും എക്സിക്യൂട്ടിവ് സമ്മറിയിൽ ഇതുസംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നു' എന്ന് പ്രമേയം പറയുന്നു.

സി.എ.ജി റിപ്പോർട്ട് തയാറായാൽ അത് സഭയുടെ മേശപ്പുറത്തുവെച്ച്, പബ്ലിക് അക്കൗണ്ട്സ്​ കമ്മിറ്റി (പി.എ.സി) പരിശോധനക്ക് വിടുകയാണ് പതിവ്. പി.എ.സി പരിശോധന റിപ്പോർട്ട് സഹിതം വീണ്ടും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. നിയമസഭയിലെ പുതിയ പ്രമേയം പാസായ സ്​ഥിതിക്ക് അതിൽ പറഞ്ഞതു പ്രകാരം 41 മുതൽ 43 വരെയുള്ള പേജുകൾ മാറ്റിവെച്ചുള്ള റിപ്പോർട്ടായിരിക്കും പി.എ.സി പരിശോധിക്കുക.

സി.എ.ജിക്കെതിരായ പ്രമേയത്തെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം എതിർത്തത്. ഭരണഘടന സ്​ഥാപനമായ സി.എ.ജിയുടെ റിപ്പോർട്ടിനെ നിരാകരിക്കാനുള്ള അവകാശം സഭക്കില്ലെന്ന വാദമാണ് കോൺഗ്രസ്​ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ചത്. ഭരണഘടനയെ തന്നെ തുരങ്കംവെക്കുന്ന പണിയാണ് പ്രമേയത്തിലൂടെ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ പാർലമെൻററി ചരിത്രത്തിൽ ഇല്ലാത്ത പുതിയൊരു കീഴ്വഴക്കമാണ് പ്രമേയത്തിലൂടെ സൃഷ്​ടിച്ചിരിക്കുന്നതെന്നും പ്രമേയത്തിൽനിന്ന് പിന്മാറണമെന്നും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയാറല്ല എന്ന സർക്കാർ നിലപാടാണ് പ്രമേയത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

സംസ്​ഥാന സർക്കാറിെൻറ അഭിമാനസ്​ഥാപനങ്ങളിലൊന്നാണ് കിഫ്ബി. കോടിക്കണക്കിന് രൂപയുടെ േപ്രാജക്​ടുകളാണ് കിഫ്ബിയിലൂടെ സർക്കാർ നടപ്പാക്കുന്നത്. ജി.എസ്​.ടി വന്ന ശേഷം, വരുമാന സമാഹരണത്തിൽ സംസ്​ഥാനങ്ങൾക്ക് വലിയ പങ്കില്ലാതെ വന്ന സാഹചര്യത്തിൽ അതിനെ മറികടക്കാൻ സർക്കാർ കണ്ട വഴി കൂടിയാണ് കിഫ്ബിയിലൂടെയുള്ള ധനസമാഹരണം. സംസ്​ഥാനത്തെ വികസനപ്രവർത്തനങ്ങളുടെ വാഹനമാകാൻ ഇതിനകം കിഫ്ബിക്ക് സാധിച്ചിട്ടുണ്ട്.

അത്തരമൊരു പ്രസ്​ഥാനത്തെ ഞെരിക്കുക എന്നത് കേന്ദ്ര സർക്കാറി​​​െൻറ രാഷ്​​ട്രീയ അജണ്ടയാവുമെന്നത് പ്രതീക്ഷിക്കാവുന്നതേയുള്ളൂ. സി.ബി.ഐ, എൻ.ഐ.എ, ഇ.ഡി തുടങ്ങി ഏതാണ്ടെല്ലാ കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് ബി.ജെ.പി ഇതര സംസ്​ഥാന സർക്കാറുകളെ ശ്വാസംമുട്ടിക്കുന്ന പണി കേന്ദ്ര സർക്കാർ തുടങ്ങിയിട്ട് കുറച്ചുകാലമായി. സി.എ.ജിയെയും അത്തരം വേലകൾക്ക് ഉപയോഗിക്കുന്നുവെന്ന വിമർശനം അതിനാൽ തന്നെ തള്ളിക്കളയാൻ പറ്റില്ല.

സാങ്കേതിക യുക്തികൾ ഉയർത്തി കിഫ്ബിക്ക് കുരുക്കിടാനുള്ള നീക്കമാണ് സി.എ.ജി നടത്തുന്നതെന്ന വിമർശനം പ്രസക്തമാണ്. അത്തരമൊരു പശ്ചാത്തലത്തിൽ സി.എ.ജിയെ മുൻനിർത്തി കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങളെ അങ്ങനെതന്നെ മനസ്സിലാക്കാൻ ഫെഡറലിസത്തിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും ബാധ്യതയുണ്ട്.

പ്രതിപക്ഷ വിമർശനത്തിനു പിന്നിൽ കക്ഷി രാഷ്​​ട്രീയ േപ്രരണകൾ മാത്രമാണ് എന്നുതന്നെ കരുതാവുന്നതാണ്. പക്ഷേ, സംസ്​ഥാനങ്ങളെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന, ഫെഡറലിസത്തെ സമ്പൂർണമായി ഇല്ലാതാക്കുന്ന, നമുക്ക് പരിചയമില്ലാത്ത രാഷ്​​ട്രീയസംസ്​കാരം നാട്ടിൽ അടിച്ചേൽപിക്കുന്ന, എന്തും ചെയ്യാൻ മടിക്കാത്ത ഒരു കേന്ദ്ര ഭരണകൂടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ പ്രമേയം പ്രതിപക്ഷപിന്തുണയോടെ പാസാക്കപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്.

അത്തരമൊരു രാഷ്​​ട്രീയസമവായത്തിലേക്ക് പ്രതിപക്ഷത്തെ കൂടി കൊണ്ടുവരാനുള്ള അധികജോലി ഭരണ പക്ഷവും എടുക്കേണ്ടതുണ്ടായിരുന്നു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള കള്ളനും പൊലീസും കളിക്ക് വലിയ പ്രസക്തിയില്ലാത്ത രാഷ്​​ട്രീയസാഹചര്യത്തിലാണ് നാം. ഭരിക്കുന്നത് യു.ഡി.എഫ് ആണെങ്കിലും എൽ.ഡി.എഫ് ആണെങ്കിലും, സംസ്​ഥാന ഭരണകൂടങ്ങൾക്കും അതിെൻറ പദ്ധതികൾക്കും സ്​ഥാപനങ്ങൾക്കും ഒരു വിലയും കൽപിക്കാത്ത കേന്ദ്രസമീപനം നിലനിൽക്കുന്ന കാലത്ത് സംസ്​ഥാനത്തിെൻറ അധികാരങ്ങളും അവകാശങ്ങളും സംരക്ഷിച്ചുനിർത്താനുള്ള പ്രയത്നത്തിൽ എല്ലാവരും യോജിച്ച് പ്രവർത്തിക്കുക തന്നെ വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialcag
News Summary - madhyamam editorial 23-1-21
Next Story