വർഗീയ രാഷ്ട്രീയത്തിൽ ഇടറിവീഴുന്ന സി.പി.എം
text_fieldsകേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ മതനിരപേക്ഷമായി നിലനിർത്തുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് ചരിത്രപരമാണ്. സാമ്രാജ്യത്വ വിരുദ്ധവും സാമൂഹിക നീതിയിലധിഷ്ഠിതവുമായ മലയാളിയുടെ രാഷ്ട്രീയബോധത്തെ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, വിശേഷിച്ച് സി.പി.എം വഹിച്ച പങ്ക് നിസ്തർക്കമാണ്. ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ വിദ്വേഷാഗ്നി പടർത്താൻ ശ്രമിച്ച ഘട്ടങ്ങളിലെല്ലാം, ജീവൻ ബലികൊടുത്തും അതിനെ പ്രതിരോധിച്ച പാരമ്പര്യമുണ്ട് ഒരുകാലത്ത് സി.പി.എമ്മിന്. എന്നാൽ, ആ ഉജ്ജ്വല ചരിത്രത്തെ റദ്ദുചെയ്യുന്ന രാഷ്ട്രീയ നീക്കങ്ങൾ ഇടതുപക്ഷ കേന്ദ്രങ്ങളിൽ സമീപകാലത്തായി നിരന്തരം സംഭവിക്കുന്നത് ഉത്കണ്ഠയോടെയേ നോക്കിക്കാണാൻ കഴിയൂ.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുള്ള അപകടകരമായ ഒരു ‘സോഷ്യൽ എൻജിനീയറിങ്’ ആണ് ഇപ്പോൾ സി.പി.എം കാർമികത്വത്തിൽ നടക്കുന്നത്. ന്യൂനപക്ഷങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെയും മറ്റു വിഭാഗങ്ങളുടെയും വോട്ടുകൾ ഏകീകരിക്കാനും, അതിലൂടെ അധികാരത്തുടർച്ചയും അവർ സ്വപ്നം കാണുന്നു. ഭൂരിപക്ഷ മത സമുദായങ്ങളുടെ വോട്ടുസമാഹരണത്തിനുവേണ്ടിയുള്ള ഈ രാഷ്ട്രീയ അടവുനയങ്ങളിൽ ഇസ്ലാമോഫോബിയയുടെ അടയാളങ്ങൾ പതിഞ്ഞുകിടക്കുന്നത് തെളിഞ്ഞുകാണാം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി അഭ്യന്തര വകുപ്പ് ഭരിക്കുമെന്നും മാറാടുകൾ ആവർത്തിക്കുമെന്നുമുള്ള സി.പി.എം മുൻ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് എ.കെ. ബാലന്റെ പ്രസ്താവന സംഘ്പരിവാർ നേതാക്കളെപ്പോലും നാണിപ്പിക്കുന്നതാണ്. ഇത് ആകസ്മികമായി സംഭവിക്കുന്ന നാക്കുപിഴയല്ല; 2019 തൊട്ട് പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ സൈബർ ചാവേറുകൾ വരെ വിവിധ മുസ്ലിം സംഘടനകളുടെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ വിദ്വേഷ പ്രചാരണത്തിന്റെ തുടർച്ചയാണ്. തിരുത്തേണ്ട മുഖ്യമന്ത്രി നേരിട്ടുവന്ന് വർഗീയ പരാമർശങ്ങൾക്ക് ന്യായീകരണങ്ങൾ ചമക്കുന്നു. മുസ്ലിം വിരുദ്ധത നിർലോഭം ഛർദിക്കാൻ ഇടതുസർക്കാറിന്റെ നവോത്ഥാന നായകൻ വെള്ളാപ്പള്ളി നടേശന് കരുത്താകുന്നതും പിണറായി വിജയന്റെ ആശീർവാദമാണ്. ഇത്തരം രാഷ്ട്രീയ വ്യതിചലനങ്ങളുടെ പ്രത്യാഘാതമാണ്, അടവുനയമായി തുടങ്ങിയ മുസ്ലിം അപരവത്കരണം അപകടകരമായ രീതിയിൽ സി.പി.എമ്മിൽ ആന്തരികവത്കരിക്കപ്പെട്ടുകഴിഞ്ഞത്. സി.പി.എമ്മിന്റെ മാധ്യമ വക്താവായി ആഘോഷിക്കപ്പെട്ടയാൾ ‘പഴയ ദ്രവിച്ച ആശയങ്ങൾ’ ഉപേക്ഷിച്ച് ബി.ജെ.പി രാഷ്ട്രീയത്തിനുവേണ്ടി പടക്കളത്തിലിറങ്ങാൻ തീരുമാനിച്ചത് ഇതിന്റെ തെളിവാണ്. ആർ.എസ്.എസ് ഉയർത്തുന്ന അതേ വാദങ്ങൾ കമ്യൂണിസ്റ്റ് നേതാക്കളുടെ നാവിൽനിന്ന് വരുമ്പോൾ, അത് വിദ്വേഷ രാഷ്ട്രീയത്തിന്റെ സ്വാഭാവികവത്കരണത്തിനാണ് (Normalization) കളമൊരുക്കുന്നത്.
സംഘ്പരിവാർ രാഷ്ട്രീയത്തെ ആശയപരമായി നേരിടേണ്ട പാർട്ടി, അവർ ഒരുക്കിവെച്ച വിദ്വേഷത്തിന്റെ കളിക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഒടുവിൽ പ്രസ്ഥാനത്തിന്റെ തന്നെ അന്ത്യത്തിനായിരിക്കും വഴിതെളിക്കുക. ആർ.എസ്.എസിന്റെ രാഷ്ട്രീയം മൃദുഭാഷയിലേറ്റെടുത്താൽ കേരളത്തിലെ ഭൂരിപക്ഷ മതസമൂഹങ്ങളുടെ പിന്തുണയാർജിക്കാമെന്ന വിചാരം മഹാ വിഡ്ഢിത്തമാണ്. പരവിദ്വേഷത്തിന്റെ കോട്ടകൾക്കകത്ത് ഒറ്റപ്പെട്ട് ജീവിക്കുന്നവരല്ല ഭൂരിപക്ഷം മലയാളികളും. സൈബറിടങ്ങളിലെ വെറുപ്പിന്റെ കോമരങ്ങളെ തിരിച്ചറിയാനും അവരോട് അകലം പാലിക്കാനുമുള്ള സാമൂഹികാരോഗ്യം കേരളത്തിനുണ്ട്. പരസ്പരം അറിഞ്ഞും അനുഭവിച്ചും ഒന്നുചേർന്ന് നെയ്തുയർത്തിയ സ്നേഹാദരവുകളുടെ മഹാ പൈതൃകത്തിന്റെ മാധുര്യം പരസ്പരം പകർന്നാനന്ദിക്കുന്നവരാണവർ. കഴിഞ്ഞ ലോക്സഭയിലും പാലക്കാട്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തി സി.പി.എം വിളമ്പിയ മുസ്ലിം അപരത്വത്തിന്റെ വിഷസദ്യ നിഷ്കരുണം ഓടയിലൊഴുക്കാൻ കേരളത്തിനായത് ഈ അനുഭവ സമ്പത്തിന്റെ കൈമുതലുകൊണ്ടാണ്.
ഉത്തരേന്ത്യയിൽ കോൺഗ്രസ് പരീക്ഷിച്ച് പരാജയപ്പെട്ട അതേ വഴികളിലൂടെ സി.പി.എമ്മും സഞ്ചരിക്കുമ്പോൾ മലിനീകരിക്കപ്പെടുന്നത് സഹസ്രാബ്ദങ്ങളിലൂടെ നാം ആർജിച്ച സഹവർത്തിത്വത്തിന്റെ തെളിനീരാണെന്ന് സി.പി.എം ഓർക്കുന്നത് നന്ന്. ഇത്തരം പ്രസ്താവനകളും പ്രവൃത്തികളും യഥാർഥത്തിൽ വളമാകുന്നത് സംഘ്പരിവാർ രാഷ്ട്രീയത്തിനാണെന്ന് ദിമിത്രോവിന്റെയും ഗ്രാംഷിയുടെയും ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകൾ അരച്ചുകുടിച്ചവർക്ക് കഴിയുന്നില്ലെങ്കിൽ ഹാ, കഷ്ടം എന്നല്ലാതെ മറ്റെന്തുപറയാൻ! പാർട്ടിയുടെ ഈ ഇരട്ടത്താപ്പിനെതിരെ മതേതര വിശ്വാസികളായ അണികൾക്കിടയിൽ വലിയ അതൃപ്തി പുകയുന്നുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ അവസാനത്തെ അടിവേരെങ്കിലും ദ്രവിച്ചുപോകാതെ സൂക്ഷിക്കാം.
സി.പി.എമ്മിന്റെ ചരിത്രം ആത്മപരിശോധനകളുടെയും തിരുത്തലുകളുടെയുമാണ്. അധികാരത്തിന്റെ താൽക്കാലിക ലാഭത്തേക്കാൾ പ്രധാനം നാടിന്റെ ഐക്യമാണെന്ന് തിരിച്ചറിയാൻ നേതൃത്വം തയാറാകണം. രാഷ്ട്രീയ അടവുകൾക്കായി ഇസ്ലാമോഫോബിയ പടർത്തുന്നതും സമുദായങ്ങൾക്കിടയിൽ ധ്രുവീകരണം നടത്തുന്നതും കേരളത്തിന്റെ ഭാവിക്ക് കനത്ത ആഘാതമായിരിക്കും. അടിസ്ഥാന ജനങ്ങളുടെ അവകാശങ്ങൾക്കായി എഴുന്നേറ്റുനിൽക്കുന്ന, സാമൂഹിക സൗഹൃദത്തിന്റെ ഇഴയടുപ്പത്തിന് ഊർജം പകരുന്ന ഇടതു രാഷ്ട്രീയപാതയിലേക്ക് മടങ്ങുകയും, വിദ്വേഷ പ്രസംഗങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുക മാത്രമാണ് ജനാധിപത്യ കേരളം സി.പി.എമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

