Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റിപ്പബ്ലിക്കിന്റെ ആത്മാവാണ് ബഹുസ്വരതയും ഫെഡറലിസവും
cancel

സ്വന്തമായൊരു ഭരണഘടനയുമായി ഇന്ത്യ എന്ന സ്വതന്ത്ര, ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രം ഇന്ന് 77ാം റിപ്പബ്ലിക് ദിനമാഘോഷിക്കുന്നു. രാഷ്ട്രീയ കൊളോണിയലിസം വെറും ഓർമയായി. കാൽ നൂറ്റാണ്ടിലേറെയായി നാം തെരഞ്ഞെടുപ്പുകളിലൂടെ ജനപ്രതിനിധികളെയും ഭരണകർത്താക്കളെയും നിശ്ചയിക്കുന്നു. അടിമസമ്പദ്‍വ്യവസ്ഥയിൽനിന്ന് മാറി നാം അതിവേഗം വളരുന്ന സമ്പദ്ഘടനയായി. ഇത്തരം പല നേട്ടങ്ങൾ ഇരിക്കെതന്നെ ഒരു ജനാധിപത്യ റിപ്പബ്ലിക് എന്ന, ഭരണഘടന വിഭാവനംചെയ്ത ആദർശത്തിലേക്ക് എത്താൻ ഇനിയും ദൂരം ബാക്കിയാണ്. എന്നല്ല, 1950ൽ ഏറ്റെടുത്ത ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾ പലതിൽനിന്നും നാം പിറകോട്ടുപോകുന്നു.

ഒരുകാലത്ത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സ്വതന്ത്രമായും കാര്യക്ഷമമായും നടത്തി ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ചിരുന്ന ഇന്ത്യ ഇന്ന് സർക്കാർ നിയമിക്കുന്ന ഇലക്ഷൻ കമീഷനു കീഴിൽ പരിഹാസ്യമാകുന്നു. രാഷ്ട്രീയ പ്രവർത്തനം മുമ്പ് പൊതുസേവനമായിരുന്നെങ്കിൽ ഇന്നത് നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടിയുള്ള അധികാരവേട്ട മാത്രമായിട്ടുണ്ട്. രാജഭരണമെന്ന സ്വേച്ഛാധിപത്യത്തിൽനിന്ന് ജനകീയ ഭരണത്തെ വേറിട്ടുനിർത്തുന്നത്, ജനങ്ങളെ ഗാഢമായി സ്പർശിക്കുന്ന വിഷയങ്ങൾ അവർക്കുവേണ്ടി ജനകീയ സഭകളിൽ ചർച്ചചെയ്ത്, ജനങ്ങളുടെ പൊതുക്ഷേമം നോക്കി തീരുമാനമെടുക്കും എന്നതാണ്. എന്നാൽ, ഇന്ന് പാർലമെന്റുകളിലും അസംബ്ലികളിലും ക്രിയാത്മകമായ ചർച്ചകളോ സുചിന്തിതമായ നിയമനിർമാണമോ വിരളമായിരിക്കുന്നു.

ഒരൊറ്റ മിനിറ്റിന് രണ്ടരലക്ഷം രൂപ എന്നതോതിൽ ചെലവുള്ള പാർലമെന്റ് ഗൗരവമേറിയ ബില്ലുകൾ ചർച്ചകൂടാതെ ചുട്ടെടുക്കുകയും മണിക്കൂറുകൾ പ്രചാരണപ്രധാനമായ കാര്യങ്ങൾക്ക് ചെലവിടുകയും ചെയ്യുന്നു. തൊഴിലില്ലായ്മയും ഡൽഹി മലിനീകരണവും കർഷകദുരിതവും ചൈനീസ് കടന്നുകയറ്റവുമെല്ലാം കത്തിനിൽക്കെ അവയെല്ലാം നിസ്സാരമാക്കി പത്തുമണിക്കൂർ ‘വന്ദേമാതരം’ ചർച്ചക്ക് പാർലമെന്റ് നീക്കിവെച്ചത് ഈയിടെയാണ്. പൗരജനങ്ങൾ ഭരണകർത്താക്കളെ തീരുമാനിക്കാൻ തുടങ്ങുന്നിടത്താണ് ഒരു റിപ്പബ്ലിക് ജനിക്കുന്നത്. എന്നാൽ, മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഭരണകർത്താക്കൾ പൗരജനങ്ങളെ തീരുമാനിച്ചുതുടങ്ങിയിരിക്കുന്നു.

സാമ്പത്തികരംഗത്ത് അസമത്വവും കെടുകാര്യസ്ഥതയും രാജ്യത്തെ പിറകോട്ട് വലിക്കുകയാണ്. സമ്പദ്ഘടനയുടെ കരുത്ത് ഏതാനും ശതകോടീശ്വരന്മാരിലൊതുങ്ങി; ജനങ്ങൾ മഹാഭൂരിപക്ഷം ദാരിദ്ര്യത്തിലാണ്. തൊഴിലില്ല, വിദ്യാഭ്യാസ സൗകര്യങ്ങളില്ല, പോഷകാഹാരമില്ല. ഇന്ത്യൻ ഭരണഘടനയുടെയും റിപ്പബ്ലിക്കിന്റെയും മർമമാണ് പൗരാവകാശങ്ങളും പൗരസ്വാതന്ത്ര്യവും. എന്നാൽ, വിശ്വാസസ്വാതന്ത്ര്യം മുതൽ ഭക്ഷണസ്വാതന്ത്ര്യം വരെ വിലക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിചിത്രമായ ഒരു ഉത്തരവ് ഒഡിഷയിലെ ഒരു ജില്ല കലക്ടർ ഇറക്കിയത് റിപ്പബ്ലിക് ദിനം പ്രമാണിച്ചാണെന്നത് രാജ്യത്തിന്റെ ദൈന്യാവസ്ഥയുടെ ഒരു ലക്ഷണം മാത്രം. ‘‘ഇറച്ചി, കോഴിയിറച്ചി, മീൻ, മുട്ട തുടങ്ങിയ സസ്യേതര ഭക്ഷ്യവസ്തുക്കൾ’’ റിപ്പബ്ലിക് ദിനത്തിൽ വിൽപ്പന നടത്തുന്നത് നിരോധിക്കുന്നതാണ് ഈ ഉത്തരവ്. ഭരണഘടനയുടെയും റിപ്പബ്ലിക്കിന്റെയും ആധാരതത്ത്വങ്ങൾ ഇത്ര പരസ്യമായി ലംഘിക്കാനും ജനങ്ങളുടെ മൗലികസ്വാതന്ത്ര്യത്തിന് വിലങ്ങിടാനും ഉദ്യോഗസ്ഥർക്ക് കഴിയുന്നത്, അത്രത്തോളം ജനവിരുദ്ധമായ മനോഭാവം നാട്ടിൽ വേരുറച്ചുപോയതുകൊണ്ടുതന്നെ.

ജനാധിപത്യവും ഭരണഘടനയും സമ്പദ്‍രംഗവും മൗലികസ്വാതന്ത്ര്യവും മാത്രമല്ല, ഇന്ത്യാ റിപ്പബ്ലിക്കിന്റെ അഭിമാനങ്ങളായ ഫെഡറലിസവും മതനിരപേക്ഷതയും ബഹുസ്വരതയുമെല്ലാം രോഗശയ്യയിലാണ്. ഫെഡറലിസത്തിന്റെയും സാംസ്കാരിക ബഹുത്വത്തിന്റെയും വിളംബരം കൂടിയായിരുന്നു മുമ്പ് റിപ്പബ്ലിക് നാളിൽ ഡൽഹിയിൽ നടക്കുന്ന റോഡ് ഷോകൾ. വിവിധ സംസ്ഥാനങ്ങൾക്കും സംസ്കാരങ്ങൾക്കും ലഭിച്ചിരുന്ന ഇടം ഇന്ന് കുറഞ്ഞുവരുന്നു; ഉള്ളതിൽതന്നെ യൂനിയൻ സർക്കാറിന്റെ ഇടപെടൽ വർധിക്കുന്നു. ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്കാരം എന്ന പതനത്തിലേക്ക് പൂർണമായി എത്തുന്നതോടെ റിപ്പബ്ലിക് ഇല്ലാതാകും. യൂനിയൻ സർക്കാർ സംസ്ഥാനങ്ങളുടെ ധനവിഹിതം അവിഹിതമായി നിയന്ത്രിക്കുന്ന സ്ഥിതിയുണ്ട്. യൂനിയൻ ഭരണപക്ഷംതന്നെ സംസ്ഥാനഭരണവും നടത്തിയാലേ ക്ഷേമം വരൂ എന്ന ‘‘ഡബ്ൾ എൻജിൻ’’ വാദം ഫെഡറൽ റിപ്പബ്ലിക് എന്ന സങ്കൽപത്തിന്റെ പൂർണനിരാകരണം കൂടിയാണ്.

സംസ്ഥാനങ്ങളിലെ ജനകീയ സർക്കാറുകൾക്കുമേൽ ഗവർണർ എന്ന യൂനിയൻ സർക്കാറിന്റെ ഏജന്റ് ചെലുത്തുന്ന ഫെഡറൽവിരുദ്ധ സമ്മർദതന്ത്രങ്ങളും അങ്ങനെതന്നെ. നയപ്രസംഗത്തിൽ വരെ കൈകടത്തിയും, നിയമവും കീഴ് വഴക്കവും ലംഘിച്ച് വാക്കൗട്ട് നടത്തിയും, ജനപ്രതിനിധികൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ കുടുസ്സ് രാഷ്ട്രീയം കളിച്ചും റിപ്പബ്ലിക് തത്ത്വം തകർക്കുന്ന ഗവർണർമാർ ദിനാഘോഷത്തിന് നേതൃത്വം നൽകുന്നത് വിരോധാഭാസമാണ്. ഭരണഘടന വെറും കടലാസല്ല. അത് പുലരേണ്ടത് റിപ്പബ്ലിക്കിലാണ്. അധികാരത്തിനുമേൽ ആദർശം വിജയിക്കുമ്പോഴാണ് റിപ്പബ്ലിക് ആഘോഷിക്കപ്പെടാൻ യോഗ്യമാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialindian Republic Dayfederalism
News Summary - Madhyamam Editorial 2026 Jan 26
Next Story