മംദാനിയുടെ പുതുമ നിറഞ്ഞ സ്ഥാനാരോഹണം
text_fieldsസൊഹ്റാൻ മംദാനി ന്യൂയോർക് മേയറായി സ്ഥാനമേറ്റു. വ്യാഴാഴ്ച പുലർച്ച ന്യൂയോർക്കിലെ ഉപയോഗത്തിലില്ലാത്ത ഒരു സബ്വേ (ഭൂഗർഭ മെട്രോ) സിറ്റി ഹാൾ സ്റ്റേഷന്റെ ഗോവണിപ്പടികളിൽനിന്ന് കൈയിൽ ഖുർആൻ പ്രതിയുമായി മംദാനി സ്ഥാനമേറ്റെടുക്കുമ്പോൾ അതിന് പ്രത്യേകതകളേറെയുണ്ടായിരുന്നു. നവംബർ അഞ്ചിന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി മംദാനി മേയറായി തെരഞ്ഞെടുക്കപ്പെടുന്നതുതന്നെ സവിശേഷ ശ്രദ്ധ നേടിയിരുന്നു. 34ാം വയസ്സിൽ ന്യൂയോർക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, ആദ്യത്തെ മുസ്ലിം മേയർ, ആദ്യ ദക്ഷിണേഷ്യൻ മേയർ, ആഫ്രിക്കയിൽ ജനിച്ച ആദ്യ മേയർ എന്നിവയൊക്കെ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ഇപ്പോൾ ആദ്യമായി ഖുർആൻ പ്രതിയുമായി ഒരാൾ സ്ഥാനാരോഹണം നടത്തിയത് അതിലേറെ പുതുമയായി. അമേരിക്കൻ നിയമത്തിൽ വേദഗ്രന്ഥം പിടിച്ച് സത്യവാചകം ചൊല്ലുന്ന വ്യവസ്ഥയില്ലെങ്കിലും മുമ്പ് മിക്കവരും ബൈബിൾ പിടിച്ച് സത്യപ്രതിജ്ഞ ചെയ്തതാണ് ചരിത്രം. ന്യൂയോർക് പബ്ലിക് ലൈബ്രറിയിൽനിന്ന് കടമെടുത്ത 200 വർഷം പഴക്കമുള്ള ഖുർആൻ പ്രതിയായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. ന്യൂയോർക് നഗരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്നതായി ഈ പ്രവൃത്തി എന്നു പലരും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ സിനിമാ സംവിധായികയും നിർമാതാവുമായ മീര നായരുടെയും ഗുജറാത്തി മുസ്ലിം പ്രഫ. മഹ്മൂദ് മംദാനിയുടെയും മകനായി യുഗാണ്ടയിലെ കമ്പാലയിൽ ജനിച്ച സൊഹ്റാൻ മംദാനി ദക്ഷിണാഫ്രിക്കയിലേക്കും പിന്നീട്, അമേരിക്കയിലേക്കും മാതാപിതാക്കൾക്കൊപ്പം കുടിയേറിയതായിരുന്നു. എന്നാൽ, 85 ലക്ഷം ജനസംഖ്യയുള്ള ന്യൂയോർക്കിൽ അദ്ദേഹം ഉയർത്തിയ പ്രചാരണവിഷയങ്ങൾ സൗജന്യ ശിശു ചികിത്സ, സൗജന്യ സിറ്റി ബസ് സർവിസ്, ഒരു ദശലക്ഷം വരുന്ന പാർപ്പിടങ്ങളുടെ വാടക മരവിപ്പിക്കൽ, പലവ്യഞ്ജന കടകൾ തുടങ്ങുക പോലുള്ള ക്ഷേമ പദ്ധതികളായിരുന്നു. എന്തുകൊണ്ടും ഏറെ കൗതുകവും അത്രതന്നെ വിമർശനവും ഉയർത്തിയ മുദ്രാവാക്യങ്ങളായിരുന്നു അവ. മുതലാളിത്ത വാദിയായ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യൂയോർക് നഗരത്തിൽ ഇനി ഒരു കമ്യൂണിസ്റ്റ് നഗരം ഭരിക്കുമ്പോൾ മോസ്കോ മാതൃകയിൽ പുതിയ സ്റ്റേറ്റ് കടകൾ വരാൻ പോകുന്നു എന്നാണ് പരിഹസിച്ചത്. എന്നാൽ, അതിനേക്കാൾ രൂക്ഷമായ രീതിയിൽ ഇസ്ലാം ഭീതിയും വംശവെറിയും പരത്തുന്ന പ്രചാരണങ്ങൾ വേറെയുമുണ്ടായി. അവയെ നേരിടാൻ തന്റെ ‘സോഷ്യലിസ്റ്റ്’ മുദ്രാവാക്യങ്ങളിലൊന്നും അദ്ദേഹം വെള്ളം ചേർത്തില്ല. ഗസ്സയിലെ വംശഹത്യയും ഫലസ്തീനികളുടെ അവകാശങ്ങളും പ്രചാരണങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പാനന്തരം അമേരിക്കൻ പ്രസിഡന്റ് ട്രംപ് മംദാനി വിമർശനത്തിന്റെ തീവ്രത കുറച്ചെന്ന് വരുത്തി നിയുക്ത മേയറെ വൈറ്റ് ഹൗസിൽ സൽക്കരിച്ചതും ഉപചാരപൂർവം പെരുമാറിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, കുറ്റകൃത്യങ്ങൾ, താമസസൗകര്യം, ചെലവു കുറക്കൽ തുടങ്ങിയ അജണ്ടകളിൽ മംദാനിയുടെ കാഴ്ചപ്പാടുകളെ അദ്ദേഹം ശ്ലാഘിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്കുശേഷവും, മംദാനി ട്രംപ് ഫാഷിസ്റ്റാണെന്ന മുൻ അഭിപ്രായത്തിൽ മംദാനി ഉറച്ചുനിന്നു. ന്യൂയോർക്കിന്റെ കാര്യത്തിൽ ഒന്നിച്ച് പ്രവർത്തിക്കാമെന്ന ഇരുപക്ഷത്തിന്റെയും യോജിച്ച ഉറപ്പിനുശേഷമായിരുന്നു അതെല്ലാം. മേയറായി പ്രവൃത്തിമണ്ഡലത്തിലെത്തുമ്പോൾ മംദാനിക്ക് എത്രത്തോളം ഏറ്റുമുട്ടൽ ഒഴിവാക്കാൻ കഴിയുമെന്നത് കാണാനിരിക്കുന്നു. പ്രചാരണകാലത്ത് ന്യൂയോർക്കിലേക്ക് ദേശീയ സുരക്ഷാസേനയെ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ട്രംപ്, വികസന-ജനക്ഷേമ തത്ത്വശാസ്ത്രം നടപ്പിൽവരുത്താൻ മംദാനി മുന്നിട്ടിറങ്ങുമ്പോൾ സംഘർഷപാത ഉചിതമല്ല എന്നു മനസ്സിലാക്കുന്ന ലക്ഷണങ്ങളാണുള്ളത്.
മംദാനിയുടെ സ്ഥാനാരോഹണത്തിലെ പ്രതീകാത്മകതയുടെ ഇരുപുറവും തിരിച്ചറിയേണ്ടതുണ്ട്. ഡെമോക്രാറ്റുകൾ താരതമ്യേന റിപ്പബ്ലിക്കൻ ലൈനിനെക്കാൾ ഇടത്തോട്ട് ചാഞ്ഞെന്ന് വരാമെങ്കിലും അതൊന്നും അമേരിക്കൻ മുതലാളിത്തത്തെ ചോദ്യം ചെയ്യുന്നിടത്തോളമെത്തില്ല. 2018ൽ മാത്രം അമേരിക്കൻ പൗരത്വം നേടിയ മംദാനിക്ക് കേവലം എട്ടുവർഷം കൊണ്ട് ന്യൂയോർക് മേയറാവാൻ കഴിഞ്ഞെങ്കിലും, ദേശീയ രാഷ്ട്രീയത്തിന്റെ ഉയരങ്ങളിലേക്ക് അദ്ദേഹം കുതിച്ചുയരുമെന്ന വായന അതിരുകടന്നതാവും. അമേരിക്കക്ക് പുറത്താണ് ജനനം എന്നതിനാലും താമസവുമായി ബന്ധപ്പെട്ട മറ്റു ഉപാധികൾ പൂർത്തീകരിക്കാത്തതിനാലും മംദാനിക്ക് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യു.എസ് ഭരണഘടനയനുസരിച്ച് കഴിയില്ല. മംദാനിയുടെ അന്തർദേശീയ വിഷയങ്ങളിലെ നിലപാടുകൾ, വിശിഷ്യാ ഫലസ്തീൻ അവകാശങ്ങളെക്കുറിച്ചും ഗസ്സയിലെ വംശഹത്യ സംബന്ധമായും, ഡെമോക്രാറ്റുകളിൽ വലിയൊരു വിഭാഗം വിയോജിക്കുന്നവരാണ്. ന്യൂയോർക്കിൽ കൂടുതൽ ശക്തമായ ജൂതലോബിക്ക് ഡെമോക്രാറ്റുകൾക്കിടയിലുള്ള സ്വാധീനം മംദാനിയെ അലട്ടിയേക്കും. ഇതെല്ലാമാണെങ്കിലും അമേരിക്കൻ രാഷ്ട്രീയത്തിൽ വ്യത്യസ്തമായ ഒരു ജനകീയ ശബ്ദം ഉയർത്താനും ഇസ്ലാമിക വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു മറുപുറമുണ്ടെന്ന് തിരിച്ചറിയിക്കാനും പുരോഗമനവാദിയും സ്ഥിതിസമത്വ വക്താവും ജനകീയനും ആവുന്നത് മുസ്ലിം ആവുന്നതിന്റെ നിഷേധമല്ല എന്ന് തെളിയിക്കാനും ഈ യുവ മേയർക്ക് കഴിഞ്ഞു എന്നത് അനിഷേധ്യമാണ്. അതിന്റെ തുടർച്ച എത്രത്തോളമെന്നത് ഭാവിയിലേക്ക് കാത്തിരുന്നേ കാണാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

