ഭരണഘടനക്കുനേരെ ഉരുണ്ടുകയറുന്ന ബുൾഡോസറുകൾ
text_fieldsജനാധിപത്യത്തെയപ്പാടെ തുറുങ്കിലടച്ച അടിയന്തരാവസ്ഥക്കാലത്ത് അധികാരത്തിന്റെ മത്തുപിടിച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാർ നടത്തിയ അതിക്രമത്തിന്റെ ഉണങ്ങാത്ത മുറിപ്പാടുകളിലൊന്നാണ് തുർക്ക്മാൻ ഗേറ്റിലെ ബുൾഡോസർ പ്രയോഗം. രാജ്യതലസ്ഥാന നഗരിയുടെ സൗന്ദര്യവത്കരണത്തിന് എന്ന പേരിൽ നൂറുകണക്കിന് കുടുംബങ്ങളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളുമെല്ലാം ഇടിച്ചുനിരത്തപ്പെട്ട തുർക്ക്മാൻ ഗേറ്റ് മേഖലയിൽ അര നൂറ്റാണ്ടിനുശേഷം വീണ്ടും ബുൾഡോസറുകൾ മുരൾച്ചയോടെ ഉരുണ്ടുകയറിയിരിക്കുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ച ഒന്നരയോടെ നിരവധി ബുൾഡോസറുകളുടെ അകമ്പടിയോടെ ഇരച്ചെത്തിയ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ സയ്യിദ് ഫൈസേ ഇലാഹി മസ്ജിദിന്റെയും ഖബർസ്ഥാന്റെയും പരിസരങ്ങളാണ് ഇടിച്ചുനിരത്തിയത്. നഗരസഭയുടെ ഭൂമി അനധികൃതമായി കൈയേറിയാണ് മസ്ജിദിന്റെ കമ്യൂണിറ്റി സെന്റർ, ചുറ്റുമതിൽ, പാർക്കിങ് ഏരിയ, മെഡിക്കൽ ലാബ് തുടങ്ങിയവ നിർമിച്ചതെന്നും അവ ഒഴിപ്പിക്കാൻ കോർപറേഷൻ ഉത്തരവുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അനധികൃത കൈയേറ്റമെന്ന അധികൃതരുടെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീലിൽ കോർപറേഷന് ഹൈകോടതി നോട്ടീസ് അയച്ചിരുന്നു. കോടതി തീരുമാനത്തിനുപോലും കാത്തുനിൽക്കാതെയാണ് ബുൾഡോസർ നടപടി അരങ്ങേറിയത്. അനധികൃത കൈയേറ്റമില്ലെന്നും വഖഫ് ഭൂമിയാണെന്നും മസ്ജിദ് അധികൃതർ അറിയിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒഴിപ്പിക്കൽ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റുകൾ തുടരുകയാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കടന്നുകയറ്റങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ന്യൂഡൽഹി ജമാമസ്ജിദ് ഇമാമും ലോക്സഭാംഗവുമായ മുഹിബ്ബുല്ലാ നദ്വിയെ കുരുക്കാനും ശ്രമങ്ങളുണ്ട്. സംഘ് പരിവാർ പശ്ചാത്തലമുള്ള സംഘടനയാണ് തുർക്ക്മാൻ ഗേറ്റിൽ പൊളിക്കലിന് കാരണമായ പരാതിയുമായി രംഗത്തെത്തിയത്. അവർ നൽകിയ പരാതിയിൽ പരിശോധന നടക്കുകയും കൈയേറ്റമാണെന്ന് റിപ്പോർട്ട് നൽകുകയുമായിരുന്നു. തുടർന്ന് സംഘടന തന്നെ ഹൈകോടതിയിൽ പോയി പൊളിക്കാനുള്ള ഉത്തരവ് നേടുകയായിരുന്നു.
സമകാലിക ഇന്ത്യയിൽ ‘ബുൾഡോസർ രാജ്’ ഒരു പുതുമയേയല്ല, മറിച്ച് സംഘ്പരിവാർ ഭരിക്കുന്ന സംസ്ഥാന സർക്കാറുകളുടെ മുഖ്യ ആയുധമാണത്. സർക്കാറിനെതിരെ പ്രതിഷേധം നടത്തുന്നവർ, ഹിന്ദുത്വ സംഘടനകൾ നൽകുന്ന പകപോക്കൽ പരാതികളിൽ പ്രതിചേർക്കപ്പെടുന്നവർ, ഭീകരവാദ കേസുകളിൽ ആരോപണം നേരിടുന്നവർ എന്നിവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം നിയമത്തിന്റെ യാതൊരു പിൻബലവുമില്ലാതെ തകർത്ത് മണ്ണോടുചേർക്കുന്നത് പതിവായിരിക്കുന്നു.
കോൺഗ്രസ് ‘സ്നേഹത്തിന്റെ കട’ തുറന്ന കർണാടകയിലും അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതിന് സമാനമായി അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ എന്ന പേരിൽ ദരിദ്ര ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രണ്ട് ചേരികൾ ഇടിച്ചുനിരത്തിയിരുന്നു. ഈ സംഭവത്തിനെതിരെ കടുത്ത വിമർശനമുയർന്നതോടെ പുനരധിവാസത്തിന് കർണാടക സർക്കാർ നിർബന്ധിതരായി എന്നത് ആശ്വാസകരം. ഭരണകൂടങ്ങൾ നടത്തിപ്പോരുന്ന ബുൾഡോസർ രാജിനെതിരെ രാജ്യത്തെ പരമോന്നത നീതിപീഠം അതിശക്തമായ വിധി പ്രസ്താവിച്ചത് 2024 നവംബറിലാണ്.
അര്ധരാത്രി പൊളിച്ച വീട്ടില് നിന്ന് സ്ത്രീകളും കുട്ടികളും വയോധികരും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമായ കാഴ്ചയല്ലെന്നും നടപടിക്രമം പാലിക്കാതെയുള്ള വീട് ഇടിച്ചുനിരത്തൽ ഭരണഘടനാവിരുദ്ധമാണെന്നുമാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ എന്നിവർ അന്ന് വ്യക്തമാക്കിയത്. കുറ്റവാളികളുടെ വീടുകളോ നിർമിതികളോ തകർക്കാൻ പോലും ഭരണകൂടത്തിന് അധികാരമില്ലെന്നും കോടതി ചെയ്യേണ്ട കാര്യങ്ങൾ സർക്കാറും ബന്ധപ്പെട്ട അതോറിറ്റികളും ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നും പരമോന്നത കോടതി ഊന്നിപ്പറഞ്ഞിരുന്നു. അതിനുശേഷം രാജസ്ഥാനിൽ ഒരു കെട്ടിടം തകർക്കപ്പെട്ടപ്പോൾ വിഷയത്തിൽ കടുത്ത ഭാഷയുമായി കോടതി വീണ്ടും ഇടപെട്ടു. ഭരണഘടനയോ കോടതിയോ എന്തു പറഞ്ഞാലും അത് തങ്ങൾക്ക് ബാധകമല്ല എന്ന മട്ടിലാണ് സംഘ്പരിവാർ ഭരണകൂടങ്ങളുടെ നിലപാട്.
ഏത് കെട്ടിടവും ഇടിച്ചുനിരത്തും മുമ്പ് കൃത്യമായ മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. സാവകാശം നൽകിയാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നാണ് കോടതി പറഞ്ഞത്. എന്നാൽ, അതിനുശേഷവും പലപ്പോഴും ഒരു നടപടിക്രമങ്ങളും ഇല്ലാതെയാണ് ബുൾഡോസറുകൾ പൗരന്മാരുടെ അവകാശങ്ങളിലേക്ക് പാഞ്ഞുകയറുന്നത്.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കപ്പെടേണ്ടതാണ് എന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ, 50ഉം 100ഉം വർഷവും അതിലധികവും കാലങ്ങളായി തുടരുന്ന വഖഫ് ചെയ്യപ്പെട്ട മസ്ജിദുകൾ, അനുബന്ധ കെട്ടിടങ്ങൾ, ഉടമസ്ഥതയിൽ വരുന്ന കെട്ടിടങ്ങൾ, വീടുകൾ തുടങ്ങിയവ ഒരു അർധരാത്രിയിൽ അനധികൃത നിർമിതികളും കൈയേറ്റവുമാകുന്ന പ്രക്രിയയാണ് തീർത്തും അമ്പരപ്പുളവാക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും ദരിദ്രരുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് മാത്രം ബാധകമാവുന്ന വിവേചനപൂർണമായ നീതി നടപ്പാക്കൽ! ഇതുവരെ രാജ്യത്ത് വിവിധ കാരണങ്ങളാൽ ന്യൂനപക്ഷങ്ങളുടെ രണ്ടു ലക്ഷത്തിലധികം വീടുകൾ ബുൾഡോസർ രാജിൽ തകർത്തതായാണ് കണക്കുകൾ. മസ്ജിദുകൾ, മദ്റസകൾ തുടങ്ങിയവ വേറെ. കല്ലും ചാന്തും കൊണ്ട് കെട്ടിപ്പടുത്ത നിർമിതികളല്ല, ഈ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളും ഭരണഘടന നൽകുന്ന ഉറപ്പുകളും കോടതിയുടെ അന്തസ്സുമാണ് ഈ അന്യായ നടപടിയിൽ തകർന്നടിഞ്ഞു വീഴുന്നതെന്നത് സർക്കാറിനെ തരിമ്പും അലോസരപ്പെടുത്തുന്നില്ല എന്നോർക്കുമ്പോൾ ഏറെ കഷ്ടം തോന്നുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

