Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മണിപ്പൂർ ആവശ്യപ്പെടുന്നത്
cancel


പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം വ്യാപകമായ ചർച്ചക്ക് നിമിത്തമായിരിക്കുന്നു. 2023ൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിന് ശമനമുണ്ടാക്കുന്നതിൽ അദ്ദേഹത്തിന്റെ സർക്കാർ വലിയ പരാജയമാണെന്ന വിലയിരുത്തലിനിടയിലാണ്, ഏറെ വൈകി അദ്ദേഹം സംസ്ഥാനം സന്ദർശിക്കുന്നത്. 7300 കോടി രൂപയുടെ പദ്ധതികൾ മോദി അവിടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എതിർപക്ഷത്ത് നിലകൊണ്ട് പോരടിക്കുന്ന വിഭാഗങ്ങൾ തമ്മിൽ കൂടിയാലോചനകൾ ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. ഇംഫാൽ താഴ്വരയിലെ മെയ്തെയ് വിഭാഗവും മലമ്പ്രദേശങ്ങളിലെ കുക്കി വിഭാഗവും തമ്മിൽ നിലനിൽക്കുന്ന ശത്രുത ഇതിനകം മുന്നൂറോളം ജീവനെടുത്തു. അക്രമം പതിനായിരങ്ങളെ സ്വന്തം വീടുകളിൽനിന്ന് കുടിയിറക്കി. കൂടിയാലോചന വഴി പ്രശ്നപരിഹാരം മുമ്പേ സാധിക്കേണ്ടതായിരുന്നു. പക്ഷേ, അതിന് മുൻകൈയെടുക്കാൻ സംസ്ഥാന സർക്കാറോ യൂനിയൻ സർക്കാറോ സന്നദ്ധമായില്ല. രണ്ടുവർഷം കഴിഞ്ഞാണെങ്കിലും കൂടിയാലോചനയെപ്പറ്റിയും സമാധാനത്തെപ്പറ്റിയും പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങി എന്നത് മോശമായെന്ന് പറയാനാകില്ല. അദ്ദേഹം ഇരുവിഭാഗങ്ങളിലെയും ആളുകളുമായി സംസാരിച്ചു. ആഴത്തിലുള്ള മുറിവുണക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് കഴിയുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയച്ചായ്‍വനുസരിച്ചുള്ള മറുപടികളാണ് രാജ്യം കേൾക്കുന്നത്. വികസന പ്രവർത്തനങ്ങൾ നടക്കുന്നതോടെ കാര്യങ്ങൾ നേരെയാകുമെന്ന ന്യായം ചിലർ മുന്നോട്ടുവെക്കുമ്പോൾ, ജനങ്ങളെ ഭിന്നിപ്പിച്ചും നിയമവാഴ്ച ഉറപ്പുവരുത്താതെയും ഭരണകൂടം ചെയ്ത തെറ്റുകൾക്ക് പരിഹാരവും ഉപരിതലസ്പർശിയായിക്കൂടാ എന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.


തെറ്റ് ക​ണ്ടെത്തുകയും തിരുത്തുകയും ചെയ്യുക ഏത് പ്രശ്നപരിഹാരത്തിന്റെയും മർമമാണ്. മണിപ്പൂരിലും ആദ്യമായി വേണ്ടത് വീഴ്ചകൾ ക​ണ്ടെത്തുകയും ഏറ്റുപറയുകയും തിരുത്തൽ നടപടികളിലേക്ക് നീങ്ങുകയുമാണ്. മണിപ്പൂരിൽ സാമൂഹിക ഭദ്രതയും നിയമവാഴ്ചയും തകർന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന, യൂനിയൻ സർക്കാറുകൾക്കാണ്; രണ്ടും ബി.​ജെ.പി നേതൃത്വത്തിലുള്ളതും. കോടതിയുടെ ഒരു സംവരണവിധിയോടെ സംസ്ഥാനത്ത് പൊട്ടിപ്പുറ​പ്പെട്ട ഭൂരിപക്ഷ-ന്യൂനപക്ഷ സ്പർധ തണുപ്പിക്കാനും പരിഹരിക്കാനുമല്ല സംസ്ഥാന സർക്കാർ തുനിഞ്ഞത്. മെയ്തേയ് ഭൂരിപക്ഷ വിഭാഗത്തോട് ചായ്‍വ് പുലർത്തി, കുക്കികളെ സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയ ബീരേൻ സിങ്ങി​നെ ഒഴിവാക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ പോലും ഒന്നരവർഷമെടുത്തു. രാഷ്ട്രീയ-വംശീയ ചിന്തകൾക്കതീതമായി ഭരണഘടന ഉറപ്പുനൽകുന്ന സുരക്ഷയുടെ വഴിയുമായി പ്രധാനമന്ത്രി വരുമെന്ന് പ്രതീക്ഷിച്ച മണിപ്പൂരിലെ ഇരകൾ കാത്തിരുന്നത് 864 ദിവസമാണ്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ പോലെ, ഈ കാലയളവിൽ നരേന്ദ്ര മോദി വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ സമയം കണ്ടെത്തിയത് 42 തവണ. രാഷ്ട്രപതി ഭരണത്തിലും മണിപ്പൂരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ല. 2023 മേയിൽ കലാപം തുടങ്ങിയശേഷം മലമ്പ്രദേശങ്ങളിലെ കുക്കികൾക്ക് താഴ്വരയിലേക്കോ താഴ്വരയിലെ മെയ്തേയ്കൾക്ക് മലകളിലേക്കോ പ്രവേശനമില്ല. ഭരണകൂടത്തിലുള്ള വിശ്വാസത്തകർച്ചയും (പരിഹാരശ്രമങ്ങളിലെ കാലവിളംബം പോലെ) പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്. ഇപ്പോഴും എതിർശബ്ദങ്ങളെ കേൾക്കാനും പറ്റിപ്പോയ വീഴ്ചകൾ തുറന്നുസമ്മതിക്കാനും ഭരണകർത്താക്കൾ തയാറായിത്തുടങ്ങിയിട്ടില്ലതാനും. എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയം കൊണ്ട് മാത്രമേ വംശീയ അസ്വസ്ഥതകൾക്ക് അറുതിയുണ്ടാക്കാനാകൂവെന്ന് ഇപ്പോഴും ബന്ധപ്പെട്ടവർക്ക് ബോധ്യപ്പെട്ടതായി തോന്നുന്നില്ല. ഭരണകൂടം വംശീയതയുടെ ഗുണഭോക്താക്കളായാൽ പിന്നെ നടക്കുക സാമൂഹിക-സുരക്ഷാ മണ്ഡലങ്ങളിലെ പൂർണ തകർച്ചയാകും.


വീഴ്ച തിരിച്ചറിയുകയാണ് ഒന്നാമത്തെ ചുവടെങ്കിൽ, വിമർശനങ്ങൾ മുഖവിലക്കെടുക്കുകയാണ് അടുത്തത്. പ്രശ്നപരിഹാരത്തെപ്പറ്റി ക്രിയാത്മകമായ അഭിപ്രായം വിവിധ വിഭാഗങ്ങളിൽപെട്ട കലാപബാധിതർക്കും പ്രതിപക്ഷങ്ങൾക്കുമുണ്ട്. തിരക്കഥ പ്രകാരം സംവിധാനം ചെയ്യപ്പെട്ട സന്ദർശനങ്ങൾക്കും വികസന വാഗ്ദാനങ്ങൾക്കും സമാധാന ആഹ്വാനങ്ങൾക്കും നേടാൻ കഴിയാത്തത്, പ്രതിപക്ഷത്തെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ആത്മാർഥമായ ശ്രമങ്ങളിലൂടെ സാധിക്കും. കുക്കി സായുധ ഗ്രൂപ്പുകളുമായി യൂനിയൻ ആഭ്യന്തര മന്ത്രാലയം സമാധാനക്കരാർ ഒപ്പുവെച്ചത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വഴിയൊരുക്കിയെങ്കിലും സാമുദായിക സ്പർധ ഇല്ലാതാക്കാൻ കുറേക്കൂടി ആഴത്തിലുള്ള, ജനങ്ങളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള, പ്രവർത്തനങ്ങൾ വേണ്ടതുണ്ട്. വികസന പദ്ധതികൾ സ്വയം പരിഹാരമല്ല. പരിഹാരത്തിനുള്ള ഉപകരണങ്ങൾ മാത്രമാണവ. യഥാർഥ പരിഹാരമുണ്ടാകേണ്ടത് ഹൃദയങ്ങളിലാണ്. ജനവിശ്വാസം വീണ്ടെടുത്തുകൊണ്ടേ ഭരണകൂടത്തിന് ഹൃദയങ്ങ​ളെ സ്വാധീനിക്കാനാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialManipur Violence
News Summary - Madhyamam editorial 2025 Sep 15
Next Story