നിയന്ത്രണം വന്യമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും മതിയോ?
text_fieldsതെരുവുനായ്ക്കളുടെ പരാക്രമം നാടിന്റെ സകല കോണുകളിലും ജീവിതം ദുരിതപൂർണമാക്കുന്നുണ്ട്. വയോധികരും വീട്ടിനുള്ളിലെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങളും വരെ തെരുവുനായ്ക്കളാൽ കടിച്ചുകീറപ്പെടുന്നു. നായ്പ്പേടിയിൽ പലരും പ്രഭാത നടത്തം ഉപേക്ഷിച്ചു, അവമൂലം സംഭവിക്കുന്ന വാഹനാപകടങ്ങളും അതിലെ മരണസംഖ്യയും നാൾക്കുനാൾ പെരുകി വരുന്നു.
വന്യമൃഗങ്ങൾ വിതക്കുന്ന ഭീതി നാളുകളായി മലയോര-വനാതിർത്തി മേഖലകളുടെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നിത്യവൃത്തിക്ക് വകതേടി ഇറങ്ങിയ അത്താഴപ്പട്ടിണിക്കാരായ ആദിവാസികളുൾപ്പെടെയുള്ള തൊഴിലാളികളും ആനയുടെ ചവിട്ടേറ്റും പുലിയുടെ കടിയേറ്റും ജീവനറ്റ നിലയിലാണ് ലയങ്ങളിൽ തിരിച്ചെത്തുന്നത്. കാടിറങ്ങിവന്ന മൃഗങ്ങൾ കാർഷികവിളകൾ നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള സങ്കടങ്ങൾ പറഞ്ഞാൽ തീരില്ല. ഇതിനെതിരായി ജനം നിരന്തരം ആവലാതിപ്പെട്ടുകൊണ്ടിരിക്കുന്നു. ഞങ്ങളും ഭൂമിയുടെ അവകാശികളാണ്, മനുഷ്യർക്കും ഈ മണ്ണിൽ ജീവിക്കണമെന്ന് അധികാരികളെ തെര്യപ്പെടുത്തുന്നു. കണ്ടമാത്രയിൽ വെടിവെച്ചു കൊല്ലാനുള്ള അനുമതി തേടുന്നു.
ഭക്ഷണ ലഭ്യതയില്ലാത്തതും രോഗങ്ങളും മറ്റു ചില ജീവശാസ്ത്ര പ്രശ്നങ്ങളുമാണ് മനുഷ്യർക്കുനേരെ പാഞ്ഞുകയറാനും കടിച്ചുകീറാനും നായ്ക്കളെയും വന്യമൃഗങ്ങളെയും പ്രേരിപ്പിക്കുന്നത്. എന്നാൽ, അവർ രണ്ടുകൂട്ടർ മാത്രമാണോ മനുഷ്യകുലത്തിന്റെ നിലനിൽപിനും സമാധാന ജീവിതത്തിനും ഭീഷണി? ആഗോളതലത്തിൽ അന്തമില്ലാതെ നടക്കുന്ന യുദ്ധങ്ങളും ശിശുഹത്യകളും വംശീയ ഉന്മൂലനങ്ങളുമെല്ലാം തൽക്കാലം മാറ്റിവെക്കാം. മൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യർക്ക് രക്ഷതേടുന്ന നമ്മൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളത്തിൽ മാത്രം നടന്ന നരഹത്യകളുടെ കണക്കെടുക്കാൻ ശ്രമിച്ചാൽ കലണ്ടറിലെ ഓരോ അക്കവും ചിതറിത്തെറിച്ച ചോരയാൽ ചുവന്നുകിടക്കുന്നതു കാണാം. വാഹനത്തിന് വഴിമാറിക്കൊടുത്തില്ല എന്ന കുറ്റത്തിനാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ചെറുപ്പക്കാരനെ, നാട്ടിലെ നിയമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പൊതുഖജനാവിൽനിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ വാഹനമിടിച്ചുകയറ്റി ഞെരിച്ചു കൊന്നത്. വാഹനാപകടങ്ങൾക്കുപുറമെ റോഡുകളിൽ മറ്റൊരു ഭീഷണിയായി മാറിയിരിക്കുന്നു സൈഡ് കൊടുക്കാത്തതിന്റെയും ഉരസലിന്റെയും പേരിൽ നടക്കുന്ന സംഘട്ടനങ്ങൾ. വനാതിർത്തി കടന്ന് വേലിയും മതിലും തകർത്ത് വീട്ടുവളപ്പിൽ പരാക്രമം നടത്തുന്ന വിശേഷബുദ്ധിയില്ലാത്ത ജന്തുക്കളേക്കാൾ ക്രൂരമായ രീതിയിൽ ഒരേ മേൽക്കൂരക്ക് കീഴിൽ ഒരുമിച്ചു താമസിക്കുന്ന സാധു മനുഷ്യർക്കു മേൽ-മാതാപിതാക്കൾ, സഹോദരങ്ങൾ, ജീവിത പങ്കാളി, ലോകത്തിന്റെ കള്ളവും കാപട്യവുമറിയാത്ത കുഞ്ഞുങ്ങൾ എന്നിത്യാദി ഒരു പരിഗണനയും നൽകാതെ മനുഷ്യർ അതിക്രമങ്ങൾ നടത്തുന്ന സംഭവങ്ങൾ ഓരോ ദിവസവും പെരുകിവരുന്നു. മനസ്സുകളെ ഉലച്ചുകളഞ്ഞ ആ ദുരന്തങ്ങൾ ഏതൊക്കെയെന്ന് വീണ്ടും എണ്ണിപ്പറയുന്നില്ല.
ശാന്തത, ലാളിത്യം, സഹജീവി സ്നേഹം എന്നിവയെല്ലാം കൈമോശപ്പെട്ട നമ്മൾ മനുഷ്യർക്കിന്ന് ക്ഷോഭവും കോപവും പ്രകടനപരതയുമായിരിക്കുന്നു പൊതുഭാവങ്ങൾ; അവനവനോട് മാത്രമായിരിക്കുന്നു സ്നേഹം. ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന ബോംബുകളായി വലിഞ്ഞുമുറുകി നിൽക്കുന്നു ഞരമ്പുകൾ. കോപിക്കാനും ക്ഷോഭിക്കാനും സഹജീവിക്കു മേൽ പാഞ്ഞുകയറാനും പ്രത്യേകിച്ച് കാരണങ്ങൾപോലും വേണ്ടതില്ലാത്ത സ്ഥിതിയാണ്. മദ്യവും മയക്കു ലഹരി പദാർഥങ്ങളും സാർവത്രികമായി ലഭ്യമാണെന്നത് ഈ ഭീഷണിയുടെ ആക്കം കൂട്ടുന്നു. വഴിയോരത്ത് കണ്ടപ്പോൾ അഭിവാദ്യം ചെയ്തില്ലെന്നതിന്റെ പേരിലാണ് ഈയിടെ കേരളത്തിൽ ഒരു അക്രമം നടന്നത്, സദ്യക്കിടെ സാലഡും പപ്പടവും കിട്ടിയില്ലെങ്കിൽപ്പോലും അടിപൊട്ടുമെന്നാണവസ്ഥ. നാൽക്കവല സംഘട്ടനങ്ങളേക്കാൾ അറപ്പുളവാക്കും വിധത്തിലാണ് സൈബർ തെരുവുകളിലെ അധിക്ഷേപങ്ങളും അപവാദ പ്രചാരണങ്ങളും ആക്രമണങ്ങളും. മലയാളക്കരയുടെ സദാചാര-മാനുഷിക ബോധങ്ങളിലും അതിനൊപ്പം മാനസികാരോഗ്യ നിലയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ചയായി വേണം ഈ അരുതായ്മകളെ വിലയിരുത്താനും സംബോധന ചെയ്യാനും. മറ്റെല്ലാ സൂചികകളിലും മുന്നിലെത്താൻ മത്സരിക്കുന്ന നമ്മൾ മാനസികാരോഗ്യവും മാനുഷികതയും ശരിയാംവിധത്തിലാണ് എന്നുറപ്പാക്കാൻ ശ്രദ്ധിക്കുന്നില്ല, അതല്ലെങ്കിൽ ഈ തകർച്ചയെ ബോധപൂർവം മറച്ചുപിടിക്കുന്നു. നാട് വളർത്തിയെടുത്ത സകല നന്മകളെയും അട്ടിമറിച്ചുകളയുന്നതാണ് ഈ അനാസ്ഥ.
വന്യമൃഗങ്ങളുടെ വരവ് തടയാൻ വൈദ്യുതി വേലിയുടെ വ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് കേൾക്കുന്നു. അടുത്ത മാസം തുടങ്ങാനിരിക്കുന്ന അധ്യയനവർഷത്തിന്റെ ആദ്യവാരങ്ങളിൽ കുട്ടികൾക്ക് സന്മാർഗപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. അതെല്ലാം ആശ്വാസകരമായ നടപടികൾ തന്നെ. എന്നാൽ, മുതിർന്ന, എന്തിനും പോന്നവരെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യർക്ക് സന്മാർഗവും സദാചാരവും ആരാണ് പഠിപ്പിക്കുക? സഹജീവികളുടെ ജീവനും അഭിമാനത്തിനും വിലകൽപിക്കാൻ അവർ എന്നാണ് പഠിക്കുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

