ദുരന്തമാവരുത് അഭിമാന പാത
text_fieldsസമീപകാലത്ത് കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ദേശീയപാതയുടെ വികസനമാണ്. പശ്ചാത്തല സൗകര്യവികസനം ഏതു നാടിന്റെയും വളർച്ചക്കും പുരോഗതിക്കും അത്യന്താപേക്ഷിതമായതിനാൽ ഈ വിലയിരുത്തലിൽ കുറെ ശരിയുമുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം ദേശീയപാത 66ലെ 250 ഓളം മീറ്റർ ദൂരം റോഡും സർവീസ് റോഡും ഇടിഞ്ഞുതാഴ്ന്ന സംഭവം ഏറെ ആശങ്കകളുയർത്തുന്നതാണ്. മലപ്പുറം ജില്ലയിലെ കോട്ടക്കലിനും കൊളപ്പുറത്തിനുമിടയിൽ വയലിൽ 10 മീറ്ററിലധികം ഉയരത്തിൽ മണ്ണിട്ടുയർത്തി നിർമിക്കുന്ന കൂരിയാട് വയലിലെ റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. മെയിൻറോഡ് ഇടിഞ്ഞ സമ്മർദത്തിൽ സർവീസ് റോഡും നിരങ്ങി നീങ്ങി. മുന്നൂറ് മീറ്ററോളം ഭാഗം വിണ്ടുകീറുകയും സമീപത്ത് ചെറുകുന്നുകൾ രൂപപ്പെടുകയും ചെയ്തു. റോഡ്നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ഈ തകർച്ച. സംസ്ഥാനത്തെ ഏറ്റവും തിരക്കുകൂടിയ പാതകളിലൊന്നായ തൃശൂർ -കോഴിക്കോട് പാതയിലെ ഈ ഭാഗം 10 കിലോമീറ്ററോളം അടച്ച് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണിപ്പോൾ.
നിർമിച്ചുവരുന്ന ദേശീയപാതയിൽ മണ്ണിടിയുന്നതും റോഡ് ഇടിഞ്ഞു താഴുന്നതും ആദ്യമല്ല. നിലവിൽ ഇടിച്ചിലുണ്ടായതിനു തൊട്ടുള്ള കക്കാട് അടക്കം പല സ്ഥലത്തും റോഡിനും സർവീസ് റോഡിനും കഴിഞ്ഞ വർഷത്തെ മഴയിൽ തകർച്ച നേരിട്ടിരുന്നു. കോഴിക്കോട് ജില്ലയിൽ വടകര മുക്കാളി, മൂരാട് ഭാഗങ്ങളിൽ ദേശീയപാത ഇടിഞ്ഞു. മൂരാട് ഭാഗത്ത് ഇനിയും പുനർനിർമാണം നടന്നിട്ടില്ല. മുക്കാളിയിൽ പുതിയ രീതിയിൽ നിർമാണത്തിന് തീരുമാനിച്ചിരിക്കുന്നു. പന്തീരാങ്കാവ് കൊടൽ നടക്കാവിലും സർവീസ്റോഡ് ഇടിഞ്ഞു. പൂർണ രീതിയിൽ ഗതാഗത യോഗ്യമാക്കിയിട്ടില്ല. നിരവധി ഇടങ്ങളിൽ മെയിൻ റോഡിൽനിന്ന് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കാത്തതുമൂലവും വെള്ളക്കെട്ടുകളുണ്ടായി. സർവീസ് റോഡിലേക്ക് പൈപ്പ് നൽകുക എന്നതാണ് പരിഹാരമായി കണ്ടത്. ജലനിർഗമന സൗകര്യങ്ങൾ അടച്ചതുമൂലം പല വീടുകളിലും വെള്ളം കയറുകയും ചെയ്തു. ഈ വർഷം വീണ്ടും മഴ തുടങ്ങിയതോടെയാണ് പുതിയ സംഭവവികാസങ്ങൾ. കഴിഞ്ഞ ദിവസം കാസർകോട് മാവുങ്കാലിലും കോഴിക്കോട് മലാപ്പറമ്പിലും സർവീസ് റോഡ് ഇടിഞ്ഞിട്ടുണ്ട്. കൂരിയാടിനടുത്ത തലപ്പാറയിലും റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ഇവിടെയും നല്ല ഉയരത്തിലാണ് പാത കടന്നുപോവുന്നത്.
ദേശീയപാത നിർമാണത്തിനിടെ വിവിധ പ്രശ്നങ്ങളുണ്ടായ എല്ലാ സ്ഥലങ്ങളിലും അപാകതകൾ ഏറെ മുമ്പുതന്നെ നാട്ടുകാർ അധികൃതരോട് ചൂണ്ടിക്കാട്ടിയതാണ്. വിവിധ റീച്ചുകളുടെ പണിക്ക് കരാറെടുത്തവർ അത് പരിഗണിച്ചതേയില്ല എന്നുവേണം മനസ്സിലാക്കാൻ. കൂരിയാടും സംരക്ഷണഭിത്തിയിൽ വിള്ളലുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.
വേണ്ടത്ര പഠനം നടത്താതെയാണ് കേരളത്തിൽ ദേശീയപാത രൂപരേഖ തയാറാക്കിയതെന്ന് നേരത്തേ വിമർശനമുയർന്നതാണ്. അതിൽ വസ്തുതയുണ്ടായിരുന്നു എന്നാണ് അപാകങ്ങൾ കാണിക്കുന്നത്. സംസ്ഥാനത്തെ ഓരോ ജില്ലയിലും മണ്ണിന്റെ സ്വഭാവവും അതിനനുസരിച്ച മുൻകരുതലുകളും നിർമാണക്കരാർ ഏറ്റെടുത്ത അന്യസംസ്ഥാന കമ്പനികൾ പാലിച്ചിട്ടുണ്ടോ എന്നത് സംശയകരമാണ്. പേമാരി അടക്കമുള്ള കാലാവസ്ഥ മാറ്റവും പരിഗണിച്ചിട്ടില്ല. പല സ്ഥലങ്ങളിലും 10 മീറ്ററിലധികം താഴ്ചയിലാണ് റോഡ് കടന്നു പോവുന്നത്. വയൽ പ്രദേശങ്ങളിലും ക്രോസിങ്ങുകളിലും 10 മീറ്ററിലധികം ഉയരത്തിലും. താഴ്ചയുള്ള ഒരു സ്ഥലത്തും സംരക്ഷണ ഭിത്തി നിർമിക്കാതെയാണ് നിർമാണം. ഇത്തരം സ്ഥലങ്ങളിൽ പൈപ്പ് അകത്തേക്ക് കടത്തി കോൺക്രീറ്റ് മിക്സ് അടിച്ചുകയറ്റുകയാണ് ചെയ്യുന്നത്. ഇവയുടെ ഫലപ്രാപ്തി നമ്മുടെ മണ്ണിൽ എത്രയെന്ന് കണ്ടറിയണം. മലയാളി അർജുനടക്കം 10ലധികം പേരുടെ ജീവനെടുത്ത കർണാടകയിലെ ഷിരൂർ മണ്ണിടിച്ചിൽ ഈ സമയം ഒരു മുന്നറിയിപ്പായിത്തന്നെ കാണണം. അശാസ്ത്രീയ നിർമാണവും കനത്ത മഴയുമാണ് ഷിരൂരിൽ മണ്ണിടിച്ചിലിന് കാരണമായതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുന്നിടിച്ചുള്ള അശാസ്ത്രീയനിർമാണം നമ്മുടെ ദേശീയപാത നിർമാണത്തിലും ഏറെയുണ്ടായിട്ടുണ്ട്.
സംസ്ഥാന സർക്കാറിന്റെ ഇച്ഛാശക്തിയും നഷ്ടപരിഹാരത്തിലെ വ്യക്തതയുമാണ് പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് വിജയത്തിലെത്തിച്ചത്. കാസർകോട് മുതൽ മലപ്പുറം കാപ്പിരിക്കാട് വരെ ദേശീയപാതനിർമാണം അവസാനഘട്ടത്തിലാണ്. മറ്റു ജില്ലകളിലും നിർമാണം പുരോഗമിക്കുകയാണ്. ഇതിലാണ് പലയിടത്തും അപാകതകൾ കണ്ടെത്തിയിരിക്കുന്നത്. നിർമാണത്തെക്കുറിച്ചും അലൈൻമെന്റുകളെക്കുറിച്ചും നിർമാണ രീതികളെക്കുറിച്ചും എല്ലാം പുതിയ പരിശോധനകൾക്ക്, തിരുത്തലുകൾക്ക് ഇത് നിമിത്തമാവേണ്ടതുണ്ട്. സർവീസ് റോഡിലൂടെ പോയ കാറിന് മുകളിലേക്ക് ഇന്റർലോക്ക് കട്ട വീണതുപോലുള്ള സുരക്ഷാഭീഷണിയും അതീവ ഗൗരവത്തോടെ കാണണം. ചുരുക്കത്തിൽ, സംസ്ഥാനത്തെയാകെ ദേശീയപാത നിർമാണത്തെക്കുറിച്ചും അതിന്റെ ഗുണനിലവാരത്തെക്കുറിച്ചും ഒരു വിദഗ്ധ സമിതിയെക്കൊണ്ട് വിശദ പരിശോധനക്ക് സംസ്ഥാനസർക്കാർ തയാറാവണം. അല്ലെങ്കിൽ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഗുണഫലം നമുക്ക് കിട്ടാതെ പോവും എന്നല്ല, ദേശീയപാത അപകടപാതയായി മാറുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

