ഇ.ഡി വരുത്തുന്ന നാണക്കേട്
text_fieldsലോക അഴിമതി സൂചികയിൽ 96ാം സ്ഥാനത്ത് നിൽക്കുന്ന, ഹൈകോടതി ജഡ്ജിയുടെ വീട്ടിൽനിന്ന് ചാക്ക് കണക്കിന് നോട്ടുകെട്ടുകൾ കണ്ടെടുക്കപ്പെടുന്ന ഇന്ത്യയിൽ ഏതൊരു മേഖലയിൽ അഴിമതിയാരോപണമുയർന്നാലും അമ്പരക്കേണ്ടതില്ല. എന്നാൽ, കുറച്ചു വർഷങ്ങളായി രാജ്യത്തെ ഏറ്റവും പ്രബലമായ അന്വേഷണ ഏജൻസിയെന്ന് വിശ്വസിക്കപ്പെടുന്ന സംസ്ഥാന മുഖ്യമന്ത്രിമാരെ മുതൽ മാധ്യമ പ്രവർത്തകരെ വരെ ജയിലിലാക്കാൻ ശക്തിയുള്ള, ഉന്നതരുടെ സ്വത്ത് കണ്ടുകെട്ടുകയും തട്ടിനിരത്തുകയും ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇ.ഡിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ കേൾക്കുമ്പോൾ ഞെട്ടാതിരിക്കാനാവില്ല.
കള്ളപ്പണക്കേസുകൾ അന്വേഷിക്കുന്ന ഇ.ഡിയുടെ ഉന്നതർ നടത്തിയ കള്ളത്തരമാണ് ഏതാനും മണിക്കൂറുകളായി കേരളമൊന്നടങ്കം ചർച്ച ചെയ്യുന്നത്. കേസൊതുക്കാൻ കശുവണ്ടി വ്യവസായിയിൽനിന്ന് രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ ഇ.ഡി കൊച്ചി യൂനിറ്റ് അസിസ്റ്റന്റ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തിരിക്കുകയാണിപ്പോൾ.
ബാങ്ക് വായ്പയായി ലഭിച്ച രണ്ടരക്കോടി രൂപ നിക്ഷേപമായി കണക്കാക്കി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് കേസെടുക്കുകയും ഒതുക്കിത്തീർക്കാൻ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തെന്ന ഒരു മതമേലധ്യക്ഷന്റെ പരാതിയും ഉയർന്നുവന്നിട്ടുണ്ട്. റെയ്ഡ് വിവരം മാധ്യമങ്ങൾക്ക് ചോർത്തിനൽകി നാട്ടിലാകെ കുറ്റവാളി പരിവേഷം സൃഷ്ടിക്കുക, സ്ത്രീകൾ ഉൾപ്പെടെ കുടുംബാംഗങ്ങളെ വിവസ്ത്രരാക്കി നിർത്തി ചോദ്യം ചെയ്യുക, ജയിലിലടക്കുമെന്നും പുറംലോകം കാണില്ലെന്നും ഭീഷണിപ്പെടുത്തുക, ഉദ്യോഗസ്ഥർക്ക് പണം നൽകി കേസിൽനിന്നൊഴിവാകാനുള്ള ഉപദേശവുമായി ഇടനിലക്കാരെ അയക്കുക എന്നിങ്ങനെ തനി അധോലോക ഗുണ്ടാസംഘങ്ങളുടെ ബ്ലാക്ക്മെയിലിങ് നിലവാരത്തിലാണ് രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽനിന്ന് കാത്തരുളാൻ നിയോഗിക്കപ്പെട്ട സംഘം പ്രവർത്തിക്കുന്നത് എന്നാണ് ഇരകളുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ ഇ.ഡിയുടെ അവിശുദ്ധ ഇടപാടുകളെക്കുറിച്ച് തുറന്നുപറച്ചിലുണ്ടാകുന്നത് ഇപ്പോൾ മാത്രമാണെങ്കിലും രാജ്യത്തിന്റെ മറ്റുപല കോണുകളിലും ഈ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ആരോപണ വിധേയരായ ഒട്ടനവധി സംഭവങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യാതിരിക്കാൻ പണം ആവശ്യപ്പെട്ട് കുപ്രസിദ്ധ ക്രിമിനലായ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തെ ഇറക്കിയ ഷിംലയിൽ ഒരു ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ഈ വർഷം സി.ബി.ഐയുടെ പിടിയിലായിരുന്നു. മുംബൈയിൽ കൈക്കൂലി നൽകിയില്ലെങ്കിൽ മകനെ കള്ളപ്പണക്കേസിൽ കുടുക്കുമെന്ന് ജ്വല്ലറിയുടമയെ ഭീഷണിപ്പെടുത്തിയ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറും പിടിയിലായിരുന്നു. ഇ.ഡി, സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുകളും ഹൈകോടതികളിൽനിന്ന് കടുത്ത പരാമർശങ്ങളും ഉയർന്നിട്ടുണ്ട്. ഇ.ഡി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്നും യഥാർഥത്തിൽ സംഭവിച്ച കുറ്റം ആണെങ്കിൽപോലും അന്വേഷണരീതി കാരണം ഇ.ഡി നീതിയോടെയല്ല കാര്യങ്ങൾ ചെയ്യുന്നത് എന്ന ധാരണ ഉണ്ടാവുമെന്നും ഒരുവേള സുപ്രീംകോടതിക്കുപോലും പറയേണ്ടിവന്നു. കേരളത്തിൽ ഉയർന്നതു പോലെയുള്ള ആരോപണങ്ങൾ ഇ.ഡി ഇടപെടുന്ന കേസുകളെയെല്ലാം സംശയനിഴലിലാക്കിയിട്ടുണ്ട്.
സ്വതന്ത്ര അന്വേഷണ സംവിധാനങ്ങളായ ഇ.ഡിയെയും സി.ബി.ഐയുമെല്ലാം ഈ നിലയിലേക്ക് അധഃപതിപ്പിച്ചത് കേന്ദ്ര ഭരണകൂടമാണെന്ന് പറയാതിരിക്കാനാവില്ല. സ്വതന്ത്രമായല്ല, കേന്ദ്രഭരണകക്ഷിയുടെ സമ്പൂർണ നിയന്ത്രണത്തിലാണ് ഈ സംഘം കേസെടുക്കുകയും റെയ്ഡുകളും അന്വേഷണവും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നത്. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത മുഖ്യമന്ത്രിമാർ ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളെ മുതൽ ജീവകാരുണ്യ സംഘങ്ങളെ വരെ ഇ.ഡി ഉന്നമിടുന്നുണ്ട്. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെ നിരവധി ആം ആദ്മി പാർട്ടി നേതാക്കൾ, ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ ബി.ജെ.പി ഇതര പാർട്ടി നേതാക്കൾ തുടങ്ങിയവരെ കേസിൽ കുടുക്കാനും അറസ്റ്റ് ചെയ്യാനും അമിതമായ ആവേശമാണ് ഇ.ഡി പ്രകടിപ്പിച്ചുപോരുന്നത്. ചോദ്യം ചെയ്യലിനിടെ ചില നേതാക്കളുടെ പേരുകൾപറയാൻ നിർബന്ധിച്ച സംഭവങ്ങളുണ്ട്. കള്ളപ്പണക്കേസിൽ കുറ്റപത്രം ലഭിച്ച നേതാക്കൾ പാർട്ടി മാറി ഭരണകക്ഷിക്കൊപ്പം ചേർന്നാൽ സകല പാപങ്ങളും പൊറുത്ത് ക്ലീൻചിറ്റ് ലഭിക്കുന്ന വിചിത്ര സാഹചര്യവും നിലവിലുണ്ട്. അതേസമയം, കൊടകര കള്ളപ്പണക്കേസുൾപ്പെടെ കേന്ദ്രഭരണകക്ഷി പ്രതിസ്ഥാനത്ത് വന്ന കേസുകൾ ആവിയാക്കി മാറ്റിയതും മറ്റാരുമല്ല. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും നിരവധി നിയമസഭ തെരഞ്ഞെടുപ്പുകളിലും കേന്ദ്രഭരണ മുന്നണിയിലെ മുഖ്യസഖ്യകക്ഷിയെന്ന കണക്കിൽ പ്രവർത്തിച്ചാണ് ഇ.ഡി പ്രതിപക്ഷ നേതാക്കളെയും അവർക്ക് പിന്തുണ നൽകുന്ന വ്യവസായികളെയും വേട്ടയാടിയത്. ഇ.ഡിയുടെ അന്യായങ്ങൾക്കിരയായ കൂടുതൽ മലയാളികൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തലുമായി വരുമോ അതോ ഭയത്തിൽ മുങ്ങി നിശ്ശബ്ദത തുടരുമോ എന്നാണ് ഇനി അറിയാനുള്ളത്.
അന്വേഷണ ഏജൻസികൾ സ്വതന്ത്രവും സത്യസന്ധവുമായി നിലകൊള്ളാത്തിടത്തോളം ഒരു രാജ്യത്തെ അഴിമതിയിൽനിന്നും മറ്റു ക്രമക്കേടുകളിൽനിന്നും സംരക്ഷിക്കുക ദുഷ്കരമാണ്. ഏജൻസികൾ പണം പിടുങ്ങൽ-ബ്ലാക്ക്മെയിലിങ് റാക്കറ്റിന്റെ ഭാഗമാവുക കൂടിചെയ്താൽ അഴിമതി സ്ഥാപനവത്കരിക്കപ്പെടുകയും ചെയ്യും. അഴിമതി സൂചികകളിൽ രാജ്യത്തിന്റെ സ്ഥാനം നാണംകെടുത്തുന്ന വിധം ഇനിയും ഇടിയും. സമ്പൂർണ ശുദ്ധീകരണം കൊണ്ടുമാത്രമേ ഇതിന് അറുതി വരുത്താനാവൂ. കേന്ദ്ര ഭരണകക്ഷിയുടെ വരുതിയിൽ തുടരുന്നിടത്തോളം കാലം അതിനുള്ള സാധ്യതയും വിദൂരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

