ഭരണഘടനാമൂല്യവും രാഷ്ട്രപതിയുടെ ചോദ്യങ്ങളും
text_fieldsകേന്ദ്ര സർക്കാറിന്റെ തീട്ടൂരങ്ങൾക്ക് വഴങ്ങാത്ത ‘പ്രതിപക്ഷ സംസ്ഥാന’ങ്ങളെ വരുതിയിലാക്കാൻ ഭരണത്തിന്റെ ഒന്നാം നാൾ തൊട്ടേ നരേന്ദ്ര മോദിയും സംഘവും പലവഴികൾ പയറ്റുന്നുണ്ട്. തങ്ങൾക്ക് ഭരണം നൽകാത്ത സംസ്ഥാനങ്ങളുടെ കേന്ദ്രഫണ്ട് തടഞ്ഞും നികുതിവിഹിതം വെട്ടിയും മരവിപ്പിച്ചുമെല്ലാം ‘സാമ്പത്തിക ഉപരോധം’ ഏർപ്പെടുത്തുക എൻ.ഡി.എ ഭരണകൂടത്തിന്റെ പതിവുകളിലൊന്നാണ്. ഗവർണർമാർ വഴി സംസ്ഥാന സർക്കാറുകളുടെ ഭരണ നിർവഹണ പ്രക്രിയയിൽ അനാവശ്യമായി കൈകടത്തുന്നതാണ് തുടർച്ചയായി കാണുന്ന മറ്റൊരു പ്രവണത. രണ്ട് ഇടപെടലുകൾക്കും വിലപേശൽ സ്വഭാവമാണുള്ളത്. പലപ്പോഴും സമ്മർദത്തിലകപ്പെട്ട് സംസ്ഥാനസർക്കാറുകൾക്ക് ഇത്തരം ഘട്ടങ്ങളിൽ കേന്ദ്ര അജണ്ടകൾക്ക് വഴങ്ങേണ്ടിവരാറുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായിരിക്കെ ഇങ്ങനെ നടത്തിയ പല ഇടപെടലുകളും ഭരണ പ്രതിസന്ധിക്കുവരെ വഴിതെളിച്ചു. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് വിസമ്മതിച്ചും സംസ്ഥാനസർക്കാർ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ മാസങ്ങളോളം പിടിച്ചുവെച്ചുമെല്ലാം ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലിരുന്ന് സമാന്തര ഭരണം നിർവഹിച്ചതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. കേരളത്തിൽ മാത്രമായിരുന്നില്ല ഈ പ്രവണത; തമിഴ്നാട്ടിലും പഞ്ചാബിലും പശ്ചിമബംഗാളിലും തെലങ്കാനയിലും കർണാടകയിലും ഉദ്ധവ് ഭരണകാലത്ത് മഹാരാഷ്ട്രയിലുമെല്ലാം ഗവർണർ രാജ് ദൃശ്യമായി. നിയമസഭ പാസാക്കുന്ന ബില്ലുകൾ അനന്തമായി തടഞ്ഞുവെക്കുകയോ അംഗീകാരം നിരസിച്ച് തിരിച്ചയക്കുകയോ ചെയ്യുക എന്നതായിരുന്നു ഈ സംസ്ഥാനങ്ങളിലെല്ലാം പൊതുവായി എല്ലാ ഗവർണർമാരും ചെയ്തത്. ഇത്തരത്തിൽ, തമിഴ്നാട് സർക്കാർ പാസാക്കിയ 10 ബില്ലുകൾ ഗവർണർ ആർ.എൻ. രവി അനിശ്ചിതമായി പിടിച്ചുവെച്ചത് ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രീംകോടതി കർശനമായ ഇടപെടൽ നടത്തിയത് ഇക്കാര്യത്തിൽ വലിയ വഴിത്തിരിവായി. ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മാധവൻ എന്നിവരടങ്ങുന്ന ബെഞ്ച് ഗവർണറുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുക മാത്രമല്ല, അടിയന്തരമായി ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നല്ല, നിയമസഭ പാസാക്കുന്ന ബില്ലുകളിൽ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് ഭരണഘടന ഉദ്ധരിച്ച് താക്കീത് നൽകുകയും ചെയ്തു. കേന്ദ്രത്തിന്റെ ഗവർണർ രാജിനുള്ള ഏറ്റവും ശക്തമായ തിരിച്ചടിയായിരുന്നു പരമോന്നത നീതിപീഠത്തിന്റെ ഇടപെടൽ. എന്നാൽ, ഇമ്മട്ടിൽ സുപ്രീംകോടതിക്ക് ഇടപെടാനാകുമോ എന്നാണിപ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചോദ്യം. രാഷ്ട്രപതിയുടെ പ്രത്യേക അധികാരമുപയോഗിച്ച് ഇതു സംബന്ധിച്ച 14 ചോദ്യങ്ങളുമായി സുപ്രീംകോടതിയുടെ അഭിപ്രായമാരാഞ്ഞിരിക്കുകയാണ് അവർ.
പൊതുപ്രാധാന്യമുള്ള വിഷയങ്ങളിലും നിയമവിഷയങ്ങളിലും സുപ്രീംകോടതിയുടെ അഭിപ്രായം തേടുന്നതിനുള്ള ഭരണഘടനയുടെ 143(1) അനുച്ഛേദ പ്രകാരമാണ് രാഷ്ട്രപതി സുപ്രീംകോടതിയുടെ തീർപ്പിൽ ഇടപെട്ടിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതിനു മുമ്പ് 14 തവണ മാത്രമാണ് ഈ ഭരണഘടനാ വകുപ്പ് രാഷ്ട്രപതി ഉപയോഗിച്ചിട്ടുള്ളത്. അതെല്ലാം, പൊതുവിൽ സങ്കീർണ നിയമസംബന്ധമോ രാജ്യത്തിന്റെ ഫെഡറൽ ഘടനയുമായി ബന്ധപ്പെട്ടോ ആയിരുന്നു. 1958ലെ കേരള വിദ്യാഭ്യാസ അവകാശ ബിൽ, 1992ലെ കാവേരി നദീജല തർക്കം, ബാബരി ധ്വംസനത്തിനുശേഷമുണ്ടായ കോടതി നടപടികൾ തുടങ്ങിയ ചരിത്രസന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കപ്പെട്ട ഈ അവകാശം സുപ്രീംകോടതിയുടെ ഒരു നിർദേശത്തിന്റെ അല്ലെങ്കിൽ താക്കീതിന്റെ പുറത്തുമാത്രമായി ഒരിക്കൽകൂടി പ്രയോഗിച്ചുവെന്നത് കൗതുകകരമാണ്. മേൽസൂചിപ്പിച്ച, കോടതി ഇടപെടൽ തമിഴ്നാട് ഗവർണറുടെ നിലപാടിനെതിരെയായിരുന്നു. സ്വാഭാവികമായും, അദ്ദേഹമോ അല്ലെങ്കിൽ ഗവർണറുടെ കാര്യാലയമോ ഇക്കാര്യത്തിൽ പുനഃപരിശോധന ഹരജി നൽകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. അതും തള്ളിയാൽ ക്യൂറേറ്റിവ് ഹരജിക്ക് സാധ്യതയുണ്ട്. ഇതിനൊന്നും മുതിരാതെ വിഷയത്തിൽ രാഷ്ട്രപതിതന്നെ നേരിട്ട് ഇടപെട്ടത് അനിതരസാധാരണമാണ്. കപിൽ സിബലിനെപ്പോലുള്ള നിയമ വിദഗ്ധർ നിരീക്ഷിച്ചതുപോലെ ഈ നീക്കം രാഷ്ട്രീയപ്രേരിതവുമാണ്. ഭരണഘടനയുടെ അനുച്ഛേദം 200, 201 എന്നിവയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ 14 ചോദ്യങ്ങൾ. സാങ്കേതികമായി ആ ചോദ്യങ്ങൾ അത്ര എളുപ്പത്തിൽ തള്ളിക്കളയാനുമാകില്ല. ഒന്നാമതായി, സുപ്രീംകോടതി നിർദേശിച്ചതു പ്രകാരം ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല; അത് ഗവർണറുടെയും രാഷ്ട്രപതിയുടെയുമെല്ലാം വിവേചനാധികാരത്തിന്റെ പരിധിയിൽ വരുന്നതുമാണ്. ഭരണഘടനയുടെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകുന്ന പ്രത്യേകാധികാരം മറ്റു ഭരണഘടനാ സ്ഥാപനങ്ങളുടെ സമാനമായ ഭരണഘടനാപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമാകാമോ എന്ന ചോദ്യവും പ്രസക്തമാണ്. എന്നാൽ, സുപ്രീംകോടതി ഈ വിഷയത്തിൽ ഇടപെടാനുണ്ടായ സാഹചര്യം പരിഗണിക്കാൻ രാഷ്ട്രപതി തയാറായിട്ടില്ലെന്നതാണ് പ്രശ്നത്തിന്റെ മർമം. തമിഴ്നാട് ഉന്നയിച്ച പരാതിക്ക് സമാനമായ ഹരജിയുമായി കേരളം, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്യത്തിലാണെങ്കിൽ, രാഷ്ട്രപതി തടഞ്ഞുവെച്ച നാല് ബില്ലുകളടക്കം 11 എണ്ണത്തിന്റെ കാര്യത്തിലാണ് സുപ്രീംകോടതിക്ക് തീരുമാനമെടുക്കാനുള്ളത്. പ ശ്ചിമ ബംഗാളിൽ ഏഴും കർണാടകയിൽ 13ഉം ബില്ലുകൾ തടഞ്ഞുവെക്കപ്പെട്ടിരിക്കുന്നു. അഥവാ, ഗവർണറുടെ വിവേചനാധികാരം അമിതാധികാര പ്രയോഗത്തിലേക്ക് വഴിമാറിയെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഗത്യന്തരമില്ലാതെ സുപ്രീംകോടതി ഈ വിഷയത്തിൽ കർശനനിർദേശം നൽകിയത്. മറ്റൊരർഥത്തിൽ, ഭരണഘടനയുടെ സാങ്കേതികത്വങ്ങൾക്കപ്പുറം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെയും മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കോടതി ചരിത്രപരമായ ഇടപെടൽ നടത്തിയത്. അതുകൊണ്ടുതന്നെ, ഇപ്പോൾ രാഷ്ട്രപതി ഉയർത്തിയിരിക്കുന്ന ചോദ്യങ്ങളത്രയും ഭരണഘടനാ മൂല്യങ്ങൾക്കുനേരെയാണെന്ന് പറയേണ്ടിവരും. ഈ ചോദ്യങ്ങളോട് സുപ്രീംകോടതി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണണം. ഒന്നുകിൽ, അത് ഭരണഘടന ബെഞ്ചിന് വിട്ട് വിപുലമായ നിയമ വ്യവഹാരത്തിന് തുടക്കം കുറിക്കാം, അതല്ലെങ്കിൽ, ബാബരി വിഷയത്തിൽ ചെയ്തതുപോലെ മിണ്ടാതിരിക്കുകയും ആവാം. അതെന്തായാലും, കഴിഞ്ഞ പത്ത് വർഷമായി കണ്ടുകൊണ്ടിരിക്കുന്ന ഗവർണർ രാജിന്റെ അതേ പാതയിലാണോ രാഷ്ട്രപതിയും സഞ്ചരിക്കുന്നത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

