സന്മാർഗ പാഠങ്ങൾ ഇല്ലാത്തതല്ല പ്രശ്നം
text_fieldsസ്കൂൾ തുറന്ന് ആദ്യ രണ്ടാഴ്ച കുട്ടികൾക്ക് സന്മാർഗ പഠനം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരിക്കുന്നു. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ രണ്ടാഴ്ചക്കാലം മറ്റു പാഠപുസ്തകങ്ങൾ അടച്ചുവെച്ചാണ് പഠനവും പരിശീലനവും. കുട്ടികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയൽ, പരിസര, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതൽ നശീകരണം, മൊബൈൽ ഫോണിനോടുള്ള അമിതാസക്തി, ആരോഗ്യകരമല്ലാത്ത സമൂഹ മാധ്യമ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലായിരിക്കും പുതിയ അധ്യയന വർഷത്തിലെ ആദ്യപാഠങ്ങൾ. പൊലീസ്, എക്സൈസ്, സാമൂഹിക നീതി വകുപ്പ്, കൈറ്റ് തുടങ്ങിയവയുടെ നേതൃത്വത്തിലാകും ക്ലാസ്. സ്കൂളുകളിൽ മെന്ററിങ് ശക്തിപ്പെടുത്താനും തീരുമാനമുണ്ട്.
അരക്ഷിതാവസ്ഥ നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ സർക്കാർ തീരുമാനം അഭിനന്ദനമർഹിക്കുന്നതാണ്. താമരശ്ശേരിയിൽ സഹപാഠികളുടെ മർദനമേറ്റ് വിദ്യാർഥി കൊല്ലപ്പെട്ടതും എറണാകുളത്ത് സഹപാഠികളുടെ റാഗിങ് സഹിക്കാനാകാതെ വിദ്യാർഥി ആത്മഹത്യ ചെയ്തതുമുൾപ്പെടെ കഴിഞ്ഞ അധ്യയന വർഷം വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ച ഒട്ടനവധി സംഭവങ്ങളാണുണ്ടായത്. പല സ്കൂളുകളിലും വിദ്യാർഥികൾ ചേരിതിരിഞ്ഞും ക്ലാസ് തിരിഞ്ഞും ഏറ്റുമുട്ടുന്നത് നിത്യമായിരുന്നു. ശല്യം സഹിക്കാനാകാതെ രക്ഷിതാക്കളും ഓട്ടോ തൊഴിലാളികളും നാട്ടുകാരുമെല്ലാം ഇടപെട്ട കേസുകൾ വേറെ. വിദ്യാർഥികൾക്ക് നിയമത്തിന്റെ സംരക്ഷണമുള്ളതിനാലും പ്രായം കണക്കിലെടുത്തും പൊതുവേ ഇത്തരം കേസുകളിൽ പൊലീസ് ഇടപെടൽ ഉപദേശത്തിലൊതുങ്ങുകയാണ് പതിവ്. അതിനാൽതന്നെ എന്തും സംഭവിക്കാമെന്ന ഭീതിമൂലം ഇക്കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവസാന ദിനം അധ്യാപകരും പൊലീസും രക്ഷിതാക്കളും ഒരുപോലെ കാവൽ നിന്നാണ് വിദ്യാർഥികളെ വീടുകളിലേക്ക് തിരിച്ചുകൊണ്ടുപോയത്. നിലവിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്കാണ് സന്മാർഗ പഠനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഹയർസെക്കൻഡറിയിലാണ് ഏറ്റവും കൂടുതൽ റാഗിങ്, ഏറ്റുമുട്ടൽ, സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം, വാഹന ദുരുപയോഗം എന്നിവ നടക്കുന്നത്. അതിനാൽ ഈ ക്ലാസുകളിലേക്കും സന്മാർഗ പഠനം വ്യാപിപ്പിക്കുന്നത് ഗുണകരമാവും.
യഥാർഥത്തിൽ കുട്ടികൾക്ക് സന്മാർഗ ആശയങ്ങൾ ചെറുപ്പം മുതലേ കിട്ടാത്തതോ, അവ പാഠപുസ്തകങ്ങളിൽ ഇല്ലാത്തതോ അല്ല നിലവിലെ സാഹചര്യത്തിന് കാരണം. കരുണയും കനിവും സഹജീവി സ്നേഹവും കഠിന പരിശ്രമങ്ങളും വഴി നേടിയ വിജയത്തിന്റെ, നന്മയുടെ കഥകൾ അവരുടെ പുസ്തകങ്ങളിലും ചുറ്റുപാടിലുമുണ്ട്. അംഗൻവാടികളിലും മദ്റസകളിലും സൺഡേ-മോറൽ സ്കൂളുകളിലുമൊക്കെ ഇത് പഠിപ്പിക്കുന്നുണ്ട്. മുത്തശ്ശിക്കഥകളും വീട്ടിലെ മുതിർന്നവരുടെ ഉപദേശങ്ങളും വഴി കിട്ടുന്നത് വേറെ. അവ വിജയകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കുന്നതിൽ, അവരെ ഉള്ളിന്റെ ഉള്ളിലേക്ക് കൃത്യമായ രീതിയിൽ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് വസ്തുത. കുട്ടികളുടെ കഴിവുകളും അവരുടെ പശ്ചാത്തലവും മാനസിക നിലവാരവും എല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു പഠന രീതി രൂപപ്പെടുത്തുന്നതിൽ നമ്മൾ ഇനിയും വിജയിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടതുണ്ട്. അവ വികസിപ്പിച്ചെടുക്കാതെ എത്രമാത്രം കതിരിൽ വളംവെച്ചിട്ടും ഫലമുണ്ടാകാൻ സാധ്യത കുറവാണ്.
പഠിപ്പിക്കുന്നതിനൊപ്പം ഏറ്റവും പ്രധാനമാണ് എങ്ങനെ പഠിപ്പിക്കണമെന്നതും. അതിന് അധ്യാപകരും രക്ഷിതാക്കളും അവർക്ക് മാതൃകയാകേണ്ടതുമുണ്ട്. അവർ കാണുന്ന സമൂഹത്തിലെ റോൾ മോഡലുകൾക്കുപോലും ഇതിൽ വലിയ പങ്കുവഹിക്കാനുണ്ട്. നിർഭാഗ്യവശാൽ സമൂഹത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്നത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വർത്തമാനങ്ങളും ലഹരിക്കടിപ്പെട്ട, എന്തും തച്ചുതകർക്കുന്ന, തല്ലാനും കൊല്ലാനും ആക്രോശിക്കുന്ന, പരസ്യമായി നിയമം ലംഘിക്കുന്ന ഹീറോകളുടെയും നേതാക്കളുടെയും സെലിബ്രിറ്റികളുടെയും റോൾ മോഡലുകളാണ്. അതിലുപരിയാണ് ഏതുതരം ലഹരിയും ലഭിക്കുന്ന സ്കൂൾ പരിസരങ്ങളും. കൂടാതെ സ്കൂളുകളിലെയും വീടകങ്ങളിലെയും അന്തരീക്ഷവും വിദ്യാർഥികളുടെ സ്വഭാവ നിർമിതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ക്ലാസെടുക്കുന്ന അധ്യാപകരുടെ കാര്യത്തിലും ഈ മാനദണ്ഡങ്ങൾ വ്യാപകമാണ്. കഴിഞ്ഞ വർഷം അധ്യാപകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ മാത്രം മതി അതിന് തെളിവായി. അനിയന്ത്രിതമായ സംഘടനാ പ്രവർത്തനത്തിന്റെ മറവിൽ, സംഘടനകളുടെ സ്വാധീനത്തിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാതെ പോവുകയാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾക്ക് കടിഞ്ഞാണിടാതെ ഏതുതരം സന്മാർഗ പഠനവും കൃത്യമായ ലക്ഷ്യം നേടാൻ സാധ്യത കുറവാണ്. അത്തരം പരിഷ്കരണത്തിനുകൂടി ആത്മാർഥമായ ശ്രമമുണ്ടാകണമെന്ന് ഈ അവസരത്തിൽ ഓർമപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.