അഭിമാനകരം ഈ അതുല്യനേട്ടം
text_fieldsസ്വപ്നസദൃശമായ മുന്നേറ്റത്തിലൂടെ കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ 90 വർഷത്തെ ചരിത്രത്തിൽ ആദ്യമായി റണ്ണേഴ്സ് അപ്പായി. പേരും പെരുമയുമുള്ള കരുത്തരായ എതിരാളികളെ കീഴടക്കി ചരിത്ര ഫൈനലിൽ ഇടംപിടിച്ച സചിൻ ബേബിക്കും കൂട്ടർക്കും കപ്പ് കൈവിട്ടെങ്കിലും കിരീടത്തോളം പോന്ന നേട്ടമാണിത്. ഒറ്റ തോൽവി പോലുമറിയാത്ത ഉജ്ജ്വല കുതിപ്പിലൂടെയാണ് കേരളം ക്രിക്കറ്റ്ചരിത്രത്തിൽ പുതിയൊരേട് ചേർത്തിരിക്കുന്നത്.
കായിക ഭൂപടത്തിൽ കേരളത്തിൽ എന്നും ഫുട്ബാളിനും വോളിബാളിനും അത്ലറ്റിക്സിനുമൊക്കെയായിരുന്നു സ്ഥാനം. രാജ്യാന്തര ക്രിക്കറ്റിൽ എഴുപതുകളുടെ മധ്യത്തിൽ ഇന്ത്യ ശക്തി പ്രാപിക്കുമ്പോഴും കളിയിൽ കേരളത്തിന് അധികം വേരുകളില്ലായിരുന്നു. 1957ൽ കേരള ക്രിക്കറ്റ് അസോസിയേഷൻ രൂപവത്കരിച്ചതു മുതൽ അതിശക്തരടങ്ങിയ ദക്ഷിണമേഖല ഗ്രൂപ്പിൽ കളിച്ച് തമിഴ്നാട്, കർണാടക, ഹൈദരാബാദ് ടീമുകളുടെ ഇരയാവാനായിരുന്നു എപ്പോഴും വിധി. ആന്ധ്രയോടും ഗോവയോടും എന്നെങ്കിലും വീണുകിട്ടുന്ന ഒറ്റപ്പെട്ട വിജയങ്ങളായിരുന്നു ആശ്വാസം. ടിനു യോഹന്നാൻ എത്തുന്നതു വരെ കേരളത്തിന് കളിച്ച് ദേശീയ ടീമിലിടം നേടാൻ ഒറ്റ മലയാളിക്ക് പോലുമായിരുന്നില്ല. രഞ്ജിയിൽ തോറ്റു തോറ്റുകൊണ്ടിരുന്ന കേരളം തൊണ്ണൂറുകളുടെ ഒടുവിൽ അന്താരാഷ്ട്ര താരനിരയുള്ള തമിഴ്നാടിനെയും കർണാടകയെയും ഹൈദരാബാദിനെയുമെല്ലാം തോൽപിച്ച് തുടങ്ങി. 1994-95 സീസണിൽ ദക്ഷിണമേഖല ചാമ്പ്യന്മാരുമായി.മേഖലാമത്സരങ്ങളിൽ നിന്ന് ഗ്രൂപ്പ് തല മത്സരങ്ങളിലേക്ക് രൂപം മാറിയ ചാമ്പ്യൻഷിപ്പിൽ കേരളം പ്രീക്വാർട്ടറും ക്വാർട്ടറും സെമിഫൈനലും കളിച്ചു. അപ്പോഴും ഫൈനൽ പ്രവേശം ഒരു സ്വപ്നം തന്നെയായി അവശേഷിച്ചു.
2019 ൽ കളിച്ച ആദ്യ സെമിയിൽ വിദർഭയോട് തോറ്റശേഷം കേരളത്തിന്റെ പോരാട്ടങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ ഒടുങ്ങി. അവിടെ നിന്നാണ് ഇത്തവണ മുമ്പ് രഞ്ജിയിൽ മുത്തമിട്ട ആറു ടീമുകളടങ്ങിയ ഗ്രൂപ്പിൽ കളിച്ച് കേരളം മുന്നേറിയത്. നോക്കൗട്ട് ബാലികേറാമലയായി കണ്ട മരണഗ്രൂപ്പിൽ കർണാടക പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവരുണ്ടായിരുന്നു. ബിഹാർ മാത്രമായിരുന്നു അൽപം ദുർബലം. എതിരാളികളുടെ കരുത്ത് നോക്കാതെ പൊരുതുകയെന്ന നിശ്ചയ ദാർഢ്യത്തിലാണ് കേരളം ഇറങ്ങിയത്. ടീമെന്ന കൂട്ടായ്മയുടെ കരുത്തിൽ ഒരാളല്ലെങ്കിൽ മറ്റൊരാൾ ഓരോ മത്സരത്തിലും ടീമിനെ കൈപിടിച്ചുയർത്തി. ഫലം ബിഹാറിനും യു.പി ക്കുമെതിരെ ഇന്നിങ്സ് ജയം. ആദ്യ മത്സരത്തിൽ പഞ്ചാബിനെയും ആധികാരികമായി കീഴടക്കി. മധ്യപ്രദേശിനും ഹരിയാനക്കുമെതിരെ സമനില. കർണാടകക്കും ബംഗാളിനുമെതിരായ മത്സരങ്ങൾ മഴയെടുത്തു. ഒടുവിൽ ഹരിയാനക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിൽ ഇടം പിടിച്ചത്.
ഗ്രൂപ് എ യിൽ കരുത്തരിൽ കരുത്തരായ മുംബൈയെയും ബറോഡയെയും തോൽപിച്ച് ആത്മവിശ്വാസത്തിന്റെ ഉച്ചിയിൽ ക്വാർട്ടർ കളിക്കാനെത്തിയ ജമ്മു-കശ്മീരിനെതിരെ സമാനതകളില്ലാത്ത പോരാട്ടത്തിൽ ഒറ്റ റൺ ലീഡുമായാണ് കേരളം സെമിയിലെത്തിയത്. മുൻചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ ത്രസിപ്പിക്കുന്ന രണ്ട് റൺ ലീഡിന്റെ മികവിൽ ചരിത്ര ഫൈനലിലേക്ക് ടിക്കറ്റെടുത്തു. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ മറ്റു ടീമുകളെ അതിശയിപ്പിച്ച വിദർഭക്കെതിരെ നാടിന്റെ മുഴുവൻ പ്രാർഥനകളുമായി പാഡ് കെട്ടിയിറങ്ങിയ കേരളത്തിന് ഒരിക്കലും തോൽക്കാൻ കഴിയുമായിരുന്നില്ല. ആദ്യ മൂന്ന് നാൾ ഒപ്പത്തിനൊപ്പം നിന്നു. അവസാന രണ്ടു നാൾ വിദർഭ മുൻ തൂക്കം കൈവരിച്ചപ്പോഴും സമനിലയിൽ അവസാനിച്ചു. കപ്പ് പ്രതീക്ഷകൾ പടർന്നു പന്തലിച്ച നേരത്തെ ചില പിഴച്ച ഷോട്ടുകളും പാഴായ കാച്ചുകളും ഫൈനലിൽ കേരളത്തിന്റെ നിർഭാഗ്യങ്ങളായി മാറി. എത്തിപ്പിടിക്കാമായിരുന്ന ലീഡ് കൈവിട്ടു കിരീടമെന്ന സ്വപ്നത്തിൽ നിന്നകന്നുപോയ കേരളം ഇന്ത്യൻ ക്രിക്കറ്റിൽ ഒരു വൻശക്തിയുടെ വരവറിയിച്ചാണ് റണ്ണേഴ്സ് അപ്പായി മടങ്ങുന്നത്.
പരിക്കിന്റെ പിടിയിലായ സഞ്ജു സാംസൺ, വിഷ്ണു വിനോദ്, അതിഥി താരം ബാബ അപരാജിത് എന്നിവരുടെ അഭാവത്തിലാണ് കേരളത്തിന്‍റെ നേട്ടം. വൈറ്റ്ബാൾ ക്രിക്കറ്റിൽ അടിച്ചുപറത്തി കളിക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീനും സൽമാൻ നിസാറും കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചു. പരിചയ സമ്പത്തിന്‍റെ കൂട്ടിൽ നായകൻ സചിൻ ബേബി മുന്നിൽ നിന്ന് നയിച്ചപ്പോൾ ആൾ റൗണ്ടറുടെ റോളിൽ ജലജ് സക്സേന നിറഞ്ഞാടി. ജലജിനൊപ്പം അതിഥി താരമായെത്തിയ ആദിത്യ സർവാതെയും നിരാശപ്പെടുത്തിയില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഓപണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും വേഗമേറിയ ബൗളർമാരിൽ എം.ഡി നിധീഷും എൻ.പി ബേസിലും റോൾ ഭംഗിയാക്കി. നിർണായക മൽസരങ്ങളിൽ കളിക്കാനിടം നേടിയ ആപ്പിൾ ഏദൻ ടോമും ഇമ്രാൻ അഹമ്മദുമൊക്കെ കേരള ക്രിക്കറ്റിന്റെ അതിസുന്ദര നാളെയുടെ വിളക്കുകളായി തിളങ്ങുന്നു.
അസാധാരണമായ പോരാട്ടവീര്യം, ചോർന്നു പോകാത്ത മനക്കരുത്ത്, പൂർണ ആത്മവിശ്വാസം ഇങ്ങനെ പലതും മുമ്പെങ്ങുമില്ലാത്ത വിധം സ്വായത്തമാക്കിയാണ് കേരളം സീസണിലെ ഉജ്വലമായ കുതിപ്പ് പൂർത്തിയാക്കിയത്. ടെസ്റ്റിൽ ടിനുവും ശ്രീശാന്തും മാത്രമാണ് ഇത് വരെ ദേശീയ ടീമിൽ സാന്നിധ്യമറിയിച്ച മലയാളികൾ. ട്വൻ്റി 20യിലും ഏകദിനത്തിലും സഞ്ജു സാംസൺ വന്നും പോയും കൊണ്ടിരുന്നു. ഐപിഎല്ലിൽ കളിച്ച ബേസിൽ തമ്പിയും സന്ദീപ് വാര്യറും ടീമിൽ കയറിയിറങ്ങി. ബാക്കി പാതി മലയാളികളുടെ പേരിലായിരുന്നു നാം ഊറ്റം കൊണ്ടത്. ഇപ്പോഴിതാ കേരളത്തിൽ ക്രിക്കറ്റുണ്ടെന്നും ആരോടും കിടപിടിക്കാവുന്ന താരങ്ങളുണ്ടെന്നും സചിൻ ബേബിയും കൂട്ടരും ദേശീയ സെലക്ടർമാരെ ബോധ്യപ്പെടുത്തിയിരിക്കുന്നു. അനന്ത പത്മനാഭനും ജലജ് സക്സേനക്കും മുന്നിൽ തുറക്കാതെ പോയ വാതിലുകൾ പുതിയ താരങ്ങൾക്ക് മുന്നിൽ അടക്കാനാവില്ലെന്ന മുന്നറിയിപ്പ് കൂടിയാണിത്. കേരള ക്രിക്കറ്റിൽ മുമ്പെങ്ങുമില്ലാത്ത പുതിയൊരു ഉണർവും ആവേശവും പകരുന്നു ഈ നേട്ടം. ക്രിക്കറ്റിന്റെ പോരാട്ട ഭൂമികയിൽ കേരളത്തിന്റെ യശസ്സുയർത്തിയ ഓരോ കളിക്കാരനും ടീമിനെ പാകപ്പെടുത്തിയ കോച്ച് മുൻ ഇന്ത്യൻതാരം മധ്യപ്രദേശുകാരൻ അമയ ഖുറാസിയ ഉൾപ്പെടെ സപ്പോർട്ടിങ് സ്റ്റാഫിനും ടീമിന്റെ പ്രയാണത്തിനൊപ്പം നിന്ന കേരള ക്രിക്കറ്റ് അസോസിയേഷനും ഈ കുതിപ്പിൽ ഏറെ അഭിമാനിക്കാനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.