കൗമാരക്കലി: ശിക്ഷ മാത്രമല്ല പരിഹാരം
text_fields‘കൂടുതൽ ദുരന്തങ്ങൾക്ക് കാത്തുനിൽക്കാതെ ഈ നിമിഷംമുതൽ തിരുത്തലിന് തയാറാവുക’ എന്ന് ഈ പംക്തിയിൽ എഴുതി ദിവസങ്ങൾക്കകം ഇതാ മറ്റൊരു കൗമാര കൊലപാതക വാർത്തകൂടി സംസ്ഥാനം കേൾക്കേണ്ടിവന്നിരിക്കുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊല ആവശ്യപ്പെട്ട അടിയന്തര ശ്രദ്ധ കൂടുതൽ ജാഗ്രതയോടെ, കൂടുതൽ വേഗം വേണമെന്നാണ് താമരശ്ശേരിയിൽനിന്നടക്കം കേൾക്കുന്ന ദാരുണവാർത്തകൾ സൂചിപ്പിക്കുന്നത്. സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ കശപിശക്ക് പിന്നാലെ സംഘം ചേർന്ന് ചെയ്ത അക്രമം ഒരു വിദ്യാർഥിയുടെ മരണത്തിൽ കലാശിച്ചു. കാമ്പസുകളിലും പുറത്തുമായി കൗമാരപ്രായക്കാർ നടത്തുന്ന ഹിംസയുടെ വേലിയേറ്റം വ്യാപകവും ഭീതിദവുമായിരിക്കുന്നു. ഷഹബാസ് എന്ന പതിനഞ്ചുകാരനെ കൊന്നത് ആകസ്മികമായല്ല; കൃത്യമായി പരിപാടിയിട്ടായിരുന്നു. അടുത്തകാലത്ത് നടന്ന സ്കൂൾ-കലാലയ അക്രമങ്ങളുടെ ചെറുചിത്രമായി ഞങ്ങൾ ഇന്നലെ പ്രസിദ്ധപ്പെടുത്തിയ സംഭവങ്ങളും കാണിക്കുന്നത്, കൊലപാതകത്തിലേക്കെത്തിയില്ലെങ്കിൽ പോലും ഹിംസാത്മകമായ ഒരു ഉന്മാദം കൗമാരമനസ്സുകളെ വല്ലാതെ ആവേശിക്കുന്നുണ്ട് എന്നുതന്നെ. പാലക്കാട് ജില്ലയിൽ മൂക്ക് തകർന്ന സ്വകാര്യ ഐ.ടി.ഐ വിദ്യാർഥി, മലപ്പുറം ജില്ലയിൽ സഹപാഠി കത്തികൊണ്ട് കുത്തിയ 16കാരൻ, വയനാട് ജില്ലയിൽ കത്രികകൊണ്ട് പരിക്കേറ്റ പത്താം ക്ലാസുകാരൻ, എറണാകുളം ജില്ലയിൽ സഹപാഠികളിൽനിന്നേറ്റ ശാരീരിക, മാനസിക പീഡനങ്ങൾ സഹിക്കാനാവാതെ ജീവനൊടുക്കിയ ഒമ്പതാം ക്ലാസുകാരൻ തുടങ്ങിയവർ ഒരേതരമെന്ന് തോന്നിക്കുന്ന കൗമാര ഉന്മാദത്തിന്റെ ഇരകളാണ്. മറ്റു ജില്ലകളിലുമുണ്ട് സമാനമായ സംഭവങ്ങളും പ്രവണതകളും. ഇത് സമൂഹത്തിൽ മൊത്തം പടരുന്ന കുറ്റവാസനയുടെ ഭാഗമായി കാണാമെങ്കിലും മുമ്പില്ലാത്തവിധം രൗദ്രമാകുന്ന കൗമാരം പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്.
പ്രശ്നം വിശദപഠനം ആവശ്യപ്പെടുന്നതാണെങ്കിലും, ചില കാരണങ്ങൾ വിവിധ അധ്യാപകരും രക്ഷാകർത്താക്കളും വിദഗ്ധരുമെല്ലാം പൊതുവായി മുന്നോട്ടുവെക്കുന്നുണ്ട്. അവയിലൊന്ന്, കൗമാരക്കാർ അനുഭവിക്കുന്ന ഒറ്റപ്പെടലത്രെ. ഇതിന്റെ ഹേതുവും ഫലവുമാണ് കുടുംബബന്ധങ്ങളിലെ ഉലച്ചിലും വീടകങ്ങളിൽനിന്നുണ്ടാകേണ്ട കരുതലിന്റെയും സ്നേഹത്തിന്റെയും അഭാവവും. മറ്റൊന്ന്, ലിബറലിസമെന്ന ഓമനപ്പേരിൽ പ്രചുരപ്രചാരം നേടുന്ന അമിത സ്വാതന്ത്ര്യമാണ്. കൗമാരപ്രായത്തിൽ ആർജിക്കേണ്ട ആത്മനിയന്ത്രണവും അച്ചടക്കവും ഇതിന്റെ പേരിൽ ഇല്ലാതാക്കപ്പെടുന്നു. അതിരുകളും അരുതുകളും സമൂഹത്തിന്റെ സമാധാനത്തിന് അനിവാര്യമാണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടതോടെ മയക്കുമരുന്നിനും സമൂഹമാധ്യമ റീലുകൾക്കും ഹിംസയുടെ കൗമാരലോകം തുറന്നുകിട്ടി. പരുക്കൻ യാഥാർഥ്യങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്; ജീവിതമെന്തെന്ന കാഴ്ചപ്പാടിൽ ഭൗതിക പ്രമത്തത കടന്നുവന്നതോടെ രണ്ട് കാര്യങ്ങൾ സംഭവിച്ചു. ഒരുഭാഗത്ത് അപരനോടുള്ള കരുണയും സഹാനുഭൂതിയും നഷ്ടമായി; മറുഭാഗത്ത് ചെറിയ ആശാഭംഗംപോലും സഹിക്കാൻ കഴിയാത്ത തൊട്ടാവാടികളായി യുവത മാറി. മുതിർന്നവരിൽനിന്ന് ലഭ്യമാകേണ്ട നല്ല മാതൃകകകൾ വിരളമായിക്കൊണ്ടിരിക്കുന്നതും യുവാക്കളിലെ അക്രമോത്സുകതക്ക് കാരണമാണ്. അന്യനെ ബലമുപയോഗിച്ചുപോലും തോൽപിച്ച് ജയിക്കലാണ് ലക്ഷ്യമെന്ന് കാമ്പസുകളിലെ കക്ഷിരാഷ്ട്രീയ മാതൃകകൾ വിദ്യാർഥികളോട് പറയുന്നു. കാമ്പസ് അക്രമങ്ങൾ രാഷ്ട്രീയത്തിന്റെ വിലാസത്തിൽ മഹത്വവത്കരിക്കപ്പെടുന്നു. ധാർമിക മൂല്യങ്ങൾ പഠിക്കുന്നതുപോയിട്ട് പരാമർശിക്കുന്നതുപോലും പിന്തിരിപ്പനാണെന്ന ബോധം കുത്തിവെക്കപ്പെടുന്നു.
കാരണങ്ങൾ ഇനിയുമുണ്ട്; ഏറെയും സങ്കീർണമായവ. പക്ഷേ, ഇതിൽ സമൂഹത്തിന്റെയും പൊതുസംവിധാനങ്ങളുടെയും പങ്ക് നിഷേധിക്കാനാവില്ല. ഇന്ന് കൗമാരപ്രായക്കാരെ കൊലക്കുറ്റം ചുമത്തി തടവിലിടേണ്ടിവരുന്നുവെങ്കിൽ അതിന്, മുതിർന്നവരുടേതായ സമൂഹവും ഉത്തരവാദിയാണ്. ചോരത്തിളപ്പുള്ള പ്രായക്കാർക്ക് ചുറ്റും കുറ്റങ്ങൾ സുഗമമായി ചെയ്യാനുള്ള സാഹചര്യങ്ങൾ തുറന്നുവെച്ചശേഷം അതിൽ കുടുങ്ങിപ്പോകുന്നവരെ ശിക്ഷിച്ചതുകൊണ്ട് എന്ത് പ്രയോജനം? സാഹചര്യങ്ങൾ ഇല്ലാതാക്കാൻ ചട്ടങ്ങളും നിയമങ്ങളും സംവിധാനങ്ങളും പ്രവർത്തനക്ഷമമാകേണ്ടിവരും. അക്രമോത്സുകത ഇല്ലാതാക്കേണ്ടിവരും. മദ്യവും ലഹരിയും ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കുന്ന നയം മാറ്റേണ്ടിവരും. വല്ലതും സംഭവിച്ചശേഷം മാത്രം ഉണരുന്ന മനുഷ്യാവകാശ-ബാലാവകാശ കമീഷനുകൾപോലുള്ള സംവിധാനങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ സമഗ്രമായ പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കേണ്ടിവരും. തകർച്ച കണ്ട് പകച്ചുനിൽക്കാതെ, സിദ്ധാന്തങ്ങൾക്കപ്പുറം ജീവിതയാഥാർഥ്യങ്ങളുമായി ചേർന്നുനിൽക്കുന്ന പരിഹാരങ്ങൾ തേടുക അടിയന്തരാവശ്യമാണ്. അക്കൂട്ടത്തിൽ സിനിമയുടെയും സമൂഹമാധ്യമങ്ങൾ അടക്കമുള്ള സാംസ്കാരിക ആയുധങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പങ്ക് വിചാരണ ചെയ്യപ്പെടണം. ഒപ്പം, ഞങ്ങളടക്കമുള്ള മാധ്യമങ്ങളും ഗൗരവത്തിലുള്ള ആത്മപരിശോധന നടത്തേണ്ടതുണ്ട്. കാരണം ഇവിടെ പ്രതികൾ ശിക്ഷ ഉണ്ടാകില്ലെന്ന ഉറപ്പിൽ എന്ത് കുറ്റവും അറപ്പില്ലാതെ ചെയ്യാൻ ഒരുമ്പെട്ട കൗമാരം മാത്രമല്ല, അവരെ ആ മനോഭാവത്തിലെത്തിച്ച എല്ലാവരുമാണ്. ഭരണകൂടവും പൗരസമൂഹവും വ്യക്തികളും സംഘടനകളും മുൻഗണനയോടെ അഭിമുഖീകരിക്കേണ്ട പ്രശ്നമായിരിക്കുന്നു ഇത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.