വിട, മലയാളത്തിന്റെ ജൈവബുദ്ധിജീവിക്ക്
text_fieldsകേരളത്തിലെ ജൈവ ബുദ്ധിജീവികളിൽ ഏറ്റവും പ്രധാനികളിലൊരാളായ കെ.കെ. കൊച്ച് എന്ന കൊച്ചേട്ടൻ ‘ആപൽക്കരമായ’ എല്ലാ കർമങ്ങൾക്കും വിരാമമിട്ട് യാത്രയായിരിക്കുന്നു. കീഴാള സമുദായവത്കരണ പോരാട്ടത്തിൽ വൈജ്ഞാനികവും നേതൃപരവുമായ ഒട്ടേറെ അടയാളപ്പെടുത്തലുകൾകൊണ്ട് സംഭവബഹുലമായിരുന്നു 76 വർഷത്തെ ആ ജീവിതം. അരികുവത്കരിക്കപ്പെട്ട കേരളത്തിലെയും ഇന്ത്യയിലെയും ദലിത് ജീവിതങ്ങളെ ദൃശ്യപ്പെടുത്തുന്നതിന് വരേണ്യപൊതുമണ്ഡലങ്ങളിലെ സാംസ്കാരിക വ്യാകരണങ്ങളെ തെറ്റിച്ചും ചോദ്യം ചെയ്തും ഒരായുസ്സ് മുഴുവൻ അദ്ദേഹം പ്രയത്നിച്ചു. നിരന്തരം സഞ്ചരിച്ചും എഴുതിയും ആധുനികാനന്തര കേരളത്തിന്റെ പൊതുമണ്ഡലത്തെ നവീകരിക്കുന്നതിലും ജനാധിപത്യവത്കരിക്കുന്നതിലും കൊച്ചേട്ടൻ തന്റെ സ്ഥാനം ഉജ്ജ്വലമാക്കി. ചരിത്രപരമായി നിശ്ശബ്ദമാക്കപ്പെട്ട സമൂഹങ്ങൾക്കുവേണ്ടിയുള്ള ഉച്ചത്തിലുള്ള കലഹങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകളും പ്രവർത്തനമണ്ഡലവും. അതിലൂടെ നിരന്തരം ചോദ്യം ചെയ്യപ്പെട്ടത് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിലനിന്നിരുന്ന സവർണതയുടെ അയിത്തബോധത്തെയും മൂല്യവിചാരങ്ങളെയുമായിരുന്നു. അത്തരം വൈജ്ഞാനിക കലഹങ്ങളിലൂടെയാണ് നമ്മുടെ പൊതുമണ്ഡലത്തിൽ ദലിത് ചിന്തകർക്ക് അഭിമാനാർഹമായ ദൃശ്യത ലഭിച്ചത്. കെ.കെ. കൊച്ചിനെപ്പോലെയുള്ള മൗലിക ചിന്തകരുടെ ആശ്രാന്തപരിശ്രമമില്ലായിയിരുന്നെങ്കിൽ വിഭിന്നരായ ജനതകളുടെ ശബ്ദവും അനുഭവങ്ങളുമില്ലാത്ത അവികസിതമായ സാംസ്കാരിക, ചിന്താലോകമായി ജീർണിച്ചുപോകുമായിരുന്നു കേരളീയ പൊതുമണ്ഡലം. ആ അർഥത്തിൽ കീഴാള രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക വിഹായസ്സ് വിശാലമാക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച വ്യക്തി എന്ന നിലക്ക് വർത്തമാനകാല ചിന്തകരിലെ അമരക്കാരിലൊരാളാണ് കേരളത്തോട് വിട പറഞ്ഞിരിക്കുന്നത്.
ദലിത് ബൗദ്ധിക രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലായ കോട്ടയം ജില്ലയിലെ കടുത്തുരുത്തി പ്രദേശത്താണ് 1946ൽ കെ.കെ. കൊച്ച് കമ്യൂണിസ്റ്റുകാരനായ കുഞ്ഞന്റെ പുത്രനായി ജീവിതമാരംഭിക്കുന്നത്. വിദ്യാർഥികാലത്തുതന്നെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ നടത്തിയ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് കുറച്ചുകാലം ഒളിവുജീവിതം നിർവഹിച്ചിരുന്നു. കമ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂനിയൻ, മനുഷ്യാവകാശ സമിതി, സീഡിയൻ തുടങ്ങിയവ രൂപവത്കരിക്കുന്നതിലും സംഘാടനത്തിലും നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം പത്രാധിപരും പ്രസാധകനുമായിരുന്നു. മാർക്സിസ്റ്റ് ചിന്തകളിൽനിന്ന് അംബേദ്കറിസ്റ്റ് ആശയലോകത്തേക്ക് പരിവർത്തിക്കപ്പെട്ട കൊച്ച് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വിമർശന മണ്ഡലങ്ങളിലാണ് സജീവമായത്. കേരളത്തിലെ ആദ്യകാല ദലിത് ബുദ്ധിജീവികളുമായും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങളുമായും അടുത്തിടപഴകി മൂർച്ചേയേറ്റിയ നിലപാടുകൾ 1980കളോടെ ഇന്ത്യയിൽ പ്രബലമായ കീഴാള അന്വേഷണങ്ങളോട് ഉൾച്ചേർന്നതോടെ കേരളത്തിന് ലഭിച്ചത് സാമ്പ്രദായിക വൈജ്ഞാനിക വ്യവഹാരങ്ങളുടെ വേലിക്കെട്ടുകളെ തകർത്ത ജൈവബുദ്ധിജീവിയെയാണ്. അതുകൊണ്ടുതന്നെ, നവീനമായ ഉൾക്കാഴ്ചകൾ പകർന്ന അദ്ദേഹത്തിന്റെ ആശയലോകം മാർക്സിസത്തിന്റെയും അംബേദകർ സൈദ്ധാന്തികതയുടെയും സംശ്ലേഷണങ്ങൾകൊണ്ട് സമ്പന്നമാണ്. യഥാർഥത്തിൽ, കല്ലറ സുകുമാരൻ, ഡോ.കെ.കെ. മന്മഥന് തുടങ്ങിയവരുടെ വിയോഗം സൃഷ്ടിച്ച ദലിത് ചിന്തയിലെ ശൂന്യത പരിഹരിക്കപ്പെട്ടതും അവക്ക് പുതിയ ഊർജവും കൈവഴികളും സമ്മാനിച്ചതും കൊച്ചിന്റെ വൈജ്ഞാനിക ഇടപെടലുകളിലൂടെയായിരുന്നു.
കെ.കെ. കൊച്ച് സ്വയം വിശേഷിപ്പിച്ചതുപോലെ ഒരു പ്രത്യയശാസ്ത്ര മനുഷ്യനാണ്. അതുകൊണ്ടുതന്നെ എപ്പോഴും വ്യവസ്ഥാപിത സംഘങ്ങളുമായി അദ്ദേഹം കലഹിക്കുകയും പുറത്താക്കപ്പെടുകയോ സ്വയംപുറത്തേക്കിറങ്ങുകയോ ചെയ്തുകൊണ്ടിരുന്നു. യൗവനകാലത്ത് നക്സൽ പ്രസ്ഥാനങ്ങളുമായി സഹവസിച്ചു, അധികം താമസിയാതെ അവരുമായി തെറ്റിപ്പിരിഞ്ഞു. ജാതി പ്രശ്നങ്ങളിലും ദലിത് പ്രസ്ഥാനങ്ങളിലും സജീവമായെങ്കലും അവിടെയും കലഹിക്കുകയും പുറത്താക്കപ്പെടുകയുമായിരുന്നു. പ്രത്യയശാസ്ത്രശാഠ്യങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും ബഹുജന പ്രക്ഷോഭങ്ങളിൽ പങ്കുചേരുന്നതിന് അതു വിഘാതമാകാതിരിക്കാൻ അദ്ദേഹം സൂക്ഷിച്ചിരുന്നു. അത്തരം വിയോജിപ്പുകളുടെ അടിപ്പടവ് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ജാഗ്രതയായിരുന്നു എന്നു ദർശിക്കാനാകും. മുഖ്യധാരാ ദേശീയതയിലൂടെയും ജാതിയെ മതത്തിന്റെ ഉപവിഭാഗമാക്കിയും ഹിന്ദുത്വ അജണ്ടകളും ആശയങ്ങളും ദലിതുകളെയും ഇടതുപക്ഷത്തെയും വിഴുങ്ങുന്നതിന്റെ മുന്നറിയിപ്പ് പതിറ്റാണ്ടുകൾക്കു മുമ്പേ അദ്ദേഹം നൽകിയിരുന്നു. പഴശ്ശിയെ ആദിവാസി വിമോചകനും സാമ്രാജ്യത്വവിരുദ്ധ പോരാളിയായി ചിത്രീകരിച്ചതിനോടുള്ള വിയോജിപ്പിലും ദലിത് ബുദ്ധിജീവികളോടുള്ള ആശയ വിമർശനത്തിലും ഇതു കാണാവുന്നതാണ്. ജാതിയെ തിരിച്ചുപിടിക്കുകയല്ല വിവിധ വിഭാഗങ്ങളുമായി ചേർന്നുകൊണ്ടും സമുദായവത്കരണത്തിലൂടെയും ദലിത് ജനത അവരുടെ ആത്മാഭിമാനവും രാഷ്ട്രീയകർതൃത്വവും സാമൂഹികപദവിയും ആർജിച്ചെടുക്കണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടു. തീർച്ചയായും ഹിന്ദുത്വത്തിന്റെ ആസുരകാലത്ത് ദലിത്, പിന്നാക്ക സാമൂഹിക ഉയിർപ്പിന് അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകൾ വഴികാട്ടികളാകുകതന്നെ ചെയ്യും.
അവഗണിക്കപ്പെട്ടവരുടെയും അദൃശ്യരാക്കപ്പെട്ടവരുടെയും ശബ്ദമാകുന്ന പരിശ്രമത്തിൽ കെ.കെ. കൊച്ച് ‘മാധ്യമ’ത്തിന്റെ ഏറ്റവും ഉറ്റവരിൽപെട്ടവരായിരുന്നു. കീഴാളജീവിതത്തെ ‘പൊതു’വത്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ ആത്മകഥക്കും എഴുത്തുകൾക്കും ഒപ്പം അവയുടെ പ്രസാധനത്തിനും ചരിത്രപരമായ പങ്കുണ്ടെന്നുതന്നെയാണ് ‘മാധ്യമ’ത്തിന്റെ വിശ്വാസം. ആധുനീകാനന്തര കേരളീയ ആശയമണ്ഡലത്തെ നിർമിക്കുന്നതിൽ കെ.കെ. കൊച്ചിന്റെ നിസ്തുല സംഭാവനകളെ സ്മരിച്ചുകൊണ്ട് ആ ജൈവബുദ്ധിജീവിക്ക് ആദരവോടെ വിട.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.