Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകാനഡയിൽ പുതിയ...

കാനഡയിൽ പുതിയ അമരക്കാരൻ വരുമ്പോൾ

text_fields
bookmark_border
കാനഡയിൽ പുതിയ അമരക്കാരൻ വരുമ്പോൾ
cancel

കാനഡയിൽ ഞായറാഴ്ച ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി മാർക് കാർനി തെരഞ്ഞെടുക്കപ്പെട്ടതോടെ ഏതാനും മാസങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനു താൽക്കാലിക വിരാമമായിരിക്കുന്നു. രണ്ടു ഊഴങ്ങളിലായി പത്തു വർഷത്തോളം ഭരണത്തിന് ചുക്കാൻ പിടിച്ച ജസ്റ്റിൻ ട്രൂഡോ കസേരയൊഴിയാൻ പ്രധാന കാരണം അവസാനകാലത്ത് പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഭവന-ഭക്ഷ്യ മേഖലയിലെ കുത്തനെയുള്ള വിലക്കയറ്റം തടയുന്നതിൽ നേരിട്ട പരാജയമായിരുന്നു. അതോടൊപ്പം ട്രംപ് അധികാരമേറിയതോടെ കാനഡയിൽ നിന്നുള്ള പ്രധാന ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ അമേരിക്ക വർധിപ്പിച്ചതും താൽക്കാലികമായെങ്കിലും ട്രൂഡോയുടെ ഭരണത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. അത് ഒരർഥത്തിൽ ദേശീയ വികാരം ശക്തമാക്കാൻ ഉതകിയെങ്കിലും അതിന്‍റെ ഗുണം നേടാൻ ട്രൂഡോക്കു അവസരമുണ്ടായില്ല. അതിന് അദ്ദേഹം കാത്തുനിന്നുമില്ല, അതിനു മുമ്പുതന്നെ രാജിവെച്ചിറങ്ങി പാർട്ടിയോട് പുതിയ തലവനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനാൽ ഇവ രണ്ടും കൈകാര്യം ചെയ്യേണ്ട ബാധ്യത ഇനി നല്ല ഭൂരിപക്ഷത്തോടെ പാർട്ടി തെരഞ്ഞെടുത്ത നിയുക്ത പ്രധാനമന്ത്രി കാർനിക്കായിരിക്കും. ഒരർഥത്തിൽ രാഷ്ട്രീയത്തേക്കാൾ സാമ്പത്തിക മേഖലയിൽ തിളങ്ങുന്ന പശ്ചാത്തലമുള്ള കാർനി അതിനു കൂടുതൽ അനുയോജ്യനാവാം. കാനഡയുടെ സെൻട്രൽ ബാങ്കിന്‍റെ തലപ്പത്തും ബ്രിട്ടീഷ്‌ പൗരനല്ലാതെതന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ ഗവർണറായും പ്രവർത്തിക്കാൻ യോഗ്യത കാണിച്ച അദ്ദേഹം സമ്പദ് രംഗത്തെ അനുഭവസമ്പത്തുമായാണ് അധികാരമേൽക്കുന്നത്. അത്രതന്നെ രാഷ്ട്രീയ അഭ്യാസങ്ങളിൽ അദ്ദേഹത്തിന് മെയ് വഴക്കം കുറവായിരിക്കുമെന്നുമുണ്ട് ഒരു നിരീക്ഷണം.


കാലാവധിയനുസരിച്ച് ഒക്ടോബറിൽ പുതിയ പാർലമെന്‍റിനെ തെരഞ്ഞെടുക്കേണ്ടതാണ്. അതുവരെ തനിക്കു പാർട്ടിയിൽ കിട്ടിയ ഭൂരിപക്ഷം ജനസമ്മതിയായി വികസിപ്പിക്കാൻ കാർനിക്ക് കഴിയുമോ, പ്രതിപക്ഷത്തുള്ള യാഥാസ്ഥിതിക കക്ഷി നേതാവ് പിയർ പൊയിലിവറുടെ കൺസർവേറ്റിവ് പാർട്ടിക്കെതിരെ ലിബറൽ പാർട്ടിക്ക് വിജയിക്കാനാവുമോ എന്നതാണ് ചോദ്യം. ഈ മാസം 24ന് പാർലമെന്റ് സമ്മേളിക്കുമ്പോൾ വിശ്വാസ വോട്ട് നേടുക എന്ന കടമ്പ കടക്കണം. എങ്കിൽ വൈകാതെ കാർനി പാർലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്കു പോകുമെന്നാണ് കരുതപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ പ്രധാന അനുകൂലഘടകം ട്രംപിന്‍റെ പ്രഖ്യാപനങ്ങളോടുള്ള ദേശസ്നേഹ പ്രചോദിതമായ പ്രതികരണങ്ങൾ തന്നെ. കാനഡക്ക് അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാവുകയായിരിക്കും ഭേദമെന്നതായിരുന്നു ഏറ്റവും പ്രകോപനപരം. ഒപ്പം കനേഡിയൻ ഇരുമ്പ്, അലൂമിനിയം പോലുള്ള ഇറക്കുമതികൾക്ക് 50ഉം വൈദ്യുതിക്ക് 25ഉം ശതമാനം തീരുവ ചുമത്തുമെന്ന പ്രഖ്യാപനവും. തീരുവകൾ തൽക്കാലം നീട്ടി വെച്ചിരിക്കുകയാണെങ്കിലും പ്രസ്തുത നീക്കത്തിൽ പ്രതിഫലിച്ച മത്സരവികാരം, ഇതുവരെയും ഇരുമെയ്യാണെങ്കിലും മനമൊന്നായി എന്ന മട്ടിൽ കഴിഞ്ഞ രണ്ട് അയൽ രാഷ്ട്രങ്ങളുടെ പരസ്പര ബന്ധത്തിൽ കാര്യമായ വിള്ളലുണ്ടാക്കി. ഇതിനോടെല്ലാം ശക്തമായി പ്രതികരിച്ചിരിക്കുകയാണ് കാർനിയും. ട്രൂഡോയുടെ ടീമിൽ ഉണ്ടായിരുന്നില്ല എന്നതിനാൽ പോയ സർക്കാറിന്‍റെ ഭാണ്ഡങ്ങൾ പേറാതെ സാമ്പത്തിക മേഖലയിലെ വൈദഗ്ധ്യം കൊണ്ട് കാര്യങ്ങളെ കൈകാര്യം ചെയ്യാൻ കാർനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


കാർനി ഭരണകൂടത്തിന് ഇന്ത്യയുമായും ബന്ധം സാധാരണ നിലയിലാക്കേണ്ടതുണ്ട്. ഇവിടെയും ട്രൂഡോ ടീം അംഗമല്ലാതിരുന്നത് കാർനിക്ക് അനുകൂലമാകും. 2023ലെ, കനേഡിയൻ പൗരനായ ഖലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ വധത്തിൽ ഇന്ത്യൻ സർക്കാറിനു പങ്കാളിത്തമുണ്ടെന്നു പരസ്യമായി ആരോപിക്കുന്നതിലൂടെ ട്രൂഡോ ഭരണകൂടവും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തന്നെ തൽക്കാലം വിച്ഛേദിക്കേണ്ടി വന്നിരുന്നു. ആരോപണം ഒന്നിലധികം തവണ പൊതു മണ്ഡലത്തിൽ ട്രൂഡോ ആവർത്തിച്ചതോടെ പ്രശ്നം വഷളായി. ഇന്ത്യൻ ഹൈകമീഷണറടക്കം ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയപ്പോൾ ഇന്ത്യ മൊത്തം നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചു. തുടർന്ന് ന്യൂഡൽഹിയിലെ കനേഡിയൻ ആക്ടിങ് ഹൈകമീഷണറുൾപ്പെടെ ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കി. അതുസംബന്ധമായ ആരോപണങ്ങൾ നീണ്ടപ്പോൾ വഷളായ ഉഭയകക്ഷി ബന്ധങ്ങൾ ഇപ്പോൾ സാധാരണ നിലയിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ.


എട്ടു ലക്ഷത്തിനടുത്ത്-കനേഡിയൻ ജനസംഖ്യയുടെ രണ്ടു ശതമാനം-വരുന്ന ഇന്ത്യൻ വംശജരായ സിഖ് സമുദായം കാനഡയിലുണ്ട്. ബന്ധങ്ങളിൽ വിള്ളൽ വരുന്നതിനുമുമ്പ് നാലുലക്ഷത്തിനടുത്ത് ഇന്ത്യൻ വിദ്യാർഥികളും അവിടെ ഉണ്ടായിരുന്നു. എന്നാൽ, 2024ൽ പുതുതായി പ്രവേശനം തേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ നാലുശതമാനം കുറവുണ്ടായി എന്നാണ് കണക്കുകൾ. മൊത്തത്തിൽ കുടിയേറ്റ വിസ അനുവദിക്കുന്നതിലും ഇത് പ്രതിഫലിച്ചു. ഇപ്പോൾ പുതിയ ഹൈകമീഷണറെ നിയമിക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. കാനഡയുടെ പക്ഷത്ത് കാർനിയും പ്രതിപക്ഷ നേതാവും ഒരുപോലെ ഇതിൽ തൽപരരാണത്രെ. ട്രൂഡോയുടെ സ്ഥാനമൊഴിയൽ ഇതിനു ആക്കംകൂട്ടുമെന്നും കരുതപ്പെടുന്നു. ട്രൂഡോ വിഷയം കൈകാര്യം ചെയ്ത രീതി ഒട്ടും ഡിപ്ലോമാറ്റിക് ആവാതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന വിലയിരുത്തലാണ് ഇതിന്‍റെ പിന്നിൽ. പക്ഷേ, പ്രശ്നത്തിന്റെ മർമമായ കുറ്റാരോപണവും, വധക്കേസ് ഇപ്പോഴും കനേഡിയൻ കോടതിയിലാണെന്നതും കാരണം എല്ലാം പ്രവചിക്കാൻ പറ്റില്ല. ഇതിനുപുറമെ, കാർനിയുടെ രാഷ്ട്രീയ തലത്തിലെ പരിചയക്കുറവുകാരണം അദ്ദേഹത്തിന് അവലംബിക്കേണ്ടിവരുക ട്രൂഡോ ഭരണകൂടത്തിന്‍റെ പഴയ ഉപദേശകരെ തന്നെയാവും. അതിനാൽ, നയതന്ത്ര രംഗത്തെ വളവും തിരിവും എങ്ങോട്ടാവും അവസാനം കൊണ്ടുചെന്നെത്തിക്കുക എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ട്രംപിന്‍റെ തീരുവ യുദ്ധത്തിന്‍റെ കാര്യത്തിലും മുൻ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥൻ ഒരു പക്ഷേ, സ്വതന്ത്രവും ധീരവുമായ തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ട്. അതിനുമുമ്പ് പാർലമെന്‍റിൽ കാർനി വിശ്വാസ വോട്ട് നേടുമോ എന്ന് നോക്കാം ആദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialMark Carney
News Summary - Madhyamam Editorial 2025 March 13
Next Story