രാജ്ഭവനാണ്; ആർ.എസ്.എസ് കാര്യാലയമല്ല
text_fieldsതീവ്രഹിന്ദുത്വ ആശയങ്ങൾ ഉൾക്കൊള്ളുന്ന ആർ.എസ്.എസ് ഉയർത്തിപ്പിടിക്കുന്ന ഒരു ചിഹ്നം കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഔദ്യോഗിക ചടങ്ങുകളിൽ ആവർത്തിച്ച് ഉപയോഗിക്കുന്നത്, രാജ്യത്തിന്റെ മതനിരപേക്ഷതക്കും ഗവർണർ പദവിയുടെ മഹത്വത്തിനും നിരക്കുന്നതല്ലെന്ന് മാത്രമല്ല, നാം ഇതുവരെ പുലർത്തിപ്പോരുന്ന, ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്. ഗവർണർ എന്നത് ഭരണഘടനാപരമായ ചുമതലയുള്ള പദവിയാണ്. വ്യക്തിപരമായി രാഷ്ട്രീയ നിലപാടുകളോ മതപരമായ വിശ്വാസങ്ങളോ ഉണ്ടാകാമെങ്കിലും ഔദ്യോഗികമായി രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങളെ പ്രതിനിധാനം ചെയ്യേണ്ട, കാത്തുസൂക്ഷിക്കേണ്ട വ്യക്തിയാണ് അദ്ദേഹം. എന്നാൽ, തന്റെ ഭരണഘടനാ പദവി ദുരുപയോഗം ചെയ്തുകൊണ്ട് അദ്ദേഹം ആർ.എസ്.എസ് പ്രചാരകനായി മാറുന്നതിന്റെ ദൃശ്യം കേരളം പതിവായി കാണുകയാണ്. ഓരോ ഔദ്യോഗിക പരിപാടിയിലും കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രം പ്രദർശിപ്പിക്കുന്നത് ഗവർണറുടെ രാഷ്ട്രീയ നിരപേക്ഷതയെയും ഭരണഘടനാനിഷ്ഠയെയും സംബന്ധിച്ച സംശയങ്ങൾ ഉയർത്തുന്നു. സാമൂഹിക പരിഷ്കാരത്തിന്റെയും മതസഹിഷ്ണുതയുടെയും ശക്തമായ ചരിത്രമുള്ള സംസ്ഥാനത്ത് ഹിന്ദുത്വ വംശീയതയുടെ പ്രതീകത്തിന് ഔദ്യോഗികത നൽകാനുള്ള ശ്രമം ഭരണഘടനയുടെ ആത്മാവിനോട് കാണിക്കുന്ന വഞ്ചനയാണ്.
കഴിഞ്ഞ പരിസ്ഥിതി ദിനാഘോഷത്തില് ഈ ചിത്രത്തിന് മുന്നില് വിളക്ക് തെളിയിക്കണമെന്ന് രാജ്ഭവന് ആവശ്യപ്പെട്ടതോടെ കൃഷിമന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഗവർണർ ഇതാവർത്തിക്കാൻ മുതിർന്നതോടെ അതിൽ പ്രതിഷേധിച്ച് സംസാരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോരുകയും ചെയ്തതോടെയാണ് ഈ വിവാദം കത്തിപ്പടരാൻ തുടങ്ങിയത്. രാജ്ഭവനിലെ പരിപാടികളിൽനിന്ന് ഈ ചിത്രം ഒഴിവാക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് രാജേന്ദ്ര ആർലേക്കർ ധാർഷ്ട്യത്തോടെ അവിടെവെച്ചുതന്നെ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്ഭവനിലെ പരിപാടികളിൽ മാത്രമല്ല, പുറത്തും ഈ വിവാദം കത്തിക്കാൻ സംഘ്പരിവാർ ഒരുമ്പെടുന്നു എന്ന ആശങ്കക്ക് ആക്കംകൂട്ടുകയാണ് കേരള സർവകലാശാലയിൽ അരങ്ങേറിയ മർദനങ്ങൾ. ഇന്ത്യയുടെ ദേശീയതയുമായി ബന്ധമില്ലാത്തതും നിയമപരമായ പരിരക്ഷയില്ലാത്തതുമായ ഒരു കാര്യത്തിനുവേണ്ടി ഗവർണർ വാശിപിടിക്കുന്നത് സംസ്ഥാനത്തിന്റെ സാമൂഹിക സൗഹൃദത്തെ കലുഷിതമാക്കാനല്ലാതെ മറ്റെന്തിനാണ്?
1896ലെ വന്ദേമാതരം ഗാനം വഴി രൂപപ്പെടുകയും ദേശീയ പ്രക്ഷോഭങ്ങളിലൂടെ ജനകീയമാക്കപ്പെടുകയും ചെയ്ത ഭാരതമാതാവ് എന്ന സങ്കൽപത്തിൽനിന്ന് വിഭിന്നമാണ് ഗവർണർ രാജ്ഭവനിൽ വെച്ചിട്ടുള്ള ആർ.എസ്.എസിന്റെ ഭാരതാംബ. ഇന്ത്യയുടെ ഭൂപടത്തിന് പകരം അതിൽ ആലേഖനം ചെയ്തിരിക്കുന്നത് ആർ.എസ്.എസിന്റെ സങ്കൽപത്തിലുള്ള ഭാരതമാണ്. കാവി വസ്ത്രമണിഞ്ഞ, ഹിന്ദുദേവിയുടെ പവിത്രത സങ്കൽപിച്ചിട്ടുള്ള ചിത്രത്തിന്റെ കൈയിൽ ഖഡ്ഗവും കാവി പതാകയുമാണുള്ളത്. അതോടെ അത് മതപരമായ അർഥങ്ങളുള്ള ഹിന്ദുത്വത്തിന്റെ പ്രതീകമായിത്തീരുകയാണ്. അതുകൊണ്ടുതന്നെ ഈ ചിത്രം ആർ.എസ്.എസ് രുപവത്കരണകാലത്തുതന്നെ പ്രശ്നവത്കരിച്ചതും ദേശീയ സമരങ്ങളിൽനിന്ന് ഒഴിച്ചുനിർത്തപ്പെട്ടതുമാണ്.
ആർ.എസ്.എസ് എന്ന ഹിന്ദുത്വ സംഘടനയുടെ ഔദ്യോഗിക ചിഹ്നത്തെ സർക്കാർ ചടങ്ങുകളിൽ ഉപയോഗിക്കുന്നത് ഗുരുതരമായ വിഭാഗീയത വളർത്താനും ജനങ്ങൾക്കിടയിൽ വൈരം കത്തിക്കാനുമാണ് ഇടവരുത്തുക. അതിലുപരി, മത സാമൂഹിക വൈവിധ്യങ്ങളെ നിഷേധിക്കുന്ന ആർ.എസ്.എസിന്റെ ഏകാത്മക സാംസ്കാരിക പ്രതീകത്തിന് ഔദ്യോഗിക സ്വീകാര്യത ലഭിക്കാനുള്ള പദ്ധതികൾ ഭരണഘടനയുടെ മൂല്യങ്ങളെ തിരുത്തുന്നതിന്റെ ഭാഗമാണ്. ആർ.എസ്.എസിന്റെ ഭാരതാംബ ചിത്രപൂജക്ക് വിധേയമാകാൻ തയാറാകാത്ത മത, രാഷ്ട്രീയ വിഭാഗങ്ങളെ അപമാനിക്കാനും അപരവത്കരിക്കാനും ദേശദ്രോഹികളെന്ന് പ്രചരിപ്പിക്കാനുമുള്ള ഗൂഢതന്ത്രമാണ് കേരളത്തിൽ രാജ്ഭവനെ മുൻനിർത്തി അരങ്ങേറുന്നത്. അതനുവദിക്കപ്പെടുന്നത് കേരളത്തിന്റെ സാമൂഹിക സൗഹൃദത്തിനുമേൽ കോടാലിവെക്കുന്നതിന് തുല്യമാണ്.
ഗവർണർ എന്നത് പരിമിതിയുള്ള ഭരണഘടനാ സ്ഥാനമാണ്. ആ പരിമിതി ആർലേക്കർ തിരിച്ചറിയേണ്ടതുണ്ട്. ആദ്ദേഹം ഗവർണറായി നിർവഹിക്കേണ്ടത് ആർ.എസ്.എസിന്റെ പ്രചാരക പ്രവൃത്തിയല്ല. ഭരണഘടനയുടെ പരിരക്ഷയാണ്. വ്യക്തിപരമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള അവസരമല്ലത്, ജനാധിപത്യത്തിന്റെ കാവലാളാകാനുള്ള നിയമപരമായ ചുമതലയാണ്. ഇന്ത്യൻ ഭരണഘടനയുടെ സംസ്ഥാന പ്രതിനിധിയുടെ ഓരോ ഔദ്യോഗിക പ്രവൃത്തിയും മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളോട് ഒത്തുപോകേണ്ടതുണ്ട്. ഭരണഘടനാ പദവിയിലുള്ള വ്യക്തിയുടെ ഔദ്യോഗിക നടപടി വിഭാഗീയതക്കും സംഘർഷങ്ങൾക്കും വഴിയൊരുക്കപ്പെടുന്നുവെങ്കിൽ സംസ്ഥാനം അതിനെ ചെറുത്ത് തോൽപിച്ചേ പറ്റൂ. ചെറുപ്പംമുതൽ ആർ.എസ്.എസിന്റെ പ്രണേതാവാണ് എന്നുവെച്ച് രാജ്ഭവനെ സംഘ് കാര്യാലയമാക്കാനുള്ള അവകാശം അദ്ദേഹത്തിനില്ല. ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങളല്ലാത്തത് പ്രദർശിപ്പിക്കരുത് എന്ന സർക്കാർ തീരുമാനം അതുകൊണ്ടുതന്നെ ശ്ലാഘനീയമാണ്. ഇത് സംബന്ധിച്ച് പ്രതിപക്ഷം പ്രഖ്യാപിച്ച പിന്തുണ, മതനിരപേക്ഷതയുടെ സംരക്ഷണത്തിൽ ശക്തമായ രാഷ്ട്രീയ ഐക്യമുണ്ടെന്ന് വ്യക്തമാക്കുന്നു. ഭരണഘടനയുടെ ശബ്ദമായി പ്രവർത്തിക്കേണ്ട ഗവർണറോട് സംഘ്പരിവാർ അജണ്ടകൾക്ക് രാജ്ഭവനെ വേദിയാക്കാനാവില്ലെന്ന് ഓർമപ്പെടുത്തുകയാണ് ജനാധിപത്യ കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

