ചാൻസലർ രാജിൽ നിശ്ചലമായ കലാലയങ്ങൾ
text_fieldsസംസ്ഥാനത്തെ സർവകലാശാലകൾ നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. 13 സർവകലാശാലകളിൽ പന്ത്രണ്ടിലും സ്ഥിരം വി.സിമാരില്ല. സംസ്ഥാന സർക്കാറും ഗവർണറും തമ്മിലെ അധികാരത്തർക്കങ്ങളും കോടതി വ്യവഹാരങ്ങളും മൂലം ആരോഗ്യ സർവകലാശാലയൊഴികെ എല്ലായിടത്തും വൈസ് ചാൻസലർമാരുടെ ‘ഇൻ ചാർജ്’ ഭരണമാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത അടിയന്തരാവസ്ഥയായി ഇതിനെ വിലയിരുത്തേണ്ടതുണ്ട്. ദിവസങ്ങൾക്കുമുമ്പ്, കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട ഹരജി മുന്നിലെത്തിയപ്പോൾ കേരള ഹൈകോടതി, സർവകലാശാലകളിലെ ഭരണനിശ്ചലത ചൂണ്ടിക്കാട്ടി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വി.സി നിയമനം ചോദ്യം ചെയ്തുള്ള പ്രസ്തുതഹരജി തള്ളിയെങ്കിലും, കോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണ്; ഈ അധികാരപ്പോരുണ്ടാക്കിയ സങ്കീർണതകളിൽ വലിയ ആശങ്കയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ബെഞ്ച് പ്രകടിപ്പിക്കുകയുണ്ടായി. സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലകളുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിലേക്ക് ഗവർണർമാർ വഴി കേന്ദ്ര സർക്കാർ നടത്തുന്ന കടന്നുകയറ്റമാണ് ഈ അനിശ്ചിതത്വങ്ങളുടെയെല്ലാം മൂലകാരണമെന്ന് ആർക്കും എളുപ്പത്തിൽ ബോധ്യപ്പെടും.
സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ എന്നാണ് പൊതുവിൽ ഗവർണർമാരെ വിശേഷിപ്പിക്കാറുള്ളത്. എങ്കിലും, രാഷ്ട്രീയാഭിപ്രായ ഭിന്നതകൾക്കിടയിലും അതതു സംസ്ഥാന സർക്കാറിന്റെ നയവും പരിപാടികളും അംഗീകരിക്കുക എന്നതാണ് കീഴ്വഴക്കം. എന്നാലിപ്പോൾ, കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന കേരളം അടക്കമുള്ള ‘പ്രതിപക്ഷ സംസ്ഥാന’ങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രമായാണ് മോദി ഭരണകൂടം രാജ്ഭവനുകളെ ഉപയോഗപ്പെടുത്തിവരുന്നത്. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും തമിഴ്നാട്ടിൽ ആർ.എൻ. രവിയും പശ്ചിമ ബംഗാളിൽ സി.വി ആനന്ദബോസുമെല്ലാം തുടങ്ങിവെച്ച സമാന്തര സർക്കാറുകൾ പലകുറി സംസ്ഥാനങ്ങളുടെ ഭരണനിർവഹണ പ്രക്രിയകളെ അവതാളത്തിലും അനിശ്ചിതത്വത്തിലുമാക്കി. പല വിഷയങ്ങളും കോടതിയിലും എത്തി. ഒരുവേള, രാജ്ഭവന്റെ ഈ ‘അധിനിവേശ’ത്തെ നിശിതമായി സുപ്രീംകോടതി വിമർശിക്കുകവരെ ചെയ്തു. കേരളത്തിൽ, സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ സർവകലാശാലകളുടെ ഭരണതലപ്പത്ത് മാതൃപ്രസ്ഥാനത്തിന്റെ വക്താക്കളെ പ്രതിഷ്ഠിക്കാൻ ആവത് ശ്രമിച്ചു; സംസ്ഥാന സർക്കാറാകട്ടെ, അതിനെ പ്രതിരോധിക്കുക കൂടി ചെയ്തപ്പോൾ ഗവർണർ-സർക്കാർ പോരിന് ആക്കംകൂടി. 2023 ഡിസംബറിൽ കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് സംഘ്പരിവാർ പ്രചാരകരെ ഉൾപ്പെടുത്താനുള്ള ഗവർണറുടെ നീക്കം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയത് ആരും മറന്നിട്ടുണ്ടാകില്ല. സംസ്ഥാനത്തുടനീളം ഗവർണർക്കെതിരെ വലിയ വിദ്യാർഥി പ്രക്ഷോഭം തന്നെ അന്ന് അരങ്ങേറി. അതിനോട് തികച്ചും ഏകാധിപത്യ സ്വഭാവത്തിൽ പ്രതികരിച്ച ഗവർണർ പ്രതികാരമെന്നോണം, കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയായിരുന്നു. സംസ്ഥാനത്തെ എട്ടു സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളിലേക്ക് സർവകലാശാല പ്രതിനിധികളെ ഉടനടി നൽകാൻ നിർദേശിച്ച് രജിസ്ട്രാർമാർക്ക് കത്തയച്ച് രംഗം വഷളാക്കി. കേരള, എം.ജി, കുസാറ്റ്, കണ്ണൂർ, കാർഷികം, ഫിഷറീസ്, മലയാളം, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലകളിലായിരുന്നു ആ സമയം പുതിയ വി.സിമാരെ നിയമിക്കേണ്ടിയിരുന്നത്. വി.സി നിയമനങ്ങളിൽ ഗവർണറുടെ അനാവശ്യ ഇടപെടൽ ഒഴിവാക്കാനായി കൊണ്ടുവന്ന സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ച ശേഷമായിരുന്നു ഈ കത്ത് എന്നതും ശ്രദ്ധിക്കണം. ഇതുസംബന്ധിച്ച ഒരു കേസ് ഹൈകോടതിയിലുമുണ്ടായിരുന്നു. കേസിൽ വിധിവരുംമുമ്പേ ഇങ്ങനെയൊരു നീക്കം നടത്തിയത് സ്വന്തം ഇഷ്ടപ്രകാരം വി.സിമാരെ നിയമിക്കാനായിരുന്നുവെന്ന് വ്യക്തം. അത് ഭാഗികമായി വിജയം കാണുകയും ചെയ്തു; സർക്കാറിന്റെ പ്രതിരോധ ശ്രമങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ നിയമനങ്ങളത്രയും ‘ഇൻ ചാർജി’ലൊതുങ്ങി. അഥവാ, കേന്ദ്ര അജണ്ട നടപ്പാക്കാനായി ആരിഫ് മുഹമ്മദ് ഖാൻ ഇറങ്ങിപ്പുറപ്പെട്ടതിന്റെ തിക്തഫലമാണ് ഇപ്പോൾ സംസ്ഥാനത്തെ സർവകലാശാലകളെ ഇവ്വിധം പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്.
ആരിഫ് ഖാൻ തുടങ്ങിവെച്ച ‘ചാൻസലർ രാജ്’ അതേ ആവേശത്തിൽ പിൻഗാമി രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ആരിഫ് ഖാൻ, സർക്കാറിന്റെ ഭരണനിർവഹണത്തിൽ കൈകടത്തുകയായിരുന്നുവെങ്കിൽ, രാജ്ഭവനെ പൂർണമായും കാവിപുതപ്പിക്കുകയാണ് ആർലേക്കർ എന്ന് സമീപകകാല സംഭവങ്ങളിൽനിന്നുതന്നെ വ്യക്തമാണ്. അതിന്റെ ഒരു ഉദാഹരണം മാത്രമാണ് പരിസ്ഥിതി ദിനത്തിൽ തുടങ്ങിയ കാവിയേന്തിയ ‘ഭാരതാംബ’ ചിത്ര വിവാദം. വിവാദ ചിത്രവുമായി അദ്ദേഹം കേരള സർവകലാശാലയുടെ സെനറ്റ് ഹാളിലേക്ക് തിരിച്ചതോടെ ഗവർണർ-സർക്കാർ പോരിന് പുതിയ മാനങ്ങളായി. സെനറ്റ് ഹാളിലേക്ക് കാവിയേന്തിയ ‘ഭാരതാംബ’യെ പ്രവേശിപ്പിച്ച സംഭവത്തിൽ നിയമപരമായ നിലപാട് സ്വീകരിച്ച കേരള സർവകലാശാല രജിസ്ട്രാറെ അവിടത്തെ താൽക്കാലിക വി.സി സസ്പെൻഡ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഡെപ്യൂട്ടി രജിസ്ട്രാറിന് മുകളിലുള്ള ഏതു സർവകലാശാല ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റിന് മാത്രമേ അധികാരമുള്ളൂ എന്നിരിക്കെ, ഇൻ ചാർജ് വി.സിയുടെ ഇടപെടൽ ഗവർണർക്കുവേണ്ടിയാണെന്ന് ഉറപ്പാണ്. ഈ ഇൻചാർജ് വി.സി ഒരാഴ്ചത്തേക്ക് വിദേശ സന്ദർശനത്തിന് പോയപ്പോൾ സംസ്ഥാന സർക്കാർ ഇടപെട്ട് പുറത്താക്കിയ വ്യക്തിയെ ഗവർണർ നാലുദിവസത്തേക്ക് ആ തസ്തികയിലേക്ക് കൊണ്ടുവന്നു എന്നുകൂടി അറിയുമ്പോൾ ആരിഫ് ഖാനേക്കാൾ വലിയ കളികൾക്കാണ് ആർലേക്കർ കോപ്പുകൂട്ടുന്നതെന്ന് വ്യക്തം. ഈ പോരിൽ തകരുന്നത് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗമാണ്. ഹിന്ദുത്വയുടെ ഉന്മാദ ദേശീയതയുടെ ബിംബങ്ങളും പ്രയോഗങ്ങളും വ്യവസ്ഥാപിതമായി ക്ലാസ് മുറികളിലേക്ക് കയറ്റിവിട്ടുകൊണ്ടിരിക്കുമ്പോഴാണ് സമാന്തരമായ ഈ തീക്കളി. ഈ നീക്കം പ്രതിരോധിച്ചേ മതിയാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.