ഉയർത്തിപ്പിടിക്കാം, ഈ ഭരണഘടന
text_fieldsഷികാഗോ സർവകലാശാലയിലെ അധ്യാപകനും ലോകപ്രശസ്തനായ രാഷ്ട്രമീമാംസ ഗവേഷകനുമാണ് ടോം ഗിൻസ്ബർഗ്. 20 വർഷം മുമ്പ്, അമേരിക്കയിലെ ഇലിനോയിസ് സർവകലാശാലയിൽ സേവനമനുഷ്ഠിക്കവേ, സഹപ്രവർത്തകനായ സകരി എൽകിൻസുമായി ചേർന്ന് അദ്ദേഹം സവിശേഷമായൊരു പഠനത്തിന് തുടക്കംകുറിച്ചു- കംപാരറ്റിവ് കോൺസ്റ്റിറ്റ്യൂഷൻസ് പ്രോജക്ട്. വിവിധ രാജ്യങ്ങളുടെ ഭരണഘടനകൾ തമ്മിലുള്ള താരതമ്യ പഠനമാണ് ലക്ഷ്യം. ആധുനികലോകം ഇന്ന് പിന്തുടരുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യ സങ്കൽപങ്ങൾക്ക് തുടക്കമിട്ട ഫ്രഞ്ച് വിപ്ലവത്തിനുശേഷം (1789) രൂപം കൊണ്ട 200ലധികം ഭരണഘടനകളാണ് അവർ പഠനവിധേയമാക്കിയത്. പദ്ധതി ഇപ്പോഴും തുടരുകയാണ്; എങ്കിലും, അവരുടെ പല കണ്ടെത്തലുകളും നിരീക്ഷണങ്ങളും കഴിഞ്ഞ പത്തുവർഷത്തിനിടെ പലതവണ പുറത്തുവന്നു. അതിലൊന്ന്, ഭരണഘടനയുടെ ആയുസ്സ് സംബന്ധിച്ചാണ്. 200 ഭരണഘടനകളുടെ ശരാശരി ആയുസ്സ് കണക്കാക്കിയിരിക്കുന്നത് കേവലം 17 വർഷം! ഇവിടെയാണ് ഇന്ത്യൻ ഭരണഘടന അത്ഭുതമായി നിലകൊള്ളുന്നത്. പുരുഷായുസ്സ് പിന്നിട്ടിട്ടും, രാജ്യം അതിഗുരുതരമായ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുമ്പോഴും റിപ്പബ്ലിക്കിനെ താഴെ വീഴാതെ നിലനിർത്താൻ ഭരണഘടനക്ക് കഴിയുന്നുണ്ടെങ്കിൽ അത് പൂർവികരായ രാഷ്ട്രനേതാക്കളുടെ ദീർഘവീക്ഷണത്തിന്റെയും സമർപ്പണബോധത്തിന്റെയും നിദർശനം കൂടിയാണ്. നമ്മോടൊപ്പം സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കടന്നുവന്ന ശ്രീലങ്കയിൽ 75 വർഷത്തിനിടെ മൂന്നുതവണയാണ് ഭരണഘടന മാറ്റിയെഴുതിയത്; പാകിസ്താനിൽ ആറും നേപ്പാളിൽ അഞ്ചും തവണ ഇത് സംഭവിച്ചു. ഈ രാഷ്ട്രങ്ങളുടെ അത്രയില്ലെങ്കിലും മുക്കാൽ നൂറ്റാണ്ടിനിടെ, യുദ്ധമായും അടിയന്തരാവസ്ഥയായും വർഗീയ കലാപങ്ങളായും പലതരത്തിലുള്ള പ്രതിസന്ധികൾ ഇന്ത്യയും അഭിമുഖീകരിച്ചിട്ടുണ്ട്. ആ സന്നിഗ്ധഘട്ടങ്ങളിലൊന്നും ഭരണഘടന ഉടയാതെ, ഉലയാതെ നിലകൊണ്ടുവെന്നുമാത്രമല്ല, പലപ്പോഴും ബഹുത്വങ്ങളുടെ ഈ പറുദീസയെ കാത്തുരക്ഷിക്കുകയും ചെയ്തു. അതിനാൽ, മഹത്തായ ഈ ഭരണഘടനക്ക് 75 തികയുമ്പോൾ അത് റിപ്പബ്ലിക്കിനും അതിലെ ജനതക്കും അഭിമാന മുഹൂർത്തം തന്നെ. അതോടൊപ്പം, ഫാഷിസത്തിന്റെ നിഴലിൽ വർത്തമാന ഭരണക്രമം എങ്ങനെയെല്ലാമാണ് ഭരണഘടനാമൂല്യങ്ങൾ ചോർത്തിക്കളയുന്നതെന്ന ആലോചനകളുടെയും ജനാധിപത്യ പ്രതിരോധത്തിന്റെയുംകൂടി സമയമാണിത്.
‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്നു തുടങ്ങി ‘നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു’വെന്ന് അവസാനിക്കുന്ന ഭരണഘടനയുടെ ആമുഖത്തിൽതന്നെയുണ്ട് അതിന്റെ മുഴുവൻ സവിശേഷതയും. ജനാധിപത്യം എന്ന സങ്കൽപത്തിന്റെ മൂർത്തമായ ആവിഷ്കാരമാണിതെന്ന് നിരീക്ഷിച്ചവരുണ്ട്. എല്ലാം തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും ജനങ്ങളാണ്; ജനമെന്ന സങ്കൽപമാകട്ടെ, ഏകശിലാത്മകവുമല്ല. രാജ്യത്തിന്റെ മുഴുവൻ വൈവിധ്യങ്ങൾ ഉൾച്ചേർത്തും കാലോചിതമായും ജനഹിതം നടപ്പാക്കാനുള്ള അടിസ്ഥാനരേഖയെന്ന നിലയിലാണ് ഭരണഘടന വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാരണം കൊണ്ടുകൂടിയാണ്, ഭരണഘടനക്ക് ഇത്രയും കാലം അതിജീവിക്കാനായത്. കാലോചിതമായുള്ള ഭരണഘടനാ ഭേദഗതികൾകൂടി ഇതിന് കാരണമായി. ഇക്കാലത്തിനിടെ, ഏതാണ്ട് നൂറിലധികം ഭരണഘടനാ ഭേദഗതികൾ നടപ്പാക്കി. ഓരോന്നും അതതു കാലം ആവശ്യപ്പെടുന്ന അതിജീവനത്തിന്റെകൂടി മാർഗങ്ങളായിരുന്നു. ജനാധിപത്യ സങ്കൽപങ്ങളെ അത് കൂടുതൽ വിശാലമാക്കി; മൗലികാവകാശങ്ങളെ അത് കൂടുതൽ ഊന്നിപ്പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റിപ്പണിയാത്ത ഏതു ഭേദഗതിയും രാജ്യത്ത് സാധ്യമാണ് എന്നതാണ് ഇനിയും ഇത് നിലനിൽക്കുമെന്നതിന്റെ തെളിവ്. പത്ത് വർഷം മുമ്പുവരെയുള്ള അതിന്റെ ചരിത്രവും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. അടിയന്തരാവസ്ഥയുടെ സമയം മാറ്റിനിർത്തിയാൽ, കാര്യമായ പരിക്കുകളില്ലാതെ അതിനെ സംരക്ഷിക്കാനും മുന്നോട്ടുള്ള പ്രയാണത്തിനായി പരിഷ്കരിക്കാനും ഇവിടത്തെ ഭരണവർഗത്തിനായിട്ടുണ്ട്. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ ബഹുസ്വരതയെ നിലനിർത്താനും അതുവഴി സാമ്പത്തികവും സാമൂഹികവുമായ പുരോഗതി കൈവരിക്കാനും നമുക്കായിട്ടുമുണ്ട്. എന്നാൽ, ഹിന്ദുത്വയുടെ ആശയധാര പ്രത്യക്ഷത്തിൽത്തന്നെ ഭരണം കൈയടക്കിയപ്പോൾ സ്ഥിതിയാകെ മാറി.
‘‘ഈ ഭരണഘടനയുടെ ഏറ്റവും മോശമായ കാര്യം അതിൽ ഭാരതീയമായ ഒന്നുമില്ല എന്നതാണ്. വേദങ്ങൾക്കുശേഷം മനുസ്മൃതിയാണ് നമ്മുടെ ഹിന്ദുരാജ്യത്തിന് ഏറ്റവും ആരാധ്യമായിട്ടുള്ളത്. ഇന്ന് മനുസ്മൃതിയാണ് നിയമം’’ -ഭരണഘടനയെക്കുറിച്ച വി.ഡി. സവർക്കറുടെ നിരീക്ഷണം ഇതാണ്. ഇതേ സമീപനമാണ് ഹിന്ദുത്വ സർക്കാറിനും ഭരണഘടനയോടുള്ളതെന്ന് ഒരു പതിറ്റാണ്ട് പിന്നിട്ട ഭരണം സാക്ഷ്യപ്പെടുത്തുന്നു. ബഹുത്വമല്ല, ഹിന്ദുത്വയിലധിഷ്ഠിതമായ ഏകത്വവും അതുവഴിയുള്ള ഏകാധിപത്യവുമാണ് ഈ ചിന്താപദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. അതിന് വിഘാതമായി നിൽക്കുന്ന സർവ ആശയങ്ങളെയും ഭരണഘടനയുടെതന്നെ പഴുതുകളുപയോഗിച്ച് തച്ചുതകർക്കാനാണ് ശ്രമം. ഭരണഘടനയിൽനിന്ന് മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് പരമോന്നത നീതിപീഠത്തോട് ആവശ്യപ്പെട്ടത് കാവിപ്പടയുടെ നേതാക്കളായിരുന്നുവെന്ന് മറക്കരുത്. ഈ ഭരണവർഗത്തിന്റെ ‘ഒരു രാജ്യം...’ എന്നു തുടങ്ങുന്ന മനോഹര മുദ്രാവാക്യങ്ങളെല്ലാം പ്രയോഗത്തിൽ തികഞ്ഞ ഏകാധിപത്യത്തിലേക്കായിരിക്കും രാജ്യത്തെ കൊണ്ടെത്തിക്കുക എന്നതിലും ആർക്കും തർക്കമുണ്ടാവില്ല. ചുരുക്കത്തിൽ, പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവിൽ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഭരണഘടനാമൂല്യങ്ങളെ കശാപ്പുചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഏകസിവിൽ കോഡ് മുതൽ ഒറ്റത്തെരഞ്ഞെടുപ്പ് വരെയുള്ള അവരുടെ പ്രഖ്യാപിത നിലപാടുകളും കഴിഞ്ഞ നവംബറിൽ പാർലമെന്റിൽ നടന്ന ദ്വിദിന ഭരണഘടനാ ചർച്ചയും ഇക്കാര്യം അടിവരയിടുന്നു. ഭരണഘടനക്ക് 75 തികയുമ്പോൾ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതായിരിക്കും. ഈ അപകടം തിരിച്ചറിഞ്ഞതിനാലാകാം, ‘ഭരണഘടന ഉയർത്തിപ്പിടിക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്. ഈ കാലം ഇന്ത്യൻ ജനതയോട് ആവശ്യപ്പെടുന്നതും ആ മുദ്രാവാക്യത്തിന്റെ ഏറ്റുവിളി തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

