ധനക്കമ്മിക്ക് പരിഹാരം ലഹരി സാമ്രാജ്യ വികസനമോ?
text_fieldsപാലക്കാട്ടെ എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാൻ പഞ്ചാബിലെ വൻ മദ്യവ്യവസായി ദീപ് മൽഹോത്രയുടെ ഉടമസ്ഥതയിലുള്ള ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് കേരളത്തിലെ ഇടതു മുന്നണി സർക്കാർ അനുമതി നൽകിയതാണ് ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ ചൂടേറിയ വിവാദ വിഷയം. ഡൽഹി മുൻ മുഖ്യമന്ത്രിയും ആപ് ചെയർമാനുമായ അരവിന്ദ് കെജ്രിവാളടക്കം പ്രതിചേർക്കപ്പെട്ട പ്രമാദമായ മദ്യ അഴിമതിക്കേസിലെ പ്രതികളിലൊരാൾകൂടിയാണ് ദീപ് മൽഹോത്ര. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, യു.പി മുതലായ സംസ്ഥാനങ്ങളിൽ പടർന്നുകിടക്കുന്ന മദ്യ സാമ്രാജ്യാധിപന് ടെൻഡർ പോലും വിളിക്കാതെ മദ്യോൽപാദന ഫാക്ടറിക്ക് അനുമതി നൽകിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണങ്ങളിലൊന്ന്. മറ്റൊന്ന് മദ്യഫാക്ടറി സ്ഥാപിതമായ സംസ്ഥാനങ്ങളിൽ വൻതോതിൽ ഭൂഗർഭജലം ഊറ്റിയതിന്റെ പേരിൽ പ്രതിക്കൂട്ടിലായ ഒയാസിസ് കമ്പനിക്ക്, അതൊന്നും പരിഗണിക്കാതെ ലൈസൻസ് നൽകിയതാണ്. ദശലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭ ജലം ഊറ്റിയതിന്റെ പേരിൽ ആദിവാസികൾ ഉൾപ്പെടെയുള്ള സാമാന്യ ജനം കുടിവെള്ള ക്ഷാമം നേരിടേണ്ടിവന്നതിനാൽ വൻ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ബഹുരാഷ്ട്ര കമ്പനിയായ കൊക്കക്കോളക്ക് ഫാക്ടറി പൂട്ടി പോവേണ്ടിവന്ന അതേ മേഖലയിൽതന്നെ അന്ന് പ്രക്ഷോഭത്തിൽ പങ്കാളികളായ ഇടതുപക്ഷം അധികാരത്തിലിരിക്കെ ഒയാസിസ് കമ്പനിക്ക് ചരിത്രം ആവർത്തിക്കാൻ അവസരം നൽകിയതിലാണ് പ്രതിഷേധം.
ഭൂഗർഭജലം ഒട്ടുമേ ഊറ്റുന്ന പ്രശ്നമേയില്ലെന്ന് ആണയിടുന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷ് മലമ്പുഴ ഡാമിൽനിന്നുള്ള വെള്ളമാണ് മദ്യവാറ്റ് കമ്പനിക്ക് നൽകാൻ പോകുന്നതെന്ന് പറയുന്നു. പക്ഷേ, വേനലിൽ കടുത്ത ജലക്ഷാമഭീഷണിയുള്ള പാലക്കാട് മലമ്പുഴയാണ് മുഖ്യകുടിവെള്ള സ്രോതസ്സെന്നിരിക്കെ പ്രതിദിനം 10 ലക്ഷം ലിറ്റർ വേണ്ടിവരുന്ന മദ്യക്കമ്പനി ലഭ്യമായ എല്ലാ സ്രോതസ്സുകളിൽനിന്നും വെള്ളമൂറ്റുമെന്ന് തീർച്ച. എല്ലാറ്റിനുമുള്ള സർക്കാറിന്റെ മറുപടി 640 പേർക്ക് പ്രത്യക്ഷമായും 2000 പേർക്ക് പരോക്ഷമായും സ്വകാര്യ കമ്പനി തൊഴിൽ ലഭ്യമാക്കുമെന്ന അവകാശവാദമാണ്. എന്നാൽ, ഏറ്റവും കുറഞ്ഞ വേതനംകൊണ്ട് തൃപ്തിപ്പെടുന്ന, സ്വകാര്യ കമ്പനികൾ ലാഭം മാത്രം മുന്നിൽ കണ്ട് ഇതര സംസ്ഥാനക്കാരെ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രി നൽകുന്ന വാഗ്ദാനം വെറും വീൺവാക്കാവുന്നതാണ് സാഹചര്യമെന്ന് വ്യക്തമാണ്. ഇക്കാര്യത്തിലൊന്നും സർക്കാർ ഇടപെടുന്ന പ്രശ്നമേയില്ല. ആരെന്ത് പറഞ്ഞാലും കടുത്ത ധനക്കമ്മി നേരിടുന്ന സർക്കാർ, പൊതുഖജനാവിനും പാർട്ടിക്കും പാർട്ടിയെ നയിക്കുന്ന വ്യക്തികൾക്കും ഒരുപോലെ ലാഭകരമായ മദ്യക്കമ്പനി ഇടപാടിൽനിന്ന് പിന്തിരിയുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. മദ്യക്കമ്പനി സ്ഥാപിക്കേണ്ട എലപ്പുള്ളി പഞ്ചായത്ത് എതിർത്താലും സർക്കാറും പാർട്ടിയും അത് മറികടക്കുമെന്ന് തീർച്ച.
മൗലിക പ്രശ്നം ഇടതുമുന്നണി സർക്കാറിന്റെ മദ്യനയമാണെന്ന് കാണാതിരുന്നിട്ട് കാര്യമില്ല. മദ്യനിരോധനമല്ല, മദ്യവർജനമാണ് നയം എന്ന് വിജ്ഞാപനമിറക്കി 2016ൽ അധികാരത്തിലേറിയ പിണറായി സർക്കാർ ആണ്ടോടാണ്ട് മദ്യനയം പുതുക്കുമ്പോഴൊക്കെ മദ്യവ്യവസായത്തിന് പരമാവധി ഊന്നൽ നൽകുന്നതാണ് അനുഭവസത്യം. മുൻ യു.ഡി.എഫ് സർക്കാറിന്റെ ബാർ നിയന്ത്രണം അപ്പാടെ അവസാനിപ്പിച്ചുകൊണ്ട് 200 ബാറുകൾക്കുകൂടി ലൈസൻസ് നൽകിയ എൽ.ഡി.എഫ് സർക്കാർ കാണക്കാണെ സ്വകാര്യ ക്ലബുകൾക്കുകൂടി ലൈസൻസ് നൽകി. 4700 കള്ളുഷാപ്പുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. സ്കൂളുകളിൽനിന്നും ആരാധനാലയങ്ങളിൽനിന്നും 200 മീറ്റർ ദൂരത്തിലേ മദ്യഷാപ്പുകൾ അനുവദിക്കൂ എന്ന നയം തിരുത്തി 50 മീറ്ററായി ചുരുക്കി. മദ്യഷാപ്പുകളുടെ അനുമതിക്ക് തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം റദ്ദാക്കി. എല്ലാറ്റിനും പരിഹാരമായി മദ്യവർജന ബോധവത്കരണത്തിന് ബജറ്റിൽ നീക്കിവെച്ച നിസ്സാര തുകയും കടലാസിൽ മാത്രം അവശേഷിപ്പിച്ചു. മുക്തികേന്ദ്രങ്ങൾ എന്ന പരിപാടി കേവലം നോക്കുകുത്തിയായി.
മദ്യനിരോധനം പ്രായോഗികമല്ലെന്ന് മാത്രമല്ല, വ്യാജമദ്യ ഉൽപാദനം വർധിപ്പിക്കാനും കുടിയന്മാർ കൂടുതൽ മാരകമായ മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് വഴിമാറാനുമേ ഉപകരിക്കൂ എന്നതായിരുന്നു സർക്കാറിന്റെ പ്രതികരണവും പ്രചാരണവും. പക്ഷേ, സംഭവിച്ചതും സംഭവിക്കുന്നതുമെന്ത്? ഏറ്റവുമൊടുവിൽ മയക്കുമരുന്നിന്റെ അടിമയായ ഏകമകൻ കൂലിപ്പണിയെടുത്ത് തന്നെ പോറ്റിവളർത്തിയ മാതാവിനെ വീണ്ടും വീണ്ടും പണംചോദിച്ച് ഒടുവിൽ 17 തവണ വെട്ടിവെട്ടി കൊന്ന സംഭവം സമൂഹത്തിന്റെ മനഃസാക്ഷിയെ മരവിപ്പിച്ചിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിദ്യാർഥികളും യുവജനങ്ങളും അഭൂതപൂർവമായി മയക്കുമരുന്ന് വാഹകരും ഉപഭോക്താക്കളും അഡിക്റ്റുകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു. പൊലീസിനോ എക്സൈസിനോ ജാഗ്രതാ സമിതികൾക്കോ കണ്ടുപിടിക്കാൻ സാധ്യമല്ലാത്തവിധം മയക്കുമരുന്ന് കടത്തും വിൽപനയും നിർബാധം തുടരുകയാണ്. പിന്തുടർന്നെത്തി പിടികൂടുന്നത് മറികടക്കാൻ പുതിയ വഴികൾ കണ്ടെത്തുന്നു മയക്കുമരുന്ന് ഇടപാടുകാർ. സിനിമലോകത്തും മയക്കുമരുന്ന് സംഘം കടന്നുകയറാൻ ശ്രമിക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനാധികൃതരും പൊലീസും മറ്റു ഉദ്യോഗസ്ഥരുമെല്ലാം നിസ്സഹായരായി നോക്കിനിൽക്കേണ്ട അവസ്ഥ. മൊബൈൽ ഫോൺ സർവവ്യാപിയായി തീർന്നിരിക്കെ മയക്കുന്നവർക്കും മയങ്ങുന്നവർക്കും നിയന്ത്രണങ്ങളെ മറികടക്കാൻ പ്രയാസമേതുമില്ല. ചുരുക്കത്തിൽ, മയക്കുമരുന്ന് വ്യാപനത്തിന് തടയിടാനാണ് മദ്യവ്യാപനമെന്ന സർക്കാർ നിലപാട് സമ്പൂർണ പരാജയമാണ്. രണ്ടും ഒരുപോലെ പടർന്ന് തലമുറകളെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഭയാനകമായ സത്യം.
സർവശക്തിയും തന്ത്രവും ഉപയോഗിച്ച് നിർമാണവും വിൽപനയും ഉപഭോഗവും തടയുന്നതോടൊപ്പം ആത്മാർഥവും ശക്തവുമായ ബോധവത്കരണമാണ് ലഹരി വിപത്തിനെ പ്രതിരോധിക്കാനുള്ള പോംവഴി. അതേസമയം, മുക്തി പരിപാടി ഫലപ്രദമായി തുടരുകയും വേണം. ‘‘പാർട്ടിക്കാർക്ക് മദ്യപാനം ശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോ, റോഡിലിറങ്ങി ബഹളമുണ്ടാക്കാൻ പാടില്ല. നാല് കാലിൽ കാണാനോ മദ്യം കുടിക്കാനായി ഏതെങ്കിലും പണക്കാരന്റെ കൂടെ കാണാനോ പാടില്ല’’ എന്നൊക്കെ ഇടതുമുന്നണിയിലെ രണ്ടാമത്തെ മുഖ്യകക്ഷിയുടെ നായകന് സ്വന്തം അണികളെ ഉപദേശിക്കേണ്ടിവരുന്നുവെങ്കിൽ കേരളം നേരിടുന്ന ലഹരി സാമ്രാജ്യ വികസന ഭീഷണി എത്രമാത്രം ഗുരുതരമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

