ഇന്ത്യ-താലിബാൻ ചർച്ച
text_fields2021 ആഗസ്റ്റ് 15നാണ് താലിബാൻ സേന അഫ്ഗാൻ പൂർണമായും കീഴടക്കി ഒരിക്കൽകൂടി രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തത്. അന്നേദിവസം, തലസ്ഥാനമായ കാബൂൾ പിടിച്ചടക്കപ്പെട്ടതോടെ പ്രസിഡന്റ് അശ്റഫ് ഗനിക്ക് തജികിസ്താനിലേക്ക് നാടുവിടേണ്ടിവന്നു. തുടർന്ന്, മുൻ പ്രസിഡന്റ് ഹാമിദ് കർസായിയുടെ നേതൃത്വത്തിലെ മൂന്നംഗ താൽക്കാലിക കോ ഓഡിനേഷൻ സമിതിക്ക് നേതൃത്വം ഭരണച്ചുമതല നൽകിയതോടെ, 20 വർഷത്തിനുശേഷം രാജ്യം വീണ്ടും താലിബാന്റെ നിയന്ത്രണത്തിലായി. പുതിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കുകൂടിയാണ് ആ ഭരണമാറ്റത്തോടെ തുടക്കമായതെന്ന് പറയാം. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മറ്റൊന്നുകൂടി സംഭവിച്ചു: രണ്ട് പതിറ്റാണ്ടുകാലത്തെ അധിനിവേശം അവസാനിപ്പിച്ച് അമേരിക്കയുടെ അവസാന സൈനികനും അഫ്ഗാൻ വിട്ടു. അമേരിക്കൻ സൈന്യത്തിന്റെ സമ്പൂർണ പിന്മാറ്റത്തോടെ, രാജ്യം സ്വതന്ത്ര പരമാധികാര രാഷ്ട്രമായി മാറിയെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പ്രഖ്യാപിച്ചതോടെ, അഫ്ഗാനിസ്താൻ പൂർണമായും താലിബാന് കീഴിലായി. 2001 സെപ്റ്റംബർ 11ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, അഫ്ഗാനിലേക്ക് ഇരച്ചുകയറിയ അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൊതുവിൽ സ്വാഗതം ചെയ്യപ്പെട്ടുവെങ്കിലും താലിബാൻ ഭരണത്തിനുകീഴിൽ ആ രാജ്യത്തിന്റെ ഭാവിയെന്ത് എന്ന ആശങ്ക പലരും ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ, പല രാജ്യങ്ങളും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാൻ തയാറായതുമില്ല. നമ്മുടെ രാജ്യവും സമാനമായ ആശങ്ക ചൂണ്ടിക്കാട്ടി താലിബാനുമായി തുടക്കത്തിൽ അകലം പാലിക്കുകയായിരുന്നു. എന്നാൽ, പിന്നീട് പലഘട്ടങ്ങളിലും അനൗദ്യോഗിക തലത്തിൽ ചില നയതന്ത്ര സംഭാഷണങ്ങളുണ്ടായി; അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ചില സഹായങ്ങളും ഇന്ത്യ നൽകി. ഇപ്പോഴിതാ അത്തരം ചർച്ചകൾക്കും സഹകരണങ്ങൾക്കുമെല്ലാം ഔദ്യോഗിക സ്വഭാവം കൈവന്നിരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച, ഇതാദ്യമായി ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരികമായ നയതന്ത്ര സംഭാഷണത്തിന് തുടക്കം കുറിച്ചു.
ബുധനാഴ്ച ദുബൈയിലായിരുന്നു ഇന്ത്യ-താലിബാൻ ചർച്ച. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് താലിബാന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുമായി ചർച്ച നടത്തിയത്. അധികാരത്തിൽവന്ന് മൂന്നുവർഷം പിന്നിട്ടിട്ടും താലിബാൻസർക്കാറിനെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും, ഈ കൂടിക്കാഴ്ചക്ക് വലിയ മാനങ്ങളുള്ളതായി വിലയിരുത്തപ്പെടുന്നു. കേവലം ഔപചാരികതകളിൽ ചർച്ച അവസാനിച്ചില്ല എന്നാണ് ഇരുവിഭാഗവും പുറത്തിറക്കിയ വാർത്താക്കുറിപ്പുകൾ വ്യക്തമാക്കുന്നത്. അഫ്ഗാനിലെ ജനങ്ങൾക്കുള്ള വിവിധ സഹായപദ്ധതികൾ മുതൽ ക്രിക്കറ്റ് വരെയുള്ള വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു. ചർച്ചക്കുശേഷം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ ഇങ്ങനെ പറയുന്നു: ‘‘അഫ്ഗാനിസ്താന്റെ അഭ്യർഥന മാനിച്ച് അഭയാർഥികളുടെ പുനരധിവാസത്തിനായി ഭക്ഷ്യ, ആരോഗ്യ മേഖലകളിലേക്കായി കൂടുതൽ വസ്തുക്കളും മറ്റും സഹായമായി നൽകും’’. അഫ്ഗാനിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ 27 ടൺ വസ്തുവകകൾ താലിബാന് കൈമാറിയിരുന്നു. ഇതുകൂടാതെ, 50,000 മെട്രിക് ടൺ ധാന്യം, 300 ടൺ മരുന്നുകൾ, 40,000 ലിറ്റർ കീടനാശിനി, 10 കോടി ഡോസ് പോളിയോ വാക്സിൻ, 15 ലക്ഷം ഡോസ് കോവിഡ് വാക്സിൻ, ലഹരിമുക്ത പദ്ധതിക്കായി 11,000 യൂനിറ്റ് കിറ്റുകൾ തുടങ്ങി വേറെയും സഹായങ്ങൾ ഇതിനകം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ക്രിക്കറ്റ് കളിയിൽ ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കാനും ധാരണയായി. മറുവശത്ത്, സാമ്പത്തിക-രാഷ്ട്രീയ ബന്ധം മെച്ചപ്പെടുത്താനുള്ള പദ്ധതികളിൽ സഹകരിക്കുമെന്ന് താലിബാനും അറിയിച്ചു. ഇതിനുപിന്നാലെ, തങ്ങളുടെ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ വിസ അനുവദിക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചിരിക്കുന്നു. മുമ്പ് ഇത്തരത്തിൽ അഫ്ഗാൻ വിദ്യാർഥികൾക്ക് ഇന്ത്യ പ്രവേശനം അനുവദിച്ചിരുന്നതാണ്. സ്വാഭാവികമായും പുതിയ സാഹചര്യത്തിൽ ഈ ആവശ്യം അംഗീകരിക്കപ്പെടാൻതന്നെയാണ് സാധ്യത.
2021 ആഗസ്റ്റ് 30ന് അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്ന് മടങ്ങുന്ന ദിവസം ദോഹയിൽ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലും താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന്, അഫ്ഗാനിലെ ന്യൂനപക്ഷങ്ങളുടെയും അഭയാർഥികളുടെയും സുരക്ഷ സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. അപ്പോഴും താലിബാൻ സർക്കാറുമായി അകലം പാലിക്കുകയാണ് എന്നായിരുന്നു ഇന്ത്യയുടെ പരസ്യനിലപാട്. പിന്നെയും ചില ഘട്ടങ്ങളിൽ ഇരു കൂട്ടരും തമ്മിൽ സംഭാഷണങ്ങളുണ്ടായി. 2022ൽ വിദേശകാര്യ ജോയന്റ് സെക്രട്ടറി ജെ.പി. സിങ് ചില താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോൾ, പഴയ നിലപാടിൽനിന്ന് ഇന്ത്യ മാറിയതിനുപിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. താലിബാൻ സർക്കാർ പാകിസ്താനുമായി ഇടഞ്ഞുനിൽക്കുന്ന ഘട്ടത്തിലാണ് ഈ ചർച്ചയെന്നതും പ്രധാനമാണ്. അതിർത്തിയിൽ, തെഹ്രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) എന്ന ഭീകര സംഘത്തെ അഫ്ഗാൻ സർക്കാർ സഹായിക്കുന്നുവെന്ന് പാകിസ്താൻ ആരോപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ അകലാൻ തുടങ്ങിയത്. കഴിഞ്ഞമാസം, ടി.ടി.പി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാകിസ്താൻ അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണം നടത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി. അടുത്തകാലത്തായി ചൈനയും അഫ്ഗാനുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഇതിനകംതന്നെ, വിവിധ സാമ്പത്തിക സഹകരണ കരാറുകൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. റഷ്യയാകട്ടെ, പാർലമെന്റിൽ വോട്ടെടുപ്പ് നടത്തി താലിബാനെ ഭീകരപ്പട്ടികയിൽനിന്ന് നീക്കി. പ്രസിഡന്റ് പുടിൻ താലിബാൻസർക്കാറിനെ അനുകൂലിച്ച് സംസാരിച്ചതും ഇടക്കാലത്ത് വലിയ വാർത്തയായിരുന്നു. അയൽ രാജ്യങ്ങളും ആഗോളരാഷ്ട്രീയവുമെല്ലാം സമീപകാലത്ത് താലിബാൻ സർക്കാറിനെ അംഗീകരിക്കാനും അഫ്ഗാനുമായി അടുക്കാനും തുടങ്ങിയ ഈ ഘട്ടത്തിൽ ആ രാജ്യവുമായി ഇനിയും അകന്നുനിൽക്കുന്നത് നയതന്ത്ര വീഴ്ചയായിരിക്കുമെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നു വേണം കരുതാൻ. ആ രാജ്യത്തെ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പാതയിലേക്ക് കൊണ്ടുവരാൻ ഇത്തരം സൗഹൃദ നീക്കങ്ങളിലൂടെ സാധിക്കുമെങ്കിൽ അത്രയും നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.