ഞെരുക്കം പ്രകടം; വേണം, പ്ലാൻ ബി
text_fieldsകേരള ജനതക്ക് വലിയ ആശ്വാസകരമായൊരു വാർത്ത പങ്കുവെക്കുന്നുവെന്ന ആമുഖത്തോടെയാണ്, ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. സമീപ വർഷങ്ങളിൽ സംസ്ഥാന സർക്കാറിനെ ബാധിച്ച രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നുവെന്നതായിരുന്നു ആ വാർത്ത. ഓർക്കണം, രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റാണിത്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേയുള്ള ബജറ്റും. സ്വാഭാവികമായും, ജനപ്രിയ പ്രഖ്യാപനങ്ങളും പുതിയ സമീപനങ്ങളുമെല്ലാമായിരിക്കും ആരും പ്രതീക്ഷിക്കുക. ക്ഷേമ പെൻഷൻ വർധന, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൂടുതൽ ആനുകൂല്യങ്ങൾ, പുതിയ ശമ്പള പരിഷ്കരണ കമീഷൻ പ്രഖ്യാപനം, വയനാട് ദുരന്ത പുനരധിവാസത്തിനായി ഇതിനകം പ്രഖ്യാപിക്കപ്പെട്ടതിനു പുറമെയുള്ള ആശ്വാസ പദ്ധതികൾ, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും വികസനത്തെയും ത്വരിതപ്പെടുത്തുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാപനം തുടങ്ങിയ കാര്യങ്ങൾ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ട സ്ഥിതിക്ക് ഉണ്ടാവേണ്ടതായിരുന്നു. പക്ഷേ, ബജറ്റ് പ്രസംഗം മുഴുവനായപ്പോൾ പൊതുവിൽ നിരാശയാണ് ഫലം. മേൽപറഞ്ഞ വിഷയങ്ങളിലൊന്നും കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല; മറിച്ച്, ക്ഷേമ പെൻഷനുകളിലും മറ്റുമുള്ള കുടിശ്ശിക സമയബന്ധിതമായി പൂർത്തിയാക്കുമെന്ന വാഗ്ദാനങ്ങളുടെ ആവർത്തനം മാത്രം. ധനമന്ത്രിയുടെ ‘ആശ്വാസവാർത്ത’ക്കുമപ്പുറം, സംസ്ഥാനമിപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയാണെന്ന കൃത്യമായ സൂചനതന്നെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളത്രയും. അതല്ലായിരുന്നുവെങ്കിൽ, മേൽസൂചിപ്പിച്ച വിഷയങ്ങളിലെങ്കിലും ചില ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകേണ്ടതായിരുന്നു. എന്നല്ല, ധനപ്രതിസന്ധിയിൽനിന്ന് മുക്തമായിക്കൊണ്ടിരിക്കുന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന ഒന്നും ബജറ്റ് പ്രസംഗത്തിൽനിന്ന് വായിച്ചെടുക്കാനുമാകുന്നില്ല. മറുവശത്താകട്ടെ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം സാധാരണക്കാരിൽ കെട്ടിവെക്കുംവിധത്തിൽ വിവിധ വിഭാഗങ്ങളിൽ നികുതി വർധന ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
സാമ്പത്തിക ഞെരുക്കം പ്രകടമെന്നതുപോലെത്തന്നെ അതിന്റെ കാരണങ്ങളും വ്യക്തമാണ്. ഒന്നാം പ്രതി കേന്ദ്ര സർക്കാർതന്നെ. സംസ്ഥാനത്തുനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണത്തിലെ വിഹിതം ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുന്നു. പത്താം ധനകാര്യ കമീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്ന വിഹിതം പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലത്തെത്തിയപ്പോൾ 1.92 ആയി കുറഞ്ഞു. കേന്ദ്ര ധന കമീഷൻ പ്രാദേശിക സർക്കാറുകൾക്ക് അനുവദിക്കുന്ന ഗ്രാന്റിലും കടുംവെട്ട് നടത്തി. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം 4.54 ശതമാനത്തിൽനിന്ന് 2.68 ശതമാനമായി കുറഞ്ഞിരിക്കുന്നു. ജി.എസ്.ടിയുടെ കാര്യം ഇതിലും കഷ്ടമാണ്. ജി.എസ്.ടി വന്നതോടെ, സ്വന്തം നിലയിൽ നിരക്ക് നിശ്ചയിച്ച് നികുതി പിരിക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശം ഇല്ലാതായി എന്നു മാത്രമല്ല, വരുമാനത്തിൽ സംസ്ഥാനത്തിന് കടുത്ത ഇടിവ് സംഭവിക്കുകയും ചെയ്തു. ഈ ഇടിവ് നികത്താനായി ആവിഷ്കരിക്കപ്പെട്ട ജി.എസ്.ടി നഷ്ടപരിഹാര സംവിധാനം പൂർണമായും നിലച്ചിട്ടുമുണ്ട്. ഇതിനെല്ലാം പുറമെയാണ്, കേന്ദ്ര ബജറ്റിലെ സമ്പൂർണ അവഗണന. ഒരർഥത്തിലുള്ള സാമ്പത്തിക ഉപരോധം കേന്ദ്രം നടപ്പാക്കുന്നുവെന്നത് 10 വർഷമായുള്ള കേരളത്തിന്റെ അനുഭവമാണ്. ഇതിനെ അതിജീവിക്കാൻ രണ്ട് മാർഗമേയുള്ളൂ: ഒന്ന്, കടമെടുപ്പാണ്. എന്നാൽ, കടമെടുപ്പ് പരിധിയിലും കേന്ദ്രം കൈവെച്ചതോടെ, ജി.എസ്.ടി ഇതര നികുതി ഇനങ്ങളിൽ പരമാവധി പിടിമുറുക്കുക എന്നതേ മാർഗമുള്ളൂ. വാസ്തവത്തിൽ, ഈ ബജറ്റിൽ കണ്ടത് അതാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ പ്രതിരോധിക്കാനും അതിജീവിക്കാനും സ്വന്തം നിലയിൽ വരുമാനം കണ്ടെത്തുക എന്നതായിരിക്കുന്നു സർക്കാർ നയം. നികുതി, നികുതി ഇതര വരുമാനം വർധിപ്പിക്കുന്നതിൽ സർക്കാർ വലിയ അളവിൽ വിജയിച്ചിട്ടുണ്ട്. നാല് വർഷംകൊണ്ട്, നികുതി-നികുതിയിതര വരുമാനം 54,000 കോടിയിൽനിന്ന് ലക്ഷം കോടിയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഒരുപരിധി വരെ ഇത് നല്ലതാണ്. പക്ഷേ, കേന്ദ്രവിഹിതത്തിലുണ്ടായിരിക്കുന്ന ഇടിവിന്റെ നാലിലൊന്ന് മാത്രമാണ് ഈ രീതിയിൽ പരിഹരിക്കാനാവുക. അപ്പോഴും ഞെരുക്കം തുടരുമെന്നർഥം. അത് പരിഹരിക്കാൻ ‘പ്ലാൻ ബി’ നടപ്പാക്കുമെന്നാണ് ധനമന്ത്രി കഴിഞ്ഞ വർഷത്തെ ബജറ്റിൽ പറഞ്ഞത്. ഈ ബജറ്റിൽ അത്തരമൊരു ബദൽ സംവിധാനത്തെക്കുറിച്ച് പരാമർശമേതുമില്ല. മറിച്ച്, സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന സാധാരണക്കാരനുമേൽ പിന്നെയും നികുതിഭാരം കെട്ടിവെക്കുകയാണ് സർക്കാർ. ഒരർഥത്തിൽ, നമ്മുടെ സംസ്ഥാനത്തിന്റെയും സർക്കാറിന്റെയും ഗതികേടായിട്ടുകൂടി ഈ സാഹചര്യത്തെ വിലയിരുത്താവുന്നതാണ്. വയനാട് പുനരധിവാസ പാക്കേജിന്റെ കാര്യംതന്നെ നോക്കൂ. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും അപകടകരമായ അസാധാരണ കാലാവസ്ഥ സംഭവങ്ങളുടെ പട്ടികയിലാണ് വയനാട് ദുരന്തം എണ്ണപ്പെട്ടിരിക്കുന്നത്. പുനരധിവാസത്തിന് പ്രാഥമികമായി ആവശ്യമുള്ളത് രണ്ടായിരത്തിൽപരം കോടി രൂപയാണ്. ഈ വകയിൽ കേന്ദ്രത്തിൽനിന്ന് ഒരു രൂപ പോലും ഇതുവരെ കിട്ടിയിട്ടില്ല. ഇത്രയും തുക വകയിരുത്താൻ സംസ്ഥാന സർക്കാറിന് കഴിയാത്ത സാഹചര്യത്തിലാണ് പദ്ധതി 750 കോടിയിലേക്ക് ചുരുക്കേണ്ടിവന്നത്. മറ്റു മേഖലകളിലും ഇതുതന്നെയാണ് സ്ഥിതി. ഈ സാഹചര്യത്തിൽ, സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. അതേസമയം, പല മേഖലകളിലും ആസൂത്രണത്തിന്റെ അഭാവം നിഴലിക്കുന്നുണ്ടെന്ന വസ്തുത മറച്ചുവെക്കാനുമാകില്ല.
ഒരു വർഷത്തേക്കുള്ള ഹ്രസ്വകാല പദ്ധതികളും കാൽ നൂറ്റാണ്ടുകാലത്തേക്കുള്ള ദീർഘകാല പദ്ധതികളുമാണ് ബജറ്റിൽ വിഭാവന ചെയ്തിരിക്കുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലും ‘ഉപരോധ’ത്തിലും ഇത് എത്രമേൽ പ്രായോഗികമെന്ന് കണ്ടറിയണം. അതേസമയം, ഭാവി കേരളത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള ഒട്ടനവധി പദ്ധതികൾ അതിൽ വായിക്കാം. പശ്ചാത്തല സൗകര്യ വികസനത്തിനും അടിസ്ഥാന വികസനത്തിനും പുറമെ, കാലാവസ്ഥാ വ്യതിയാനവും നിർമിത ബുദ്ധിയും കേരളത്തിന്റെ സവിശേഷ ജനസംഖ്യ പരിണാമവുമെല്ലാം ബജറ്റിൽ കടന്നുവരുന്നത് ശുഭോദർക്കമാണ്. സംസ്ഥാനത്ത് ജനനനിരക്ക് കുറഞ്ഞുവരുന്നതും വയോജനങ്ങളുടെ എണ്ണം വർധിക്കുന്നതും ഭാവി കേരളത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് ഇതിനകംതന്നെ പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ആ മുന്നറിയിപ്പുകളെ സശ്രദ്ധം അഭിമുഖീകരിക്കാനും അവയെ പുതിയ സാധ്യതകളിലേക്ക് പരിവർത്തനം ചെയ്യാനുമൊക്കെയുള്ള പദ്ധതികൾ സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. അപ്പോഴും, ഒരു ചോദ്യം ബാക്കിയാണ്: ഈ ഞെരുക്കത്തെ നാം എങ്ങനെ അതിജീവിക്കും? ആശ്വാസവാർത്തകൾക്കായി നമുക്ക് കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

