കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിക്ഷയം വിളിച്ചോതുന്ന രാഷ്ട്രീയ പ്രമേയം
text_fieldsരാഷ്ട്രീയ നിലപാടിൽ മാറ്റമില്ലാതെയും സി.പി.എമ്മിന്റെ സ്വതന്ത്ര കരുത്ത് വർധിപ്പിക്കുന്നതിന് ഊന്നൽ നൽകിയും 24ാം പാർട്ടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, തപൻ സെൻ, അശോക് ധാവ്ളെ എന്നിവർ പുറത്തിറക്കിയിരിക്കുന്നു. ഇതിന്മേൽ മാർച്ച് അഞ്ചുവരെ അംഗങ്ങൾക്കും ഘടകങ്ങൾക്കും ഭേദഗതികൾ നിർദേശിക്കാമെങ്കിലും കാതലായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. 2022ൽ കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽനിന്നുമില്ല മൗലികമായ മാറ്റങ്ങളൊന്നും. രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന് പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും തീവ്ര ഹിന്ദുത്വ കക്ഷി നേതൃത്വം നൽകുന്ന മുന്നണി തന്നെയാണ് അധികാരത്തിൽ. തെരഞ്ഞെടുപ്പിൽ നേരിട്ട ശ്രദ്ധേയമായ തിരിച്ചടി നയനിലപാടുകളിൽ മാറ്റം വരുത്താൻ ബി.ജെ.പിയെ പ്രേരിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല ഒറ്റ രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ്, വഖഫ് സ്വത്തുക്കളുടെ സമ്പൂർണ നിയന്ത്രണം പോലുള്ള ലക്ഷ്യങ്ങളുമായി മുന്നോട്ടുപോവാൻ തന്നെയാണ് തീരുമാനവും. മറുവശത്ത് തീവ്ര വലതുപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ശ്രദ്ധേയ നേട്ടം കൈവരിക്കാൻ സാധിച്ച ഇൻഡ്യ കൂട്ടായ്മക്ക് അതേ കെട്ടുറപ്പോടെയും നിശ്ചയ ദാർഢ്യത്തോടെയും പ്രയാണം തുടരുന്നതിൽ ദൗർബല്യം പ്രകടമായിട്ടുണ്ട്. ലോക്സഭ ഇലക്ഷന് ശേഷം നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ മുന്നണി ഒട്ടുമേ പ്രവർത്തിച്ചില്ല എന്നുതന്നെ പറയണം. ഹരിയാനയിൽ കോൺഗ്രസ് ഇൻഡ്യ മുന്നണിയായല്ല ഇലക്ഷനെ നേരിട്ടത്. മഹാരാഷ്ട്രയിൽ മുന്നണി പ്രവർത്തിച്ചുവെങ്കിലും നിരാശജനകമായിരുന്നു ഫലം. സി.പി.എം വരും നാളുകളിലും പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി തുടരുമെന്നാണ് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നതെങ്കിലും കൂടുതൽ പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തിയുള്ള വിശാല മുന്നണിക്കാണ് ശ്രമിക്കുകയെന്ന് പറയുന്നു. പക്ഷേ, ഇൻഡ്യ മുന്നണിക്ക് പുറത്തുള്ള ഏത് പ്രാദേശിക കക്ഷിയെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. മുന്നണിക്കകത്തുതന്നെ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂലിന്റെ മുഖ്യ ശത്രുക്കളിലൊന്നാണ് സി.പി.എം. അവിടെ കോൺഗ്രസുമായി ധാരണയുണ്ടാക്കിയിട്ടുപോലും ഒരു നേട്ടവുമുണ്ടാക്കാൻ സാധിച്ചിട്ടുമില്ല. സംഘ്പരിവാറിനെതിരായ എതിർപ്പ് ശക്തമായി തുടരാൻ തന്നെയാണ് സി.പി.എമ്മിന്റെ തീരുമാനം. അത് പക്ഷേ, സംഘ്പരിവാർ അടക്കിഭരിക്കുന്ന ഹിന്ദി ബെൽറ്റിൽ ഇടതുകക്ഷികൾ തീരെ ദുർബലമായിരിക്കെ എവ്വിധം സാധ്യമാവുമെന്ന് കണ്ടറിയേണ്ടതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സാമാന്യം സജീവമായി പ്രവർത്തിച്ചിരുന്ന യു.പി, ബിഹാർ, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ ഇന്ന് കമ്യൂണിസ്റ്റ് പാർട്ടികൾ മിക്കവാറും നാമാവശേഷമായിരിക്കുന്നു. ബിഹാറിലാകട്ടെ തീവ്രതയുടെ പേരിൽ രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളും അകറ്റിനിർത്തിയിരുന്ന സി.പി.ഐ-എം.എൽ ലിബറേഷനാണ് താരതമ്യേന പിടിച്ചുനിൽക്കാനാവുന്നത്. ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ നിർണായക ശക്തിയായ ജാതിവ്യവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ തുടക്കം മുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ ആശയക്കുഴപ്പവും തജ്ജന്യമായ പാളിച്ചകളും സ്വാതന്ത്ര്യത്തിന് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴും മാറ്റമില്ലാതെ തുടരുന്നു. പുതിയ രാഷ്ട്രീയ പ്രമേയവും അക്കാര്യത്തിൽ വെളിച്ചമൊന്നും നൽകുന്നില്ല. ആഗോള മുതലാളിത്ത കുത്തകകൾ സമ്പൂർണമായി പിടിമുറുക്കിയ വർത്തമാനകാല ഇന്ത്യയിൽ തൊഴിലാളിവർഗ പാർട്ടികൾ ദിശാബോധമില്ലാതെ ഉഴലുക മാത്രമല്ല അധികാരത്തിലിരുന്ന ഒരേയൊരു സംസ്ഥാനത്ത് കോർപറേറ്റ് ഭീമന്മാരെ സുഖിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കേണ്ട സാഹചര്യവും വന്നുകൂടിയിരിക്കുന്നു.
ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ പോലുള്ള മുസ്‍ലിം മൗലികവാദ, തീവ്രവാദ സംഘടനകൾ മുസ്‍ലിം ജനവിഭാഗത്തിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നതായും കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.എമ്മിന്റെ സ്വാധീനം കുറക്കാൻ ശ്രമിക്കുന്നതായും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം, ന്യൂനപക്ഷ തീവ്രവാദത്തെ അധികാരത്തിലുള്ള ഹിന്ദുത്വ വർഗീയ ശക്തികളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും പ്രമേയം സമ്മതിക്കുന്നു. എന്നാൽ, ഭൂരിപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിൽ ഇവർക്കുള്ള പങ്ക് അവഗണിക്കാനാവില്ലെന്നാണ് പാർട്ടി കരുതുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ തീവ്രവാദ ശക്തിയെ പരാജയപ്പെടുത്താനാണ് മുസ്‍ലിം ന്യൂനപക്ഷം സാമാന്യമായി ഇൻഡ്യ മുന്നണിയുടെ തലപ്പത്തുള്ള കോൺഗ്രസിന് പിന്തുണ നൽകിയതെന്ന് പാർട്ടി സമ്മതിക്കുന്നുണ്ട്. കേരളത്തിൽ പക്ഷേ അതേ നിലപാട് സ്വീകരിച്ച മുസ്‍ലിം സംഘടനകളെ പാർട്ടി കുറ്റപ്പെടുത്തുന്നതിലെ വൈരുധ്യം പ്രകടമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഈ സംഘടനകൾ എന്ത് നിലപാട് സ്വീകരിക്കുമെന്ന് തീരുമാനിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുമില്ല. എന്നിട്ടും ഹിന്ദുത്വരേക്കാൾ തീവ്രമായി ബ്രാഞ്ച്-ഏരിയ-ജില്ല സമ്മേളനങ്ങളോടനുബന്ധിച്ച പൊതുപരിപാടികളിലുടനീളം നടേ പേരെടുത്ത് പറഞ്ഞ സംഘടനകളെ മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെ കടന്നാക്രമിച്ചത് എന്തിനാണെന്ന് വിശദീകരിക്കേണ്ട ബാധ്യത പാർട്ടിക്കുണ്ട്. ന്യൂനപക്ഷ വർഗീയത എന്താണെന്നും അത് ആരോപിത സംഘടനകൾ എങ്ങനെയൊക്കെ പ്രകടിപ്പിക്കുന്നുവെന്നും വിശദീകരിക്കാതെ ആരോപണം ക്ഷീരബല പോലെ ആവർത്തിക്കുകയാണ് നേതാക്കളും വക്താക്കളും. ആ മുസ്‍ലിം സംഘടനകളുടെ പ്രസംഗങ്ങളോ പ്രവർത്തനങ്ങളോ അല്ല, മുഖ്യമന്ത്രിയടക്കമുള്ളവരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചാരണങ്ങളുമാണ് ഭൂരിപക്ഷ വർഗീയതക്ക് ശക്തിപകരുന്നതെന്ന് പകൽപോലെ സത്യം. നേരത്തേ ന്യൂനപക്ഷ പിന്തുണ നേടിയെടുക്കാനുള്ള വ്യഗ്രതയിൽ പൗരത്വം, ഫലസ്തീൻ പോലുള്ള പ്രശ്നങ്ങളിൽ മുസ്‍ലിം മതസംഘടനകളെ കൂട്ടുപിടിച്ച് നടത്തിയ കോലാഹലങ്ങൾ ഭൂരിപക്ഷ സമുദായത്തിൽ വിപരീതഫലം ചെയ്തുവെന്ന പാർട്ടി ഘടകങ്ങളുടെ വിലാപം നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതായിരുന്നെങ്കിലും രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാനോ പാളിച്ചകൾ തിരുത്താനോ പര്യാപ്തമായ നിർദേശങ്ങളൊന്നും പ്രമേയത്തിൽ കാണാനില്ല. ഒരുകാലത്ത് രാജ്യത്ത് ശക്തമായിരുന്ന ഇടതുപക്ഷ പ്രസ്ഥാനം എന്തുകാരണത്താലായാലും ഈ സന്ദിഗ്ധ ഘട്ടത്തിൽ ദുർബലമാവുന്നത് ശുഭകരമായി കരുതാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

