പൊതുഫണ്ട് കാട്ടി വിലപേശുകയോ?
text_fieldsഹിന്ദി-അഹിന്ദി, വടക്കേ ഇന്ത്യ-തെക്കേ ഇന്ത്യ, ദേവനാഗരി-ദ്രാവിഡ, യൂനിയൻ-തമിഴ്നാട്, യൂനിയൻ-സംസ്ഥാനങ്ങൾ തുടങ്ങിയ വിവിധ തലങ്ങളിൽ ഛിദ്രതയുടെ ലക്ഷണങ്ങളുമായി വീണ്ടും ഭാഷാപ്രശ്നം ഉയർന്നുവന്നിരിക്കുന്നു. ‘ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗ’മായ ത്രിഭാഷാ പദ്ധതി അംഗീകരിക്കാത്ത തമിഴ്നാടിന്റെ നിലപാട് തള്ളിക്കൊണ്ട് യൂനിയൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ എടുത്ത തീരുമാനമാണ് പുതിയ പ്രകോപനം. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിപ്രകാരം തമിഴ്നാടിന് യൂനിയൻ സർക്കാറിൽനിന്ന് ലഭിക്കേണ്ട 2152 കോടി രൂപ പിടിച്ചുവെച്ചിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കണം, അതിന്റെ ‘ഭാഗ’മായ ത്രിഭാഷാനയം സ്വീകരിക്കാതെ പണം നൽകാനാകില്ല എന്ന് ധർമേന്ദ്ര പ്രധാൻ പറയുന്നു. ഹിന്ദി ബലമായി അടിച്ചേൽപിക്കാനുള്ള തന്ത്രമാണ് ത്രിഭാഷാനയമെന്നും അതു നടപ്പാക്കുന്ന പ്രശ്നമേ ഇല്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരിച്ചടിക്കുന്നു. തമിഴ്നാട് ബി.ജെ.പി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കക്ഷികളും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനോടൊപ്പമാണ്. ഹിന്ദി അടിച്ചേൽപിക്കാൻ കാലകാലങ്ങളായി നടന്ന ശ്രമങ്ങളെ ഉശിരോടെ നേരിടുകയും ദ്രാവിഡ തനിമയുടെ പേരിൽ രാഷ്ട്രീയ നിലപാടെടുത്ത് ഭരണം പിടിക്കുകയും ചെയ്ത ചരിത്രമുണ്ട് സ്വന്തം പേരിനോട് കൂറുപുലർത്തുന്ന തമിഴ്നാടിന്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത്, 1937ൽ, സി. രാജഗോപാലാചാരിയുടെ സർക്കാർ സെക്കൻഡറി സ്കൂൾതലത്തിൽ ഹിന്ദി പഠനം നിർബന്ധമാക്കിയപ്പോൾ നടന്ന സമരത്തിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടു. തുടർന്നും വിവിധ ഘട്ടങ്ങളിൽ രക്തം വരെ നൽകിക്കൊണ്ട് ഹിന്ദി ആധിപത്യത്തെ ചെറുത്ത തമിഴരോട് 2000 കോടി തരണമെങ്കിൽ ഹിന്ദി അടിച്ചേൽപിക്കാൻ സമ്മതിക്കണമെന്ന് പറയുന്ന യൂനിയൻ സർക്കാറിന് അധികാരത്തിന്റെ ഭാഷയേ അറിയൂ. ഒരു സംസ്ഥാനത്തിന് അർഹതപ്പെട്ട ഫണ്ട് നൽകാൻ മറ്റ് ഉത്തരവുകൾ അനുസരിക്കണമെന്ന് ശഠിക്കുന്നത് അധികാര ദുരുപയോഗവും ബ്ലാക്ക്മെയിലിങ്ങുമാണ്. അതുകൊണ്ടാണ് സ്റ്റാലിൻ, രണ്ടായിരമല്ല പതിനായിരംകോടി രൂപ തന്നാലും ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്ന് പറഞ്ഞത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് ത്രിഭാഷാ പദ്ധതി എന്ന ധർമേന്ദ്ര പ്രധാനിന്റെ വാദവും ദുർബലമാണ്. (അവിടവും കടന്ന്, ഭരണഘടനയുടെ ഭാഗമാണത് എന്നുവരെ അദ്ദേഹം പറഞ്ഞുകളഞ്ഞു -ഭരണഘടനയുടെ ഏതു വകുപ്പ് എന്ന് സ്റ്റാലിൻ ചോദിച്ചതിന് മറുപടി ഇല്ല.) 1968ലെ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് ത്രിഭാഷാ പദ്ധതി ഔപചാരികമായി വളരുന്നത്. അതിനോട് അഹിന്ദി പ്രദേശങ്ങൾ (പ്രത്യേകിച്ച് തമിഴ്നാട്) രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. 2020ലെ ദേശീയനയത്തിൽ ത്രിഭാഷാ പദ്ധതി നിലനിർത്തിയെങ്കിലും മൂന്നിൽ ഒന്ന് ഹിന്ദിതന്നെ ആയിരിക്കണമെന്ന നിർബന്ധം എടുത്തുകളഞ്ഞു. ‘അതത് പ്രദേശങ്ങളുടെ, അവിടത്തെ വിദ്യാർഥികളുടെ ഇഷ്ട’മെന്നേ പറഞ്ഞുള്ളൂ -ഒരേ ഒരു ഉപാധി, മൂന്നു നിർബന്ധ ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണം എന്നതാണ്. എന്നാൽ, യൂനിയൻ സർക്കാർ ത്രിഭാഷാ പദ്ധതി എന്നുപറയുമ്പോൾ അതു ഹിന്ദി അടിച്ചേൽപിക്കാനാണെന്ന് കരുതാൻ കാരണങ്ങളുണ്ട്. ഹിന്ദി പ്രചരിപ്പിക്കാൻ കൈയയച്ച് സഹായം ചെയ്യുന്ന യൂനിയൻ സർക്കാർ പ്രാദേശിക ഭാഷകൾക്കായി കാര്യമായൊന്നും ചെയ്യുന്നില്ല. 2019ലെ യൂനിയൻ ബജറ്റിൽ, അഹിന്ദി സംസ്ഥാനങ്ങളിൽ ഹിന്ദി അധ്യാപകരെ നിയമിക്കാനായി മാത്രം 50 കോടി രൂപ വകയിരുത്തിയത് ഉദാഹരണം. കേന്ദ്രീയ വിദ്യാലയങ്ങളിൽ ഭാഷാധ്യാപക തസ്തികകൾ കുറേ ഒഴിഞ്ഞുകിടക്കുന്നു. പ്രാദേശിക ഭാഷകൾ പഠിപ്പിക്കാൻ വിഭവങ്ങളോ അധ്യാപകരോ ലഭ്യമല്ലാതാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ഹിന്ദി സ്വീകരിക്കാൻ നിർബന്ധിതരാകുന്നു. ത്രിഭാഷാ പദ്ധതിതന്നെ വിദ്യാഭ്യാസ താൽപര്യത്തേക്കാൾ രാഷ്ട്രീയ താൽപര്യമാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു വിദ്യാർഥി മാതൃഭാഷക്ക് പുറമെ, രണ്ടു ഭാഷകൾ കൂടി പഠിക്കണമെന്ന് നിർബന്ധംപിടിക്കുന്നത് വിദ്യാർഥിയുടെ താൽപര്യം വെച്ചല്ലല്ലോ. തമിഴ്നാട് ചൂണ്ടിക്കാട്ടുന്നപോലെ, തമിഴ്, ഇംഗ്ലീഷ് എന്നു രണ്ടു നിർബന്ധ ഭാഷകളുമായി വിദ്യാഭ്യാസരംഗത്ത് മുന്നിൽനിൽക്കുന്ന തമിഴ്നാടിനെ പിറകോട്ട് വലിക്കാനാണ് ത്രിഭാഷാ ശാഠ്യം ഉതകുക.
വാസ്തവത്തിൽ ഇതു തമിഴ്നാടിന്റെ മാത്രം സമരമല്ല. രാജ്യത്തിന്റെ നയത്തിലും വിഭവവിതരണത്തിലും ഉണ്ടാകേണ്ട മര്യാദയാണ് വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നത്. ഫെഡറലിസം ഭരണഘടനയുടെ കാതലായ തത്ത്വമാണ്. പക്ഷേ, നികുതിപിരിവിലും ധനവിതരണത്തിലുമെല്ലാം അടുത്തകാലത്ത് കാണുന്ന കേന്ദ്രീകരണം ഇപ്പോൾ വിദ്യാഭ്യാസമേഖലയിലേക്കുകൂടി പടരുകയാണ്. കഴിഞ്ഞ ദിവസത്തെ മുഖപ്രസംഗത്തിൽ ഞങ്ങൾ ചൂണ്ടിക്കാട്ടിയപോലെ, യു.ജി.സിയെ ഉപയോഗിച്ചുള്ള അധികാര കേന്ദ്രീകരണത്തെ ത്രിഭാഷാ പദ്ധതി അംഗീകരിച്ച കേരളമടക്കമുള്ള, ഹിന്ദുഭാഷക്കാരടക്കമുള്ള, സംസ്ഥാനങ്ങൾക്കും യൂനിയൻ മന്ത്രിയുടെ സമീപനം സ്വീകാര്യമാകേണ്ടതല്ല. ‘ഞങ്ങൾ പറയും, നിങ്ങളനുസരിക്കണം; ഇല്ലെങ്കിൽ നിങ്ങൾക്ക് തരാൻ ബാധ്യതപ്പെട്ട പണംപോലും തരില്ല’ എന്ന രീതി ഫെഡറൽ തത്ത്വങ്ങളുടെ തിരസ്കാരമാണ്. തുടക്കത്തിൽ ‘സ്റ്റേറ്റ് ലിസ്റ്റി’ലായിരുന്നു വിദ്യാഭ്യാസം. പിന്നീടത് ‘കൺകറന്റ് ലിസ്റ്റി’ലാക്കി. എൻ.ഡി.എ ഭരണത്തിൽ അതത്രയും കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാർവത്രിക വിദ്യാഭ്യാസം, വിദ്യാഭ്യാസനീതി, സംസ്ഥാന സ്വയംഭരണം തുടങ്ങിയവക്കെതിരായ മറ്റൊരു നീക്കമാണ് ഇപ്പോൾ ത്രിഭാഷാ ശാഠ്യത്തിലൂടെ നടക്കുന്നത്. ഇത് യൂനിയൻ സർക്കാറും തമിഴ്നാട് സർക്കാറും തമ്മിലുള്ള പ്രശ്നമായി കാണുന്നവർ ഈ കേന്ദ്രീകരണക്കെണിയിൽ പെട്ടുപോയി എന്നാണർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

