Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രംപിൽനിന്ന് നാം എന്തുനേടി?
cancel

​ഒരേ​പോലെ ചിന്തിക്കുന്നവർക്ക് ഒരേപോലെ തീരുമാനത്തിലെത്താനാവും എന്നാണ് കരുതേണ്ടത്. ആ നിലക്ക് ഇന്ത്യൻ പ്രധാനമന്ത്രിക്കും യു.എസ് പ്രസിഡന്റിനും പരസ്പരധാരണ രൂപപ്പെടുത്താൻ പ്രയാസമുണ്ടാകേണ്ടതില്ല. ചുരുക്കാക്ഷരങ്ങൾ കൊണ്ട് കളിച്ച് (‘മഗാ’, ‘മിഗ’) തലക്കെട്ട് പിടിക്കാനും സ്ഥലങ്ങളുടേതടക്കം നിലവിലുള്ള പേരുകൾ മാറ്റാനും മുൻകാല നേട്ടങ്ങൾക്കുപോലും വ്യക്തിപരമായി അവകാശവാദമുന്നയിക്കാനും ഇരുവർക്കുമുള്ള താൽപര്യമല്ല സൂചിപ്പിക്കുന്നത്. മറിച്ച്, സ്വന്തം രാജ്യത്തിന് പ്രഥമ പരിഗണന എന്ന നിലപാട് പരസ്യമായി ഉയർത്തിപ്പിടിക്കുന്നവരാണ് ഇരുവരും. അതുകൊണ്ട് നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും നേരിട്ട് സംസാരിച്ച് എത്തിപ്പെടുന്ന തീരുമാനങ്ങൾ ഇരുരാജ്യങ്ങൾക്കും ഒരു പോലെ പ്രയോജനകരമാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ഇനിയും അമേരിക്ക തിരിച്ചയക്കുമെന്ന് പറയുമ്പോൾ അതിനെ എതിർക്കാൻ പ്രധാനമന്ത്രിക്ക് ന്യായങ്ങളൊന്നുമുണ്ടാകില്ല. ഇനിയെങ്കിലും അവരെ സൈനിക വിമാനത്തിൽ ചങ്ങലക്കിട്ട് അയക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടുമ്പോൾ പ്രസിഡന്റിന് അത് സമ്മതിക്കാനും വൈമനസ്യമുണ്ടാകില്ല. അതേസമയം, ഇരുപക്ഷവും പ്രധാനമായി ചർച്ച ചെയ്ത വ്യാപാരബന്ധങ്ങളിൽ ഉഭയസമ്മതവും തുല്യപ്രയോജനവുമുള്ള ധാരണകൾ ഉണ്ടായോ എന്ന ചോദ്യത്തിന് ഉത്തരം എളുപ്പമല്ലതാനും. ഇന്ത്യയിൽനിന്ന് ട്രംപ് നേടിയെടുത്തത് നിസ്സാരമല്ല. യു.എസിൽനിന്നുള്ള എണ്ണ പ്രകൃതിവാതക ഇറക്കുമതി ഇന്ത്യ ഗണ്യമായി വർധിപ്പിക്കും; ഇതിന്റെ ഫലമായി, യു.എസ് പക്ഷ ഉപരോധത്തിലുള്ള റഷ്യയിൽനിന്ന് കുറഞ്ഞ വിലക്ക് പെട്രോൾ വാങ്ങുന്നത് നാം കുറക്കുകയും ചെയ്തേക്കാം. ഇതിൽ ഇന്ത്യക്ക് ലാഭത്തെക്കാൾ ചേതമാണുണ്ടാവുക. യു.എസിൽനിന്ന് അനേകായിരം കോടി ഡോളറിന്റെ യുദ്ധസാമഗ്രികൾ വാങ്ങാനും ധാരണയായിട്ടുണ്ട്. ട്രംപ് രണ്ടാം തവണ പ്രസിഡന്റായ ഉടനെ അദ്ദേഹത്തെ നേരിട്ടുകാണാൻ പ്രധാനമന്ത്രി താൽപര്യപ്പെട്ടതായും യുദ്ധവിമാനങ്ങൾ വാങ്ങണമെന്ന് അപ്പോഴേ പ്രസിഡന്റ് പറഞ്ഞുവെച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഇന്ന് ട്രംപിന്റെ വലംകൈയായി പ്രവർത്തിക്കുന്ന ഇലോൺ മസ്ക് പോലും വളരെ മോശമെന്നും അമിതച്ചെലവുള്ളതെന്നും വിശേഷിപ്പിച്ചിരുന്ന എഫ്-35 വിമാനങ്ങൾ കുറേ വാങ്ങിക്കൊള്ളാമെന്ന് മോദി ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. ഇവിടെയും ഇന്ത്യക്ക് നേട്ടമല്ല നിരീക്ഷകർ കാണുന്നത്.

ഈ ധാരണകളിലും ഇന്ത്യയുടെ ‘അന്യായമായ തീരുവ’ കുറക്കാമെന്ന് സമ്മതിപ്പിക്കുന്നതിലും സ്വന്തം രാജ്യത്തിന്റെ താൽപര്യം ഉയർത്തിപ്പിടിക്കാൻ ട്രംപിന് ഏറക്കുറെ കഴിഞ്ഞു എന്നാണ് വിലയിരുത്തൽ. ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി കുറക്കാൻ അദ്ദേഹം ശ്രമിക്കുക സ്വാഭാവികം; അക്കാര്യം പറഞ്ഞ് കൂടുതൽ സമ്മർദം ഇന്ത്യക്കുമേൽ ചെലുത്തുന്നതും മനസ്സിലാക്കാൻ പ്രയാസമില്ല. എന്നാൽ, അമേരിക്കയെ ഇന്ത്യക്ക് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ ഇന്ത്യയെ അമേരിക്കക്കാണ് ആവശ്യമെന്നത് പ്രധാനമന്ത്രിക്ക് ബലമാകേണ്ടതായിരുന്നു. ഇന്ത്യ എന്ന വൻ വിപണിയെയാണ് ചൈനയും റഷ്യയുമെന്നപോലെ അമേരിക്കയും ലക്ഷ്യമിടുന്നത്. അതുവെച്ചാണ് ഇത്രയും കാലം അമേരിക്കയുടെ വാണിജ്യ​ മേധാവിത്വത്തെ നാം പ്രതിരോധിച്ചത്. വാണിജ്യക്കമ്മി പൂർണമായും ഇല്ലാതാകുന്നത് നീതിയാകുമോ എന്ന ചോദ്യവുമുണ്ട്. വാണിജ്യക്കമ്മിയെപ്പറ്റി അമേരിക്കക്ക് ഉയർത്താവുന്നതിനെക്കാൾ ശക്തമായ പരാതി, അമേരിക്ക സമ്മർദത്തിലൂടെ നിലനിർത്തുന്ന ഡോളർ മേധാവിത്വമെന്ന അന്യായത്തെപ്പറ്റി ഇന്ത്യക്ക് ഉയർത്താവുന്നതാണ്. ബ്രിക്സ് പോലുള്ള കൂട്ടായ്മകളോട് ട്രംപിനുള്ള എതിർപ്പ് പ്രധാനമായും ഡോളർ കുത്തക എന്ന ചൂഷണം തുടരാനുള്ള വ്യഗ്രതയിൽനിന്ന് വരുന്നതാണ്. അക്കാര്യത്തിൽ ഉറച്ച നിലപാട് എടുക്കാനുള്ള ബാധ്യത ഇന്ത്യൻ സർക്കാറിനുണ്ട്.

ഏത് രാജ്യവുമായും ബന്ധം ശക്തിപ്പെടുന്നത് നമുക്കും നല്ലതാണ്. എന്നാൽ, അത് ഏകപക്ഷീയമായി വിട്ടുവീഴ്ച ചെയ്തുകൊണ്ടാകരുത്. രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ സന്ധി ചെയ്തുമാകരുത്. വൈറ്റ് ഹൗസിൽ നടന്ന മാധ്യമ കൂടിക്കാഴ്ചയിൽ ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് പ്രധാനമന്ത്രി നൽകിയ മറുപടി, മോദി സർക്കാർ ചങ്ങാത്ത മുതലാളിത്തത്തിന്റെ നീരാളിപ്പിടിത്തത്തിലാണെന്ന ആരോപണം ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അദാനി ഗ്രൂപ്പിന്റെ സോളർ പദ്ധതികൾക്ക് അനുകൂലമായി നിൽക്കാനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 25 കോടിയിലേറെ ഡോളർ അദാനി കൈക്കൂലി നൽകിയെന്നും അമേരിക്കൻ ചട്ടം ലംഘിച്ചെന്നും പറഞ്ഞ് യു.എസ് സർക്കാർ വകുപ്പുകൾ ഈയിടെ നിയമനടപടി തുടങ്ങിയിരുന്നു. അത് മുന്നോട്ടു കൊണ്ടുപോകുന്നത് മൂന്നുമാസത്തേക്ക് ട്രംപ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ട്രംപുമായുള്ള സംഭാഷണങ്ങളിൽ അദാനി വിഷയം ഉൾപ്പെട്ടോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ‘വസുധൈവ കുടുംബക’മെന്ന തത്ത്വവും വ്യക്തിഗത കാര്യങ്ങൾ രാഷ്ട്ര നേതാക്കൾ തമ്മിൽ സംസാരിക്കില്ലെന്ന ഒഴിഞ്ഞുമാറലുമാണ് മറുപടിയായി അദ്ദേഹം നൽകിയത്. ആ ഒഴിഞ്ഞുമാറൽ ഏത് ഉത്തരത്തെക്കാളും വാചാലമാണ്. രാഷ്ട്രനേതാക്കൾ തമ്മിലുള്ള ചർച്ചകൾ അതത് രാഷ്ട്രങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമാകും- ആകണം. പക്ഷേ, അമേരിക്കയിൽനിന്ന് ഇങ്ങോട്ട് കിട്ടിയതും നാം അങ്ങോട്ട് സമ്മതിച്ചതുമായ കാര്യങ്ങൾ തമ്മിൽ തുലനംചെയ്തു നോക്കുമ്പോൾ സന്തോഷിക്കാനുള്ള വക ഇതുവരെ ലഭ്യമായ വിവരങ്ങളിൽ ഇല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMadhyamam EditorialDonald trump
News Summary - Madhyamam Editorial 2025 Feb 17
Next Story