Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹിംസയുടെ ആർപ്പുവിളി
cancel

സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച റാഗിങ് പാതകമായിരുന്നു, വയനാട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കാ​മ്പ​സി​ലെ സിദ്ധാർഥിന്റെ മരണം. ദിവസങ്ങളോളം നീണ്ട ശാരീരികാക്രമണങ്ങൾക്കും മാനസിക പീഡനങ്ങൾക്കും ഒടുവിൽ അവൻ ജീവിതാഭിലാഷങ്ങ​െളല്ലാം ഉപേക്ഷിച്ച് മരണം തെരഞ്ഞെടുക്കാൻ നിർബന്ധിതനായി. ക്രൂരമായ ദണ്ഡനത്തിന് നേതൃത്വം വഹിച്ചത് പതിവുപോലെ, കലാലയങ്ങളിൽ റാഗിങ്ങുകളില്ലാതാക്കാൻ രാഷ്ട്രീയ ബാധ്യതകളുള്ള വിദ്യാർഥി നേതാക്കളായിരുന്നു. അധ്യാപകരും പൊലീസുകാരും വിദ്യാർഥികളുടെ ‘ഭാവി’യും രാഷ്ട്രീയപ്പേടിയും നിമിത്തം സംഭവം അമർത്തിവെക്കാൻ ബദ്ധശ്രദ്ധാലുക്കളായതുകൊണ്ട് അന്ന് വിവരം പുറത്തറിയാൻ ഒരാഴ്ചയിൽ അധികമെടുത്തു. സിദ്ധാർഥിന്‍റെ കനലെരിയുന്ന ഓർമകൾക്ക് ഒരാണ്ട് പൂർത്തിയാകുന്നതിന് മുമ്പേ, വീണ്ടുമിതാ, കോട്ടയം ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ആദ്യവർഷ വിദ്യാർഥികൾ സമാനമായ നിഷ്ഠുരതക്ക് വിധേയരായിരിക്കുന്നു. മൂന്ന് മാസത്തോളം ഹൃദയഭേദകമായ ശാരീരിക മർദനങ്ങൾക്കും മാനസിക പീഡകൾക്കും ഇരകളായവർ. സംഭവം വിവാദമായതോടെ അഞ്ച് സീനിയർ വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ രാഷ്ട്രീയബന്ധങ്ങൾ പുറത്തുവന്നതോടെ, വസ്തുതകൾ പുറത്തുവരാതിരിക്കാനുള്ള ഭീഷണികളും പ്രലോഭനങ്ങളും അണിയറയിൽ തകർത്താടുന്നുമുണ്ട്.

കലാലയങ്ങളിൽ അരങ്ങേറുന്ന റാഗിങ് രീതികൾ ക്രൂരവും ഹിംസാത്മകവുമാണ്. സഹപാഠികളുടെ വേദനയോടെയുള്ള നിലവിളികളും അപമാനിതമായ അവസ്ഥകളും ഉന്മത്തമായ ആനന്ദത്തോടെ ആഘോഷിക്കപ്പെടുന്നത് തന്നെ എത്രമാത്രം ഭീകരമാണ്. വിശേഷിച്ച്, രോഗീ പരിചരണം ജീവിതോപാധിയും പാഷനുമായി തീരുമാനിച്ചുറപ്പിച്ചവർ വേദനയിൽ പുളയുന്നത് ആഹ്ലാദത്തോടെ ആസ്വദിക്കുന്ന മനോഘടനയുള്ളവരാണ് എന്നത് എത്രമാത്രം ഞെട്ടലുളവാക്കുന്നതല്ല! കോഴിക്കോട് മെഡിക്കൽകോളജിൽ റാഗിങ് പരാതിയിൽ 11 വിദ്യാർഥികൾ നടപടിക്ക് വിധേയരായത് കഴിഞ്ഞ ആഴ്ചയാണ്. സഹപാഠികളോട് സഹവർത്തിത്വത്തോടെയും കനിവോടെയും പെരുമാറേണ്ട മുതിർന്ന വിദ്യാർഥികൾ ഹിംസയുടെ ഉപാസകരാകുന്നുവെങ്കിൽ അവർ ശുശ്രൂഷിക്കുന്ന ആതുരരംഗത്തിന്‍റെ ഭാവി എത്ര കാരുണ്യരഹിതമായിരിക്കും.

പുതുതലമുറക്ക് ഹിംസയോടും ലഹരിയോടും ആസക്തി വർധിക്കുന്നു എന്ന നിഗമനത്തെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന ഇത്തരം സംഭവങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ റാഗിങ്ങിന്റെ തീവ്രത കേരളത്തിൽ വർധിച്ചിട്ടുണ്ടെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എറണാകുളത്ത് ഒമ്പതാം ക്ലാസുകാരൻ മരണക്കയത്തിലേക്കെടുത്തു ചാടിയത് സഹപാഠികളുടെ നിരന്തര പീഡനത്തെ തുടർന്നാണെന്ന് മാതാവ് രേഖാമൂലം നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. സ്കൂളിൽ പല കുട്ടികളും റാഗിങ്ങിന് വിധേയരായിട്ടുണ്ടെന്നും അവരിൽ ചിലർ പഠിപ്പു നിർത്തുകയും ആത്മഹത്യയെ കുറിച്ച് ആലോചിച്ചുവെന്നുമാണ് ആ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്. സിനിമകളിലെയും ഡിജിറ്റൽ ഗെയിമുകളിലെയും ആക്രമണോത്സുകത നൽകുന്ന ആനന്ദം ജീവിതത്തിലേക്കുമവർ പറിച്ചുനടുകയും പ്രായോഗികമാക്കുകയുമാണോ? രാസലഹരിക്കടിപ്പെടുകയും ക്വട്ടേഷൻ സംഘങ്ങളിൽ ചേക്കേറുകയുംചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിക്കുന്നുവെന്നാണ് മനഃശാസ്ത്രജ്ഞരും പൊലീസ് തലപ്പത്തുള്ളവരും പറയുന്നത്. കോട്ടയം നഴ്സിങ് കോളജിൽ നടന്ന ക്രൂരമായ മർദനവും ലഹരി സംഘടിപ്പിക്കാനുള്ള പണത്തിനുവേണ്ടിയായിരുന്നു.

സ്ഥാപനങ്ങളിൽ ആന്‍റി റാഗിങ് സമിതികൾ രൂപവത്കരിക്കണമെന്നും ഗുരുതരമായ കേസുകളിൽ 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നും സ്ഥാപന മേധാവികൾക്ക് കർശനമായ നിർദേശങ്ങളുണ്ട്. പക്ഷേ, അവയെല്ലാം ഏട്ടിലെ പശുവാണ്. അതൊരിക്കലും പുല്ല് തിന്നാറില്ല. കോട്ടയത്ത്​ റാഗിങ് മൂന്ന് മാസത്തോളമായി തുടർന്നിട്ടും അധ്യാപകരോ ഹോസ്റ്റൽ ചുമതലക്കാരോ ഒന്നുമറിഞ്ഞില്ല. നിയമങ്ങളൊക്കെ കർശനമായേക്കാം. എന്നാൽ നിലനിൽക്കുന്ന സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും ഒച്ചുവേഗവും പരിഹരിക്കാതെ റാഗിങ്​ ഉന്മൂലനംചെയ്യാൻ സാധ്യമല്ല. സമൂഹമൊന്നടങ്കം ഇത് അവസാനിപ്പിക്കാൻ മുറവിളികൂട്ടിയിട്ടും ഈ നിഷ്ഠുരത ആവർത്തിക്കപ്പെടുന്നതിന്‍റെ യഥാർഥ വില്ലൻ പതിയിരിക്കുന്നത് പരിഹരിക്കേണ്ടവർ പുലർത്തുന്ന മൃദുസമീപനത്തിലാണ്. ഹോസ്റ്റലിലെ ഇടിമുറികളിലെ ഹിംസയുടെ ആർപ്പുവിളികൾ പുറത്തറിയില്ലെന്നും അറിഞ്ഞാൽതന്നെ സംരക്ഷകരുടെ തണൽ വേണ്ടുവോളം ലഭിക്കുമെന്നും ധരിക്കുന്ന കുട്ടികളാണ് ക്രൂരമായ റാഗിങ്ങിന് നേതൃത്വം നൽകുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭൂരിപക്ഷം കേസുകളും പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയോ രാഷ്ട്രീയ സമ്മർദങ്ങളിൽ ഒത്തുതീർപ്പിലെത്തുകയോ ചെയ്യുകയാണ്. കേരളത്തിൽപോലും 70 ശതമാനം സംഭവങ്ങളും കേസ് പോലുമാകുന്നില്ല. പിന്നെയെങ്ങനെയാണ് റാഗിങ്ങിന്‍റെ വേരറുക്കാൻ സാധിക്കുക‍? സിദ്ധാർഥിന്‍റെ വേദനജനകമായ ജീവനഷ്ടത്തെ മുൻനിർത്തി ‘മാധ്യമം’ അന്ന് കുറിച്ച വാക്കുകൾ ഒരിക്കൽകൂടി ഓർമിപ്പിക്കട്ടെ. പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വി​നൊ​പ്പം പ​ര​സ്പ​ര സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും മാ​ന​വി​ക​ത​യു​മൊ​ക്കെ പ​ഠി​ക്കാ​ൻ​കൂ​ടി​യാ​ണ് ക​ലാ​ല​യ​ങ്ങ​ൾ. അ​ല്ലാ​തെ കു​റെ സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ സൃ​ഷ്ടി​ക്കു​ക​യും അ​വ​രു​ടെ ഭീ​ക​ര​ത​ക്കും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​ക്കും ഇ​ര​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കു​ക​യുംചെ​യ്യു​ന്ന ഇ​ട​ങ്ങ​ളാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ മാ​റിക്കൂടാ. കു​റ്റ​വാ​ളി​ക​ൾ നി​ർ​ദാ​ക്ഷി​ണ്യം ശി​ക്ഷി​ക്ക​പ്പെ​ട​ണം. ഒരാത്മ പരിശോധനക്ക്​ എല്ലാവരും തയാറാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2025 Feb 14
Next Story