മലയാള നാടേ, താഴട്ടെ തല പാതാളത്തോളം
text_fieldsവർഗീയ ഭീകരവാദ ശക്തികളുടെ വിദ്വേഷ പ്രചാരണഫലമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരന്തരം ആവർത്തിക്കപ്പെടുകയാണ് ആൾക്കൂട്ടക്കൊലകൾ. സംഘ്പരിവാർ ഭരണത്തിലിരിക്കുന്ന ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും നടമാടുന്ന ഈ കൊടിയ ക്രൂരതയുടെ ഇരകളാവുന്നത് മുസ്ലിം-ദലിത്-ആദിവാസി സമൂഹങ്ങളിൽ നിന്നുള്ള മനുഷ്യരാണ്. എൻ.ഡി.എ മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ച ബിഹാറിൽ ഡിസംബർ ആദ്യവാരം മുഹമ്മദ് അത്ഹർ ഹുസൈൻ എന്ന തുണിക്കച്ചവടക്കാരനെ കൊലപ്പെടുത്തിയ രീതി ആരെയും നടുക്കുന്നതാണ്. കച്ചവടം കഴിഞ്ഞ് മടങ്ങുമ്പോൾ പഞ്ചറായ സൈക്കിൾ നന്നാക്കാൻ കടയന്വേഷിക്കുന്നതിനിടെയാണ് നവാഡയിലെ ഭട്ടപർ ഗ്രാമത്തിൽ അത്ഹർ ഹുസൈനെ തടഞ്ഞുനിർത്തിയ അക്രമികൾ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന പണം മുഴുവൻ തട്ടിപ്പറിച്ചെടുത്ത ശേഷം ഒരു മുറിയിൽ പൂട്ടിയിട്ട് അതിഭയാനകമാം വിധം മർദിച്ചത്. വസ്ത്രമുരിഞ്ഞു നോക്കി മുസ്ലിം ആണെന്ന് ഉറപ്പുവരുത്തിയതോടെ അക്രമത്തിന്റെ ഭാഷ അതിക്രൂരമായി, പ്ലെയർ ഉപയോഗിച്ച് കാത് മുറിച്ചെടുക്കുകയും ചുട്ടുകട്ടകളും ചുട്ടുപഴുപ്പിച്ച ഇരുമ്പ് കമ്പിയും ഉപയോഗിച്ച് കൈവിരലുകൾ അടിച്ചൊടിക്കുകയും ചെയ്തു. നെഞ്ചിൻകൂട് തകരും വിധമുള്ള മർദനത്തിൽ ശ്വാസം മുട്ടി അവശനായ ഈ സാധുവിനെ ഏറെ വൈകി പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഏതാനും ദിവസങ്ങൾക്കകം വിദ്വേഷവും പീഡനങ്ങളുമില്ലാത്ത ലോകത്തേക്ക് യാത്രയായി ഹുസൈൻ. പണം മോഷ്ടിച്ച അതിക്രമകാരികൾ മോഷ്ടാവ് എന്നാരോപിച്ച് ഹുസൈനെതിരെ പരാതിയും ചമച്ചുണ്ടാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുതുമയല്ലാതായിരിക്കുന്ന മുസ്ലിം വിരുദ്ധ ആൾക്കൂട്ട അതിക്രമ പരമ്പരയിൽ ഒരു രക്തസാക്ഷി കൂടി.
രാജ്യത്തിന്റെ പല കോണുകളിലും ഇത്തരം നിഷ്ഠുരതകൾ വ്യാപിക്കുമ്പോഴും മലയാളി തലയുയർത്തി നെഞ്ചുവിരിച്ചു നിന്നിരുന്നു. കേരളം ഇതിൽ നിന്നെല്ലാം മുക്തവും സുരക്ഷിതവുമാണെന്ന മട്ടിൽ. മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെയും കിഴിശ്ശേരിയിൽ ബിഹാർ സ്വദേശി രാജേഷ് മാഞ്ചിയെയും കൊലപ്പെടുത്തിയതിന്റെ ചോര നവോത്ഥാന കേരളത്തിന്റെ കസവുമുണ്ടിൽ കറപിടിച്ചുകിടപ്പുണ്ട്. കടിഞ്ഞൂൽ കൺമണിയെയും പ്രിയതമയെയും കാണാൻ വയനാട് മേപ്പാടിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു കേന്ദ്രത്തിലെത്തിയപ്പോൾ മോഷ്ടാവ് എന്നാരോപിച്ച് പരിഷ്കൃത മലയാളികൾ ചേർന്ന് മർദിച്ചതിൽ മനംനൊന്ത് ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ ഓർമകൾ നമ്മുടെ തലക്കുമീതെ തൂങ്ങിയാടുന്നുണ്ട്. സെലക്ടിവ് അംനീഷ്യയുടെ സൗകര്യം പറ്റി നമ്മൾ മറന്നുകളഞ്ഞ അറുകൊലകളും ഹീനമായ അരുതായ്മകളും വേറെയുമുണ്ട്. അപ്പോഴും ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന അവകാശവാദത്തിന് ഇളക്കം തട്ടിയിട്ടില്ല, കോട്ടം പറ്റുകില്ല എന്നായിരുന്നു മലയാളക്കരയുടെ ഉറച്ച വിശ്വാസം. ആ വിളിപ്പേരും പേറി നടക്കാൻ ഒരു അർഹതയും അവശേഷിക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തി വേറൊരു മനുഷ്യന്റെ ഉയിരറ്റ ശരീരം കൂടി ഇവിടെയിതാ മണ്ണുപറ്റിക്കിടക്കുന്നു.
ദാരിദ്ര്യത്തിൽനിന്ന് മോചനം തേടി, എട്ടും പത്തും വയസ്സുള്ള രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ വിശപ്പകറ്റാൻ ഒരു ജോലി തേടി നാലുനാൾ മുമ്പ് എത്തിയതാണ് ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ വയ്യാർ. വാളയാറിലെ അട്ടപ്പാളം മാതാളിക്കാട് ഭാഗത്തുവെച്ച് ഈ മനുഷ്യനെക്കണ്ട് ഒരുപറ്റം മനുഷ്യവേഷധാരികൾക്ക് സംശയം തോന്നി. മോഷ്ടാവെന്ന് സംശയിച്ച് മർദിച്ചുവെന്നും മദ്യപിച്ച നിലയിൽ കണ്ടുവെന്നുമൊക്കെ ന്യായം പടച്ചുവിടുന്നതിനിടയിലാണ് മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്-അവർക്ക് സംശയം ആ സാധുമനുഷ്യന്റെ പൗരത്വം സംബന്ധിച്ചായിരുന്നു. നീ ബംഗ്ലാദേശിയാണോടാ എന്ന് ചോദിച്ച് ബലിഷ്ഠമായ കരങ്ങൾ ആ ദുർബലമായ ശരീരത്തിൽ ആഞ്ഞാഞ്ഞ് പതിച്ചു. ചോദ്യങ്ങൾക്ക് പതറിയ ശബ്ദത്തിൽ മറുപടി പറയുന്നുണ്ട്, ഉന്മാദം പൂണ്ട ആക്രോശത്തിനും ആക്രമണത്തിനുമിടയിൽ അതാര് കേൾക്കാൻ. മർദനത്തിന്റെ പെരുക്കത്തിൽ ചോര ഛർദിച്ചിട്ടുപോലും അവർ അവസാനിപ്പിച്ചില്ല. വിചാരധാര ഒന്നാം നമ്പർ ശത്രുവായി എണ്ണിയ കൂട്ടത്തിൽ നിന്നൊരുവനെ പാഠംപഠിപ്പിക്കാൻ തക്കത്തിന് കൈയിൽ കിട്ടിയതിന്റെ ആനന്ദനെറുകയിലായിരുന്നു അക്രമികൾ. വഴിയോരത്ത് തളർന്നൊടിഞ്ഞുകിടന്ന രാം നാരായണന് പ്രഥമശുശ്രൂഷ നൽകാൻപോലും ആരും വന്നില്ല; നാലു മണിക്കൂർ കഴിഞ്ഞ് പൊലീസെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവനറ്റ് പോയിരുന്നു. ഇനിയാരും അയാളുടെ പൗരത്വമേതെന്ന് ചോദിക്കില്ല.
ചോരക്കൊതിയന്മാരായ വർഗീയ-വംശീയ വാദികളുടെ ഭീഷണിയിൽ നിന്ന് കേരളം തരിമ്പും സുരക്ഷിതമല്ലെന്ന് ‘തും ബംഗ്ലാദേശി?’ എന്ന ചോദ്യവും രാം നാരായണിന്റെ പുറത്തും നെഞ്ചിലും കരുവാളിച്ച് കിടക്കുന്ന ചോരപ്പാടുകളും നമ്മെ ഓർമപ്പെടുത്തുന്നു. വിശപ്പും ദാരിദ്ര്യവും വിദേശി സംശയവുമെല്ലാം അടിച്ചുകൊല്ലാനുള്ള കാരണമാവുന്ന നാടു കാണാനാണോ നമ്മൾ ലോകത്തെ ക്ഷണിക്കുന്നത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

