തിരുത്താത്തവരെ ജനം തുരത്തും
text_fieldsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ തകർച്ചയുടെ ആഘാതത്തിൽനിന്ന് സി.പി.എം നയിക്കുന്ന ഇടതുമുന്നണിയുടെ നേതൃതലം മുതൽ താഴേതട്ടുവരെ ഇനിയും പൂർണമായി മോചിതമായിട്ടില്ല. ‘‘കേരള സർക്കാറിന്റെ വികസനമികവും നേട്ടങ്ങളും തെളിഞ്ഞുനിന്ന കാലമായിട്ടും, ക്ഷേമപ്രവർത്തനങ്ങളിൽ സാധാരണക്കാരുടെ പ്രതീക്ഷകൾക്കപ്പുറം തെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപനങ്ങളും പ്രവർത്തനങ്ങളുമുണ്ടായിട്ടും’’ എങ്ങനെ ഇടതുവിരുദ്ധ വികാരമുണ്ടാക്കി എന്ന അന്ധാളിപ്പിലാണ് ഡോ. തോമസ് ഐസക്കിനെപോലെയുള്ള പാർട്ടിയിലെ ബുദ്ധിജീവികൾമുതൽ പ്രാദേശിക പ്രവർത്തകർവരെ. തോൽവിയെക്കുറിച്ച് വിശദമായ വിശകലനം ചെയ്യാൻ തിങ്കളാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗം ശബരിമല സ്വർണക്കൊള്ളമുതൽ ന്യൂനപക്ഷവോട്ടിലെ അകൽച്ചവരെയുള്ള വിഷയങ്ങൾ ചർച്ചക്കെടുക്കുകയും പ്രാദേശികതലത്തിൽതന്നെ വിശദപരിശോധനക്ക് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന്, ചൊവ്വാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിന്റെ മുഖ്യ അജണ്ടയും തെരഞ്ഞെടുപ്പിലെ തിരിച്ചടിതന്നെ. ഈ പരിശോധനകളും നിരീക്ഷണങ്ങളുമനുസരിച്ച് സി.പി.എമ്മും ഇടതുമുന്നണിയും വല്ല മാറ്റവും വരുത്തുമോ എന്ന കാര്യത്തിൽ മുൻ അനുഭവങ്ങൾ നോക്കിയാൽ നിഷേധമാണ് മറുപടി.
സി.പി.എം ശക്തികേന്ദ്രമായ പശ്ചിമബംഗാളിൽ നാലു ദശകത്തോളം ഭരണത്തിൽ വിരാജിച്ച പാർട്ടിക്ക്, ഇന്ന് മലപ്പുറം ജില്ല പഞ്ചായത്തിലെന്നപോലെ, നിയമസഭയിൽ മരുന്നിനുപോലും ഒരു പ്രതിനിധിയില്ലാതെ പോയതിന്റെ കാരണങ്ങൾ പഠിച്ചു വിലയിരുത്താനോ തദടിസ്ഥാനത്തിൽ നയസമീപനങ്ങളിലും പരിപാടികളിലും കാതലായ മാറ്റം വരുത്താനോ തയാറായിട്ടില്ല. എന്നിരിക്കെ, ദേശീയതലത്തിൽ വെറും കേരള പാർട്ടിയായി സി.പി.എം അതിദുർബലാവസ്ഥയിൽ നിൽക്കെ, ഇവിടെയും അത് പ്രതീക്ഷിക്കുക വയ്യ. പരാജയത്തിന്റെ ഞെട്ടലിൽ പരിശോധനക്കും തിരുത്തിനും സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനകൾ വന്നെങ്കിലും യാഥാർഥ്യബോധത്തോടെയുള്ള പുനരാലോചനകൾക്ക് സി.പി.എം സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് ഞെട്ടൽ വിട്ടുമാറുന്നേരം വിശ്വരൂപം വീണ്ടെടുക്കുന്ന നേതാക്കളും അതിനനുസരിച്ച് നീങ്ങുന്ന അണികളും കാഴ്ചവെക്കുന്ന പ്രകടനങ്ങളും പ്രസ്താവനകളും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയശേഷവും 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായും സംഘടനാ ദൗർബല്യങ്ങൾ വിലയിരുത്തി തെറ്റുതിരുത്താൻ വലിയ കാമ്പയിൻതന്നെ സംഘടിപ്പിച്ചെങ്കിലും ഈ ദൗർബല്യങ്ങൾ പലതും തുടരുന്നുവെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് തോമസ് ഐസക് വിലയിരുത്തുന്നുണ്ട്. അത് തിരുത്താൻ എന്തു നടപടി എന്ന ആത്മപരിശോധനപരമായ ചോദ്യവുമുന്നയിക്കുന്നുണ്ട് അദ്ദേഹം. ആ ചോദ്യം ആടിയുലയാത്ത കപ്പലെന്ന അമിതാത്മവിശ്വാസത്തിൽ ഭരണത്തെയും മുന്നണിയെയും നയിച്ച ക്യാപ്റ്റൻമുതൽ ചോദിച്ചുതുടങ്ങണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിയില്ലെങ്കിൽ അതിന് ആദ്യം വിചാരണ ചെയ്യപ്പെടേണ്ടത് ഭരണവും പാർട്ടിയും നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻതന്നെ. സ്വന്തം ഭരണനേട്ടങ്ങളായി പെരുമ്പറയടിക്കുന്ന കാര്യങ്ങളുടെ ഉള്ളുകള്ളികൾ അറിയുന്നതു കൊണ്ടുള്ള ആത്മവിശ്വാസക്കുറവ് കൊണ്ടാണോ എന്നറിയില്ല, അതിന് മിനക്കെടാതെ മുഖ്യമന്ത്രി തിരുവനന്തപുരംമുതൽ കാസർകോടുവരെ ജമാഅത്തെ ഇസ്ലാമിക്കെതിരായ നിഴൽ യുദ്ധത്തിലായിരുന്നു. അതുവഴി പിമ്പേ ഗമിക്കാനുള്ളവർക്ക് നൽകിയ സിഗ്നൽ, ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിക്കാനല്ല, ഹിന്ദുത്വ ഫാഷിസം വളർത്തിയെടുത്ത ഇസ്ലാംഭീതിയെ കത്തിച്ചു നിർത്താനായിരുന്നു. സാക്ഷരകേരളത്തിൽ ഇടതുപക്ഷ പാർട്ടികൾ കാഴ്ചവെച്ച രാഷ്ട്രീയ സത്യസന്ധത, വർഗീയവിരുദ്ധത, പരമത വിദ്വേഷത്തിനെതിരായ പ്രതിരോധം, മതനിരപേക്ഷമായി എല്ലാ വിഭാഗം വിശ്വാസികൾക്കും നൽകുന്ന പരിഗണന തുടങ്ങിയ എല്ലാ രാഷ്ട്രീയ പ്രബുദ്ധതയുടെ മൂല്യങ്ങളും അവർ യു.ഡി.എഫിന് വെച്ചുമാറുന്നതാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്. ഹിന്ദുത്വയല്ല ഹിന്ദു എന്നു വ്യവച്ഛേദിച്ച് കേരളത്തെ പഠിപ്പിച്ച പാർട്ടിയുടെ അമരക്കാരൻ പരമതനിന്ദയുടെ സംസ്ഥാന, ദേശീയ പ്രതീകങ്ങളെ അയ്യപ്പസംഗമത്തിലെ അതിഥിയാക്കി സൽക്കരിച്ചതിലൂടെ ഹിന്ദുത്വരുടെ വിശാല ഹിന്ദു നിർമിതിയെ ശരിവെച്ചു. അങ്ങനെ ഇടതിനെ വലതുപ്രതിലോമ പക്ഷത്തേക്ക് സി.പി.എം മാറ്റിക്കെട്ടിയപ്പോൾ അതിനെ ശക്തിയുക്തം ചെറുക്കേണ്ട ഉത്തരവാദിത്തം യു.ഡി.എഫിന് വന്നുചേരുന്ന രാഷ്ട്രീയ വൈപരീത്യത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്നാൽ, വർഗീയതയോടുള്ള സമീപനത്തിൽ മുഖ്യധാരാ ഇടതുപാർട്ടികൾ വെള്ളംചേർത്താലും മതനിരപേക്ഷ കേരളം വിട്ടുവീഴ്ചക്കില്ല എന്ന കൃത്യമായ സന്ദേശമാണ് വോട്ടർമാർ കനത്ത തിരിച്ചടിയിലൂടെ വ്യക്തമാക്കിയത്. ശബരിമലയിലെ സ്വർണം മോഷ്ടിച്ചവരുടെ വിശ്വാസചൂഷണവും സാമുദായിക ധ്രുവീകരണത്തിനുള്ള ഇടതു പ്രചാരണവും കണ്ടറിഞ്ഞ് പ്രതിരോധിച്ചതാണ് ഹൈന്ദവവോട്ടുകളുടെ ഏകീകരണത്തിനും ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷമേഖലയിൽ സി.പി.എം കണക്കുകളുടെ കൂട്ടത്തെറ്റിനും ഇടയാക്കിയത്. ക്രൈസ്തവ-മുസ്ലിം സമുദായങ്ങൾക്കകത്ത് ഉൾപ്പിരിവിന് നടത്തിയ പ്രതിലോമനീക്കങ്ങളും വിനയായി.
അധികാരത്തുടർച്ചയുടെ ധാർഷ്ട്യവും അഹന്തയും ജനം സഹിക്കില്ല എന്ന സന്ദേശവും ഇടതുവിരുദ്ധ തരംഗത്തിലുണ്ട്. മാധ്യമപ്രവർത്തകർ വിളിക്കുന്നേടത്ത് പോയാൽ മതി എന്ന മുഖ്യമന്ത്രിയുടെ തീട്ടൂരവും പരാജയം സഹിക്കാഞ്ഞ് പെൻഷൻ പണം തിന്ന കണക്കുചോദിച്ച മുൻമന്ത്രിയുടെ പ്രസ്താവനയും വനിതാ മതിൽ കെട്ടിയ നവോത്ഥാന പാർട്ടി സ്ഥാനാർഥിയുടെ വിജയാഘോഷത്തിൽ മുസ്ലിം സ്ത്രീകളുടെ പൊതുപ്രവർത്തനത്തിനെതിരായ അശ്ലീലാക്രോശവും പാർട്ടി ശരീരഭാഷയിൽ വന്ന മാറ്റമാണ് കുറിക്കുന്നത്. ഇതിനൊന്നും തിരുത്ത് കുറിക്കാൻ മനസ്സുവെക്കാത്തവരെ ജനം തുരത്തുമെന്നാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന പാഠം. വലതു പ്രതിലോമശക്തികളുടെ കാർബൺ കോപ്പിയായി മാറാനാണ് ഇടതുപാർട്ടികളുടെ ശ്രമമെങ്കിൽ പരാജയത്തിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

