Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഒരുങ്ങുന്നു...

ഒരുങ്ങുന്നു ജനാധിപത്യഹത്യക്ക് പുതിയൊരായുധം

text_fields
bookmark_border
ഒരുങ്ങുന്നു ജനാധിപത്യഹത്യക്ക് പുതിയൊരായുധം
cancel

രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനങ്ങൾക്കുമേൽ ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയാക്കുന്ന 130ാം ഭരണഘടന ഭേദഗതി ബില്ലും അനുബന്ധമായ രണ്ട് ബില്ലുകളും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുന്നു. കനത്ത പ്രതിഷേധങ്ങൾക്കിടയിൽ ബിൽ സംയുക്ത പാർലമെന്‍ററി സമിതിക്ക് (ജെ.പി.സി) വിടാനും റിപ്പോർട്ട് നവംബറിൽ ആരംഭിക്കുന്ന സഭയിൽ വെക്കാനുമാണ് തീരുമാനമായിരിക്കുന്നത്. അഞ്ചുവർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടിവന്നാൽ പ്രധാനമന്ത്രി മുതൽ സംസ്ഥാന മന്ത്രിമാർ വരെയുള്ളവരുടെ പദവി 31ാം ദിവസം സ്വാഭാവികമായി ഇല്ലാതാകുന്നതാണ് വിവാദ ഭരണഘടന ഭേദഗതി. രാഷ്ട്രീയത്തിൽ നൈതികതയും ധാർമികതയും കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് ആഭ്യന്തരമന്ത്രിയുടെ വാദം. എന്നാൽ, രാഷ്ട്രീയ എതിരാളികളെ കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് തുറുങ്കിലടക്കാനും അതിലൂടെ ഭരണ അസ്ഥിരതക്കും ജനാധിപത്യ ധ്വംസനത്തിനുമുള്ള ഗൂഢ പദ്ധതിയുമാണ്, ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ശക്തമായ നിലപാട്. രാജ്യത്ത് വ്യാപകമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വോട്ടുകൊള്ളയിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് എല്ലാ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടുള്ള ഈ ബില്ലവതരണമെന്നും അവർ സമർഥിക്കുന്നു.

സാധാരണ സാഹചര്യങ്ങളിൽ, രാഷ്ട്രീയത്തിലെ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനുള്ള നിയമ നിർമാണങ്ങൾ ചരിത്രപരവും ധീരവുമായ നീക്കമായി പ്രശംസിക്കപ്പെടേണ്ടതാണ്. പക്ഷേ, ഉദ്ദേശ്യശുദ്ധിയില്ലായ്മ കൊണ്ടും അപകടകരമായ വ്യവസ്ഥകൾ കൊണ്ടും അസ്വസ്ഥത സൃഷ്ടിക്കുന്നു, ബില്ലിന്‍റെ അവതരണവും അതിലെ ഉള്ളടക്കവും. ഭരണഘടന ഭേദഗതി പോലെയുള്ള സുപ്രധാന വിഷയങ്ങൾ പൊതുവെ ലോക്സഭയുടെ മേശപ്പുറത്തെത്തുക, പലവിധ ആശയ സംവാദങ്ങൾക്കും ജനങ്ങൾക്കിടയിൽ ചില പൊതു കാഴ്ചപ്പാടുകൾ നിർമിക്കപ്പെട്ടതിനും ശേഷമായിരിക്കും. ഭേദഗതി ബില്ലിന്‍റെ പകർപ്പ് രണ്ടു ദിവസം മുമ്പെങ്കിലും എല്ലാ എം.പിമാർക്കും വിതരണം ചെയ്യണമെന്നാണ് ചട്ടം. വകുപ്പുകളുടെ ആഘാത പ്രത്യാഘാതങ്ങൾ ആഴത്തിൽ ചർച്ച ചെയ്താണ് അത് ജെ.പി.സിയിലേക്ക് വിടുക. പക്ഷേ, ഈ ജനാധിപത്യപരമായ കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് അമിത് ഷാ 'രാഷ്ട്രീയ ധാർമികത'ക്കുവേണ്ടി ധിറുതിപിടിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും ലോക്സഭ, രാജ്യസഭകളിലെ ആൾതൂക്ക പ്രകാരവും ഈ ഭേദഗതി നിയമമാകുക എളുപ്പമല്ലെന്നിരിക്കെ, വോട്ടുകൊള്ളയിലൂടെ വെളിപ്പെട്ട ജനാധിപത്യ ധ്വംസനത്തെ മറച്ചുപിടിക്കാനും ഗോഡി മീഡിയകളിലൂടെ പുതിയ ചർച്ച നടത്താനുമാണ് തിരക്കിട്ട ഈ നീക്കം. അതിനുപുറമെ, ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ എതിരാളികളെ ഭയപ്പെടുത്തി നിർവീര്യമാക്കാനും ഇതുവഴി സാധിക്കുമെന്നവർ കണക്കുകൂട്ടുന്നു.

ഭാരതീയ ന്യായ സംഹിത (BNS) 2023 പ്രകാരം മാത്രം, 358 വകുപ്പുകളിൽ ഏകദേശം 181ഉം അഞ്ചുവർഷമോ അതിൽ കൂടുതലോ തടവുശിക്ഷ നൽകുന്നവയാണ്. പ്രത്യേക നിയമങ്ങളും പ്രാദേശിക നിയമങ്ങളും ചേർത്താൽ വകുപ്പുകളുടെ എണ്ണം ഗണ്യമായി വർധിക്കും. 2022 ലെ കണക്കുപ്രകാരം രാജ്യത്ത് ജയിലിലടക്കപ്പെട്ടവരിൽ 76 ശതമാനവും വിചാരണ തടവുകാരാണ്. വിചാരണയുടെ കാലവിളംബമാകട്ടെ, അങ്ങേയറ്റം നീണ്ടതും ദുസ്സഹവും. അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിലാകട്ടെ, നമ്മുടെ വ്യവസ്ഥ അത്ര കേമമൊന്നുമല്ലെന്ന് സുപ്രീംകോടതി തന്നെ പലവുരു വ്യക്തമാക്കിയിട്ടുള്ളതാണ്. കഴിഞ്ഞ മേയ് 22 നാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ 'എല്ലാ പരിധികളും ലംഘിച്ചു' എന്ന് ശകാരിച്ചത്. 2024ൽ സുപ്രീംകോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ട് സി.ബി.ഐ കൂട്ടിലടച്ച തത്ത എന്ന പ്രതിച്ഛായയും രാഷ്ട്രീയ യജമാനന്മാരുടെ ശബ്ദമാകുന്നതും ഉപേക്ഷിക്കണമെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ, രാഷ്ട്രീയക്കാർക്കെതിരെ 193 കേസുകൾ ഇ.ഡി രജിസ്റ്റർ ചെയ്തതിൽ ശിക്ഷിക്കപ്പെട്ടത് രണ്ടുപേർ മാത്രം. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലാണ് അതിലെ 138 കേസുകളും രജിസ്റ്റർ ചെയ്തത്. ഭരണകൂട വേട്ടനായ്ക്കളായി അന്വേഷണ ഏജൻസികൾ പരിണമിച്ചെന്ന വേവലാതിയെ ശക്തിപ്പെടുത്തുന്നതാണ് ഈ കണക്കുകളും വർത്തമാനകാല അനുഭവങ്ങളും. അതുകൊണ്ടാണ് ഭരിക്കുന്ന പാർട്ടിയുടെ ആയുധശേഖരത്തിലെ മൂർച്ചയുള്ള ഉപകരണമായി ഈ ഭേദഗതി മാറുമെന്ന് ആശങ്കിക്കപ്പെടുന്നത്.

നിയമനിർമാണങ്ങളും ഭരണഘടന ഭേദഗതികളും ജനാധിപത്യത്തിന്‍റെ ആത്മാവിനെ കെടുത്താനായി ഉപയോഗിക്കുന്നത് അത്യന്തം ഹീനമാണെന്ന് പറയാതെ വയ്യ. ഇക്കാലത്ത്, നിയമനിർമാണങ്ങളിൽ നീതിയെക്കാൾ അധികാരത്തിന്‍റെ താൽപര്യങ്ങളാണ് പ്രകടമാകുന്നത്. അവകാശ ലംഘനങ്ങൾക്കും അമിതാധികാര പ്രയോഗത്തിനും വേണ്ടി നിർമിക്കപ്പെടുന്ന നിയമങ്ങൾകൊണ്ട് രാജ്യത്തിന്‍റെ ഫെഡറലിസവും ജനാധിപത്യവും ശ്വാസംമുട്ടുന്നത് കാണാതിരിക്കാനാകില്ല. അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ കേന്ദ്രത്തിന് നിയന്ത്രണമില്ലാത്ത അധികാരം കൈമാറുന്നതാണെന്ന് നിസ്സംശയം പറയാനാകും. കേന്ദ്രവും ഇ.ഡിയും തീരുമാനിച്ചാൽ ഏത് മന്ത്രിസഭയും നിലംപൊത്താനത് ഇടവരുത്തും. രാഷ്ട്രീയ അസ്ഥിരതയുടെയും അധികാര കുതിരക്കച്ചവടങ്ങളുടെയും വിളനിലമായി മാറുന്നതിലേക്ക് ഈ ഭേദഗതി നയിച്ചേക്കും. ജനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന അപകടകരമായ ഈ ഭേദഗതി പാർലമെന്‍റിനകത്തും പുറത്തും വിചാരണ ചെയ്യപ്പെടേണ്ടതാണ്. ജനാധിപത്യത്തിന്‍റെ അവസാന കണിക നിലനിർത്താനാഗ്രഹിക്കുന്നവർ അത് റദ്ദാക്കാൻ രംഗത്തിറങ്ങേണ്ടത് അനിവാര്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialAmit Shahlok sabha
News Summary - Madhyamam Editorial 2025 Aug 22
Next Story